മൂങ്ങകൾ
ഊമൻ, കൂമൻ, നത്ത് എന്നിങ്ങനെയുള്ള പേരുകളിൽ അറിയപ്പെടുന്ന പക്ഷിയാണ് മൂങ്ങ. ലോകത്താകമാനമായി ഇരുനൂറിൽ അധികം വിഭാഗങ്ങളിൽ ഉള്ള മൂങ്ങകളുണ്ടെന്നാണ് സ്ഥിരീകരണം. മൂങ്ങയുടെ പര്യായമെങ്കിൽ തന്നെയും, നത്ത് (Owlet) എന്ന വിഭാഗത്തിലുള്ള മൂങ്ങകൾ സാധാരണയായി നാട്ടിൻപുറങ്ങളിൽ കണ്ടു വരുന്ന വിഭാഗമാണ്.
നത്തുകളേ പോലെ തന്നെ വെള്ളിമൂങ്ങകളും (Barn Owl) ജനവാസപ്രദേശങ്ങളിൽ കണ്ടുവരുന്നു. നാട്ടിൻപുറങ്ങളിൽ മാത്രമല്ല പട്ടണപ്രദേശങ്ങളിലും വെള്ളിമൂങ്ങകളെ കണ്ടെത്താനാകും.
ഉയരമുള്ള കെട്ടിടങ്ങളുടെയും വീടുകളുടെയും തട്ടിൻപുറങ്ങളിൽ വസിക്കാൻ ഇഷ്ടപ്പെടുന്നവയാണ് വെള്ളിമൂങ്ങൾ. എലികളും പ്രാവുകളും ഇഷ്ടഭക്ഷണമായത് കൊണ്ട് തന്നെ അവ കൂടുതലായി വസിക്കുന്ന മേൽക്കൂരകൾ തന്നെ വെള്ളിമൂങ്ങകളും താമസത്തിനായി തിരഞ്ഞെടുക്കുന്നതാണത്രേ.
മൂങ്ങയുടെ പ്രത്യേകതകൾ
- ഇരുട്ടിൽ കണ്ണുകൾക്കുള്ള കാഴ്ച ശക്തി
- സാമാന്യതയിൽ കവിഞ്ഞ ശ്രവണശക്തി
- 180ഡിഗ്രി ഘടികാരദിശയിലും (Clockwise), എതിർ ഘടികാരദിശയിലും (Anti Clockwise)തല തിരിക്കാനുള്ള കഴിവ്
അന്ധവിശ്വാസങ്ങൾ
ഇരുളിൽ ഉണ്ടെന്നു കേട്ടിട്ടുള്ള നിഗൂഡതകളിൽ വിശ്വസിക്കുന്ന അതേ ബുദ്ധി തന്നെയാണ് മൂങ്ങയെന്ന രാത്രീഞ്ചരനെയും അന്ധവിശ്വാസത്തിന്റെ കൂട്ടിലടച്ചത്. യക്ഷിക്കഥകളിൽ മന്ത്രവാദികളുടെ തോഴനും, മന്ത്രവാദപ്പുരകളുടെ കാവൽക്കാരനും ഒക്കെയായിട്ടാണ് മൂങ്ങകൾ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.
രാത്രികാലങ്ങളിൽ ഗുഹകളിലും നിലവറകളിലും ഇരുന്ന് ഘോരമന്ത്രവാദക്രിയകൾ നടത്തിയിരുന്ന മന്ത്രവാദികൾ പുറംലോകത്തെ കാഴ്ചകൾ കാണാൻ ഉപയോഗിച്ചിരുന്നത് മൂങ്ങകളെയായിരുന്നു. ഒരു തരത്തിൽ ആയ കാലത്തെ സെക്യൂരിറ്റി ക്യാമറക്കണ്ണുകളായിരുന്നു മൂങ്ങകൾ.
മൂങ്ങകൾ കാണുന്ന ദൃശ്യങ്ങൾ മന്ത്രവാദിയുടെ മുന്നിലെ കളത്തിൽ തെളിയും. ക്രിയകൾ മുടക്കാൻ എത്തുന്നവരുടെ ആഗമനം ഇങ്ങനെയാണത്രേ മന്ത്രവാദികൾ അറിഞ്ഞിരുന്നത്. രാത്രി കണ്ണുകാണാനുള്ള മൂങ്ങകളുടെ പ്രത്യേകത മനസിലാക്കിയവരുടെ അറിവും ഭാവനയും ഒരുമിച്ചപ്പോൾ ഉണ്ടായതാകണം ഇത്തരം കഥകൾ.
ഭാരതത്തിൽ മാത്രമല്ല, യൂറോപ്പിലും ആഭിചാരക്രിയകളിൽ മൂങ്ങകളുടെ സാന്നിധ്യം ഉറപ്പുവരുത്തിയിരുന്നു. വെള്ളിമൂങ്ങയുടെ രക്തവും, തൂവലും ആഭിചാരക്രിയകൾക്ക് ഉപയോഗിക്കുന്നതായി കഥകൾ ഉണ്ട്.
മൂങ്ങകൾ ഭാഗ്യം കൊണ്ടു വരുമോ?
തീർച്ചയായും കൊണ്ടു വരും എന്നു വിശ്വസിച്ചിരുന്നവരാണ് പഴയ തലമുറ. മൂങ്ങകൾ വീട്ടിൽ താമസമാക്കിയാൽ – പ്രത്യേകിച്ച് വെള്ളിമൂങ്ങകൾ – ഭാഗ്യമായിട്ടാണ് കരുതിയിരുന്നത്.
യക്ഷിക്കഥകളിലെ മന്ത്രവാദിയുടെ അനുയായിയോട് അത്രക്കുണ്ടായിരുന്നു നാട്ടുകർക്ക് വിശ്വാസം. അറയിലെ ധാന്യങ്ങൾ കുറയാതിരിക്കാനും, വിളകൾ നശിക്കാതിരിക്കാനും മൂങ്ങകളുടെ ആഗമനത്താലുള്ളാ ഭാഗ്യം ഉപകരിക്കുമായിരുന്നു.
മൂങ്ങകൾ കൊണ്ടു വരുന്ന ഭാഗ്യം വെറും വിശ്വാസമോ?
യുക്തിപരമായി അല്ല എന്നു പറഞ്ഞാൽ അതൊരു പക്ഷേ ഉൾക്കൊള്ളാനാകില്ല. അതെങ്ങിനെ? എന്നാണെങ്കിൽ മൂങ്ങകളുടെ ആഹാരരീതിയിൽ നിന്ന് തുടങ്ങേണ്ടി വരും. മൂങ്ങകളുടെ പ്രധാന ആഹാരം എലികളും, കീടങ്ങളുമാണ്.
എലികൾ കർഷകരുടെ ശത്രുക്കളാണെന്ന് പറയേണ്ടതില്ലല്ലോ. തെങ്ങുകളിൽ കയറി കൂമ്പും, കരിക്കും തുരന്നു തിന്നുന്ന തുരപ്പൻ എന്നറിയപ്പെടുന്ന ചുണ്ടെലികൾ കർഷകന് വലിയ ഉപദ്രവകാരികളാണ്. അതു പോലെ തന്നെ അറകളിൽ കയറി ധാന്യം അകത്താക്കുന്ന എലികളും ചില്ലറ ഉപദ്രവമല്ല ഉണ്ടാക്കുന്നത്.
രാത്രികാലങ്ങളിൽ ഉയരമുള്ള തെങ്ങിൽ നിന്ന് തുരപ്പനെലികളെ അകത്താക്കുന്ന നത്തുകളും, മൂർച്ചയുള്ള നഖങ്ങളുള്ള കാലിൽ കോർത്തെടുത്ത് കൊണ്ടുപോയി ഒന്നിലധികം എലികളെ അകത്താക്കുന്ന വെള്ളിമൂങ്ങകളും ഇല്ലാതാക്കുന്നത് കർഷകന്റെ മുഖ്യശത്രുവിനെയാണ്.
അപ്പോൾ ചിന്തിക്കൂ, എലികളുടെ സ്വൈര്യവിഹാരത്തിന് വിഘാതമുണ്ടാക്കുന്ന മൂങ്ങകൾ ഭാഗ്യം തന്നെയല്ലേ. വിളയും, ധാന്യവും നശിപ്പിക്കുന്ന ശത്രുക്കളെ ഇല്ലാതാക്കുന്ന മൂങ്ങകൾ കാർഷികവൃത്തി ജീവിതമാർഗമാക്കിയിരുന്ന ഒരു സമൂഹത്തിൽ ഭാഗ്യം കൊണ്ടുവന്നിരുന്ന ജീവികൾ തന്നെയായിരുന്നു.
മൂങ്ങകൾക്ക് നിയമ സംരക്ഷണം
ഇൻഡ്യയിൽ 1972 ലെ വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് മൂങ്ങകൾ നിയമ പരിരക്ഷ ലഭിക്കുന്ന ജീവിയാണ്. വന്യജീവി സംരക്ഷണ നിയമപ്രകാരം, മൂങ്ങകളെ പിടികൂടാനോ, കൂട്ടിലിട്ട് വളർത്താനോ, വിപണനം ചെയ്യാനോ പാടില്ല.