ഇതൊരു പഴയ കഥയാണ്… പുതുതായൊന്നുമില്ലാത്തതു കൊണ്ട് ആരും ആർത്തി പിടിച്ച് വായിക്കേണ്ട…!
എന്നാൽ പിന്നെ ഇത് പറയുന്നതെന്തിനാണെന്ന് ചോദിച്ചാൽ…
ഓഹ്, വെറുതേ…!! കഥകൾ എന്നും ആവർത്തിക്കുന്നു എന്നുള്ള എന്റെ വിശ്വാസം ഒന്നു കൂടി പറഞ്ഞുറപ്പിക്കാൻ വേണ്ടി മാത്രം.
പിന്നെ, അയാളെക്കുറിച്ച് ചിലത് പറയാൻ… അയാൾ എന്നു പറഞ്ഞാൽ ആ ആൾ എന്നേ ആർത്ഥമുള്ളൂ… അതു കൊണ്ടു തന്നെ ലിംഗവ്യത്യാസത്തിന്റെ വേലിക്കെട്ടിനപ്പുറവും ഇപ്പുറവുമായി നിങ്ങളുടെ ചിന്തകളിൽ പോലും ഞങ്ങളെ പ്രതിഷ്ഠിക്കേണ്ട.
ഇനി പതിവു രീതിയിൽ അങ്ങിനെ ചിന്തിച്ചാലും തെറ്റില്ല…
പറഞ്ഞു വന്നപ്പോൾ ഒരു പിഴവു പറ്റിയല്ലോ…!
ഞങ്ങൾ എന്നു പറഞ്ഞത് ഒരു തെറ്റാണ്… സാരമില്ല… അതിപ്പോൾ തോന്നുന്നതാണ്… നമ്മൾ എന്ന് ഞാനും അയാളും തമ്മിലുള്ള സംസാരത്തിനിടയിൽ എപ്പോഴും കടന്നു വന്നിരുന്ന ഒരു സാധാരണ വാക്കായിരുന്നല്ലോ.
എന്റെ ഉള്ളിലെ, എന്നോട് ചേർന്നു നിൽക്കുന്ന ഒരാളെ അറിയില്ലാത്തതു കൊണ്ട്, അങ്ങിനെ ഒരാൾ ഇല്ലാതിരുന്നതു കൊണ്ട്, “എനിക്ക് ആരുമില്ല” എന്ന് തനിയെ പറഞ്ഞ്, ഇരുട്ടു മുറിയിലിരുന്ന ഏതോ നേരത്താണ് അയാൾ ഒരുപാട് ദൂരെ നിന്ന് ഒരു Hi പറഞ്ഞത്…
ചില നേരം അത്തരം വാക്കുകൾക്ക് ഒരു വല്ലാത്ത കാന്തികശക്തിയുണ്ടെന്ന് തോന്നിയിട്ടുണ്ട്… വൈദ്യുതകാന്തിക തരംഗങ്ങളായി വരുന്ന വെറുമൊരു അഭിസംബോധനയ്ക്ക്, അത് കടന്നു വരുന്ന ചാലകത്തിന്റെ അങ്ങേത്തലക്കലേക്ക് നമ്മളെ വല്ലാതങ്ങു പിടിച്ചു വലിച്ചു കൊണ്ട് പോകാൻ കഴിയുന്ന മാന്ത്രിക ശക്തിയുണ്ടാകും.
സത്യത്തിൽ, ഒരു വാക്കിന് സ്വരം പോലുമില്ലാതിരിക്കേ അങ്ങിനൊന്ന് നമ്മളെ സ്വാധീനിക്കുന്നുവെങ്കിൽ അത് നമ്മുടെ ദൗർബല്യമാണ്… തെറ്റാണ്…
ഞാൻ അതേറ്റു പറഞ്ഞല്ലോ… എന്റെ അവസ്ഥ… ഞാനത് വീണ്ടും പറയുന്നു.
എന്നാലും അതൊരു മണ്ടത്തരമല്ലേ…? അവസ്ഥകളെ പഴി ചാരൽ…?
പക്ഷേ, ചില നേരം അതിനല്ലേ കഴിയൂ… നമ്മളെ എതിർക്കാത്തതൊന്നിനെ പഴിക്കാൻ.
ഞാൻ വേറൊന്തൊക്കെയോ പറയുന്നു അല്ലേ…? ആ ആളേക്കുറിച്ചാണ് പറയേണ്ടത്…!
എന്തോ എനിക്കറിയില്ല…! ഇനി പറഞ്ഞിട്ടെന്ത്… ?!
അല്ലെങ്കിലും എനിയ്ക്ക് അയാളെക്കുറിച്ച് കൂടുതലായൊന്നും അറിയുമായിരുന്നില്ല… അറിയില്ല…!!
അയാളുടെ വർത്തമാനങ്ങൾക്ക് എന്റെ മനസിൽ തോന്നിയ ഭാവവും സ്വരവും നൽകുമ്പോൾ പോലും എനിക്കറിയാമായിരുന്നത്, എപ്പോൾ വേണമെങ്കിലും വിശ്ഛേദിക്കപ്പെടാവുന്ന ഒരു ബന്ധത്തേക്കുറിച്ചായിരുന്നു.
പക്ഷേ എല്ലാം അറിഞ്ഞിരുന്നിട്ടും അത് സംഭവിച്ചപ്പോൾ… ഓഹ്, അതോർമിക്കാൻ കഴിയുന്നില്ല.
സത്യത്തിൽ ഇപ്പോൾ ചിരി വരുന്നുണ്ട്.
ഒരു Hi പറയാൻ തോന്നുന്നു…!
Hi…
മറുപടി വരും… ഉടനേ വരും…!!
കിരു കിരാ ശബ്ദമുണ്ടാക്കി തുറക്കുന്ന ഇരുമ്പ് അഴികളുള്ള വാതിലിനപ്പുറത്ത് നിന്ന് ഈ മുറിയുടെ ഇരുട്ടിലേക്ക് ഉടനേ വരും മറുപടി…
Hi… HI…
–