ഫെബ്രുവരി 14 പ്രണയിതാക്കളുടെ ദിനമാണത്രേ… !
ഓർക്കുമ്പോഴെല്ലാം ചിരിക്കാൻ മാത്രമേ തോന്നിയിരുന്നുള്ളൂ… പക്ഷേ ഈ ഫെബ്രുവരി 14 അങ്ങിനെയങ്ങ് ചിരിച്ചു തള്ളാനായില്ല… അത് അവന്റെ ദിവസമായിരുന്നു എന്നുള്ളത് കൊണ്ട്… ജീവന്റെ ദിനം… ജീവൻ എന്ന ചെറുപ്പക്കാരൻ തന്നെത്തന്നെ നഷ്ടപ്പെടുത്തിയ ദിവസം.
മറൈൻ ഡ്രൈവിലെ നടപ്പാതയ്ക്കിടയിലൊരിടത്ത് അഴുക്കുചാൽ കായലിലേക്ക് ഒഴുകുന്നോ അതോ കായൽ അഴുക്കു ചാലിലേക്ക് ഒഴുകുന്നോ എന്ന് ഉറപ്പിച്ചു പറയാൻ കഴിയാത്ത, ഒരു നഗരത്തിന്റെ മുഴുവൻ ദുർഗന്ധവും വമിക്കുന്ന നീർച്ചാലിനു മുകളിൽ, ‘ നിങ്ങൾ ആകാശത്തിനും മേലെ സ്വർഗത്തിലാണ് ’ എന്ന് ഒരു പേരു കൊണ്ട് ഭ്രമിക്കുവാൻ വേണ്ടി ‘മഴവിൽപ്പാലം’ എന്ന് പേരിട്ടിരിക്കുന്ന ആ കോൺക്രീറ്റ് സൃഷ്ടിക്ക് മുകളിൽ നിന്നാണ് അവൻ മരണത്തിലേക്ക് വീണത്.
ടൈറ്റാനിക്കിൽ ലേനാഡോ ഡി കാപ്രിയോ കേത്ത് വിൻസ്ലെറ്റിന്റെ കൈ കോർത്തു പിടിച്ച് നിന്നതു പോലെ, കൂടെയില്ലാതെ പോയവളോടൊപ്പമെന്ന പോലെ ഒരു നിമിഷം കൈകൾ വിടർത്തി കായൽക്കാറ്റിനെ ആശ്ളേഷിച്ചിട്ടാണത്രേ അതേ കൈകൾ ചിറകുകളാക്കി, കായലിലേക്ക് പറന്ന ഒരു പക്ഷിയോടൊപ്പം അവനും താഴേക്ക് പറന്നിറങ്ങിയത്.
“നുമ്മ നോക്കുമ്പോ ആ ചെക്കൻ അമ്മാതിരി ഒരു പോസില് ആ കൈവരീമ്മേ കേറി നിന്നട്ട് ഒറ്റ ചാട്ടാ താഴോട്ട്… കൂക്കി വിളിച്ച് തുഴയെറിഞ്ഞ് നുമ്മയിങ്ങെത്തുമ്പഴേക്കും കഴിഞ്ഞാർന്ന്…“
കൊച്ചു വെളുപ്പാൻ കാലത്ത് കായലിൽ ചൂണ്ടയെറിയാൻ പോയ ഒരു ഫോർട്ടു കൊച്ചിക്കാരന്റെ വക അങ്ങിനെയൊരു ദൃക് സാക്ഷി വിവരണം കാണിച്ചു കൊണ്ടാണ് വാർത്താ ചാനലുകൾ അന്ന് ലൈവ് ആരംഭിച്ചത്.
അവൻ ആർക്കോ വേണ്ടി മഴവിൽപ്പാലത്തിൽ ഉപേക്ഷിച്ച ചോര നിറമുള്ള ഹൃദയം നെഞ്ചോടു ചേർത്തു പിടിച്ച സാമാന്യം വലുപ്പമുള്ള വെളുത്ത ടെഡ്ഡി ബിയർ ദൃക്സാക്ഷിവിവരണത്തിനും ലൈവ് റിപ്പോർട്ടിങ്ങിനും കൊഴുപ്പേകി.
നഗരം പുലരും മുൻപേ നടന്ന ഒരു ആത്മഹത്യയേക്കുറിച്ച് എന്തിനിത്ര വാർത്ത എന്ന് ഒരു പ്രേക്ഷകനും ചിന്തിക്കാത്ത വിധമായിരുന്നു വാർത്താ അവതാരകർ അത് അവതരിപ്പിച്ചത്. ദുരൂഹതയുണ്ടാകുമ്പോൾ ഒരു വാർത്തയുണ്ടാകുന്നു എന്നറിയാവുന്ന രചയിതാക്കൾ തയ്യാറാക്കിയ വാർത്തകൾ അവതാരകർ ഉചിതമായ സ്വരവ്യതിയാനങ്ങളിലൂടെ വായിച്ചവതരിപ്പിക്കുന്നുണ്ടായിരുന്നു.
വാർത്തയിലെ ദുരൂഹതയെ ബലപ്പെടുത്താൻ അനുകൂല സാഹചര്യങ്ങൾ കൂടി വേണമെന്ന് രചയിതാക്കൾക്കറിയാമായിരുന്നു. ‘അവിടെ എന്തോ ഒരു പ്രശ്നമുണ്ടായതല്ലേ മുൻപ്…?’ എന്ന് സംശയിക്കുന്ന പ്രേക്ഷകന്റെ കൺ മുന്നിലേക്ക്, കർണപടത്തിലേക്ക് വാർത്തയിലെ ദുരൂഹതകൾ എത്തിക്കൊണ്ടിരുന്നു.
ഇന്നിപ്പോൾ കായലിലെ കാഴ്ചകൾക്കും അസ്തമയത്തിനും അഭിമുഖമായി ലോഹ ഇരിപ്പിടങ്ങൾ കോർത്തു വച്ച വെറുമൊരു ഒരു നടപ്പാതയല്ലല്ലോ മറൈൻ ഡ്രൈവിലേത്…
അതെ, ചുണ്ടുകൾ ചുണ്ടുകളോട് ചേർത്ത ചുമ്പനങ്ങൾ കൊണ്ട് വിളക്കിച്ചേർത്ത ദേഹങ്ങൾ ന്യൂ ജനറേഷൻ വിപ്ളവകാരികൾ സമരത്തിനു സമർപ്പിച്ച ഒരിടം. അങ്ങിനെയൊരിടത്താണ് അത് സംഭവിച്ചിരിക്കുന്നത്.
അവിടം തന്നെ മരിക്കാൻ തിരഞ്ഞെടുത്ത ആ യുവാവ് ഏതൊരാശയമാണ് മുന്നോട്ട് വയ്ക്കാനാഗ്രഹിച്ചത്… ?
അസ്തമയ ശേഷമുള്ള ചാനലുകളിലെ ചർച്ചകളിൽ വാർത്താ അവതാരകർ ഉന്നയിച്ച ആ ചോദ്യത്തിന്, അത്തരം ചർച്ചകളിൽ ആവർത്തിച്ചുപയോഗിക്കപ്പെടുന്ന ‘തീർച്ചയായും’ എന്ന പദം കൊണ്ട് തന്നെ അങ്ങിനെയൊരു സാധ്യതയുണ്ടെന്നും അതു കണ്ടെത്തേണ്ടതുണ്ടെന്നും നിയമ വിദഗ്ധർ മുതൽ പരിസ്ഥിതി വാദികൾ വരെയുള്ളവരിലെ പ്രഗത്ഭരും പ്രശസ്തരും ആവശ്യമുന്നയിച്ചു.
അവന്റെ മരണം ന്യൂജനറേഷൻ വിപ്ളവകാരികളുടെ സമര ആംഗ്യങ്ങൾക്ക് നേരെയുള്ള പ്രതിഷേധമാണെന്നും, അതല്ല മറിച്ച് യുവതലമുറയുടെ സ്വാതന്ത്ര്യ മോഹങ്ങളെ വേലിക്കെട്ടുകൾക്കുള്ളിൽ തളച്ചിടുവാൻ ശ്രമിക്കുന്നവർക്കെതിരേയുള്ള വെല്ലുവിളിയാണെന്നും വാദപ്രതിവാദങ്ങളുണ്ടായി.
ആരാലും അറിയപ്പെടാതിരുന്ന അവനെക്കുറിച്ചുള്ള വാർത്തകൾക്കു വേണ്ടി ഓരോ മണിക്കൂറിലും പ്രേക്ഷകർ ആകാംക്ഷാഭരിതരായി കാത്തിരുന്നു. വാർത്താ ബുള്ളറ്റിനുകളുടെ ഹെഡ്ലൈനിൽ വലിയൊരു ചോദ്യ ചിഹ്നത്തിനു പിന്നിലേയ്ക്കൊതുക്കിയ അവന്റെ മുഖം ചേർത്ത ഗ്രാഫിക്സ് ശോകാർദ്രമായ പശ്ഛാത്തല സംഗീതത്തിന്റെ അകമ്പടിയോടെ കടന്നു വന്നു കൊണ്ടിരുന്നു. ശീതീകരിച്ച സ്റ്റുഡിയോലിരുന്ന് ‘ഏറ്റവും പുതിയ വിവരങ്ങൾ’ തിരക്കുന്ന വാർത്താ അവതാരകർക്കു മുന്നിൽ പുതിയ കണ്ടെത്തലുകളും നിഗമനങ്ങളും വിവരിച്ചു കൊടുക്കുന്ന ലൈവ് റിപ്പോർട്ടർമാർ വിവിധയിടങ്ങളിൽ നിന്ന് കിതച്ചു കൊണ്ട് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.
ഒറ്റയ്ക്ക് മരണത്തിലേക്ക് പോയവൻ വാർത്തകളിലൂടെ ഒരാഴ്ച കൊണ്ട് പ്രേക്ഷകരാൽ സനാഥനായെന്നു വേണം പറയാൻ.
പക്ഷേ ആ വാർത്തയുടെ നേരറിയാവുന്നവർ ഈ ഭൂമിയിൽ രണ്ടേ രണ്ടു പേരായിരുന്നു… നോർത്ത് എസ് ഐ മോഹൻ കുമാറും മുൻനിര ചാനലിലെ ന്യൂസ് എഡിറ്റർ ടോണി ജോർജ്ജും.
വാർത്തകൾ തിരയുകയും സൃഷ്ടിക്കുകയും ചെയ്യുന്ന തിരക്കിനിടയിൽ ആഴ്ചയുടെ ഏഴാം ദിവസവും വിശ്രമിക്കാനാവാതെ ജോലി തുടർന്നു കൊണ്ടിരുന്ന മാദ്ധ്യമ പ്രവർത്തർ ഒരുക്കിയ വാർത്തകൾ ആസ്വദിച്ചു കൊണ്ട് ആ സുഹൃത്തുക്കൾ വാരാന്ത്യത്തിലെ വൈകുന്നേരം ആഘോഷിക്കുകയായിരുന്നു.
ആദ്യത്തെ പെഗ്ഗിന് ചിയേർസ് പറഞ്ഞു കൊണ്ട് മോഹൻ പറഞ്ഞു, “ ടോണി നിനക്ക് വേണ്ടിയാണ് ഞാൻ അവന്റെ ആത്മഹത്യാക്കുറിപ്പ്…”
“ അറിയാം മോഹൻ… നിങ്ങൾ അതേക്കുറിച്ച് വേവലാതിപ്പെടാതിരിക്കൂ… നിങ്ങൾ കണ്ടു കൊണ്ടിരിക്കുകയല്ലേ നമ്മൾ കൊടുത്തു കൊണ്ടിരിക്കുന്ന വാർത്തകൾ…“
ടെലിവിഷനിൽ മുറിയാതെ ഒഴുകിക്കൊണ്ടിരിക്കുന്ന സ്ക്രോൾ ന്യൂസിലേയ്ക്ക് നോക്കിക്കൊണ്ട് മോഹൻ പറഞ്ഞു ” ഞാൻ ആ വരികൾ ഒരിക്കലും മറക്കില്ല…“
”അതെനിക്കറിയാം മോഹൻ… അത്രയധികം സ്പർശിക്കുന്നതായിരുന്നു ആ വരികൾ…“
മൂന്നാമതൊരാൾ കാണാത്ത ആ ആത്മഹത്യാ കുറിപ്പിലെ വരികൾ അയാൾ ഓർമിച്ചെടുത്തു…” എന്നെ ആരും ചുമ്പിച്ചിട്ടില്ല… എന്നെ ആരും സ്നേഹത്തോടെ കൈ പിടിച്ച് നടത്തിയിട്ടില്ല… എന്നെ ആരും സ്നേഹപൂർവ്വം ആശ്ലേഷിച്ചിട്ടില്ല… എന്നെ ആരും പ്രണയിച്ചിട്ടില്ല… അതു കൊണ്ട് തന്നെ എനിക്ക് ആരോടും കടപ്പാടില്ലാത്ത ഒരു ലോകത്ത് നിന്ന് പോകുമ്പോൾ എന്റെ ഈ മരണത്തിന് ഞാൻ മാത്രമാണുത്തരവാദി…“
അനാഥമായ ബാല്യവും കൗമാരവും യൗവ്വനവും വേദനയോടെ ഓർമിച്ചെടുക്കുന്ന ഒരു അനാഥന്റെ, അതേ കാരണം കൊണ്ട് മരണത്തിലേക്ക് പോയവന്റെ, ഹൃദയത്തിൽ നിന്നുള്ള വരികൾ…
മോഹൻ ടോണിയെ നോക്കി… കാക്കിയ്ക്കുള്ളിലെ ഹൃദയത്തിൽ അയാൾ നഷ്ടപ്പെടാതെ സൂക്ഷിച്ചിരുന്ന ഏതോ ഒരു വികാരം ആ നോട്ടത്തിൽ പ്രതിഫലിക്കുന്നുണ്ടായിരുന്നോ…?
കാലിയാക്കിയ ഗ്ളാസ് താഴെ വച്ച് ടോണി അയാളെ ധൈര്യപ്പെടുത്താനായി പറഞ്ഞു… ” ഈ വാർത്തയുടെ ചൂടാറും മുൻപേ നമ്മൾ ആ ആത്മഹത്യാക്കുറിപ്പിന്റെ സസ്പെൻസ് പൊട്ടിയ്ക്കും… അതു പക്ഷേ മറ്റൊരു രീതിയിലായിരിക്കും… കത്തിലെ ചില വാക്കുകൾ നമ്മൾ വെട്ടുന്നു… എന്നിട്ട് ബാക്കിയുള്ളത് പലയാവർത്തി വാർത്തയിൽ വായിക്കുന്നു… പ്രണയമില്ലാതെ പോയവന്റെ, ചുമ്പനം ലഭിക്കാത്തവന്റെ മനസിന്റെ ശൂന്യതയെക്കുറിച്ച് ആവർത്തിക്കും… അതങ്ങിനെയാണെന്ന് നമ്മുടെ ചാനലിലെ വാർത്തകൾ പറയും… “
മോഹൻ അതേക്കുറിച്ച് ചിന്തിക്കുകയായിരുന്നു…
ടോണി തുടർന്നു, ” വാർത്തകൾ ന്യൂ ജനറേഷൻ പിള്ളേരെ വേദനിപ്പിക്കും… പ്രണയിക്കാനും ചുമ്പിക്കാനും കഴിയാതെ പോയവന്റെ ദു:ഖം അവർ നെഞ്ചേറ്റും… അവരിൽ പ്രണയിതാക്കൾ പൊട്ടിക്കരഞ്ഞേക്കാം… അവർ പരസ്പരം ചേർത്തു പിടിക്കും… ആശ്ലേഷിക്കും… ചുമ്പിക്കും… അവന്റെ രക്തസാക്ഷിത്വം, ഒരിക്കൽ മാത്രം ജീവിക്കാൻ കിട്ടുന്ന ജീവിതം ആസ്വദിക്കുവാൻ ആഗ്രഹിക്കുന്ന യുവത്വത്തിനു വേണ്ടിയായിരുന്നെന്ന് വിശ്വസിച്ച് അവർ അവനെ ആരാധിക്കും… ഇഷ്ടങ്ങളെ നിയന്ത്രിക്കണമെന്ന് ശാഠ്യം പിടിക്കുന്നവരോട്, എതിർക്കുന്നവരോട്, അവർ നഷ്ടപ്പെട്ട അവന്റെ ജീവിതത്തെക്കുറിച്ച് ഉറക്കെ സംസാരിക്കും… നാളെ ചിലപ്പോൾ അവർ കൂട്ടത്തോടെ അവന്റെ മരണ സ്ഥലത്തേയ്ക്കു വരും… എന്നിട്ട് അവന് വേണ്ടി ശ്രദ്ധാഞ്ജലി അർപ്പിക്കും… ആ നിമിഷം അവർ കാമുകീ കാമുകന്മാർ പരസ്പരം നിനക്ക് ഞാനുണ്ടെന്ന് ധൈര്യപ്പെടുത്തും…“
തന്റെ ആശയങ്ങൾ നടപ്പാക്കാനാകുമെന്ന ആത്മവിശ്വാസത്തോടെ ടോണി തുടർന്നു, ”വരും വർഷങ്ങളിൽ അവന്റെ ഓർമ ദിവസം അവിടം ഒരു തീത്ഥാടന കേന്ദ്രമാകും… അവന്റെ ഓർമദിനത്തെ വാർത്തയിലെ ഒരു വരി കൊണ്ട് ‘ജീവൻസ് ഡേ’ ആക്കി മാറ്റിയെടുക്കും നമ്മൾ… പിന്നെയൊരിക്കൽ വിനോദയാത്രക്കെത്തുന്ന ഒരു പോർച്ചുഗൽ സ്വദേശിയോ ജർമൻ സ്വദേശിയോ മറൈൻ ഡ്രൈവിലെ യുവ ജനങ്ങളെക്കണ്ട് അമ്പരക്കുകയും അവനെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്യും… അവരിലൊരു വിദേശി അവന്റെ പേര് ‘ജോവാൻ’ എന്നു തെറ്റിച്ച് പറയുന്നിടത്ത് ആ പേര് യൂറോപ്പിലും പരക്കും… പ്രണയത്തിന്റെ വിപ്ളവകാരിയായി അവൻ വാഴ്ത്തപ്പെടും…“
അയാൾ മോഹന്റെ നേർക്കു തിരിഞ്ഞു, ”ഇനിയും നിനക്ക് വിശ്വാസമായില്ലേ മോഹൻ…? ഒരൊറ്റ വാർത്ത കൊണ്ട് നമ്മൾ ഭാവിയെ രചിയ്ക്കും… ഓരോ കാലത്തും ആ കാലത്തുള്ളവർക്കായി ഒരു അവതാരമുണ്ടാകുമെന്നല്ലേ…? പുതു തലമുറയ്ക്ക് അവനേപ്പോലൊരു അവതാരത്തിനെയാണാവശ്യം… ഒരു ന്യൂസ് ഹെഡ്ലൈൻ കൊണ്ട് നമ്മൾ ആ അവതാരത്തെ സൃഷ്ടിക്കുന്നു…“
കുറച്ചു നേരത്തേയ്ക്ക് നഷ്ടപ്പെട്ടു പോയ ചിരി വീണ്ടു കിട്ടിയ മോഹൻ ടെലിവിഷനിലേക്ക് നോക്കി…
ടിവി സ്ക്രീനിലെ കടുത്ത ചുവന്ന നാടയിൽ വെളുത്ത അക്ഷരങ്ങളായി തെളിയുന്ന ബ്രേക്കിംഗ് ന്യൂസ്… അടുത്ത ദിനം യുവത്വം മഴവിൽ പാലത്തിലേക്ക് സൗഹൃദത്തിന്റെ കൈകൾ കോർത്ത് ഒരു പാലം തീർക്കുന്നു…
മോഹനും ടോണിയും ഒരു വലിയ തമാശ ആസ്വദിക്കുന്ന മട്ടിൽ പൊട്ടിച്ചിരിച്ചു.
ഒരിക്കലും അവസാനിക്കാത്ത വാർത്തകൾക്ക് റിമോട്ടിന്റെ ചുവന്ന ബട്ടനിലെ അമർത്തിയൊരു സ്പർശനം കൊണ്ട് തത്കാലികമായി വിട നൽകിയിട്ട് അവർ പിന്നെയും വാർത്തകളേക്കുറിച്ചുള്ള കഥകൾ പറയാൻ തുടങ്ങി.
–
അനൂപ് ശാന്തകുമാർ
-2015 ഒക്ടോബർ 11