കൂടോത്രം – വിശ്വസിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
പേരക്കുട്ടിയുടെ കാമുകനെ മുത്തശ്ശിക്ക് ഇഷ്ടമായില്ല.
മുതിർന്നവരോട് ബഹുമാനമില്ലാത്ത, ഈശ്വരവിശ്വാസം തീരെയില്ലാത്ത ജാതീലും താന്ന ഒരു പന്നച്ചെക്കൻ… !
മണിപ്പെണ്ണിന്റെ കൂടെ കയറി വന്നിട്ട്, ‘കെട്ടു നടത്താൻ നേരം വീട്ടുകാരെ ക്ഷണിക്കാൻ വരാം’ എന്ന മട്ടിൽ വർത്താനം പറഞ്ഞ് അവനിറങ്ങി പോയ വെള്ളിയാഴ്ച വൈകുന്നേരം തന്നെ മുത്തശ്ശി കൂടോത്രക്കാരനെ വരുത്തിച്ചു… ഭട്ടതിരീന്നോ ഭൈരവനെന്നോ ആയിരുന്നിരിക്കണം കൂടോത്രക്കാരന്റെ പേര്…
ഒരു കാര്യം തീർച്ചയായിരുന്നു… വെള്ളിയാഴ്ച ദിവസം തന്നെ കൂടോത്രം ചെയ്താൽ ഫലം നിശ്ചയം…!
ദക്ഷിണ വാങ്ങി പോകാൻ നേരം കൂടോത്രക്കാരൻ പറഞ്ഞു, “ അതൊരു തുമ്മിയാൽ തെറിക്കുന്ന മൂക്കാ… ഇവനൊരു ശക്തിയെ പറഞ്ഞയച്ചിട്ടുണ്ട്… അത് ആയിരവും പതിനായിരവുമായി അവനെ തുരത്തിക്കോളും… ”
അപ്പോൾ മണിപ്പെണ്ണ് പന്നച്ചെക്കനൊപ്പം കായൽക്കരയിലെ സിമന്റ് ബഞ്ചിലിരുന്ന് കിന്നാരത്തെക്കുറിച്ച് കൊഞ്ഞനം കുത്തുന്ന ഒരു വാട്ട്സ് ആപ്പ് കുറിപ്പ് ആസ്വദിക്കുകയായിരുന്നു.
കുറിപ്പിനെ കൊഞ്ഞനം കുത്തുന്ന ഒരു ഇമോജി ഷെയർ ചെയ്തിട്ട് അവൻ അവളുടെ ചുണ്ടിൽ ചുമ്പിക്കാനാഞ്ഞതും അവൾ ഉറക്കെ തുമ്മി…!
“ ഛേ… “
അവളുടെ തുമ്മലിനൊടുവിൽ അവർക്കിടയിൽ നടന്ന വാക്പോരിനു നേർക്കുള്ളതായിരുന്നു ആ ‘ഛേ’ എന്നു പറയേണ്ടി വരും.
അവൾ മനപൂർവ്വം തുമ്മിയതാണെന്നും… അവൻ സദാ തെറ്റുകൾ കണ്ടെത്തുകയാണെന്നും പറഞ്ഞ് തുടങ്ങിയ പോരിന്റെ അവസാനം അവർ രണ്ടു വഴിക്ക് പിരിഞ്ഞു.
ചവുട്ടിത്തുള്ളി കയറി വന്നിട്ട്, ഒരൊറ്റ തുമ്മലിലിലെ അസംഖ്യം വൈറസുകൾ വില്ലന്മാരായ കഥ പറയാതെ, ” ഗ്രാൻഡ്മ പറഞ്ഞതു പോലെ അവനൊരു പന്നയാ… I don’t wanna see him anymore…“ ” എന്ന് മാത്രം പറഞ്ഞ് മണിപ്പെണ്ണ് വീടിനകത്തേക്ക് പോയപ്പോൾ, മുത്തശ്ശി കൂടോത്രത്തിന്റെ ശക്തിയേക്കുറിച്ചോർത്ത് മനസിൽ ഊറി ചിരിക്കുകയായിരുന്നു.
–