വാർ & കിസ്സ് – Doing the right thing at the right time
യുദ്ധം…
അതേക്കുറിച്ച് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ…! നേവയും അനേകയും ഇപ്പോൾ അത് അറിയുകയാണ്.
രണഭൂമിയായി മാറിയ നഗരത്തിലെ വഴികളിലൂടെ, ഉതിർക്കപ്പെട്ട വെടിയുണ്ടകൾക്കും വർഷിക്കപ്പെട്ട ബോംബുകൾക്കും ഇടയിലൂടെ അവർ ജീവനും കൈയിൽപ്പിടിച്ച് ഓടുകയാണ്… ആരൊക്കെ മരിച്ചും പരിക്കേറ്റും വീഴുന്നു എന്ന് ശ്രദ്ധിക്കാൻ കഴിയാതെയുള്ള ഓട്ടം.
സ്ഫോടനങ്ങളുടെ അഗ്നിയും പൊടി പടലങ്ങളും അവരെ വഴി തെറ്റിച്ചത് തകർന്നു വീണ ബഹുനിലക്കെട്ടിടത്തിന്റെ ഇരുളിലേക്കായിരുന്നു… ആ പിഴവ് തത്കാലത്തേക്കെങ്കിലും രക്ഷയാകുമെന്ന് കരുതിയതും അപരിചിതരായ ആയുധധാരികൾ ഇരുട്ടിൽ നിന്നും പുറത്തു വന്നു കഴിഞ്ഞിരുന്നു… വിഘടനവാദികൾ, അല്ലെങ്കിൽ ശത്രു സൈന്യത്തിൽപ്പെട്ടവർ…
നേവയ്ക്കും അനേകയ്ക്കും നേരെ തോക്കു ചൂണ്ടുന്നതിനു പകരം അവർ ഉടുപ്പുകളുടെ കൊളുത്തുകൾ വിടുവിച്ച് നഗ്നത പുറത്തെടുക്കയും, വിയർപ്പും രക്തവും തെറിച്ച ദേഹത്തേക്ക് അവരെ ബലമായി ആശ്ളേഷിക്കുകയും ചെയ്തു.
സ്ഫോടനങ്ങളുടെ ശബ്ദത്തിൽ തങ്ങളുടെ നിലവിളികൾ ആരുമറിയാതെ മുങ്ങിപ്പോകുമെന്ന് തന്നെയാണ് ആ പെൺകുട്ടികൾ കരുതിയത്.
നേവയെ വരിഞ്ഞു മുറുക്കി ആർത്തിയോടെ ചുമ്പിച്ചവന്റെ തല ബൂട്ടിട്ട ഒരു കാൽ ചവുട്ടിത്തെറിപ്പിക്കുകയായിരുന്നു… പിന്നെ രണ്ടു വെടിയുണ്ടകൾ ആ തല തകർത്തു… അനേകയുടെ ദേഹത്തേക്ക് അമർന്നവന്റെ മുതുകിൽ കൊണ്ട വെടിയുണ്ട അവനെ അവളിലേക്ക് തന്നെ തന്നെ ചേർത്തു… അവളുടെ പാവാടയുടെ കുടുക്ക് പൊട്ടിക്കാനുള്ള ആർത്തി അയാളിൽ അവശേഷിക്കുന്നതു പോലെ ജഢത്തിന്റെ കൈകൾ അപ്പോഴും അവളുടെ അരക്കെട്ടിൽ മുറുകെപ്പിടിച്ചിരുന്നു… അവൾ ആ ശരീരം വെറുപ്പോടെ തള്ളിയകറ്റി.
രക്ഷകരായെത്തിയ പട്ടാളക്കാർ അവരുടെ ഉടുപ്പുകൾ നേരെയാക്കി ആശ്വസിപ്പിച്ചു… അകലെ കിടക്കുന്ന വാഹനം ചൂണ്ടി മുട്ടിലിഴഞ്ഞ് അതിനടുത്തേക്ക് പോകാൻ നിർദ്ദേശിച്ചു…
അവരെ സുരക്ഷിതരാക്കിയെന്ന വിശ്വാസത്താൽ സൈനികർ തിരക്കിട്ട് സ്ഫോടനത്തിന്റെ പുകയിലേക്ക് വെടിയുതിർത്തു കൊണ്ട് ഓടി… പെട്ടെന്ന് അവരിൽ തീരെ പ്രായം കുറഞ്ഞ ഒരുവൻ എന്തോ ഓർമിച്ചതു പോലെ നിന്നു… അയാൾ തിരികെ വന്ന് നേവയ്ക്കരുകിൽ മുട്ടുകുത്തിയിരുന്നു.
പട്ടാളക്കാരന്റെ ഗൗരവത്തിനപ്പുറം അവന്റെ മുഖത്ത് വിഷാദവും ആകുലതയുമാണ് നിറഞ്ഞിരിക്കുന്നതെന്ന് അവൾക്ക് തോന്നി…
അനേകയെ ഒന്നു നോക്കിയ ശേഷം അവൻ നേവയോട് ചോദിച്ചു, “ നിനക്കെന്നെ ഒന്നു ചുമ്പിക്കാമോ…?” നേവ പകച്ചു…
അനേകയ്ക്ക് പ്രായക്കുറവ് തോന്നിയതു കൊണ്ടാവണം അയാൾ അവളെ അവഗണിച്ചത്…
1… 2… 3… മൂന്നു നിമിഷം കൊണ്ട് നേവയുടെ മനസിലൂടെ പലതും കടന്നു പോയി… അതിർത്തി കാക്കുന്ന സൈനികരുടെ വീരകഥകൾ പഠിപ്പിച്ച ചരിത്ര ക്ളാസിലെ അദ്ധ്യാപകൻ പറഞ്ഞത്… ‘അവർ ജാഗരൂകയാരിക്കുന്നത് കൊണ്ടാണ് നമ്മൾ സുരക്ഷിതയായിരിക്കുന്നത്’ എന്ന പാഠം… ചുമ്പന സമരം എന്ന പ്രതിഷേധസമര മുഖത്ത് ആവേശത്തോടെ അണി നിരന്നത്… രക്ഷകരാകേണ്ട പട്ടാളക്കാർ ബലാത്സംഗം ചെയ്തു കൊന്ന പെൺകുട്ടികൾക്ക് നീതി ലഭിക്കാനായി രൂപീകരിച്ച സമൂഹ്യ മാധ്യമത്തിലെ ഗ്രൂപ്പിൽ അംഗമായത്…
പട്ടാളക്കാർ പെൺകുട്ടികളെ കണ്ടാൽ വിടാത്തവർ തന്നെ… അവളുടെ കണ്ണിൽ രോഷം കത്തി…
പക്ഷേ പെട്ടെന്ന് നേവയെ കടന്ന് അനേക അയാളെ ചേർത്തു പിടിച്ച് ആ മുഖത്ത് അമർത്തി ചുമ്പിച്ചു… ഒരു നിമിഷം അയാളുടെ വിറയ്ക്കുന്ന ചുണ്ടുകളിലേക്കും ആകുലത നിറഞ്ഞ മുഖത്തേക്കും ഒന്നു നോക്കിയിട്ട് അവൾ അയാളുടെ ഇരുകവിളിലും നെറ്റിയിലും ചുമ്പിച്ചു…
അവൾ പറഞ്ഞു, “ നിങ്ങൾ ശക്തനും ധീരനുമാണ്… ഒപ്പം ഒരു മഹാനും… ”
അവൾ അയാളെ നോക്കി മനോഹരമായി പുഞ്ചിരിച്ചു… അയാളുടെ വിറയ്ക്കുന്ന ചുണ്ടുകൾ പുഞ്ചിരിക്കുന്നതു പോലെ വിടർന്നു… അവളെ ഒന്ന് ആശ്ലേഷിച്ച ശേഷം തന്റെ വാട്ടർബോട്ടിൽ അവൾക്കു നൽകിയിട്ട് അയാൾ വല്ലാത്തൊരു ഊർജ്ജത്തോടെ സഹപ്രവർത്തകർ പോയ ദിക്കിൽ മറഞ്ഞു.
അനേക ഒരിറക്ക് വെള്ളം കുടിച്ച ശേഷം പകച്ചിരിക്കുന്ന നേവയുടെ കൈ പിടിച്ച് രക്ഷാപ്രവർത്തിനെത്തിയ വാഹനങ്ങൾക്കു നേരെ ഓടി.
അനൂപ് ശാന്തകുമാർ
-2014 ജൂലൈ 14