കാവളം
തടിയുടേയും ഫലത്തിന്റെയും ഗുണം നോക്കുന്ന നാട്ടുനടപ്പനുസരിച്ച് മരങ്ങളെ ഫലവൃക്ഷമെന്നും പാഴ്മരമെന്നും തരംതിരിക്കാറുണ്ട്. പാഴ്മരത്തിന്റെ പട്ടികയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന മരമാണ് കാവളം. ഉഷ്ണമേഖലപ്രദേശങ്ങളിൽ കണ്ടു വരുന്ന കാവളത്തിന്റെ ശാസ്ത്രീയ നാമം Sterculia Guttata എന്നാണ്.
ഇലകളും പൂക്കളും
കാവളത്തിന്റെ ഇലകൾ ഇളം പച്ച നിറത്തിലുള്ളതും നീണ്ടു പരന്നതുമാണ്. പൂവിട്ടു തുടങ്ങുന്നതോടെ കാവളത്തിന്റെ ഇലകൾ കടും പച്ച നിറത്തിൽ കട്ടിയുള്ളതായി മാറുന്നു.
കമ്പിളി പോലെ രോമാവൃതമായതും വെളുപ്പും കടും വയലറ്റും നിറങ്ങൾ ചേർന്ന ഇതളുകളുള്ള ചെറിയ പുഷ്പങ്ങളാണ് കാവളത്തിന്. മരത്തിന്റെ ശാഖാഗ്രങ്ങളിലാണ് പൂക്കൾ വിരിയുക.
കാവളം കായ്കളും വിത്തുകളും
പൂക്കൾ കായ്കളായി മാറിയ ശേഷം കായ്കൾ മൂപ്പെത്തുമ്പോഴേക്കും കാവളത്തിന്റെ ഇലകൾ പൊഴിയുവാൻ തുടങ്ങും. കാവളം കായ്കൾ പഴുത്ത് പാകമാകുന്നതോടെ മരത്തിൽ ഇലകൾ ഒന്നും തന്നെ കാണില്ല. ഇല പൊഴിഞ്ഞു തീർന്ന മരത്തിൽ ചുവന്നു പഴുത്തു നിൽക്കുന്ന കാവളം കായ്കളുടെ കുലകൾ ഭംഗിയുള്ള കാഴ്ചയാണ്.
കട്ടിയുള്ള പുറംതോടോട് കൂടിയ പച്ച നിറത്തിലുള്ള കാവളം കായ്കൾ പാകമാകുമ്പോൾ ചുവന്ന നിറമാകുന്നു. പുറംതോടിനുള്ളിലാണ് വിത്തുകൾ കാണപ്പെടുന്നത്. പാകമായ കായ്കൾ നെടുകെ പിളർന്ന് വിത്തുകൾ പുറത്തു വരുന്നു.
കാവളത്തിന്റെ കായ്കൾ മാംസളമല്ല. പഴുത്ത കായ്കൾ പറിച്ചെടുത്തു കുലുക്കി നോക്കിയാൽ വിത്തുകൾ കുലുങ്ങുന്ന ശബ്ദം കേൾക്കാനാകും. കറുത്ത നിറത്തിൽ നിലക്കടലയുടെ വലിപ്പത്തിലുള്ള 10നും 16നും ഇടയ്ക്ക് വിത്തുകളാണ് കായ്ക്കൾക്കുള്ളിൽ ഉണ്ടാകുക.
കോഴിവേഴാമ്പലിൻറെ (Malabar Grey Hornbill) ഇഷ്ടഭക്ഷണമാണ് കാവളം കായ്കൾക്കുള്ളിലെ വിത്തുകൾ. വിത്തുകൾ ചില നാടൻ മരുന്നുകൾ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു.
കറുത്ത ആവരണത്തോട് കൂടിയതും വെളുത്ത ഉൾഭാഗമുള്ളതുമാണ് വിത്തുകൾ. കായ പിളർന്ന ശേഷവും വിത്തുകൾ വേർപെടാതെ കുറച്ചു ദിവസം കൂടി തുടരും. വിത്തുകൾ അടർന്നു വീണ ശേഷം കായകളുടെ പുറം തോടുകളും മരത്തിൽ നിന്ന് അടരുന്നു.
©ചിത്രങ്ങൾ
അത്ര പരിചിതമല്ലാതിരുന്ന കാവളം വീടിനടുത്തുള്ള തൊടിയിലാണ് ആദ്യമായി കണ്ടത്. പാഴ് മരത്തിന്റെ ഗണത്തിൽപ്പെട്ട ഏതോ ഒരു മരം എന്നാണ് കരുതിയത്.
കായ്കൾ ഉണ്ടായപ്പോഴാണ് ശ്രദ്ധിക്കാൻ തുടങ്ങിയത്. ഒരു കൗതുകത്തിന് ചിത്രങ്ങൾ എടുത്തു വച്ചു. പിന്നീട് കായ്കൾ മൂപ്പെത്തിയതും പഴുത്തതും മറക്കാതെ ക്യാമറയിൽ പകർത്തി.