നെബു വിളിച്ചിരുന്നു ഇന്നലെ…!
പതിവു പോലെ കടൽ കടന്നാണ് അവന്റെ വിളി എത്തിയത്. നാട്ടിലെത്തിയാൽ നേരേ വന്ന് മുഖാമുഖം കാണുന്നതാണ് രീതി. അതു കൊണ്ട് കടൽ കടന്നാൽ മാത്രമേ വിളികൾ എത്താറുള്ളൂ.
ഇന്ന് എത്തേണ്ടിയിരുന്നതാണ് കക്ഷി. പതിവ് പൊലെ ഒരു ബിസിനസ് മീറ്റ്. ഫാമിലിയില്ലാതെ നാട്ടിൽ എത്തുമ്പോഴൊക്കെ സ്വീകരിക്കാൻ ഒരു എസ്കോർട്ടിനെ ഏർപ്പാടാക്കിയിട്ടാണ് ആൾ ഇങ്ങെത്തുക. പിന്നെ എല്ലാ കറക്കവും ആളോടൊപ്പമായിരിക്കും.
മെലിഞ്ഞും തടിച്ചും കറുത്തും കുറുകിയും ഒക്കെയായി ദേശ ഭാഷാ വ്യത്യാസം ഇല്ലാതെ അവന് സുന്ദരി എന്നു തോന്നുന്ന ഒരാളായിരിക്കും കൂടെയുണ്ടാകുക. അവന്റെ അവധി ദിവസങ്ങൾക്കപ്പുറം എന്നേന്നേക്കുമായി അവധി നൽകുന്ന ബന്ധങ്ങൾ.
അതേക്കുറിച്ചുള്ള എന്റെ വിയോജിപ്പുകൾ അവന്റെ വാക്കുകൾക്ക് മുന്നിൽ എന്നും നിഷ്പ്രഭമായിരുന്നു എന്നുള്ളത് കൊണ്ട് ഞാനത് പലപ്പോഴും പ്രകടിപ്പിച്ചിരുന്നില്ല.
പ്രണയമില്ലാതെ എങ്ങനെയാണ് ഒരാളെ പ്രാപിക്കുക എന്ന സാഹിത്യരൂപത്തിലുള്ള സംശയത്തിന് ഊക്കനൊരു തെറി പറഞ്ഞു കൊണ്ടാവും മറുപടി പറയുക. ‘ എടാ പൊട്ടൻ കുണാപ്പാ, അങ്ങോട്ട് തോന്നുന്ന ഇഷ്ടം മാത്രമല്ല പ്രണയം, ഇങ്ങോട്ട് തോന്നുന്ന, കാണിക്കുന്ന ഇഷ്ടത്തോട് നോ പറയാതിരിക്കലും പ്രണയം ആണ്…’
അവൻ പറഞ്ഞ് നാവെടുക്കുമ്പോഴേക്കും ഞാൻ ചോദ്യമെറിയും, ‘ പണം കൊടുത്ത് വാങ്ങുന്ന സ്നേഹപ്രകടനത്തിനെയാണോടാ പ്രണയം എന്ന് പറയുന്നത്…?‘
പിന്നെ വാക്പയറ്റ് തുടങ്ങും, ’പണം എന്നു പറഞ്ഞ് നീ എന്നെ ഊളയാക്കരുത്… സമ്മാനം… ഗിഫ്റ്റ്… നമ്മളെ സ്നേഹിക്കുന്നവർക്ക് നമ്മൾ കൊടുക്കുന്ന സമ്മാനം… അത് പണമായി കൊടുക്കുന്നത് അവർക്കിഷ്ടമുള്ളത് വാങ്ങി സന്തോഷിക്കാനാണെന്ന് കരുതിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ…‘
’എല്ലാ ബന്ധത്തിലും ഈ കൊടുക്കൽ വാങ്ങൽ തന്നെയാണ് ഉള്ളതെന്നാണ് അവന്റെ ഭാഷ്യം. തർക്കങ്ങൾക്കൊടുവിൽ ഞാൻ എന്നും അവനു മുന്നിൽ തോറ്റിട്ടേ ഉള്ളൂ…‘
എല്ലാ തർക്കങ്ങൾക്കൊടുവിലും അവൻ പറയും, ’നീയിങ്ങനെ നടന്നോ…!! പെണ്ണും കെട്ടില്ല…‘ അവന്റെ പാതിയിൽ മുറിയുന്ന ആ പ്രയോഗത്തിന് പല അർത്ഥ തലങ്ങൾ ഉണ്ടായിരുന്നെന്ന് തോന്നിയിട്ടുണ്ട്. പിന്നീട് പലപ്പോഴും അവന്റെ ചില ന്യായം പറച്ചിലുകൾ എന്നെയും സ്വാധീനിക്കുന്നുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
ഇന്നലെ അവൻ വിളിച്ചതിന്റെ കഥയും മറ്റൊന്നായിരുന്നില്ല. വന്നിറങ്ങുമ്പോൾ അവനെ സ്വീകരിക്കാൻ ഏർപ്പാടാക്കിയിരിക്കുന്ന സുന്ദരിയെ അവന് കാണാൻ പറ്റില്ല. അവന്റെ യാത്ര മാറ്റി വച്ചിരിക്കുന്നു.
അതു കൊണ്ട് എന്നോടുള്ള അങ്ങേയറ്റം സ്നേഹം കൊണ്ട് ഞാൻ അവളെ കാണണം. ’ഹയാത്തിൽ രണ്ടു ദിവസത്തേയ്ക്ക് റൂം പറഞ്ഞിട്ടുണ്ട്… അവൾ രാവിലെ ലാൻഡ് ചെയ്യും… എന്നത്തേയും പോലെ ഞാൻ എനിക്കു വേണ്ടി തന്നെയാണെങ്കിലും മറ്റൊരാളായി ആളെ ബുക്ക് ചെയ്തിരിക്കുന്നത് കൊണ്ട്, നീ ഹോസ്റ്റ് ചെയ്താലും മതി…‘
’ വാമിഖ… ഒരു നോർത്ത് ഈസ്റ്റ്കാരി പെണ്ൺ… കൃത്യമായി ആസാമിൽ നിന്ന്… നിന്റെ ഡിപി വിത്ത് ടെലഗ്രാം കോണ്ടാക്ട് ഞാൻ ആൾക്ക് ഷെയർ ചെയ്തിട്ടുണ്ട്… അവളുടെ ഡീറ്റയിൽസ് നിനക്കും… അപ്പോൾ എല്ലാം പറഞ്ഞത് പോലെ…‘
എന്റെ മറുപടിയ്ക്ക് കാത്തു നിൽക്കാതെ അവൻ ഫോൺ കട്ടു ചെയ്തു.
കഴിഞ്ഞ തവണ അവനോടൊപ്പം കണ്ട ആ തമിഴ് പെൺകുട്ടിയോട് എനിക്കു തോന്നിയ ആകർഷണത്തേക്കുറിച്ച് അവനോട് പറഞ്ഞതിന്റെ പേരിൽ, ഇന്ന് ഇപ്പോൾ ഞാൻ നോ പറയില്ല എന്ന് അവനും തോന്നിയിരിക്കണം.
ഇന്ന് ഉച്ചയായി വാമിഖ വിളിക്കുമ്പോൾ. അവൾ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തിരിക്കുന്നു. വൈകിട്ട് ഹോട്ടലിനടുതുള്ള സുഭാഷ് പാർക്കിൽ കാണാം എന്നു പറഞ്ഞു.
പർക്കിൽ നേരത്തേ എത്തി. അത്ര തിരക്കില്ലാത്ത വൈകുന്നേരം. എന്നിട്ടും സിമന്റ് ബഞ്ചുകളിലെലെല്ലാം തന്നെ മനുഷ്യരുണ്ടായിരുന്നു. വാകത്തണലിലെ സിമന്റ് ബഞ്ചിൽ ഒരു പ്രായമായ മനുഷ്യൻ ഇരിക്കുന്നുണ്ട്. അയാളെ ശ്രദ്ധിക്കാതെ ബഞ്ചിന്റെ മറ്റേ അറ്റത്ത് ചെന്നിരുന്നു.
ടെലഗ്രാമിൽ നെബു അയച്ച വാമിഖയുടെ ഫോട്ടോ ഒന്നു കൂടി നോക്കി. എന്നെങ്കിലും ഒരിക്കൽ പ്രണയിക്കണം എന്നു മോഹിച്ചിട്ടുള്ള പെൺകുട്ടിയുടെ, കണ്ണുകളായിരുന്നു, മുഖമായിരുന്നു അവൾക്ക്. രൂപം കൊണ്ട് അവളോട് അടുപ്പം തോന്നി എന്നു പറയുന്നതാണ് അതിലും ശരി.
ഒരു കുഞ്ഞിന്റെ ശബ്ദം കേട്ടപ്പോഴാണ് ഫോണിൽ നിന്ന് തല ഉയർത്തിയത്.
മൂന്നോ നാലോ വയസുള്ള, ചുരുണ്ട മുടിയും, തുടുത്ത മുഖവും ഉള്ള ഒരു കൊച്ചു മിടുക്കി അവളുടെ അച്ഛന്റെ കൈയിൽ തൂങ്ങി നടന്നു വരുന്നു. അയാളാകട്ടേ തന്റെ ഇടതു കൈയിലെ ചങ്ങലയുടെ അറ്റത്ത് മുന്നോട്ട് വലിഞ്ഞു നടക്കുന്ന ബ്ളാക്ക് ലാബ്രഡോറിനെ പിന്നോട്ട് വലിച്ചു നിയന്ത്രിക്കാൻ പാടു പെടുകയും, ഒപ്പം പപ്പ എന്നു വിളിച്ച് വാ തോരാതെ ഉച്ചത്തിൽ സംസാരിച്ച് വലതു കൈയിൽ പിടിച്ച് പിന്നോട്ടാഞ്ഞ് നടക്കുന്ന മോളെയും ഒപ്പം നിർത്താൻ പാടുപെട്ട് നടക്കുന്നു.
ബെഞ്ചിന്റെ അറ്റത്തിരുന്ന വൃദ്ധനും ആ കുഞ്ഞിനെ തന്നെ നോക്കുന്നുണ്ട്. ഞങ്ങളിരുവരുടേയും നോട്ടം ആ കുഞ്ഞിനെ തന്നെ പിൻതുടന്നു.
അവരിൽ നിന്ന് അയാൾ നോട്ടം തിരിച്ചത് എന്റെ കണ്ണുകളിലേയ്ക്കായിരുന്നു. അതു തീർത്തും യാദൃശ്ചികമായിരുന്നു. ചില നേരം ചില യാദൃശ്ചികതകളാണല്ലോ ചിലതിലേക്കെല്ലാം നമ്മെ നയിക്കുക. അത് അവിടേയും സംഭവിച്ചു.
വിഷാദം നിറഞ്ഞ അയാളുടെ മുഖത്ത് പതുക്കെ ഒരു ചെറു ചിരി വിടർന്നു. അത് അയാളിലേയ്ക്ക് എന്നെ സ്വാഗതം ചെയ്യാൻ വേണ്ടി മാത്രം ബദ്ധപ്പെട്ട് ഒരുക്കിയ ഒരു ചിരി മാത്രമെന്ന് എനിക്ക് തിരിച്ചറിയാനായി.
ഒരു വട്ടം കൂടി ആ അച്ഛനും മകളും പോയ ദിക്കിലേയ്ക്ക് നോക്കിയിട്ട് തീർത്തും അപരിചിതനായ എന്നോട് അയാൾ ഒരു മുഖവുരയില്ലാതെ സംസാരിച്ചു തുടങ്ങി.
‘ ഇതു പോലൊരാൾ എനിക്കും ഉണ്ടായിരുന്നു…‘ അതു പറയുമ്പോൾ ചിരി മാഞ്ഞ മുഖം അയാൾ ഒന്നു താഴ്ത്തി.
എന്തൊക്കെയോ ഓർത്തെടുക്കുന്നതു പോലെ ഒന്നു രണ്ടു നിമിഷം ഇരുന്നിട്ട് അയാൾ തുടർന്നു, ’അവൾക്ക് പക്ഷേ സംസാരിക്കാൻ തീരെ ഇഷ്ടമില്ലാത്തതു പോലെയായിരിന്നു…‘
ഒരു കഥ പറഞ്ഞു തുടങ്ങിയ ആളെ, നിരാശപ്പെടുത്തേണ്ട എന്നു കരുതിയോ, അല്ലെങ്കിൽ അയാൾക്ക് പറയാനുള്ളത് അറിയാനുള്ള ഉദ്വേഗമോ ആശ്ചര്യമോ എന്തൊക്കെയോ കൊണ്ട് ഞാൻ അയാളെ തന്നെ നോക്കിയിരിക്കുകയാണ്.
’ധ്വനിക എന്നായിരുന്നു പേര്… ആദ്യത്തെ കുട്ടിയായിരുന്നു… സംസാരിക്കേണ്ട പ്രായമായിട്ടും സംസാരിക്കാത്തപ്പോ ആധിയായി… ചില കുട്ടികൾ അങ്ങനെ ആണെന്ന് ഡോക്ടർമാർ പലരും പറഞ്ഞു…‘
’സംസാരിക്കാൻ മാത്രമല്ല, ചിരിക്കാൻ കൂടി ആൾക്ക് മടിയായിരുന്നു…‘ തുടരാൻ അയാൾ ബുദ്ധിമുട്ടുന്നത് പോലെ തോന്നി…
’ കൈ വെള്ളയിൽ നിറഞ്ഞിരിക്കുന്ന ഒരു മധുരപലഹാരം കൊടുത്താൽ പോലും മൂകമായി ഒന്നു നോക്കും… സാവധാനമേ കഴിക്കൂ… അത്ര നിശബ്ദയും ശാന്തസ്വഭാവക്കാരിയും… അങ്ങനെ ഒരു കുഞ്ഞ് വീട്ടിലുണ്ടെന്ന് തന്നെ തോന്നില്ലായിരുന്നു… എത്ര കളിപ്പിച്ചാലും ചിരിപ്പിച്ചാലും ഒരു മടിയോടെ ഒന്നു ചെറുതായി ശബ്ദമില്ലാതെ ചിരിക്കും… അത്ര തന്നെ…‘
അയാളെ ശ്രദ്ധിച്ചിരിക്കുമ്പോൾ, അയാൾ ബുദ്ധിമുട്ടി പറയുന്ന കഥയുടെ ഒടുക്കത്തേക്കുറിച്ച് ഞാൻ വെറുതേ ചിന്തിച്ചു. എനിക്കറിയാം, അയാൾക്ക് നന്നായി അവസാനിക്കുന്ന ഒരു കഥയല്ല പറയാനുള്ളതെന്ന്. എങ്കിലും അയാളെ കേൾക്കാൻ തോന്നി. അപരിചിതനായ ഒരാൾ തീർത്തും അപരിചിതനായ ഒരാളോട് ഒരു കഥ പറയുന്നതായി എനിക്കു തോന്നിയില്ല… ചിലനേരങ്ങളിൽ ചിലയിടങ്ങളിൽ അപരിചിതർ തീർക്കുന്ന സൗഹൃദവും ആശ്വാസവുമൊക്കെ പലവട്ടം കണ്ടിട്ടുള്ള എനിക്ക് അയാളെ കേൾക്കാൻ ബുദ്ധിമുട്ട് തോന്നിയില്ല.
‘എന്തെങ്കിലും അസുഖം ആണോയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്… അങ്ങനൊന്നുമായിരുന്നില്ല… ബുദ്ധിയ്ക്ക് ഒന്നും ഒട്ടും കുറവില്ലായിരുന്നു…’
‘എന്നും അവളുടെ അമ്മയേക്കാൾ ആധി എനിക്കായിരുന്നു… ഒന്നാമത് കാത്തിരുന്ന് കിട്ടിയ ഒരു കുട്ടി… അതിന്റെ അമിത വാത്സല്യം കാണിക്കുമ്പോ നമ്മൾ കൊതിക്കുന്ന ഒരു പ്രതികരണം ഇല്ലാതെ പോകുന്നതിന്റെ നിരാശയായി പിന്നെ സമാധാനിക്കാൻ തുടങ്ങി…’ അയാൾ ഒന്നു നിർത്തി.
‘ മോന് തിടുക്കമില്ലല്ലോ അല്ലേ…? ’ അയാൾ നേരേ നോക്കിച്ചിരിച്ചു… ഇല്ലെന്ന് ഞാൻ തലയാട്ടി. അയാൾക്കത് ആശ്വാസമായത് പോലെ തോന്നി.
‘ആരെയെങ്കിലും കാത്തിരിക്കുന്നതാണോ…?’
‘ ഒരു സുഹൃത്തിനെ…’ ഞാൻ നടപ്പാതയിലേക്ക് നോട്ടം തിരിച്ചിട്ട് പറഞ്ഞു.
അയാൾ ഒന്നു ചിരിക്കാൻ ശ്രമിച്ചിട്ട് തുടർന്നു, ‘അവൾക്ക് അഞ്ചു വയാസായപ്പോഴാ രണ്ടാമത്തെയാൾ വരുന്നത്… അവനാണെങ്കിൽ ഉണ്ടായപ്പോ മുതലും ഒച്ചയും ബഹളവും തന്നെ… കരച്ചിലും… കൊഞ്ചലും… വാശിയും ഒക്കെ മാറി മാറി വന്നു കൊണ്ടിരുന്നു…‘
’ധ്വനിയാണെങ്കിൽ കൂടുതൽ അന്തർമുഖയായി മാറുന്നതു പോലെയും…!‘
’പക്ഷേ ഒരിക്കലും അവളെ കൈയകലത്തിൽ നിന്നോ കണ്ണകലത്തിൽ നിന്നോ മാറ്റി നിർത്തിയതും ഇല്ല… തന്റെ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ പോലും അത്ര മേൽ അച്ചടക്കത്തോടെയും പതിഞ്ഞ ശബ്ദത്തിലും സംസാരിക്കുന്ന ഒരു കുട്ടി…‘
’പക്ഷേ മാർക്ക് ലിസ്റ്റിലൊക്കെ അവൾ ഏറ്റവും മിടുക്കിയായിരുന്നു…‘
’ഒരു വാശിയുമില്ലാതെ… ക്ളാസിൽ ഇടതും വലതും ഇരിക്കുന്ന സഹപാഠികളല്ലാതെ മറ്റു കൂട്ടുകാരൊന്നുമില്ലാത… ഒരാവശ്യവും പറയാതെ അവൾ വളർന്നു…‘
’ എല്ലാം ഞങ്ങൾ ശ്രദ്ധിക്കുമായിരുന്നു… അവനേക്കാൾ കൂടുതൽ… അവനെന്താ വേണ്ടതെന്ന് അന്വേഷിക്കേണ്ടിയിരുന്നിയില്ല… അവനെല്ലാം ചോദിക്കുമായിരുന്നു… അവന്റെ വാശികൾക്കും ശാഠ്യങ്ങൾക്കും ബഹളങ്ങൾക്കും പിന്നാലെ നടക്കേണ്ടി വന്നപ്പോഴും അവളെ കൂടുതൽ ശ്രദ്ധിക്കുന്നുണ്ടായിരുന്നെന്ന് അങ്ങ് കരുതിപ്പോയി…‘
എന്തോ പറയാൻ വന്നത് അയാൾക്ക് പറയാൻ കഴിയുന്നില്ലാത്തത് പോലെ തോന്നി… മുഖത്തെ കണ്ണട അയാൾ ഒന്നു കൂടി ഉറപ്പിച്ചു വച്ചു… ചുറ്റും ആരേയോ അന്വേഷിക്കുന്നതു പോലെ നോക്കിയിട്ട് അയാൾ എന്റെ മുഖത്തേക്ക് നോക്കി…
’ ഇരുപത്തൊന്ന് വയസേ ഉണ്ടായിരുന്നുള്ളൂ… ആരും അറിഞ്ഞില്ല… അത്താഴം കഴിച്ച് മുറിയിലേക്ക് പോയതാ… രാത്രി വൈകി മുറിയിൽ വെളിച്ചം കണ്ട് ചെന്നു നോക്കുമ്പോ…‘
നന്നായി അവസാനിക്കുന്ന ഒരു കഥയായിരിക്കില്ല അയാൾ പറയുന്നതെന്ന് കരുതി കേട്ടിരുന്നിട്ടും ഒരു ഞെട്ടലുമില്ലാതെ കേട്ടു തീർക്കാൻ കഴിയുന്ന ഒന്നായിട്ടല്ല അയാൾ അത് പറഞ്ഞവസാനിപ്പിച്ചത്.
’ പോകാൻ തോന്നിയപ്പോ ആരും അറിയാതെ അത്ര നിശബ്ദമായി അവൾക്കല്ലാതെ ഒരു ഷാളിൽ കുടുക്കിടാൻ വേറാർക്കാണ് കഴിയുക…‘
എന്തു പറയണം എന്നറിയാതെ ഞാനിരിക്കുമ്പോൾ അയാളുടെ കണ്ൺ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…
’ ആരോടും ഒന്നും തന്നെ പറയാതെ ജീവിച്ചത് കൊണ്ട്, പോയപ്പോഴും അവൾ ആരോടും ഒന്നും പറഞ്ഞില്ല…‘
’എന്തിനായിരുന്നു എന്നൊന്ന് അറിഞ്ഞിരുന്നെങ്കിൽ… അങ്ങനെ കുറേ നാൾ ചിന്തിച്ച് വല്ലാതെ വേദനിച്ചു…‘
’അവളുടെ അമ്മ എന്നും അതു തന്നെ ചോദിച്ച് കരയുമായിരുന്നു… അയാൾ പോകും വരെ ആ വേദന അങ്ങനെ ഉള്ളിലുണ്ടായിരുന്നു…‘
’ എല്ലാം കഴിഞ്ഞിട്ട് എന്ത് ചിന്തിച്ചെട്ടാ അല്ലേ…?‘ അയാൾ എന്നെ ഒന്നു നോക്കിയിട്ട് പാന്റിന്റെ പോക്കറ്റിൽ നിന്ന് ടവലെടുത്ത് കണ്ണുകൾ തുടച്ചു.
എന്താണ് അയാളോട് പറയേണ്ടത് എന്നെനിക്കറിയില്ലായിരുന്നു. ഒരു വാക്കും നാവിൽ വന്നതും ഇല്ല.
’ ബുദ്ധിമുട്ടായല്ലേ…?‘ അയാൾ എന്നെ നോക്കി ചോദിക്കുന്നു.
’ഇല്ല… ഒരിക്കലുമില്ല…‘ എന്റെ ശബ്ദം വല്ലാതെ പതിഞ്ഞു പോകാതിരിക്കാൻ ഞാൻ ശ്രമിച്ചു.
അയാൾ ചുറ്റും ഒന്നു നോക്കിയിട്ട് ശബ്ദം വീണ്ടെടുത്ത് ചോദിച്ചു, ‘ഫ്രണ്ട് ഇതു വരെ വന്നില്ല അല്ലേ…?’
‘ ഇല്ല… വരും…’
അയാൾ ഒന്നു ചിരിക്കാൻ ശ്രമിച്ചു… എന്നിട്ട് പതുക്കെ സിമന്റ് ബഞ്ചിൽ നിന്ന് എഴുന്നേറ്റു… ‘ വണ്ടി അറ്റത്ത് പാർക്കിംഗ് ഗ്രൗണ്ടിലാണ്…’
യാത്ര പറയുന്നതു പോലെ അയാൾ പറഞ്ഞു… അറിയാതെ ഞാൻ അയാൾക്കൊപ്പം നടന്നു… ഇടയ്ക്ക് അയാൾ വേച്ചു വീണേക്കുമോ എന്ന ഭയത്താൽ അയാളുടെ കൈയിൽ ഒന്നു പിടിക്കണം എന്നു തോന്നിയിട്ടും എനിക്കതിനു കഴിഞ്ഞില്ല…!
പാർക്കിങ്ങ് ഗ്രൗണ്ടിൽ നടപ്പാതയ്ക്കരുകിൽ നിർത്തിയിരുന്ന കാറിന്റെ ഡോർ തുറന്നിട്ട് എന്തോ ഒന്നു ചിന്തിച്ചതു പോലെ അയാൾ എന്നെ തിരിഞ്ഞു നോക്കി ചോദിച്ചു, ‘ ഞാൻ പേരു ചോദിച്ചില്ല…’
‘ ഞാനും ചോദിക്കാൻ മറന്നു…’ എന്റെ നാവിൽ അങ്ങനൊരു മറുപടിയാണ് വന്നത്… അതായിരുന്നില്ലല്ലോ മറുപടി എന്നു ചിന്തിക്കുമ്പോഴേക്കും, അയാൾ എന്നെ നോക്കി ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചിട്ട് കാറിയിൽ കയറി ഡോർ അടച്ചിരുന്നു.
കാർ പിന്നോട്ടെടുത്ത് റോഡിലേക്ക് പതുക്കെ നീങ്ങുന്നത് നോക്കി നിന്നു. തിരികെ പാർക്കിന്റെ നടപ്പാതയിലേക്ക് കയറി മുന്നോട്ട് നടന്നു തുടങ്ങിയതും വാമിഖ എതിരെ വരുന്നു.
എന്നെ കണ്ടതും ചിരപരിചിതയേപ്പോലെ അവൾ അവൾ വേഗത്തിൽ അടുത്തു വന്ന് ചോദിച്ചു, ‘വൈകിയോ…?’
‘ഹേയ്… കൃത്യ സമയത്ത് എത്തി…’ അതു പറയുമ്പോൾ അവൾ എന്റെ ഇടത്തേ ഷോൾഡറിൽ കൈ ചുറ്റി ഒപ്പം നടന്നു തുടങ്ങി…
എന്റെ മുഖത്തു നോക്കി പുഞ്ചിരിച്ചിട്ട് അവൾ ചുമലിൽ ചുംബിച്ചു… ഞാൻ അവളെ എന്നോട് ചേർത്തു നടന്നു…
അല്ല, ഞാൻ അവളിലേക്ക് ചേർന്നു നടന്നു… അതെ, ചില നേരം ചിലർ ചിലയിടങ്ങളിൽ അപരിചിതരോടാണ് സംസാരിക്കുന്നത്.
അനൂപ് ശാന്തകുമാർ
(2023 മാർച്ച് 12)