സാഗർ.
എന്റെ ആത്മാർത്ഥ സുഹൃത്ത്.
പുതു തലമുറയിലെ ചില സൗഹൃദങ്ങളെ അപേക്ഷിച്ച്, പ്രത്യേകിച്ച് ലക്ഷ്യ ബോധത്തോടെയൊന്നുമല്ല സൗഹൃദം തുടങ്ങിയത്. എങ്കിലും കൊണ്ട് ഞങ്ങളുടേത് ഒരു ആത്മാർത്ഥ സൗഹൃദമായിരുന്നു.
ഒരേ സ്ഥാപനത്തിൽ രണ്ടു വർഷമായി ജോലി ചെയ്തിരുന്ന ഞങ്ങൾ ഇന്നു പിരിയുകയാണ്. ഞാൻ അവനെ പിരിയുകയാണ്. അടുത്ത ദിവസം ഞാൻ പുതിയ ജോലിസ്ഥലത്തേക്ക് യാത്ര തിരിക്കുകയാണ്.
യാത്ര പറച്ചിലിന്റെ ഈ ദിവസം, ഞങ്ങൾ ഒരു നൈറ്റ് പാർട്ടിയായി ആഘോഷിക്കുന്നു. ബാച്ചിലേഴ്സ് കോർട്ടേഴ്സിന്റ് ടെറസിൽ.
ഞാനും സാജ് എന്ന സാഗറും പിന്നെ ഞങ്ങളുടെ സുഹൃത്തുക്കളും.
ബാച്ചിലേഴ്സ് പാർട്ടിയിലെ പരിമിതികളില്ലാത്ത എല്ലാ അലമ്പുകളും എല്ലാവരും പുറത്തെടുത്തു തുടങ്ങിയിരിക്കുന്നു.
“അങ്ങിനെ നമ്മുടെ സുഹൃത്തു നമുക്കായി ഏൽപ്പിച്ചു തന്ന ഈ രാത്രിയിൽ, കള്ളും കപ്പയും ചില്ലി ചിക്കനും വീതം വച്ചു ഭക്ഷിച്ച് നമുക്ക് ആഘോഷിക്കാം.” സുഹൃത്ത് ജീവൻ പെർഫോമൻസ് തുടങ്ങി.
“നമ്മളടിക്കുന്ന ഒാരോ പെഗ്ഗും അവന്റെ കണ്ണീരാണ്… നമുക്കീ ദുഖം കുടിച്ചു തീർക്കാം…”
ഇങ്ങിനെ കുപ്പികൾ പൊട്ടുന്ന പാർട്ടികളിൽ ഞാൻ എന്നും പരിശുദ്ധാത്മാവായിരുന്നു. മദ്യം വിളമ്പി നൽകി, പിന്നെ അതു സേവിച്ച് ഇടറിപ്പോകുന്ന എന്റെ സുഹൃത്തുക്കളെ വഴി കാണിച്ച് വിശ്രമ സ്ഥലങ്ങളിലെത്തിക്കുന്ന ഇടയൻ. അപ്പൊഴൊക്കെ അവർ എന്നോടു ചോദിച്ചു ആർക്കു വേണ്ടിയാണ് ഞാൻ സ്വഭാവ സർട്ടിഫിക്കറ്റ് സൂക്ഷിക്കുന്നതെന്ന്.
എന്റെ മറുപടിക്ക് നല്ല മാർക്കൊന്നും കിട്ടില്ല എന്നറിയാവുന്നതു കൊണ്ട് മാർക്കില്ലാത്ത ആ ചോദ്യത്തിന് ഉത്തരം പറയാൻ ഞാൻ മിനക്കെട്ടിട്ടില്ല.
“സാജിന്റെ വണ്ടി വലിക്കുന്നില്ലല്ലോടേ ഇന്ന്?” അക്കുവിന്റെ കമന്റ ്. സാഗർ സേവിക്കുന്ന പെഗ്ഗിന്റെ അളവ് ഇന്ന് കുറവാണെന്നാണ് അവൻ പറഞ്ഞതിന്റെ പൊരുൾ.
“ഇന്ന് എന്നെക്കൊണ്ട് ആരും വലിപ്പിക്കണ്ട. ഇന്ന് എനിക്ക് ഈ കള്ളക്കഴുവേറിയോട് കുറച്ചു സംസാരിക്കണം.” അവൻ എന്നെ നോക്കി.
“ചിലർക്ക് ചിലതൊക്കെ സംസാരിക്കാൻ രാത്രിയിലെ ഇരുട്ടും മദ്യത്തിന്റെ ലഹരിയും വേണം. ഇന്ന് ഇതു രണ്ടുമുണ്ട്. പിന്നെ ഈ പന്നനാണെങ്കിൽ എതിർത്തൊന്നും പറയുകേമില്ല. ഈ രാത്രി കൂടി സഹിച്ചാൽ മതിയല്ലോ… അല്ലേടാ…?”
അവൻ എന്നെ നോക്കി.
ഞാനൊന്നും മിണ്ടിയില്ല.
“അവന്റെ ഇരുപ്പു കണ്ടില്ലേ, വിജയ് മല്യേടെ കിങ്ങ് ഫിഷറിനേപ്പോലേ…” എല്ലാവരും ആർത്തു ചിരിച്ചു…
“ടാ പന്നേ… എഴുന്നേക്ക് … ലെറ്റ്സ് ഗോ…”
“എങ്ങോട്ട്…?”
“എങ്ങോട്ടാണെന്നറിഞ്ഞാലേ നീ വരൂ… എടാ നിന്റപ്പാപ്പന്റെ കുഴിമാടത്തിലേക്ക്… ഇറങ്ങെടാ…”
“എടാ ഈ രാത്രിയിലിനി വേണ്ട… ഡ്രൈവ് ചെയ്യാനാണെങ്കിൽ ശരിയാകില്ല…” ശബ്ദത്തിൽ ഒരു കാർക്കശ്യം വരുത്താൻ ഞാൻ ശ്രമിച്ചെങ്കിലും അതു വന്നില്ല.
“ഇറങ്ങെടാ” പിന്നെ ഒരു ബലപ്രയോഗമായിരുന്നു.
“ശരി… വരാം… വരാം…” ഞാൻ കീഴടങ്ങി എന്ന് ഉറപ്പായപ്പൊൾ അവൻ പിടി അയച്ചു. പാതിയായ ഒരു ബോട്ടിലിലേക്ക് ക്ലബ് സോഡ കമഴ്ത്തി അതെടുത്ത് കക്ഷത്തിൽ തിരുകി. ഒരു ടിൻ കോള എടുത്ത് എനിക്കു നീട്ടി.
“പിടി ഇന്ന് ഇതു ഞാൻ തരുന്ന ദാഹജലമാ… ഇരിക്കട്ടെ ഞാൻ പറയുന്ന കേട്ട് ദാഹം വന്നാൽ മോന്താം…” ഞാനതു മേടിച്ച് പിടിച്ചു.
മാരുതി 800 ന്റെ ഡ്രൈവിംഗ് സീറ്റിൽ കയറാനുള്ള എന്റെ ശ്രമവും അവൻ വിഫലമാക്കി.
“നീ പേഴ്സെടുത്തോ… വഴിക്ക് തൊപ്പിക്കാരന്മാരുണ്ടാകും, കൈ കാണിച്ചാൽ കൊടുക്കാൻ വേണം…”
“നിനക്കെന്താടാ ഈ രാത്രി ഇനി പറയാൻ…? നിന്റെ ആ പഴയ റൊമാന്റിക് ഹീറോയിന്റെ കാര്യം…?” വണ്ടി മുന്നോട്ടെടുത്തപ്പോൾ ഞാൻ തിരക്കി.
“അവളൊരാളെയല്ലേ നീ അറിയൂ. ഇന്നീ രാത്രി നീ അറിയാത്ത കഥകളിലെ അവളുമാരെ ഒക്കെ നമ്മൾ കാണാൻ പോകുന്നു. പണ്ടാരാണ്ട് ധർമപുത്രരെ നരകം കാണിച്ചതു പോലെ ഇന്ന് ഞാനെന്റെ നരകം നിന്നെ കാണിക്കാൻ പോകുന്നു…”
“നിനക്ക് വട്ടാ…” ഞാനെന്റെ നീരസം അടക്കാനാവാതെ പറഞ്ഞു.
അവൻ ചിരിച്ചു, എന്നോടുള്ള ഒരു വാശി പോലെ. “ഇനി നീ മിണ്ടരുത്. ഈ രാത്രി ഇനി നിനക്ക് മിണ്ടാനുള്ള അവകാശമില്ല… അവകാശം… ഇല്ല… ഞാൻ പറയും നീ കേൾക്കും… ”
കാർ പറക്കുകയായിരുന്നു. വിജനമായ നഗര വീഥിയിലൂടെ. സ്പീഡോ മീറ്റർ 90 ൽ ചലിക്കാതെ നിൽക്കുന്നു.
നഗര പ്രാന്തത്തിലെ ഒരു ഫ്ലാറ്റിനു മുന്നിൽ കാർ നിന്നു… “എന്റെ പഴേ ലൈനിനെ നീ കണ്ടിട്ടില്ലല്ലോ…? ”
“ഏത്…? നിന്റെ ട്രയ്നിയായി വന്ന സംഗീത…?”
“ ഇതാ മത്തങ്ങാ മോറി അല്ലെടാ… ഇത് എന്റെ ജീവിതത്തിലെ രണ്ടാമത്തെ കഥാപാത്രം…”
അവൻ മൊബൈൽ എടുത്ത് നമ്പർ ഞെക്കി. റിംഗ് ചെയ്തു തുടങ്ങിയപ്പോൾ അതവൻ സ്പീക്കർ ഫോണിലാക്കി.
അങ്ങേ തലക്കൽ ഒരു പെൺ കുട്ടി ഫോണെടുത്തു.” ഞാനാടീ… ഇറങ്ങി വാ… സാജൻ നിന്നെ ഒന്നു കാണട്ടെ… “
അങ്ങേ തലക്കൽ നിന്ന് മറുപടി ഒന്നുമില്ല… എന്തൊക്കെയോ ചില മുട്ടലും തട്ടലും….
“ നീ മുകളിൽ നാലാം നിലയിലെ ബാൽക്കണിയിലേക്ക് നോക്കിക്കോ… ” ഒരു കള്ളനേപ്പോലെ അവൻ എന്റെ കാതിൽ മന്ത്രിച്ചു.
ഫ്ലാറ്റിന്റെ ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്ന് ഒരു പെൺകുട്ടി പുറത്തു വന്നു. അവളുടെ തോളത്ത് ഒരു കുഞ്ഞ്.
“ എന്തിനാടീ ആ കുഞ്ഞിനെ ഇങ്ങനെ രാത്രി കഷ്ടപ്പെടുത്തുന്നേ…? ”
‘….’
മറുപടി വരാൻ വൈകിയപ്പോൾ അവൻ കുപ്പി തുറന്ന് ഒരു കവിൾ അകത്താക്കി.
“ എന്താടീ മിണ്ടാത്തെ…? നിന്റെ ആ പതിവു ഡയലോഗ് ഞാനൊന്നു കേക്കട്ടേ…? ”
“ എന്ത്…? ”
“ അല്ലാ ആ അമ്മേടേം ഭാര്യേടേം ആ ഡയലോഗ്… ”
“ എന്താ അതു ശരിയല്ലേ…? കൂടെ ആരാ…? ” ഉത്തരവും ചോദ്യവും ഒരുമിച്ചായിരുന്നു.
“ നിന്റെ മറ്റവൻ… ”
“ ഞാൻ പോകുന്നു… “അവൾ അകത്തേക്ക് നടന്നു.
“ നിക്ക് … നിക്ക്, ഇന്നും നിന്റെ കെട്ട്യവൻ ലേറ്റാ…? ”
“ വന്നില്ല … ”
“ എന്നാ നീ കാത്തിരിക്ക്… ” അതു പറഞ്ഞിട്ട് അവൻ കാർ സ്റ്റാർട്ടാക്കി.
“ കാത്തു കാത്തിരുന്നു കണ്ണു കഴച്ചു…
ഇല്ലിമുളം തണ്ടുമൂതി…. ” അവൻ പാടുകയാണ്.
“ എങ്ങി നെ ഉണ്ടെടാ സിറ്റ്വേഷൻ സോങ്ങ്…? ”
ഞാൻ ശരിക്കും ഒരു തരം മരവിപ്പിലായിരുന്നു… എന്റെ ഭാവം കണ്ട് അവൻ ചിരിച്ചു.
“ ഏതാടാ ആ പെണ്ണ്…? ”
“ എന്റെ ലൈനായിരുന്നെടാ… ശരിക്കും… ”
അവൻ കാറിന്റെ വേഗം കുറച്ചിട്ട് ഒരു കവിൾ കൂടെ അകത്താക്കി… എന്നിട്ട് എന്നെ നോക്കി ചോദിച്ചു.” നിനക്ക് വിശ്വാസം വരുന്നില്ല അല്ലേ…? അതേടാ അവൾ എന്റെ ലൈനായിരുന്നു. എന്റെ ബൈക്കിന്റെ പിന്നിലിരുന്ന് അവൾ ഒത്തിരി കറങ്ങിയിട്ടുണ്ട്… പിന്നെ ഞാൻ കോണ്ടു പോകാൻ പറ്റുന്നേടത്തൊക്കെ കൊണ്ടു പോയിട്ടുമുണ്ട്… ”
“ മതി …മതി…. നീ ചുമ്മാ ഓവറാക്കല്ലേ… ” എനിക്കെന്തോ അതത്ര പിടിച്ചില്ല. അത്ര നാളും അറിയാതിരുന്ന അവന്റെ മുഖമായിരുന്നു ഞാൻ കണ്ടത്.
അവൻ വണ്ടി നിർത്തി. ഏതോ ഒരു സ്ഥലം.
അവൻ എന്നെ നോക്കി.” വെറുതേ പറഞ്ഞതല്ലെടാ… ഞാനത്ര പറ്റൊന്നും ആയിട്ടൂല്ലാ… പറയാനുള്ളതു പറയാനുള്ള ബോധമൊക്കെ എനിക്കുണ്ട്… “
“ നീ പറ… ”
“ അദ്യം നീ ഒരു ചീയേഴ്സ് പറ… ” അവൻ കോള ബോട്ടിൽ പൊട്ടിച്ച് എനിക്കു നീട്ടി.
ഞാനതു വാങ്ങിച്ചപ്പോൾ അവൻ ചീയേഴ്സ് പറഞ്ഞ് കുപ്പി ഒരു ഫീഡ് ബൊട്ടിൽ പോലെ വായിൽ മുട്ടിച്ചു. എന്നിട്ട് തുടങ്ങി….
“ നീ ചോദിക്കാറില്ലേ ഞാനെന്താ കല്യാണം കഴിക്കാത്തതെന്ന്…? ”
“ നീ ആ പഴേ കേസ് വീണ്ടുമെടുത്തിടുകയാ…? ” ഞാൻ ചോദിച്ചു.
“ നമ്മുടെ റിസപ്ഷനിസ്റ്റ് കാർത്തികേടേയോ…? ചീള് കേസ്സ്… ഞാനതെന്നേ വിട്ടു. അവളേപ്പോലെ അഞ്ചോ ആറോ മാസം എന്നെ പ്രേമിച്ചവരെത്രയാന്ന് നിനക്കറിയുമോ…? ”
അവൻ വലതു കൈയിലെ അഞ്ചു വിരൽ ഉയർത്തിക്കാണിച്ചു… “ ശരിക്കും…. അഞ്ചു പേർ… ”
“ നീ വിചാരിക്കുന്നതു പോലെ അവരൊന്നും ഉപേക്ഷിച്ച ഒരു കാമുകനല്ല ഞാൻ… ഞാനാണ് അവരെ ഉപേക്ഷിച്ചത്… വെറുതെയല്ല. അവരുടെ പൂർവകാല ചരിത്രമൊക്കെ തിരഞ്ഞ് ചില കള്ള ക്കാമുകന്മാരെക്കുറിച്ച് ചോദിച്ച് അടിയുണ്ടാക്കി, ഇനി മേലാൽ മുന്നിൽ കണ്ട് പോകരുതെന്ന് പറഞ്ഞ് ഞാനാടാ ഒക്കേത്തിനേം ഓടിച്ചത്… ”
ഞാനെന്തോ ചോദിക്കാൻ തുനിഞ്ഞതും അവൻ വിലക്കി “ നീ മിണ്ടരുത്… ഞാൻ പറയും, നീ കേൾക്കും. അതാ കണ്ടീഷൻ… ”
“ ഇഷ്ടപ്പെടുന്ന പെണ്ണിന്റെ പൂർവകാലം എന്തിനാ അന്വേഷിക്കുന്നതെന്നല്ലേ നീ ചോദിക്കാൻ വന്നത്… ഞാൻ പറയാം… ഒക്കെ എന്നെ പറ്റിക്കാൻ നോക്കി. എല്ലാവരും എന്നെയായിരുന്നത്രേ ആദ്യമായി പ്രേമിച്ചത്… ഒക്കേത്തിന്റേം കള്ളി ഞാൻ പൊളിച്ചു കൊടുത്തു… ആരെങ്കിലും അത് അംഗീകരിച്ചിരുന്നെങ്കിൽ ഞാൻ അവളെ സ്വീകരിച്ചേനെ. അതല്ലേടാ ശരി…? ”
അവൻ എന്നെ നോക്കി. ഞാൻ ഒന്നും പറഞ്ഞില്ല.
“ എടാ തെറ്റു സമ്മതിക്കുന്നവരോടു നമുക്കു ക്ഷമിക്കാൻ പറ്റും… അല്ലാത്തവരോടോ…? ആ ഇനി ആ ഫ്ലാറ്റിലെ കഥാപത്രത്തിന്റെ കാര്യം പറഞ്ഞില്ലല്ലോ അല്ലേ…? ”
“ ഒറ്റവാക്കിൽ ഭൂലോക വഞ്ചകി… %^&$%*^*& മോള്… ഒരു വർഷം എന്നെ പ്രേമിച്ച് കൂടെ നടന്നു കഴിഞ്ഞപ്പോഴാ അവൾക്ക് മനസിലായത് ഞാൻ വളരേ പൊസ്സസ്സീവാണെന്ന്… വെറുതേ… സത്യത്തിൽ അതൊന്നുമായിരുന്നില്ല കാര്യം. അവൾക്ക് അച്ഛൻ കൊണ്ടുവന്ന പ്രൊപോസലിനോട് ഒരു പ്രിയം … ചെക്കൻ എഞ്ചിനീയർ… വല്യ ഉദ്യോഗം… അങ്ങിനെ ഒക്കെ… ”
“ കല്യാണം കഴിഞ്ഞ് ആറു മാസം കഴിഞ്ഞ് അവൾ എന്നെ വിളിച്ചു, സോറി പറയാൻ… കൂടെ ഇതും കൂടെ അവളുടെ ഭർത്താവ് ഒട്ടും പൊസ്സസ്സീവല്ല പോലും…”
“ എന്നിട്ട് നീയെന്തു പറഞ്ഞു…? ”
“ എന്തു പറയാൻ… എനിക്കവൾ പറയുന്നതു കേട്ടപ്പോൾ ഒരു പ്രതികാരം തീർക്കലായി തോന്നി… പിന്നെ മുടങ്ങാതെ വിളിക്കും… അവളുടെ സങ്കടം പറയാനുള്ള ഒരു ഫ്രണ്ടായി കാണുന്നതു കൊണ്ടാണെന്ന് പറഞ്ഞ്… ”
“ നിനക്കറിയുമോ… ഞാൻ ഒരവകാശം പൊലെ ചില രാത്രികളിൽ അതു വഴി പോകുമ്പോൾ ഒരു റിംഗ് കൊടുക്കും… ഒന്നു കാണാനാണെന്നു പറയും. ഒരു കടപ്പാടു പോലെ ബാൽക്കണിയിൽ വന്ന് മുഖം കാണിച്ച് അവൾ പോകും. കുട്ടിയുണ്ടായി ഒരിക്കൽ കുട്ടിയെ എടുത്തിട്ട് പുറത്ത് വന്ന് അവൾ പറയുകയാ ഞാൻ ഒരു ഭാര്യയാൺ് അമ്മയാണ് എന്നൊന്നും മറന്നു പോകാതിരിക്കാനാണ് കുട്ടിയെ എടുത്തിരിക്കുന്നതെന്ന്…. ”
“ എന്നാ കോമഡി അല്ലേടാ… ” അവൻ അത് ചോദിച്ചിട്ട് ഉറക്കെ ചിരിച്ചു…
“ ലോകത്തിൽ പെണ്ണിനെ വിശ്വസിക്കരുതെന്ന് എന്നെ പഠിപ്പിച്ചവൾ… എന്റെ തകർച്ചയുടെ ഉത്തരവാദി… ”
അവന്റെ സംസാരം മുറിച്ച് കൊണ്ട് മൊബൈൽ റിംഗ് ചെയ്യാൻ തുടങ്ങി… “പണ്ടാരം ഓഫ് ആയിരുന്നല്ലോ… ” രണ്ടു മൊബൈലിൽ ഒന്നെ അവൻ ഓഫ് ചെയ്തിരുന്നുള്ളൂ. അവൻ മൊബൈൽ എടുത്തു…
“ ആഹ്… എന്റെ പുന്നാര അനിയത്തി…. ” അവൻ കോൾ അറ്റൻഡ് ചെയ്തു
“ ചേട്ടൻ ഇന്നു വൈകും മോളേ…. അതു നീ പറഞ്ഞാൽ മതി… ഗുഡ് നൈറ്റ്…” അവൻ ഫോൺ സ്വിച്ച് ഓഫ് ചെയ്തു.
“ എന്റെ തന്ത ഒരിക്കലും അന്വേഷിക്കില്ല… അനിയത്തിയെ വിളിച്ചു പറയും, അന്വേഷിക്കാൻ… സത്യത്തിൽ എന്റെ ജീവിതത്തിലെ ആദ്യത്തെ വില്ലൻ…എന്റെ അച്ഛൻ… ”
“ നിനക്ക് ബോറടിക്കുന്നുണ്ടോ…? ”
“ നീ പറ… ” ഉണ്ടെന്നോ ഇല്ലെന്നോ മറുപടി പറയാതെ ഞാൻ പറഞ്ഞു.
“ എടാ… നിനക്കെന്റെ അനിയത്തിയെ അറിയോ…? ”
“ സരിതയല്ലേ…? ”
“ ആ തന്നെ… ഞാനെന്നു വച്ചാൽ അവൾക്ക് ജീവനാ… ഞാനങ്ങിനെ വല്യ സ്നേഹം കാണിക്കാറില്ലാ എന്നാ കുറുമ്പും കാണിക്കാറില്ല… അവളേ കെട്ടിച്ചയക്കും മുൻപ് നിന്നെ ഞാൻ കണ്ടിരുന്നെങ്കിൽ നിനക്കു ഞാനവളെ കല്യാണം കഴിച്ചു തന്നേനേ… ”
ഒരു വാശി പോലെ അവൻ കുപ്പി വായിലേക്ക് കമഴ്ത്തി.
ഞാൻ ഒരു ദീർഘനിശ്വാസത്തോടെ വിജനമായ വഴിയുടെ അങ്ങേ തലക്കലേക്ക് നോക്കി.
“ ശരിക്കും അവൾ എന്റെ അമ്മയുടെ മകളല്ലടാ… അല്ലെങ്കിൽ എന്റെ സ്റ്റെഫ് മദർ ആണ് അവളുടെ അമ്മ…. ”
ഞാൻ അവനെ നോക്കി
“ അതേടാ … നീ രണ്ടു വർഷം കൊണ്ട് അറിഞ്ഞതൊന്നുമല്ല ഞാൻ… അല്ലെങ്കിൽ നിനക്കറിയാൻ മേലാത്ത ഒരാളാണ് ഈ സാഗർ… അതിന്റെ കുറ്റബോധം എനിക്ക് തോന്നാതിരിക്കാനാ ഇന്നിപ്പോ ഞാനിതൊക്കെ പറയുന്നത്… ”
“ അപ്പോ നിന്റെ അമ്മ…? ”
“ മരിച്ചു … എനിക്ക് അഞ്ചു വയസുള്ളപ്പോൾ… പിന്നെയാ അച്ഛൻ ആ സ്ര്തീയെ കല്യാണം കഴിക്കുന്നത്. എന്നെ വലിയ കാര്യമായിരുന്നു അവർക്ക്…. പക്ഷേ എനിക്കെന്തോ…അവരെ കാണുന്നതേ കലിയായിരുന്നു… ”
“ എന്നിട്ട്…? ”
“ എന്നിട്ടെന്താ… ആ അമ്മയുടേയും എന്റെ അച്ഛന്റേയും മകളാണ് എന്റെ ഈ അനിയത്തി… ”
“ അതിനാ നിനക്കച്ഛനോടിത്ര ദേഷ്യം…? ”
“ നിനക്ക് എടുത്തു ചാട്ടം കൂടുതലാ… നീ വെയ്റ്റ് ചെയ്യ് കഥ വരുന്നതേയുള്ളൂ…. ”
“ എടുത്തു ചാടിയാണല്ലോ ഇപ്പോഴും നിന്റെ കൂടെ കറങ്ങുന്നത്…? ”ഞാൻ പിറു പിറുത്തു.
“ ഇനി നമ്മൾ പോകുന്നൈടത്താണ് കഥ തുടങ്ങുന്നത്. ”
“ എവിടേക്ക്…? ”
“ നീ പറയാറില്ലേ നമ്മളെല്ലാവരും തുടങ്ങിയിടത്ത് തിരിച്ചു ചെല്ലുന്ന ഒരു ദിവസമുണ്ടെന്ന്… അങ്ങിനൊരു സ്ഥലം… ഞാൻ പല രാത്രികളിലും മനസു മടുക്കുമ്പോൾ പോകുന്ന സ്ഥലം… നിളയുടെ വീട്ടിലേക്കുള്ള വഴി… ”
“ നിളാ നദിയല്ല… നിള ചന്ദ്രൻ… ”
“ സ്ത്രീ വർഗത്തിനു തന്നെ അവൾ ഒരു മാതൃകയാടാ… എന്റെ ജീവിതത്തിൽ ഞാൻ ആദ്യം സ്നേഹിച്ച പെൺകുട്ടി… ”
ഒരു പാടു വഴി ദൂരം പിന്നിട്ട് വണ്ടി ഒരു പാടത്തിന്റെ അരികിലെത്തി. അതിന്റെ അരികിലൂടെ യുള്ള വഴി ചൂണ്ടി അവൻ പറഞ്ഞു… “ അതാണ് നിളയുടെ വീട്ടിലേക്കുള്ള വഴി… ”
” ഓ നിനക്ക് ഞാൻ അവളെ പരിചയപ്പെടുത്തിയില്ലല്ലോ… എട്ടാംക്ലാസ് മുതൽ എന്റൊപ്പമാ അവൾ പഠിച്ചത്… ബാല്യകാല സഖി… ഞങ്ങളങ്ങിനെ കൂട്ടൂ കൂടി കൂട്ടു കൂടി… ഒരു പതിനേഴ് പതിനെട്ട് വയസായപ്പോഴേക്കും അങ്ങ് പ്രേമിച്ച് തുടങ്ങി…”
“നീ കേട്ടിട്ടില്ലേ ‘താരം വാൽക്കണ്ണാടി നോക്കി…’ ഞാൻ എപ്പോഴും കേൾക്കുന്ന ആ പാട്ട്”
അവൻ കാർ ഡാഷ് ബോർഡ് തുറന്നു. കുറേ സിഡികൾ അതിൽ നിന്ന് പുറത്തു ചാടി.
“എടുത്തിടടാ… ആ ചുമന്ന കവറിലെ സി ഡി.”
ഞാൻ അത് പ്ലേയറിൽ പ്ലേ ചെയ്തു…
“ഒരേ ഒരു പാട്ടേ അതിൽ ഉള്ളൂ… താരം വാൽക്കണ്ണാടി നോക്കീീീീ… ” അവൻ വീണ്ടും പാടി തുടങ്ങി….ഒപ്പം സിഡിയും പാടി തുടങ്ങി.
“ഇതെന്റെ നിള പാടിയതാടാ…. നീ കേൾക്ക്…” അവൻ സീറ്റിലേക്ക് ചാരി കിടന്നു
ശരിക്കും നമ്മുടെ ആ തമിഴിലെ ആ നടിയില്ലേ… എന്താ ആ അവളുടെ പേര്… “ ആ… ത്രിശ… ”
“ ത്രിഷ…” അനാവശ്യമായ ഒരു തിരുത്ത് ഞാൻ നടത്തി.
“ ആ ലവള് തന്നെ… അതേ ഫിഗറായിരുന്നു… ഇപ്പോ നോർത്തിൻഡ്യയിൽ എവിഡേയോ ആണ്…പാവം. “അവൻ കുപ്പിയിൽ ശേഷിച്ചിരുന്നതു കൂടി വായിലേക്ക് കമഴ്ത്തി…
എന്നിട്ട് തുടർന്നു…
“ ഡിപ്ലാമ കഴിഞ്ഞ് ഞാൻ ഒരു കമ്പനിയിൽ ജോലിക്ക് കയറി… പിന്നേം രണ്ട് വർഷം കഴിഞ്ഞ് അവൾക്കൊരു കല്യാണാലോചന വന്നപ്പോഴാണ് ഈ ഞാൻ കഥയിലെ വില്ലനാകാൻ പൊകുന്ന എന്റച്ഛന്റെടുത്ത് കാര്യം പറയുന്നത്… ”
“ സാഗർ… സാഗർ ശിവരാജൻ നായർ എന്നു നീട്ടിപ്പിടിച്ചിട്ട വിശാലമായ പേരിൽ തന്നെ എന്റച്ഛന്റെ സങ്കുചിത മനോഭാവമുണ്ടായിരുന്നു എന്ന് മനസിലായത് അന്നാണ്. ”
“ കുലമഹിമയും തറവാട്ടു മഹിമയുമില്ലാത്ത ഒരുത്തിയാണത്രേ അവൾ… ആദ്യം ഉപദേശം ഭീഷണി… പിന്നെ നമ്മൾ ആഗ്രഹിക്കുന്നത് നമുക്കു തരാതിരിക്കാൻ അന്നു വരെ തന്നതിന്റെ കണക്കു പറച്ചിൽ… ഏറ്റവും ഒടുവിൽ സിനിമാസെന്റിമെന്റ്സ്… അച്ഛന്റെ ശവത്തേൽ ചവുട്ടിയേ അവളേ കൊണ്ടു വരാനൊക്കൂ എന്ന്… ഞാൻ ആണല്ല എന്നു തോന്നിയ ദിവസം… ”
“ ഇനിയാണ് ക്ലൈമാക്സ്… അവളുടെ പയ്യൻ എന്നെ കാണാൻ വന്നു… എല്ലാം അവൾ പറഞ്ഞത്രേ… ഒരാളെ വഞ്ചിച്ച് കൂടെ ജീവിക്കാൻ വയ്യാത്തോണ്ട് അവൾ പറഞ്ഞതാ… അവളെ പെണ്ണു കാണാൻ ചെന്നപ്പോൾ… ”
“ പക്ഷേ അയാൾ എന്റടുത്തു പറഞ്ഞു… ഞാൻ അവളെ സ്വീകരിക്കുമെങ്കിൽ അയാൾ ഒഴിവാകാം ഇല്ലെങ്കിൽ അയാൾ കൊണ്ട് പൊയ്ക്കേട്ടേന്ന്… ഞാൻ എന്തു പറയണമായിരുന്നെടാ…? ”
“ എനിക്കവളോട് വല്ലാത്ത ബഹുമാനം തോന്നി… പോയ് ജീവിച്ചോട്ടെ, നല്ലൊരുത്തന്റെ കൂടെ… അങ്ങിനെ അവൾ പോയി… ”
അവൻ കാലിക്കുപ്പി പുറത്തേക്ക് വലിച്ചെറിഞ്ഞു. അത് എവിടേയോ പോയി വീണ് പൊട്ടി തകർന്ന ശബ്ദം കേട്ടു.
“ ഇതെന്റെ ഒരു ഹോബിയാടാ…ഇങ്ങിനെ നിലാവുള്ള രാത്രീൽ ഒരുപാട് അവളെ ഓർമ്മ വരുമ്പോൾ ഇവിടെ വരും… ബൊധം പോകും വരെ ഇങ്ങിനെ… എന്നിട്ട് എനിക്ക് സാഗർ എന്ന് പേരിട്ട വിശാലഹൃദയമുള്ള എന്റച്ഛനെ മനസിൽ ഓർത്ത്… എന്നും എന്നിലേക്കൊഴു കിയെത്താൻ കൊതിച്ച് എന്റെ നിളയെ ഓർത്ത്… എന്റെ നശിച്ച വിധിയോർത്ത്… ഞാൻ എറിഞ്ഞു തകർക്കും… കാലിയാക്കിയ കുപ്പികൾ… ”
സാഗർ… ഞാൻ വിളിച്ചു…
“ ഒന്നും പറയണ്ട… നീ കേൾക്ക്… പിന്നെ ഞാൻ ഒത്തിരി അന്വേഷിച്ചു… അവളേപ്പോലെ മനസാക്ഷിയുള്ള ഒരു പെണ്ണിനെ…എവിടെ കിട്ടാനാടാ. എല്ലാവർക്കും പ്രേമം ഒരു തമാശയാ… ഒരുത്തനെ മടുത്തു കഴിയുമ്പോൾ വേറൊരുത്തനോട് തോന്നുന്ന ഒരു വികാരം… ”
“ ഞാൻ ഉള്ളു തുറന്ന് ആരെയെങ്കിലും സ്നേഹിച്ചിട്ടൊണ്ടോന്നു ചോദിച്ചാൽ അതൊരു ചോദ്യമായിരിക്കും… ഉത്തരം പറയാൻ എനിക്കു പറ്റില്ല… ”
“ എടാ ഏതെങ്കിലും ഒരുത്തി അവളുമാരുടെ പഴയ കഥ പറഞ്ഞപ്പോ സമ്മതിച്ചിരുന്നെങ്കിൽ ഞാൻ അവളെ ജീവനെപ്പോലെ നോക്കിയേനെ. എല്ലാവർക്കും നല്ലപിള്ളയാകണം… എന്താതിന് പറയണേ…ആ… ശീലാവതി… ”
“ എല്ലാത്തിന്റേം ഉള്ളിൽ വേറൊരുത്തനുണ്ടടാ… %^&$%*^*& …”
“നീ ആ ഫ്ലാറ്റിൽ കണ്ടില്ലേ…? എല്ലാം അതേ പോലെ… ”
“ ഒരു തരത്തിൽ നീയും അതിനൊരു കാരണമല്ലേ…? “ഞാൻ ചോദിച്ചു പോയി.
“ അതിലെനിക്ക് കുറ്റബോധം തോന്നിയേനേടാ… ഒരിക്കലെങ്കിലും ഞാൻ വിളിക്കുമ്പോൾ അവൾ വരാതിരിക്കും എന്നു ഞാൻ കരുതിയിട്ടുണ്ട്…. എവിടെ…? നന്നാവില്ല… അവളും ഞാനും…. ”
“ പ്രശ്നങ്ങളൊക്കെ നമ്മൾ തരണം ചെയ്യുന്നത് എന്തേലുമൊക്കെ പറഞ്ഞ് മനസിനെ വിശ്വസിപ്പിച്ച് അതിന്റെ ധൈര്യത്തിൽ മുന്നോട്ട് പോയിട്ടല്ലേടാ… പക്ഷേ ഇക്കാര്യത്തിൽ എനിക്കതിനു പറ്റണില്ലാ… ”
“ എന്റെ നിളേപ്പോലെ ഒരുത്തനെ മനസിൽ നിന്ന് ഇറക്കിവച്ച് ഏറ്റു പറഞ്ഞ് പോകാൻ ഒരാൾക്കും കഴിയില്ല… ”
“ ഒരുത്തിക്കും കഴിയില്ലെടാ… ”
“ താരം വാൽക്കണ്ണാടി നോക്കീ… ” പ്ലേയറിനൊപ്പം പാടിക്കൊണ്ട് അവൻ സീറ്റിലേക്ക് മറിഞ്ഞു…
ഞാൻ അവനെ സൈഡിലാക്കി… ഡ്രൈവിംഗ് സീറ്റിലിരുന്നു.
അറിയാത്ത വഴിയേ ഏതോ ലക്ഷ്യം വച്ച് ഡ്രൈവ് ചെയ്തു.
എല്ലാ വഴികളും ഏതെങ്കിലും ഒരു ലക്ഷ്യത്തിലെത്തുന്നുണ്ടെന്ന് എനിക്കുറപ്പായിരുന്നു.
–
അനൂപ് ശാന്തകുമാർ
-2010 ഒക്ടോബർ 03-
Aiiwa . Polichu tto