പൊടിയും ഇരുട്ടും മൂടിയ സ്കൂൾ ലൈബ്രറി…!
സ്കൂളെന്നു പറഞ്ഞാൽ ഗ്രാമത്തിലെ ഒരു സർക്കാർ സ്കൂൾ. സർക്കാർ സ്കൂളാണെന്നു കരുതി ലൈബ്രറിയുടെ നിലവാരം കുറച്ചു കാണേണ്ട.
മരത്തിന്റെ അടപ്പുകളുള്ള ജാലകങ്ങളും വാതിലും അടച്ചു കഴിഞ്ഞാൽ ഇരുട്ടുമാത്രമുള്ള ലൈബ്രറിയാണെങ്കിലും, അതിനുള്ളിലെ ചില്ലിട്ട അലമാരകൾക്കുള്ളിൽ അസംഖ്യം പുസ്തകങ്ങളുടെ വെളിച്ചമുണ്ടായിരുന്നു. ലൈബ്രറിയുടെ ചുമതലയുള്ള അദ്ധ്യാപകന് പുസ്തകങ്ങൾ എടുക്കാനല്ലാതെ, വിദ്യാർത്ഥികൾക്കായി വർഷത്തിലൊരിയ്ക്കൽ മാത്രമാണ് അതു തുറക്കുക.
ഹൈസ്കൂൾ വിദ്ദ്യാർത്ഥികൾക്ക് എല്ലാ വർഷവും ഒരു പുസ്തകം വായിക്കാൻ നൽകും. ഒരു മാസം അതു കൈയിൽ വയ്ക്കാം. അതിനുള്ളിൽ എല്ലാവരും തന്നെ പുസ്തകം കൈ മാറി വായിക്കും. ഇതാണ് രീതി.
ലൈബ്രറിയിൽ നിന്നും പുസ്തകം എടുക്കാനുള്ള ഉത്തരവാദിത്വം ക്ളാസ് ലീഡർക്കാണ് കിട്ടുക. ആ വർഷം, എട്ടാം ക്ളാസ് വിദ്യാർത്ഥിയായിരിയ്ക്കേ എനിക്കതിനുള്ള അവസരമുണ്ടായി. ഉച്ച തിരിഞ്ഞുള്ള ഡ്രോയിംഗ് ക്ളാസിന്റെ സമയത്ത് ലൈബ്രറിയിൽ നിന്ന് പുസ്തകം കൊണ്ടു വരാൻ അദ്ധ്യാപകൻ താക്കോൽ എന്നെ ഏൽപ്പിച്ചു. “നല്ല നോവലൊക്കെ നോക്കിയെടുക്കണേഡാ…” സഹപാഠികൾ ഓർമിപ്പിച്ചു.
പഴയ സ്കൂൾ കെട്ടിടത്തിന്റെ അറ്റത്ത് കേടുവന്ന ബെഞ്ചും ഡെസ്കും ഒക്കെ കൂട്ടിയിട്ടിരിക്കുന്ന മുറിയുടെ മുകൾ നിലയിലാണ് സയൻസ് ലാബും ലൈബ്രറിയും സ്റ്റോർ റൂമും. അവിടെയെങ്ങും ആരും ഉണ്ടാവാറില്ല. വലിയ പൂട്ട് തുറന്ന് വാതിൽ തള്ളിത്തുറന്നു.
പൊടിയും മാറാലയും നിറഞ്ഞ ഭീകരാന്തരീക്ഷത്തിലേയ്ക്ക് കരകര ശബ്ദത്തിൽ വാതിൽ തുറന്നു. പുറത്തു നിന്നുള്ള വെളിച്ചം ചില്ലടപ്പുള്ള അലമാരകളിൽ പ്രതിഫലിച്ചു. കൊളുത്തു മാറ്റി മരത്തിന്റെ ഒരു ജാലകപ്പാളി തള്ളിത്തുറന്നു. അതു പക്ഷേ പാതി മാത്രമേ തുറന്നുള്ളൂ. അധികം ആരും പെരുമാറാത്തതിന്റെ ബലം ജാലകപ്പാളികൾക്കെന്ന പോലെ അലമാരയുടെ അടപ്പുകൾക്കും ഉണ്ടായിരുന്നു.
ഒരലമാരയിൽ നിന്ന് പുസ്തകങ്ങൾ ഒരോന്നായി എടുത്ത് മറിച്ച് നോക്കി. ആകർഷകമായ നല്ല പുറം ചട്ടകളോടു കൂടിയ കേടുപാടുകൾ പറ്റാത്ത പുസ്തകങ്ങൾക്കാണ് പ്രാധാന്യം കൊടുത്തത്. 52 പുസ്തകങ്ങൾ വേണം. സാവധാനം തിരഞ്ഞെടുക്കാൻ തുടങ്ങി. എന്റെ ശ്രദ്ധ മുഴുവൻ പുസ്തകങ്ങളിലായി.
പെട്ടെന്ന് എന്റെ അരികിലൂടെ ആരോ ഓടിപ്പോയതുപോലെ തോന്നി…!!
പാതി തുറന്നു കിടന്നിരുന്ന ഒരു അലമാരയുടെ വാതിൽ താനേ അടഞ്ഞു തുറന്നു. ആ ഒരു നിമിഷത്തിൽ ഒന്നു നന്നായി തന്നെ ഞെട്ടി. തുറന്നിട്ട ജാലകത്തിലൂടെ ശക്തിയായി കാറ്റ് കടന്നു വരുന്നുണ്ടുണ്ടായിരുന്നു. ഞാൻ കൈയിലെടുത്ത പുസ്തകത്തിന്റെ പുറം ചട്ടയിലേക്ക് നോക്കി. ‘യക്ഷി – മലയാറ്റൂർ‘… തിരെഞ്ഞെടുത്ത പുസ്തകങ്ങളുടെ കൂട്ടത്തിലേയ്ക്ക് ഞാൻ അതു വച്ചു.
മൂലയിൽ പഴയ പുസ്തകങ്ങൾ ഇരിയ്ക്കുന്ന അലമാരയിലേക്കായി പിന്നെ എന്റെ ശ്രദ്ധ. ഞാനത് തുറന്നതും ചുവന്ന പുറംചട്ടയുള്ള കനമുള്ള ഒരു പുസ്തകം നിലത്ത് വീണ് വലിയ ശബ്ദമുണ്ടായി. അതെടുക്കാൻ കുനിഞ്ഞ എന്നെ ഭയപ്പെടുത്തിക്കൊണ്ട് എന്റെ പിന്നിൽ പൊള്ളുന്ന ഒരു പ്രഹരം കിട്ടി. ഞെട്ടലോടെ തിരിഞ്ഞു നോക്കി.
കുട്ടികളെ ശിക്ഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധനായിരുന്ന ചെറുപ്പക്കാരനായ ഡ്രോയിംഗ് ആദ്ധ്യാപകൻ പിന്നിൽ. “ പെട്ടെന്ന് എടുത്തോണ്ട് വരാൻപറഞ്ഞിട്ട് ഇവിടെ എന്നാ സ്വപ്നം കണ്ടോണ്ട് നിക്കുവാടാ…?” ചൂരൽ ഓങ്ങിക്കൊണ്ട് അദ്ദേഹം ഒച്ചയുയർത്തി. ഞെട്ടൽ കാരണം മറുപടിയൊന്നും പറയാൻ കഴിഞ്ഞില്ല. പിന്നെ കൈയിൽ കിട്ടിയതെല്ലാം വാരിയെടുത്ത് എണ്ണം തിട്ടപ്പെടുത്തി ക്ളാസിലെത്തി.
അദ്ധ്യാപകൻ പുസ്തകത്തിന്റെ പേര് രജിസ്റ്ററിൽ രേഖപ്പെടുത്തി റോൾ നമ്പർ വിളിച്ച് കുട്ടികൾക്ക് നൽകി. എനിക്ക് കിട്ടിയത് പാറപ്പുറത്തിന്റെ പണി തീരാത്ത വീട്. യക്ഷി എന്റെ വലതു വശത്തിരുന്ന സഹപാഠി ബേസിലിന് കിട്ടിയപ്പോൾ ഇടതു വശത്തിരുന്ന സുമേഷിന്റെ കൈയിലെത്തിയത് ’മനസൊരു മായ‘ എന്ന പുസ്തകമായിരുന്നു.
പാഠപുസ്തകം കൂടാതെ മറ്റൊരു പുസ്തകം വായിയ്ക്കാൻ സ്കൂളിൽ നിന്ന് അനുവദിച്ചു കിട്ടിയ സന്തോഷത്തോടെയാണ് എല്ലാവരും അന്ന് വീടുകളിലേയ്ക്ക് മടങ്ങിയത്.
പിറ്റേന്ന് രാവിലെ ക്ളാസിലെത്തിയ ഞാൻ കണ്ടത് സുമേഷിന്റെ പേടിച്ചരണ്ട മുഖമാണ്. രാത്രിയിൽ ശരിയ്ക്ക് ഉറങ്ങാത്തതു കൊണ്ട് അവന്റെ കണ്ണുകൾ ചുവന്നിരുന്നു. കാരണം അന്വേഷിച്ച എനിക്കു നേരെ തലേന്നു കിട്ടിയ പുസ്തകം നീട്ടിയിട്ട് അവൻ പറഞ്ഞു, “ ഇതിൽ നിറയെ പ്രേതങ്ങളാടാ…”.
ഞാൻ പുസ്തകത്തിന്റെ തലക്കെട്ട് ഒരിയ്ക്കൽക്കൂടി വായിച്ചു, ‘മനസൊരു മായ – പി. വിനോദ്സൺ’. പേടിപ്പെടുത്തുന്ന പ്രേതകഥകൾ മാത്രമുള്ള ഒരു പുസ്തകം. ഒന്നു മറിച്ചു നോക്കിയിട്ട് ഞാനത് എന്റെ ബാഗിൽ വച്ചു. എന്റെ പുസ്തകം ഞാൻ അവനു കൈമാറി. എന്നാൽ അവനത് വാങ്ങിയില്ല. ഇനിയൊരു പുസ്തകം വായിക്കാൻ തന്നെ പേടിയാണെന്ന് അവൻ പറഞ്ഞു. അന്ന് ഉച്ച വരെ ക്ളാസിലിരുന്ന സുമേഷ് തലവേദനയാണെന്ന് പറഞ്ഞ് ക്ലാസ്സ് ടീച്ചറിൽ നിന്ന് അനുവാദം വാങ്ങി വീട്ടിൽ പോയി. വൈകിട്ട് വീട്ടിലെത്താനുള്ള തിടുക്കത്തോടെ ഞാൻ ക്ളാസിലിരുന്നു.
വീട്ടിലെത്തി രാത്രി ഒൻപത് മണിയോടെ ഞാൻ പുസ്തകം തുറന്നു. ആ സമയത്താണ് ഉറങ്ങാൻ കിടക്കുന്നത്. കിടപ്പു മുറിയിലെ സീറോ പോയിന്റ് ബൾബിന്റെ അരണ്ട വെളിച്ചത്തിൽ ഞാൻ പുസ്തകം തുറന്ന് വായന തുടങ്ങി. കേരളത്തിലെ പല സ്ഥലങ്ങളിൽ നിന്ന് രചയിതാവിന് അയച്ചു കിട്ടിയ കത്തുകളായിരുന്നു പുസ്തകത്തിന്റെ ഉള്ളടക്കം. തങ്ങൾക്കുണ്ടായ പേടിപ്പെടുത്തുന്ന പ്രേതാനുഭവങ്ങൾ വള്ളിപുള്ളി വിടാതെ വിവരിയ്ക്കുന്ന അനുഭവസ്ഥരുടെ കത്തുകൾ. ഒരനുഭവം വായിച്ചതോടെ തന്നെ ഉള്ളിൽ ഭയം നിറഞ്ഞു.
പക്ഷേ തുടർന്ന് വായിക്കാതിരിയ്ക്കാൻ കഴിഞ്ഞില്ല. ഭയത്തോടെ അതിലേറെ ആർത്തിയോടെ വായന തുടർന്നു. ഒരോ അനുഭവക്കുറിപ്പുകൾ വായിക്കുമ്പോഴും ഉള്ളിലെ ഭയം കൂടിക്കൊണ്ടിരുന്നു. ദേഹമാകെ തണുത്തുറയുന്നതായി തോന്നി.
പുസ്തകം അടയ്ക്കാൻ ആരോ അനുവദിയ്ക്കാത്തതു പോലെ. അനുഭവ സാക്ഷ്യങ്ങളിലെ പ്രേതാത്മാക്കൾ എനിയ്ക്കു ചുറ്റും ഉണ്ടെന്ന് തോന്നി. മുറിയിൽ അപ്പുറത്തെ കട്ടിലിൽ ഉറങ്ങുന്ന അനിയനെ കൂടാതെ മറ്റാരോ കൂടി മുറിയ്ക്കുള്ളിലുള്ളതായി എനിക്ക് തോന്നിത്തുടങ്ങി. അല്ല അങ്ങനെ ആരോ ഉണ്ടെന്ന് ഉറപ്പായിരുന്നു. ഒരു വിധത്തിൽ പുസ്തകം അടച്ച് ഞാൻ സ്കൂൾ ബാഗിൽ വച്ചു.
കണ്ണടച്ച് പുതപ്പിനടിയിലേയ്ക്ക് തല പൂഴ്ത്തി. എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല. എന്തോ ശബ്ദം കേട്ട് ഉറക്കമുണർന്നു. മുറിയിൽ എന്തോ ഒരു വെളിച്ചം. ഒപ്പം അഗർബത്തി പുകയ്ക്കുന്നതു പോലെ എന്തോ ഒരു ഗന്ധം മൂക്കിൽ തുളച്ചു കയറുന്നു. ശരീരത്തിനു ഭാരം തോന്നുന്നില്ല. ഒരു അപ്പൂപ്പൻ താടി പോലെ ഞാൻ കട്ടിലിൽ നിന്ന് ഉയരുന്നതായി തോന്നി.
വെളിച്ചം വന്ന ഭാഗത്തേയ്ക്ക് അറിയാതെ നോക്കി. എന്റെ സ്കൂൾ ബാഗിൽ നിന്ന് കറുത്ത പുക ഊർന്നിറങ്ങുന്നു. പുകയുടെ കനം കൂടി വരുന്നുണ്ടായിരുന്നു. അത് എന്റെ കാലിലൂടെ അരിച്ച് ദേഹത്തേയ്ക്ക് കയറി. ഒരു നിമിഷം, കറുത്ത പുകമനുഷ്യനായി രൂപപ്പെട്ട പുകച്ചുരുളിൽ നിന്ന് രണ്ട് കറുത്ത കൈകൾ പുറത്തു വന്നു. ഭയം കൊണ്ട് എനിക്ക് ശബ്ദിക്കാനായില്ല. ആ കൈകൾ എന്റെ കഴുത്തിൽ അമർന്നു. ശ്വാസം കിട്ടാതെ ഞാൻ പിടഞ്ഞു. ഒച്ച വച്ച് അടുത്ത മുറിയിലുറങ്ങുന്ന അമ്മയേയും അച്ഛനേയും ഉണർത്തണമെന്നുണ്ട്. പക്ഷേ കഴിയുന്നില്ല.
ഞാൻ സർവ്വ ശക്തിയും സംഭരിച്ച് അലറി… പെട്ടെന്ന് അതിലും വലിയൊരു അലർച്ച മുറിയിൽ മുഴങ്ങി. ഞാൻ ഞെട്ടിയെഴുന്നേറ്റു…!
വാതിൽ തുറന്നു… മുറിയിൽ ബൾബ് തെളിഞ്ഞു… അനിയൻ അടുത്ത കട്ടിലിരുന്ന് ഉറക്കെ കരയുന്നു…!!
അമ്മ ഒരു വിധത്തിൽ എന്തോക്കെയോ ചോദിച്ചും പറഞ്ഞും ആശ്വസിപ്പിക്കുന്നു, വെള്ളം തരുന്നു. ഞാൻ സ്വപ്നം കണ്ട് പേടിച്ച് അലറിയത്രേ. അതു കേട്ട് അനിയൻ പേടിച്ച് കരഞ്ഞു. അതാണ് സംഭവിച്ചത്. അനിയനെ അമ്മയോടൊപ്പം അടുത്ത മുറിയിലേക്ക് വിട്ടിട്ട് എനിയ്ക്ക് ധൈര്യത്തിന് വേണ്ടി കട്ടിൽ ചേർത്തിട്ട് അച്ഛൻ എനിക്കൊപ്പം കിടന്നു. ആ രാത്രി അങ്ങനെ അവസാനിച്ചു.
പിറ്റേന്ന് ക്ളാസിൽ എത്തിയ ഉടനെ ഞാൻ കൂടുതലൊന്നും പറയാതെ മറ്റൊരു സുഹൃത്തിന് പുസ്തകം കൈമാറി. അവനും പിറ്റേന്ന് തന്നെ അതു തിരികെ കൊണ്ടു വന്നു. അതോടെ ഞങ്ങൾക്കിടയിൽ ആ പ്രേതപുസ്തകം പേടിപ്പെടുത്തുന്ന ഒരു രഹസ്യ ചർച്ചയ്ക്കുള്ള വിഷയമായി മാറി.
പുസ്തകത്തിലെ പ്രേതത്തെക്കുറിച്ചറിഞ്ഞ പല കുട്ടികളും വാശിയോടെ അതു വായിക്കാൻ കൊണ്ടു പോയെങ്കിലും ആരും ഒരു ദിവസത്തിൽ കൂടുതൽ അതു കൈയിൽ വച്ചില്ല. ഒടുവിൽ കറങ്ങിത്തിരിഞ്ഞ് ക്ളാസിലെ ഒരു പെൺകുട്ടിയുടെ കൈയിൽ പുസ്തകമെത്തിയതോടെ കഥ മാറി.
വീട്ടിൽ ചെന്ന പാടേ കുട്ടിയിൽ നിന്ന് അവളുടെ പപ്പയുടെ കൈയിലേയ്ക്ക് ആ പുസ്തകം എത്തി. കുട്ടികൾക്ക് വായിക്കാൻ യോഗ്യമല്ലാത്ത പുസ്തകം അയാൾ വാങ്ങി വച്ചു. പിറ്റേന്ന് തന്നെ അദ്ദേഹം അത് ക്ളാസ് ടീച്ചറുടെ കൈകളിൽ എത്തിച്ചു. പുസ്തകവുമായി ക്ളാസിലെത്തിയ ടീച്ചർ പുസ്തകം വായിക്കാൻ ശ്രമിച്ചവരുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞു. എല്ലാവർക്കും കിട്ടിയ പുസ്തകങ്ങൾ അടുത്ത ദിവസം തന്നെ തിരികെ ഏൽപ്പിക്കാനുള്ള നിർദ്ദേശം നൽകി ടീച്ചർ അന്നത്തെ ക്ളാസ് അവസാനിപ്പിച്ചു. ക്ളാസിൽ നിന്ന് പോകും മുൻപേ ടീച്ചർ പ്രേതപുസ്തതകത്തിന്റെ താളുകൾ മറിച്ചു നോക്കുന്നത് ഞാൻ ശദ്ധിച്ചിരുന്നു.
പിറ്റേന്ന് ക്ളാസെടുക്കാൻ വന്ന ടീച്ചർ വളരെ ശാന്തമായിട്ടാണ് ക്ളാസെടുത്തത്. ടീച്ചറുടെ കണ്ണിൽ ഉറക്കക്ഷീണം തങ്ങി നിന്നിരുന്നു. പാഠഭാഗങ്ങൾ വായിക്കുന്നതിനിടയിലും ബോർഡിൽ എഴുതുന്നതിനിടയിലും ടീച്ചർ പലവട്ടം തെറ്റു വരുത്തി. എല്ലാം മനസിലായതു പോലെ ഞങ്ങളിൽ പലരും പരസ്പരം നോക്കി.
അന്ന് അവസാനത്തെ പീരിയഡ് ക്ളാസിനും ടീച്ചർ തന്നെ വന്നു. തുലാവർഷക്കാലമായതിനാൽ മൂന്നു മണിയോടെ ആകാശം ഇരുണ്ടു മൂടി കാറ്റും ഇടിയും തുടങ്ങിയിരുന്നു. അധികം വൈകാതെ മഴയെത്തി. കാറ്റ് മഴവെള്ളം ക്ളാസ്മുറിയിലെത്തിയ്ക്കുമെന്നതിനാൽ ടീച്ചറുടെ നിർദ്ദേശ പ്രകാരം ജനൽപാളികൾ അടച്ചു. മരത്തിന്റെ പാളികൾ അടഞ്ഞതോടെ ക്ളാസ്മുറിയിൽ ഇരുട്ടായി. മുൻവാതിലിലൂടെ അകത്തു കയറുന്ന വെളിച്ചം മാത്രമായി മുറിയിൽ.
എല്ലാവരുടെയുള്ളിലും ഭയമുണ്ടെന്ന് തോന്നി. “ എടാ, ടീച്ചറിന് എന്തോ മാറ്റം ഇല്ലേ…?” അടുത്തിരുന്ന സിജു സുമേഷിനോട് മന്ത്രിച്ചു. ഞങ്ങൾ ടീച്ചറെ ശ്രദ്ധിച്ചു. ടീച്ചർ കൈകൾ കെട്ടി അക്ഷമയോടെ നിൽക്കുകയാണ്. പെട്ടെന്ന് ഒരു ഇടിമിന്നലുണ്ടായി. ക്ളാസ്മുറിയുടെ മുൻവാതിൽ കാറ്റിന്റെ ശക്തിയിൽ വലിയ ശബ്ദത്തോടെ അടഞ്ഞതും കനത്ത ഇടി മുഴങ്ങിയതും ഒരുമിച്ചായിരുന്നു. എല്ലാവരും അലറിവിളിച്ചു. മുറിയിൽ ഇരുട്ടായിരുന്നതിനാൽ ഞങ്ങൾ കുട്ടികളുടെ കരച്ചിലിനേക്കാൾ ഉച്ചത്തിൽ ഒച്ചവച്ചത് ടീച്ചറായിരുന്നോ എന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല…!!
*** *** *** *** ***
സ്കൂൾപഠനകാലത്തിനു ശേഷം പിന്നെയും ഒരുപാട് കഴിഞ്ഞ്, ഈ സംഭവം വീണ്ടും ഓർമിച്ചപ്പോൾ ‘മനസൊരു മായ’ എന്ന പുസ്തകം പലയിടത്തും അന്വേഷിച്ചു നോക്കി. ഒപ്പം എഴുത്തുകാരനെക്കുറിച്ചും. എന്നാൽ പുസ്തകത്തെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചില്ല. ഈയടുത്ത് ഗൂഗിൾ ചെയ്തു നോക്കിയെങ്കിലും ഒരിടത്തും പുസ്തകെത്തുക്കുറിച്ചോ, എഴുത്തുകാരനെക്കുറിച്ചോ ഉള്ള വിവരങ്ങൾ കണ്ടെത്താനായില്ല.
ഇനി ആ പുസ്തകവും ഒരു മായയായിരുന്നിരിയ്ക്കുമോ…?!
© അനൂപ് ശാന്തകുമാർ
-2020 നവംബർ 2-