നീലിമ – നീലിയുടെ അനിയത്തി
അപരിചിതമായ ഒരിടം…
ഏതോ മേൽവിലാസം തേടിയുള്ള അലച്ചിലിനിടയിലാണ് അയാൾ ആ വീടിനു മുന്നിലെത്തുന്നത്. പൊള്ളുന്ന വെയിലിൽ അടുത്തെങ്ങും മറ്റൊരു വീടുള്ളതായി അയാൾ കണ്ടില്ല.
വീടിന്റെ ജാലകത്തിലൂടെ പുഞ്ചിരിക്കുന്ന രണ്ടു കണ്ണുകൾ അയാൾക്കു നേരെ നീണ്ടു. അവൾ വാതിൽ തുറന്ന് അയാളെ സ്വീകരിക്കാനെന്ന പോലെ വരാന്തയിലേക്കിറങ്ങി വന്നു.
പെട്ടെന്ന് കുറുക്കന്റെ കല്യാണം എന്നൊരു കുസൃതിച്ചൊല്ലിനെ ഓർമിപ്പിച്ചു കൊണ്ട് മഴ പെയ്തു തുടങ്ങി. ഉച്ച വെയിൽ മഴയിൽ നിന്ന് അയാൾ അവളുടെ പുഞ്ചിരിയിലേക്ക് കയറിച്ചെന്നു.
* * * * * * * * * * * * * * *
വാരാന്ത്യത്തോടടുത്ത് ആ നാട്ടിലെ പോലീസ് സ്റ്റേഷനിൽ രണ്ട് പരാതികൾ ലഭിച്ചു. ആ വീട്ടിലേയ്ക്കു കയറിപ്പോയ യുവാവിനെ കാണാതായിരിക്കുന്നതായി അവന്റെ വീട്ടുകാരുടെ ഒരു പരാതി.
തന്റെ പേർക്ക് പിതാവ് എഴുതി വച്ച വീടും പറമ്പും വാങ്ങാൻ വരുന്നവരെയെല്ലാം പ്രേതകഥകൾ പറഞ്ഞ് പിൻതിരിപ്പിക്കുന്ന നാട്ടുകാർക്കെതിരേ വിദേശത്ത് താമസിക്കുന്ന മകളുടെ വക ഒരു പരാതി.
(നൈസായിട്ട് ഒരു പ്രേതകഥ, നീലിമയുടെ കഥ…!! എൺപതുകളിൽ എതോ ഒരു ആഴ്ചപ്പതിപ്പിൽ (മനോരാജ്യം ആണെന്നാണ് ഓർമ്മ) തുടർച്ചയായി പ്രസിദ്ധീകരിച്ചിരുന്ന ചിത്രകഥയായിരുന്നു നീലിമ. ഒറ്റപ്പെട്ട ഒരു കൊച്ചു വീട്ടിൽ താമസിച്ചിരുന്ന നീലിമ കൗമാര മനസുകളെ ഭയപ്പെടുത്തിയിരുന്നു. ഒരു മിന്നൽക്കഥ (Flash Fiction) എഴുതിത്തീർന്നപ്പോൾ നീലിമയുടെ പേരു തന്നെ ഉചിതമായി തോന്നി. ഒരു പഞ്ചിന് നീലിമയെ നമ്മുടെ കള്ളിയങ്കാട്ട് നീലിയുടെ അനിയത്തിയാക്കിയതാണ്. ഈ കഥയും നീലിമയുടെ ചിത്രകഥയുമായി പേരിലല്ലാതെ മറ്റൊരു ബന്ധവും ഇല്ല.)
–