വർഷ …
വർഷ ബെൻ ക്രിസ്റ്റൊഫെർ…
ഇനി ഞാൻ ആരാണെന്ന ചോദ്യമാണെങ്കിൽ, ജാലകച്ചില്ലിലെ മഴത്തുള്ളി… അങ്ങിനെ പറയാം. ഒരു മഴയിൽ, കാറ്റിന്റെ കുസൃതിയിൽ ജാലക ചില്ലിൽ വന്നു പതിച്ച്… കൃത്യമായ് ഒരാകൃതിയില്ലാതെ, ചിലപ്പോൾ തിടുക്കത്തിലും പിന്നെ മടിച്ചും വേറൊരു തുള്ളിയോട് പറ്റിച്ചേർന്നും മെല്ലെ മെല്ലെ എങ്ങോട്ടോ ഒലിച്ചിറങ്ങുന്ന ഒരു മഴത്തുള്ളി.
ഒരുപാടു നാളുകൾക്ക് ശേഷമാണ് ഞാൻ ഇങ്ങിനെയൊക്കെ എഴുതുന്നത്…
എനിക്ക് കുറേ പറയണമെന്നുണ്ട്…
എന്താണെന്നു ചോദിച്ചാൽ എന്നെക്കുറിച്ച് ഒരു ഓർമിച്ചെടുക്കൽ, ഒരു പുനരവലോകനം… ഒരു പ്രവാസി മലയാളിയുടെ കൂരക്കു കീഴിലിരുന്ന് ഇപ്പോഴെന്തിനാ വർഷ ഇങ്ങിനൊരു ഉദ്യമത്തിനു മുതിരുന്നതെന്നു ചോദിച്ചാൽ അതൊരു നിരുത്സാഹപ്പെടുത്തലാകും. അതുകൊണ്ട് ഈ സ്വയം സംവാദം നിർത്തിവച്ച് ആത്മാവിഷ്കാരത്തിലേക്ക് കടക്കാം.
അല്ലെങ്കിലും പണ്ടേയുള്ളതാണ് ഈ തനിച്ചുള്ള സംവാദം. കുട്ടിക്കാലത്ത്, ഒരു രണ്ടാം ക്ലാസുകാരിയുടെ കൗതുകത്തിൽ നിന്നായിരിക്കണം അതിന്റെ തുടക്കം.
“മഞ്ഞു തുള്ളി നിറുകയിൽ ചൂടി
കുഞ്ഞു പൂവൊന്നു മുറ്റത്തു നിൽപൂ,
പിച്ച വയ്ക്കുന്ന പിഞ്ചു കുഞ്ഞപ്പോൾ
കൊച്ചു പൂവിനെ നോക്കി ചിരിച്ചു…”
ഒരു പക്ഷേ, എല്ലാവരും കുറ്റപ്പെടുത്തിയിരുന്ന നിശബ്ദവും, എന്നാൽ ശല്യവുമായിരുന്ന എന്റെ കുസൃതികൾക്ക് പിന്നിൽ ഉദ്വേഗവും അന്വേഷണബുദ്ധിയും തന്നെയായിരുന്നിരിക്കണം.
മഴയോടായിരുന്നു എനിക്കേറ്റവും പ്രിയം… പിന്നതു കഴിഞ്ഞാൽ ഒരു ക്രിസ്തുമസിനോടും…!!
കുഞ്ഞു നാളിലൊന്നും മഴയത്തിറങ്ങാൻ അനുവാദമില്ലാതിരുന്നതിനാൽ കളിവള്ളമൊഴുക്കാനോ കളിവള്ളമുണ്ടാക്കാനോ ഞാൻ പഠിചില്ല. അന്നൊക്കെ മഴ പെയ്യുമ്പോൾ കറുപ്പു പാകിയ ഉമ്മറത്തേക്ക് പറന്നു വീഴുന്ന നേർത്ത തുള്ളികളിൽ വിരൽ കൊണ്ട് എന്തൊക്കെയോ രൂപങ്ങൾ വരക്കുന്നത് ഒരു വിനോദമായിരുന്നു. വരച്ചതിനു മേൽ വീണ്ടും മഴ വീണ് അതു മായും വരെയുള്ള ഒരു കൗതുകം.
പള്ളിക്കൂടം വിട്ട് വരുമ്പോൾ ഒരു ചാറ്റൽ മഴ നനയാനായി കൈയിലെ ഒറ്റമടക്കുള്ള കുഞ്ഞു കുട കാറ്റ് കോണ്ടു പോയെന്നു കള്ളം പറഞ്ഞ് എത്ര വട്ടം ഞാൻ ഇല്ലാത്ത കാറ്റിൽ എന്റെ കുട പറത്തിയിരിക്കുന്നു.
ഒരു മഴയുടെ ഇടവേളയിൽ അയയിൽ ഉണങ്ങാനിടുന്ന തുണികൾ മഴ കള്ളനേപ്പോലെ വന്ന് നനക്കുമ്പോൾ പായ്യാരം പറഞ്ഞു കൊണ്ട് ഓടി നടന്ന് അതെടുക്കുന്ന ജോലിക്കാരി ഏലിയേടത്തി എനിക്ക് ചിരിക്കാനുള്ള വക നൽകിയിരുന്ന ഒരു കഥാപാത്രമായിരുന്നു. പിന്നൊരിക്കൽ ഞാൻ മഴയോട് പരിഭവിച്ചതും അതേ കാര്യം എനിക്കു ചെയ്യേണ്ടി വന്നപ്പോഴാണ്.
എത്ര സ്നേഹമുണ്ടെങ്കിലും കുറുമ്പു കാണിച്ചാൽ പ്രകൃതി പ്രതിഭാസത്തോട് പോലും പരിഭവിക്കുന്ന നമ്മുടെ സ്വഭാവവൈചിത്ര്യം അങ്ങിനെ ഞാൻ തിരിച്ചറിയുകയായിരുന്നു.
ക്രിസ്റ്റ്മസിനെക്കുറിച്ച് ഓർമ്മിക്കുമ്പോൾ വാവച്ചനെയാണ് ആദ്യം ഓർക്കേണ്ടത്. വീട്ടിൽ ഞാൻ വാവച്ചിയും ഇച്ചായൻ വാവച്ചനുമായിരുന്നു. അകലെ പട്ടണത്തിലെ സ്കൂളിൽ നിന്ന് അവൻ വന്നിരുന്നത് ക്രിസ്ത്മസ് അവധിക്കും പിന്നെ വേനലവധിക്കുമായിരുന്നു. അവധിക്കു വരുമ്പോൾ എനിക്കു പുസ്തകങ്ങൾ കൊണ്ടു വരുമായിരുന്നു. എനിക്കു വായനാ ശീലം ഉണ്ടാകുന്നത് അങ്ങിനെയാണ്.
പിന്നെ ക്രിസ്ത്മസ് എനിക്കു പ്രിയപ്പെട്ടതാകുന്നത് പുൽക്കൂട്ടിൽ ആട്ടിൻ കുട്ടികളുടേയും ഇടയന്മാരുടേയും സ്ഥാനം നിശ്ചയിക്കാൻ എനിക്ക് അനുവാദം കിട്ടിയിരുന്നതു കൊണ്ടായിരുന്നു.
ഇപ്പോൾ ഓർമയിൽ മാത്രമാണ് ക്രിസ്ത്മസ്.
കഴിഞ്ഞ വർഷങ്ങളിലെ ക്രിസ്ത്മസ് രാത്രികളൊക്കെ ഞാൻ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി പ്രാർത്ഥിച്ച്‍് തീർത്തു. അപ്പോൾ ഞാനന്നൊരുക്കിയ പുൽക്കൂടും അതിലെ മെഴുകുതിരി നാളങ്ങളും എന്റെ മനസിൽ വെളിച്ചമായി നിറയുന്നുണ്ടായിരുന്നു.
മനുഷ്യർ എന്തിനാണ് ഓർമകൾ കൊണ്ടു നടക്കുന്നതെന്നും ഓർമിക്കാൻ നിമിഷങ്ങൾ സമ്മാനിക്കുന്നതെന്നും ശരിക്കും തിരിച്ചറിയുന്നതിപ്പോഴാണ്.
ഒരവധിക്കാലത്ത് വാവച്ചൻ കൊണ്ടു വന്ന ബാലമാസികയിലെ ഒരു ഉണ്ണിക്കവിത വായിച്ചപ്പോൾ ഒരാശ… എനിക്കും എന്തെങ്കിലും എഴുതണം.
അതു വെറുതെ ഒന്നുമായിരുന്നില്ല കേട്ടോ. ഇടക്ക് ഞാൻ എന്തൊക്കെയോ കുത്തിക്കുറിച്ചിരുന്നു. എന്റെ പഴയ നോട്ടുപുസ്തകത്തിന്റെ താളുകളിൽ പെൻസിൽ കൊണ്ട് കുറിച്ചിരുന്ന വരികൾക്ക് ഉണ്ണിക്കവിതയുടെ സ്വഭാവം തോന്നി.
അങ്ങിനെയെഴുതിയ ഒരു കുഞ്ഞു കവിത ബന്ധുക്കൾക്ക് കത്തെഴുതാൻ അമ്മച്ചി സൂക്ഷിച്ചിരുന്ന ഇൻലന്റിൽ ഞാൻ വെട്ടും തിരുത്തലുമില്ലാതെ പകർത്തി വച്ചു. പിന്നെയും കുറേ ദിവസം കഴിഞ്ഞാണ് പള്ളിയിൽ നിന്ന് പ്രാർത്ഥന കഴിഞ്ഞു മടങ്ങും വഴി ഞാനും കൂട്ടുകാരി സാലിമോളും കൂടി പള്ളിക്കുരിശിനടുത്തുള്ള ചായപ്പീടികയിലെ മരത്തൂണിൽ തൂക്കിയിരുന്ന പോസ്റ്റ് പെട്ടിയിൽ അത് പോസ്റ്റ് ചെയ്തത്. എനിക്ക് ഉയരം കുറവായിരുന്നതിനാൽ എന്നേക്കാൾ പൊക്കമുള്ള സാലിമോളാണ് ആ കത്ത് പോസ്റ്റ് പെട്ടിയിലാക്കിയത്.
അവളോടല്ലാതെ ഞാൻ അക്കാര്യം ആരോടും പറഞ്ഞില്ല. സത്യത്തിൽ ബാല്യകാലത്തിൽ കുട്ടികൾക്കുള്ള ഒരു നാണം എനിക്കൽപ്പം കൂടുതലായിരുന്നു. പിന്നെ വീടിനടിത്തുള്ള സാലിമോളോടല്ലാതെ വേറാരോടും എനിക്കധികം ചങ്ങാത്തവുമില്ലായിരുന്നു.
ഒരു ശനിയാഴ്ച ദിവസം മുറ്റത്ത് പോസ്റ്റ്മാൻ ശങ്കരേട്ടന്റെ സൈക്കിളിന്റെ നിർത്താതെയുള്ള ബെല്ലടി കേട്ടു. സാധാരണ ഇച്ചായന്റെയോ മദ്രാസിലുള്ള അമ്മച്ചിയുടെ ബന്ധുക്കളുടെയോ ഒക്കെ കത്തുകളാണ് വരാറ്.
പക്ഷേ പതിവില്ലാതെ പപ്പ എന്നെ നീട്ടി വിളിച്ചു. തള്ളവിരലിലെ നഖം കടിച്ച് മടിച്ച് മടിച്ച് ഞാൻ ഉമ്മറത്തേക്ക് ചെന്നു. പപ്പയുടെ കൈയിൽ രണ്ടു മൂന്നു കത്തുകൾ. അതിൻ നിന്ന് കനത്തിലുള്ള ഒരു കവർ എനിക്കു തന്നു.
അകത്തെ മുറിയിലെത്തി സാവധാനം ഞാൻ ആ കവർ തുറന്നു. അതിൽ ബാലമാസികയും സമ്മാനമായി ഒരു ക്യാമൽ സ്കെച്ച് പെൻ ബോക്സും… മാസികയിൽ ഞാനയച്ച കവിത അച്ചടിച്ചു വന്നിരിക്കുന്നു.
എന്തായിരുന്നു എന്റെ സന്തോഷമെന്ന് എനിക്കിന്നും വർണിക്കാൻ കഴിയുന്നില്ല. അങ്ങിനെ എന്റെ പന്ത്രണ്ടാമത്തെ വയസിൽ എന്റെ ജീവിതത്തിൽ ഞാനെന്നും ഓർമിക്കുന്ന ഒരു വലിയ സന്തോഷമുണ്ടായി.
പപ്പയോ അമ്മച്ചിയോ അതേക്കുറിച്ച് കൂടൂതലായി അന്വേഷിക്കുകയോ, അനുമോദിക്കുകയോ ചെയ്തില്ല. പിന്നെ ആദ്യമായി ഒരാൾ അഭിനന്ദിക്കുന്നത് പള്ളിയിലെ ഇമാനുവേലച്ചനായിരുന്നു. സണ്ടേ സ്കൂളിന്റെ വരാന്തയിലിരുന്ന് സാലിമോളെ ബാലമാസിക കാണിക്കുമ്പോൾ അച്ചൻ വന്ന് പിടികൂടുകയായിരുന്നു.
“അച്ചാ വർഷേടെ കവിത ബാല മാസികയിൽ വന്നിട്ടുണ്ട്…” സാലിമോൾ പറഞ്ഞു.
“ആഹാ…എവിടെ കാണട്ടേ…?” അച്ചൻ അതു മേടിച്ച് കവിത ഉറക്കെ വായിച്ചു. പിന്നെ നാണിച്ചു നിന്ന എന്റെ തലയിൽ തൊട്ടു പറഞ്ഞു “കൊള്ളാം മിടുക്കി… അപ്പോ ഇനി ഇടക്ക് അച്ചൻ ബാലമാസിക കാണുമ്പോൾ നോക്കും. വർഷ മോൾ എഴുതിയിട്ടുണ്ടോന്ന്…. “അച്ചൻ ചിരിച്ചു.
പിന്നെയും ഞാൻ ചിലതൊക്കെ എഴുതി. വീണ്ടും ചിലതൊക്കെ ബാല മാസികകളിൽ വന്നു. പക്ഷേ ഒരിക്കലും അതിന്റെ പേരിൽ പപ്പയോ അമ്മച്ചിയോ എന്നെ ചേർത്തു പിടിക്കുകയോ ആരുടേയും മുന്നിൽ വച്ച് അതേക്കുറിച്ച് പറഞ്ഞ് പുകഴ്ത്തുകയോ ഉണ്ടായില്ല.
അങ്ങിനൊരു കാര്യം ഞാൻ സങ്കൽപ്പിച്ചിട്ടുമില്ലായിരുന്നു. ഇപ്പോഴതു നന്നായി എന്നു തോന്നുന്നു. ഇല്ലെങ്കിൽ എനിക്ക് ഇപ്പോൾ തോന്നുന്ന സുഖമുള്ള ഓർമകളുടെ സ്ഥാനത്ത് ഒരു നിരാശ ബാക്കിയാകുമായിരുന്നു.
വളർച്ചയുടെ ഓരോ പടിയിലും ഞാൻ അച്ചടക്കവും ഒതുങ്ങിക്കൂടലും കൂടുതൽ ശീലിക്കുകയായിരുന്നു. ഒരു പെൺകുട്ടിയുടെ സ്വാഭാവിക ജീവിതത്തിലേക്ക് ഞാൻ ഒരിക്കലും പറഞ്ഞയക്കപ്പെടുകയായിരുന്നുവെന്ന് എനിക്കു തോന്നിയിരുന്നില്ലെങ്കിലും ചിലപ്പോഴൊക്കെ അതങ്ങിനെ തന്നെയായിരുന്നു.
എന്നും നേരത്തേ ഉണർന്നിരുന്ന ഞാൻ ഒരു ദിവസം മൊട്ടിട്ടു നിൽക്കുന്ന മുല്ലവള്ളികൾ സ്വപ്നം കണ്ട് ഉറങ്ങിപ്പോയി. പിന്നെ സ്വപ്നത്തിൽ മുല്ലവള്ളികൾ എന്നെ ചുറ്റിവരിഞ്ഞതിൽ വേദനിച്ച് കരഞ്ഞു കണ്ണു തുറക്കുമ്പോൾ അമ്മച്ചി എന്നെ ചേർത്തു പിടിച്ചിരുന്നു. അമ്മച്ചിയുടെ മുഖത്തെ പുഞ്ചിരിയിലും, എന്റെ മൂർധാവിൽ തന്ന ചുംബനത്തിലും മുതിർന്ന കുട്ടിയോടുള്ള വാത്സല്യമായിരുന്നു.
പരിമിതികളിൽ പലതും പരിമിതികളല്ലെന്ന് ആരും പറഞ്ഞു പഠിപ്പിച്ചില്ലെങ്കിലും ഞാനത് സ്വയം തിരിച്ചറിഞ്ഞു.
ചില കാര്യങ്ങൾ അങ്ങിനെയാണ്, ചിലത് അന്വേഷിച്ച് കണ്ടെത്തണം ചിലത് നമ്മേ തേടി വരും. ജീവിതത്തിൽ ഏത് എവിടെയാണ് സംഭവിക്കുകയെന്നു അറിഞ്ഞു കൂടാ. എങ്കിലും നമ്മൾ അന്വേഷിക്കാൻ പ്രാപ്തരായിരിക്കണം, അന്വേഷിച്ചു കൊണ്ടിരിക്കണം…
അച്ചടക്കത്തിന്റെ പടിവാതിലുകൾക്കു പിന്നിലിരുന്ന് എനിക്കു ചിന്തിക്കാൻ കഴിയുന്നതിനേക്കുറിച്ചൊക്കെ ഞാൻ ചിന്തിച്ചിരുന്നു. ഒരിക്കലും എന്റെ കൈ കാലുകളിൽ ചങ്ങലകളുണ്ടെന്ന് എനിക്കു തോന്നിയില്ല.
എന്റെ വളർച്ചക്കൊപ്പം എന്റെ കവിതകളും പക്വത കൈവരിക്കുന്നു എന്നൊന്നും ഞാൻ ചിന്തിച്ചില്ല. എനിക്കെഴുതാൻ തോന്നിയതൊക്കെ എഴുതി, അതിൽ ചിലത് അച്ചടി മഷിയിൽ വായിച്ചു. ജീവിതത്തിലും ഞാനങ്ങിനെ വലിയ ലക്ഷ്യങ്ങളൊന്നും വച്ചില്ല.
പഠിക്കുന്ന കാലത്ത് ഞാൻ അന്നന്നത്തെ പാഠത്തേക്കുറിച്ചല്ലാതെ പരീക്ഷയെക്കുറിച്ചോ ഗ്രേഡുകളെക്കുറിച്ചോ ചിന്തിച്ച് വേവലാതിപ്പെട്ടില്ല. എന്റെ കൂട്ടുകാരികളിൽ നിന്ന് വ്യത്യസ്തമായി.
കോളേജിൽ എനിക്കൊരു കൂട്ടുകാരിയുണ്ടായിരുന്നു, അഹല്യ. അവളുടെ കൈ പിടിച്ചാണ് എങ്ങും പോയിരുന്നത്. വേറാരും എന്നോടു കൂട്ടുകൂടാൻ കൊതിക്കാതിരുന്നതും അതുകൊണ്ടാണ്. വേറാരും എന്നു പറഞ്ഞത്, നോട്ടത്തിൽ പോലും പ്രണയത്തിന്റെ വലിയ പൂക്കൾ സൂക്ഷിച്ചിരിക്കുന്നവരെക്കുറിച്ചാണ്.
അഹല്യയുടെ കൈതാങ്ങിന്റെ ബലമില്ലാതിരുന്ന ഒരു ദിവസം കോളേജിന്റെ പടി കയറുമ്പോഴാണ് ആ ചെറുപ്പക്കാരൻ ഒപ്പം വന്നത്. ക്യാമ്പസ് രാഷ്ട്രീയ ചിന്തകളിൽ നിറഞ്ഞു നിന്നിരുന്ന ബാബുരാജ്. എന്റെ കവിതകളിൽ വിപ്ലവത്തിന്റെ സ്വരം വരുത്തിക്കൂടേ എന്ന് സൗമ്യ ഭാവത്തിൽ ചോദിച്ച് അയാൾ കടന്നു പോയപ്പോൾ അതൊരു വെറും കുശലം ചോദിക്കലായി എനിക്കു തോന്നിയില്ല.
പിന്നെയും ഇടക്കൊക്കെ എന്നെ അതോർമ്മപ്പെടുത്തിയപ്പോൾ ഞാൻ ഒരു മറുപടി പറഞ്ഞു. ‘എന്റെ സ്വരം, അത് വിപ്ലവത്തിനു ചേർന്നതാണെന്ന് എനിക്കു തോന്നുന്നില്ല, ഞാനിഷ്ടപ്പെടുന്നത് വിപ്ലവത്തിലേക്ക് നയിക്കുന്നതിനു പിന്നിലൊരു വേദനയുണ്ടെങ്കിൽ അതിനു നൽകേണ്ട കരുണയാണ്. രണ്ടു പേരും ഇവിടെ വേണം. എനിക്കിഷ്ടമുള്ള വേഷം ഞാൻ തിരഞ്ഞെടുത്തു. എല്ലാ വസ്ത്രവും എല്ലാവർക്കും യോജിക്കില്ലല്ലോ…?’ അയാൾ ചിരിച്ചു കടന്നു പോയി.
എന്റെ മറുപടികൾ കേൾക്കാൻ വേണ്ടി മാത്രം ഇടക്കിടെ അയാൾ ചിലതു ചോദിക്കുന്നു എന്നെനിക്ക് തോന്നാതിരുന്നില്ല. എനിക്കതിൽ വിരസത തോന്നാതിരുന്നതും, അഹല്യയുടെ കൈ വിട്ട് നടക്കാൻ പഠിച്ചതും ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു.
എന്റെ കവിതകളിൽ ഒരേ ഭാഷ മാത്രമാകുന്നുവെന്ന് എന്റെ കൂട്ടുകാരി ഒരിക്കൽ എന്നെ കളിയാക്കി.
അതുനേരായിരുന്നു.
‘എല്ലാം നേരല്ല പക്ഷേ, ചിലതെല്ലാം നേരം പൊക്കുകൾ’ എന്ന് ഒരു കവിതയിലെ വരി ഞാൻ തിരുത്തിയെങ്കിലും എന്റെ മനസ് എവിടേയോ ഉടക്കുന്നതു ഞാനറിഞ്ഞു.
‘ഇനിയുമിവിടെ മരങ്ങൾ പൂക്കും, പൂക്കൾ പൊഴിയും
ഇനിയുമിവിടെ സൗഹൃദങ്ങൾ പൂക്കും, അവർ പിരിയും
അവർക്കു മുൻപേ നമുക്കു നടക്കാം…’
അങ്ങിനെ ഓട്ടോഗ്രാഫിൽ കുറിച്ചിട്ട് വാടിയ വാകപ്പൂക്കളെ ചവുട്ടി അയാൾ നടന്നു പോയി. ആരും കാണാതെ അടർന്നു വീണ രണ്ടു തുള്ളി കണ്ണീരു കടന്നു ഞാനും…
ജീവിതത്തിൽ ചില നിമിഷങ്ങൾ വെറുതേ എഴുതിയ കവിത പോലെയാണ്. ഒന്നു വായിച്ചു നോക്കാം. അല്ലെങ്കിൽ ആരും കാണാതെ പുസ്തകത്താളിൽ അടച്ചു വക്കാം.
എല്ലാത്തിലുമുണ്ടാകും ഒരു രസം. ഇമ്മാനുവലച്ചൻ പറഞ്ഞതു പോലെ, ജീവിതതിൽ രസം വേണം. രസം എന്നു പറഞ്ഞാൽ രുചി എന്നും അർത്ഥമുണ്ട്. അതു കൊണ്ട് ജീവിതത്തിൽ ഒരു സൈഡ് ഡിഷ് ആണ് കല. രുചി ആവശ്യത്തിന് ആകാം, കൂടിയാലും കുറഞ്ഞാലും പ്രശ്നം. പാകം ചെയ്യുന്നവനും ഭക്ഷിക്കുന്നവനും ഇതറിഞ്ഞിരിക്കണം. വലിയ ശരികൾ പറയാൻ പലപ്പോഴും വലിയ വാക്കുകളും വസ്തുതകളും നിരത്തേണ്ടതില്ലല്ലോ.
അങ്ങിനെ വലിയ ആർത്തിയില്ലാതെ ഒരു വിദ്ദ്യാർത്ഥിനിയുടെ ജീവിതം രുചിച്ച് നടന്ന ഒരു ദിവസം വീട്ടിലെത്തിയ എനിക്ക് അമ്മച്ചി രുചിയുള്ള പതിവു ചായക്ക് പകരം അഥിതികൾക്കുള്ള ചായയാണ് നൽകിയത്.
അതു പതിവില്ലാത്തതാണ്.
അപരിചിതരായ അഥിതികൾക്ക് അമ്മച്ചിയാണ് എന്തെങ്കിലും നൽകി യിരുന്നത്.
പൂമുഖത്ത് ആരൊക്കെയോ ഉണ്ടായിരുന്നു. അതിൽ ഒരു ചെറുപ്പക്കാരനെ അപ്പച്ചൻ എനിക്കു പരിചയപ്പെടുത്തി. കൂടെയുണ്ടായിരുന്നവർ എന്നോട് കുശലം ചോദിച്ചു. പതിവു ശൈലിയിൽ ഞാൻ പറഞ്ഞ മറുപടികൾ അവർക്ക് ബോധിച്ചോ എന്തോ … ?
പരീക്ഷ ചോദ്യപേപ്പറിൽ പ്രതീക്ഷിക്കാത്ത ഒരു ചോദ്യം കണ്ടതു പോലുള്ള അവസ്ഥ തോന്നിയെങ്കിലും ഉത്തരം വ്യക്തമായിരുന്നു.
തീരുമാനങ്ങൾ എന്റേതു കൂടിയായിരുന്നു. എന്നാൽ എന്റേതു മാത്രമായ തീരുമാനങ്ങൾ എന്നൊന്ന് ഉണ്ടായിരുന്നുമില്ല. ആ പരിഗണനകളിൽ ചിലപ്പോൾ ഒരു സമ്മതമോ ഇഷ്ടമോ പ്രകടിപ്പിക്കുവാനുള്ള സ്വാതത്ര്യം എനിക്കു കിട്ടിയിരുന്നു. ഇന്നാൽ ഇത്തവണ എന്റേതു മാത്രമായ ഒരു തീരുമാനത്തിന് എന്റെ പ്രിയപ്പെട്ടവർ കാത്തു നിന്നു.
അങ്ങിനെ ഒരു തീരുമാനത്തിനൊടുവിൽ വർഷ ജോസഫ് വർഷ ബെൻ ക്രിസ്റ്റൊഫെർ ആയി. പേരിലും ജീവിതത്തിലും ഇനി മുതൽ അദ്ദേഹത്തിന്റെ ഇടതു വശത്താണ് സ്ഥാനം.
വീടിന്റെ പടിയിറങ്ങാൻ നേരം സ്തുതി കൊടുത്തപ്പോൾ അമ്മച്ചി ഓർമിപ്പിച്ചു, ഒരു പെൺകുട്ടി രണ്ടു വട്ടമേ വീടിനോട് യാത്രപറയുന്നുള്ളൂ… ജന്മഗൃഹത്തോടും, പിന്നെ ജീവിതം പൂർത്തിയാക്കുമ്പോൾ ഭർതൃഗൃഹത്തോടും… അമ്മച്ചിക്കു മാത്രമേ എന്നോടതു പറയാൻ കഴിയുമായിരുന്നുള്ളൂ.
പിന്നെ യാത്രകളായിരുന്നു… ആദ്യം പുതുമയിലേക്ക്… പിന്നെ പ്രതീക്ഷയിലേക്ക്… ജീവിതത്തിലേക്ക്…
ഒരിടത്തും എനിക്ക് ഒന്നും അന്യമല്ലായിരുന്നു. ഞാൻ പഠിച്ചതു പോലെ, എല്ലാം എന്റേതു മാത്രമല്ലെങ്കിലും എനിക്കുള്ളതു കൂടിയായിരുന്നു. എനിക്കൊന്നും നിഷേധിക്കപ്പെട്ടില്ലായിരുന്നു.
നമ്മുടേതെന്നു പറയാൻ ഞാൻ കൂടുതൽ ശീലിച്ചു. സ്വകാര്യവും സ്വന്തവും പോലും നമ്മുടേതായി. പിന്നെ മോൻ വന്നു… ക്രസന്റ്.
ജീവിതചിന്തകൾക്ക് ഭാരം കൂടുകയായിരുന്നു.
കൂടുതൽ ഉത്തരവാദിത്വങ്ങളിൽ വരികൾ കുറിക്കാനുള്ള ഭാവന മാത്രമാണ് ഞാൻ മന: പൂർവം മറന്നത്. പിന്നെപ്പോഴോ അത് ഓർമയിൽ നിന്ന് പടിയിറങ്ങിപ്പോയി.
ഇന്ന് ക്രസന്റ് ക്രിസ്റ്റൊഫറിനും അവന്റെ കുസൃതികൾക്കും എട്ട് വയസ്സു കഴിഞ്ഞിരിക്കുന്നു. എന്റെ അടക്കം ശീലിപ്പിക്കലും പപ്പയുടെ ലാളനയും അവനെ പലപ്പോഴും വല്ലാത്തൊരു ധർമ്മ സങ്കടത്തലാക്കുന്നുണ്ട്.
അദ്ദേഹത്തിനൊപ്പം പ്രവാസി ജീവിതത്തിലേക്ക് വന്നിട്ട് അഞ്ചു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇവിടെയിപ്പോൾ ഞാൻ ചില സമയം തനിച്ചാകുന്നുണ്ട്… അങ്ങിനെ ചില ചിന്തകളിൽ ഞാൻ മറന്നു വച്ചത് ചിലത് എന്നെ തേടി വന്നു തുടങ്ങിയതു പൊലെ.
എന്തങ്കിലും എഴുതിയാൽ കൊള്ളാമെന്നുണ്ട്… പക്ഷേ എന്റെ ചിന്തകൾ വഴി മാറി പോകും പോലെ… അതിലും ശരി വഴി മാറ്റുകയാണ്.
എഴുതുന്ന രണ്ടു വരികൾക്കിടയിൽ ഫോൺ റിംഗ് ചെയ്യുമ്പോൾ… ഡോർ ബെൽ ശബ്ദിക്കുമ്പോൾ… ക്രസന്റ് വിളിക്കുമ്പോൾ ഒക്കെ…
എന്റെ വെറും ഭാവനകളിൽ നിന്ന് ആരൊക്കെയോ എന്നെ തിരിച്ചു വിളിക്കും.
ഞാൻ പരിഭവങ്ങളില്ലാതെ വരികൾ പൂർത്തിയാക്കാതെ വിളികൾക്കു പിന്നാലെ, ജീവിതത്തിനു പിന്നാലെ പോകുന്നു.
ഏറ്റവും നല്ല സൃഷ്ടി ഒരു കുടുംബമാണെന്ന് എവിടേയോ വായിച്ചതോർക്കുന്നു.
ആരോ ഡോർ ബെല്ലടിക്കുന്നുണ്ടോ…?
തോന്നലല്ല… ശരിയാണ്…
ഇവിടെ വർഷ ഒരാത്മസംതൃപ്തിയോടെ നിർത്തട്ടെ.
–
അനൂപ് ശാന്തകുമാർ
-2010 ഒക്ടോബർ 15 –