Skip to content
Anoop Santhakumar
waybayme

Malayalam Short Story Blog

Instagram @anoopsanthakumar
  • Home
  • Short Story
  • Photography
  • About
  • Contact
waybayme

Malayalam Short Story Blog

May 5, 2023June 22, 2023

നിത്യകല്യാണി

തന്റെ ദു:ഖം മുഴുവൻ ഒരു ബിന്ദുവായി ഉറഞ്ഞുകൂടിയ കണ്ണുകളോടെ അപ്രതീക്ഷിതമായി ഒരാൾ നിങ്ങളെ നോക്കി പുഞ്ചിരിച്ചിട്ടുണ്ടോ…? അതും നിങ്ങളെ അഭിമുഖീകരിക്കാൻ വേണ്ടി മാത്രം…!

ഇല്ലെങ്കിൽ വേണ്ട, നിങ്ങൾക്ക് അങ്ങനൊരു നിമിഷം മനസിൽ സങ്കൽപ്പിക്കാനാകുമോ…? അടുപ്പമുള്ള ഒരാൾ അങ്ങനെ പുഞ്ചിരിക്കുന്ന ഒരു നിമിഷം ഞെട്ടലോടെയല്ലാതെ നിങ്ങൾക്കതിനെ നേരിടാനാകുമോ…?

വർഷങ്ങൾക്ക് മുൻപൊരിക്കൽ എന്റെ ജീവിതത്തിലും അങ്ങനൊന്നുണ്ടായിട്ടുണ്ട്…!

ഡിഗ്രിക്ക് പഠിക്കുന്ന സമയം… നേരത്തേ ക്ളാസിൽ എത്തുന്ന ശീലമുണ്ടായിരുന്ന ഞാൻ അന്നൊരു ദിവസം ക്ളാസിലെത്തുമ്പോൾ, പതിവിലും നേരത്തെയെത്തിയ ആ കുട്ടി, മെറിൻ, അവൾ വാതിലിന്‌ എതിർ ദിശയിലുള്ള ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയിരിക്കുന്നു… ഗുഡ്മോണിംഗ് പറഞ്ഞപ്പോൾ അവൾ സാവധാനം തല തിരിച്ച് എന്റെ മുഖത്ത് നോക്കി…

ഒരു നിമിഷം എന്റെ മുഖത്തെ സന്തോഷവും, ഗുഡ്മോണിംഗ് പറഞ്ഞതിലെ ഊർജ്ജവും എല്ലാം മാഞ്ഞു പോയി…

അവളുടെ മുഖത്തെ പുഞ്ചിരി മായുന്ന നിമിഷം ഒരു പൊട്ടിക്കരച്ചിൽ ഉണ്ടായേക്കുമോ എന്ന് ഞാൻ ഭയന്നു…

അതെന്താ, ഒരാൾക്ക് കരഞ്ഞു കൂടേ…? അതിനു നീ എന്തിനു ഭയപ്പെടുന്നു…?

ഇല്ല… ചിലനേരം കരയരുത്… കരയാൻ പാടില്ല… ഈ ലോകം അതു കാണും എന്നുണ്ടെങ്കിൽ… അപ്പോൾ ഞാൻ ആഗ്രഹിച്ചതും അതായിരുന്നു…

മെറിൻ ഒരുമിഷം കൊണ്ട് കണ്ണുകൾ തുടച്ചു… “ എന്തു പറ്റി..?” എന്ന ചോദ്യത്തിന്‌ ഒന്നും ഇല്ലെന്ന അർത്ഥത്തിൽ തലയാട്ടി അവൾ പുറത്തേക്ക് നടന്നു…

സഹപാഠികളെല്ലാവരും എത്തിയിട്ടും, ക്ളാസ് ആരംഭിച്ചിട്ടും എന്റെ കണ്ണും മനസും അറിയാതെ മെറിന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ടിരുന്നു… അതു ശ്രദ്ധയിൽ പെടുമ്പോഴൊക്കെ അവൾ പുഞ്ചിരിച്ചു…

നിങ്ങൾ നർഗീസ് എന്ന പഴയകാല അഭിനേത്രിയെ ഓർമിക്കുന്നുണ്ടോ…? എത്ര മനോഹരമായി പുഞ്ചിരിക്കുമ്പോഴും അവരുടെ മിഴികളിൽ എന്നും ഒരു വിഷാദം നിറഞ്ഞിരുന്നു… അവരുടെ വിഖ്യാത പ്രണയനൈരാശ്യത്തിന്റെ മേഘപടലമായിട്ടാണ്‌ പലരും ആ വിഷാദഛായയെ പരാമർശിച്ചിരുന്നത്… എത്ര നന്നായി ചിരിക്കുമ്പോഴും മെറിന്റെ കണ്ണുകളിലും അത്തരമൊരു വിഷാദം നിഴലിച്ചിരുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു…

അന്ന് ആദ്യത്തെ ഇന്റർവെൽ ടൈമിൽ അവൾ ബാഗ് എടുത്ത് എന്റടുത്ത് വന്നിട്ട് പ്രത്യേകിച്ച് മുഖവുരയൊന്നുമില്ലാതെ ചോദിച്ചു, “ അടുത്ത അവർ കട്ട് ചെയ്യാമോ…? ഒന്നു പള്ളിയിൽ പോയിട്ടു വരാം…”

“ ആഹ്… അതിനെന്താ…?” അപ്പോഴും രാവിലത്തെ അതേ മുഖമായിരുന്നു അവൾക്ക് എന്ന എന്റെ ഉള്ളിലെ സംശയമായിരുന്നോ പെട്ടെന്ന് എന്നെക്കൊണ്ടത് സമ്മതിപ്പിച്ചതെന്ന് അറിയില്ല…

ഒരു കിലോമീറ്റർ മാത്രം അകലെയുള്ള പള്ളിയിലേക്ക് അത്ര തിരക്കില്ലാത്ത എളുപ്പവഴിയിലൂടെ നടന്നിട്ടും അധികമൊന്നും മെറിനും ഞാനും സംസാരിച്ചില്ല… എന്തു സംസാരിക്കണം, അല്ലെങ്കിൽ എന്തു ചോദിക്കണം എന്നൊക്കെയുള്ള സംശയം കൊണ്ടാണ്‌ ഞാൻ ഒന്നും മിണ്ടാതിരുന്നത്…

“ ഒന്നു പ്രാർത്ഥിക്കണം… പിന്നെ പപ്പയേയും മമ്മിയേയും ഒന്നും കാണണം…” അത്രമാത്രം അവൾ നടക്കുന്നതിനിടയിൽ പറഞ്ഞു…

മെറിന്റെ മാതാപിതാക്കൾ മരിച്ചു പോയിരുന്നെന്നും, ആ കുട്ടി അടുത്ത ഒരു ബന്ധുവിന്റെ വീട്ടിൽ നിന്നായിരുന്നു പഠിച്ചിരുന്നതെന്നും മറ്റൊരു സുഹൃത്ത് പറഞ്ഞ് ഞാൻ കേട്ടിരുന്നു… ഒരിക്കലും അതേക്കുറിച്ചൊന്നും ഞാൻ മെറിനോട് ചോദിച്ചിരുന്നില്ല…

സുഹൃത്തായിരിക്കുമ്പോൾ പോലും, ഒരാളുടെ സ്വകാര്യതയിലേക്ക് കടന്നു ചെല്ലാൻ ഞാൻ എന്നും മടിച്ചിരുന്നു…

സെമിത്തേരിയുടെ ഒരറ്റത്തെ കല്ലറയ്ക്ക് മുന്നിൽ അവൾ നിന്നു… അപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞില്ല… അവിടെ ഉണ്ടെന്ന് സങ്കൽപ്പിക്കാമായിരുന്ന ആത്മാക്കളൊട് അവൾ ഒന്നും പറയുന്നതായും എനിക്ക് തോന്നിയില്ല… കൈ കെട്ടി കുറച്ചു നേരം അവൾ കല്ലറയിലേക്ക് നോക്കി നിന്നു…

പെട്ടെന്ന് അവൾ സെമിത്തേരിയിലെങ്ങും പൂത്തു നിന്നിരുന്ന വെള്ളയും റോസും നിറത്തിലുള്ള പൂക്കളെ ചൂണ്ടി എന്നോട് ചോദിച്ചു, “ നിനക്ക് ഈ പൂക്കളുടെ പേരറിയാമോ…?”

അറിയില്ല എന്നുത്തരം പറയാൻ ഞാൻ കുറച്ചു സമയം എടുത്തു… അവൾ എന്തെങ്കിലും സങ്കടം പറഞ്ഞേക്കാമെന്നും, അതിനെങ്ങിനെ ആശ്വസിപ്പിക്കണമെന്നോ, മറുപടി പറയണമെന്നോ അറിയാതെ ഞാൻ കുഴങ്ങിയേക്കാമെന്നും അവിടേക്കുള്ള നടത്തത്തിനിടയിൽ ഞാൻ കരുതിയിരുന്നു… എന്നാൽ അത്, ഇങ്ങനൊരു ചോദ്യത്തിനു മുന്നിലായിരിക്കും എന്ന് കരുതിയില്ല…

തിരികെ നടന്ന് പള്ളിയകത്തേക്ക് കയറുമ്പോൾ മെറിൻ ബാഗ് തുറന്ന് ഒരു വലിയ നോട്ട്ബുക്ക് പുറത്തെടുത്തു… അതെന്റെ നേർക്ക് നീട്ടിയിട്ട് അവൾ പറഞ്ഞു, “ഇതിനുള്ളിൽ ആ പൂവുണ്ട്, അതിന്റെ പേരും… അതു നീ കണ്ടു പിടിക്കുമ്പോഴേക്കും ഞാൻ ഒന്നു പ്രാർത്ഥിച്ചിട്ട് വരാം…” അവൾ ആ ബുക്കും ബാഗും എന്നെ ഏൽപ്പിച്ച് അൾത്താരയ്ക്കു മുന്നിലേക്ക് നടന്നു…
ഒരു ബഞ്ചിലിരുന്ന് ഞാൻ ആ ബുക്ക് തുറന്നു… പല നിറമുള്ള ബോൾപോയിന്റ് പേനകൾ കൊണ്ട് വരച്ച പൂക്കളുടെ ചിത്രങ്ങൾ…

എല്ലാ ചിത്രങ്ങൾക്കും മുകളിലോ താഴെയോ ഒക്കെയായി നാലോ അഞ്ചോ വരികളിൽ ഉള്ള കുറിപ്പുകളും ഉണ്ടായിരുന്നു…

ഞാൻ ഒരിക്കലും കാണാത്ത ഒരു പൂവിന്റെ മനോഹര ചിത്രത്തിൽ അവൾ ഇങ്ങനെ എഴുതിയിരുന്നു, Flower of eternal peace ‘ഭൂമിയിൽ ഒരിടത്തും പൂക്കാത്ത, സ്നേഹത്തിന്റെ നൈർമല്യവും, സാന്ത്വനത്തിന്റെ ഗന്ധവുമുള്ള പൂക്കൾ… ഉറക്കത്തിന്റെയൊടുവിൽ ഞാനെത്തുന്ന തീരത്ത് ഉണ്ടാകും, എന്നു ഞാൻ സ്വപ്നം കാണുന്ന ഒടുവിലത്തെ പ്രതീക്ഷ…’

അസ്വസ്ഥമാർന്ന അവളുടെ ലോകത്ത് വിരിയുന്ന പ്രതീക്ഷയുടെ പൂക്കളാണ്‌ ഒരോ താളിലെന്നും ഞാൻ തിരിച്ചറിഞ്ഞു…
അതിലൊരു താളിൽ, അവൾ പേരു ചോദിച്ച സെമിത്തേരിയിലെ പൂക്കളുണ്ടായിരുന്നു… ‘നിത്യകല്യാണി പൂക്കൾ…!’

ചിത്രത്തിനൊപ്പമുള്ള കുറിപ്പ് വായിച്ചു നോക്കി…

‘ മരണത്തിനു മേൽ പൂത്തു നിൽക്കണം എന്നതു കൊണ്ട് എല്ലാ ഋതുക്കളിലും പുഷ്പിക്കാൻ നിയോഗിക്കപ്പെട്ടവർ… സെമിത്തേരികളിൽ, ശവശയ്യകൾക്കു മേൽ പൂക്കുന്നത് കൊണ്ട് ശവംനാറിയെന്നു വിളിപ്പേർ വന്നവർ… ഒന്നോർത്തു നോക്കൂ, മരിച്ചവസാനിക്കുന്നവരുടെ ദേഹങ്ങൾക്കു മേൽ, അവരുടെ പുഞ്ചിരിയും നന്മയും സ്വപ്നങ്ങളും എന്ന പോലെ പൂത്തു തളിർക്കുമ്പോഴും പേരിൽ ശവഗന്ധത്തിന്റെ അഴുക്ക് ചാർത്തി, അയിത്തം കൽപ്പിക്കുന്നു… ചില ജീവിതങ്ങളും ഇങ്ങനെയുണ്ട്… എത്ര നന്മയോടെ ജീവിക്കുമ്പോഴും, മരിച്ചവസാനിച്ചവരുടെ ദോഷവും, പാപവും, കർമ്മഫലവും മറ്റുള്ളവരാൽ ചാർത്തി നൽകപ്പെടുന്ന ജീവിതങ്ങൾ…’

നിറമുള്ള പൂക്കളുടെ ചിത്രങ്ങൾക്കു കീഴിൽ കറുത്ത മഷിയിലെഴുതിയ താളുകൾ പിന്നെയും ഉണ്ടായിരുന്നു… എങ്കിലും നിത്യകല്യാണിപ്പൂക്കൾ എന്റെ മനസിൽ ഒരുപാട് ചോദ്യങ്ങൾ ഉയർത്തി…

മെറിൻ തിരിച്ചെത്തുമ്പോൾ അവളുടെ കണ്ണുകളിലെ വിഷാദത്തിനു മേൽ കുറച്ചുകൂടി തെളിഞ്ഞ പുഞ്ചിരിയുണ്ടായിരുന്നു…

തിരികെ കോളേജിലേയ്ക്ക് നടക്കുന്നതിനിടയിൽ അവൾ പറഞ്ഞു, “മരിച്ചവരുടെ ഓർമദിവസത്തിൽ അവർക്കു വേണ്ടിയുള്ള പ്രാർത്ഥനയൊക്കെ നടത്താറുണ്ട്… പക്ഷേ എന്റെ പപ്പയുടേയും മമ്മിയുടേയും കാര്യത്തിൽ ഒരിക്കലും അതൊന്നും ഉണ്ടാകാറില്ല…“

എന്തു പറയണം എന്നറിയാത്തതിനാൽ ഞാനത് ശ്രദ്ധയോടെ കേൾക്കുന്നു എന്ന രീതിയിൽ അവളെ നോക്കി…

അവൾ തുടർന്നു, ”അവർ എന്നും, എല്ലാവരാലും വെറുക്കപ്പെട്ടവരായിരുന്നു… തീരെ മോശമായി ജീവിച്ചു തീർത്തവർ… ജീവിതം തീർത്തു പോയേക്കാം എന്നു തീരുമാനിച്ചപ്പോൾ എന്നെ ബാക്കിയാക്കി അവർ അത് ചെയ്തു… അവർ ചെയ്തതിന്റെ ബാക്കി അനുഭവിക്കാൻ വേണ്ടിയെന്ന പോലെ എന്നെ ബാക്കിയാക്കി…“

പെട്ടെന്നെന്തോ ഒരു നീറ്റൽ അനുഭവിച്ചിട്ടെന്ന പോലെ കൈ കുടഞ്ഞിട്ട് കൈയറ്റം മറച്ചിരുന്ന ഉടുപ്പ് അൽപ്പം മാറ്റി അടി കിട്ടിയത് പോലുള്ള ഒരു മുറിവിൽ അറിയാതെ തടവിയിട്ട് അവൾ അത് മറച്ചു…
ഞാനത് ഒരു നിമിഷം ശ്രദ്ധിച്ചതുകൊണ്ട് എന്റെ നേരേ കണ്ണിറുക്കിയിട്ട് പറഞ്ഞു, ” വെറുതേ ഓർത്തുപോയത് കൊണ്ട് പറഞ്ഞതാണ്‌…“

” അതിനെന്താ… താൻ പറഞ്ഞോളൂ…“ ഞാൻ പറഞ്ഞു…

പക്ഷേ അന്നോ, അതിൽ പിന്നീടോ അവൾ കൂടുതലായൊന്നും പറഞ്ഞില്ല… അടുത്ത സുഹൃത്തുക്കളായിരുന്നിട്ടും, സ്വകാര്യതയിലേക്കുള്ള വാതിൽ അവൾ തുറന്നില്ല… ഞാനൊരിക്കലും അതേക്കുറിച്ച് അറിയണമെന്നാഗ്രഹിച്ചതുമില്ല…

പക്ഷേ, പിന്നീടെപ്പോഴൊക്കെയോ ആരൊക്കെയോ പറഞ്ഞ് അവളുടെ ജീവിതത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഞാനറിഞ്ഞിരുന്നു… മനുഷ്യജീവിതത്തിൽ അത്രയും തിക്തമായ അനുഭവങ്ങൾ, സാഹചര്യങ്ങൾ ഒരാൾക്കുണ്ടാകുമെന്നറിഞ്ഞത് അവളുടെ ജീവിതത്തിൽ നിന്നാണ്‌… കഥകളെ വെല്ലുന്നതാണ്‌ ചില ജീവിതങ്ങൾ എന്ന് തിരിച്ചറിഞ്ഞതും… ഒരാളുടെ ജീവിതത്തിലെ, അയാൾ ഓർമിക്കാൻ ഒട്ടും ഇഷ്ടമില്ലാത്ത കഥകൾ അവരെക്കുറിച്ച് പറയുമ്പോൾ വിവരിക്കുന്നത് ശരിയല്ലെന്ന് തോന്നുന്നത് കൊണ്ട് ഞാനത് ഇവിടെ പറയാതെ വിടുകയാണ്‌…

കോളേജ് വിട്ടതിനു ശേഷവും ഇടയ്ക്ക് മെറിനെ കാണാറുണ്ടായിരുന്നു… വിഷാദം കലർന്ന അവളുടെ കണ്ണുകൾക്ക് ഒരു മാറ്റവും ഉണ്ടായിരുന്നില്ല…

ജീവിതത്തിലെ ഓട്ടത്തിനിടയിൽ പിന്നെപ്പോഴോ മെറിനും ഓർമയിൽ നിന്നും മാഞ്ഞു… നിത്യകല്യാണിപ്പൂക്കളാണ്‌ ഇടയ്ക്കെങ്കിലും അവളെ ഓർമിപ്പിച്ചിരുന്നത്… അവൾ എവിടെയാണെന്നറിയാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിലും, അതിനുള്ള വഴികൾ ഉണ്ടായിരുന്നില്ല എന്നതു കൊണ്ട് മന:പൂർവ്വം മറക്കുകയായിരുന്നു…

കഴിഞ്ഞൊരു ദിവസം ഫേസ്ബുക്കിൽ എനിക്കൊരു ഫ്രണ്ട് റിക്വസ്റ്റ് വന്നു…
ഇരട്ടക്കുട്ടികൾക്കും ഭർത്താവിനുമൊപ്പം തെളിഞ്ഞ ചിരിയോടെയുള്ള മെറിന്റെ മുഖം പ്രൊഫൈൽ പിക്ചറിൽ കണ്ടപ്പോൾ സന്തോഷം തോന്നി… പ്രൈഫൈലിൽ ഒന്നു കണ്ണോടിച്ചു… മെറിൻ ജെഫി ഫെർണാണ്ടസ്… ലിവ്സ് ഇൻ കൊളംബിയ, സൗത്ത് കരോലിന…

‘പ്രിയസുഹൃത്തിനു സ്വാഗതം’ എന്ന് പറഞ്ഞ് തുടങ്ങിയ ചാറ്റ് ഞാൻ അവസാനിപ്പിച്ചത് ഇങ്ങനെയാണ്‌… ‘നിത്യകല്യാണി ഇപ്പോഴാണ്‌ ഇത്ര മനോഹരമായി പുഞ്ചിരിക്കുന്നത്… എല്ലാ ഋതുക്കളിലും പുഞ്ചിരി നിറയട്ടേ…’

——–

അനൂപ് ശാന്തകുമാർ
-2020 മാർച്ച് 30-

Related

Post navigation

Previous post
Next post

Anoop Santhakumar

A graphic designer by profession, having found a hobby in writing and photography. In this blog I would like to share my Short stories & Photographs along with a little information with it.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Popular Posts

  • Malayalam Short Story, Short Story, Short Stories, Cherukatha, Cherukathakal, Malayalam Novel, Malayalam Book Online, Short Story Online, Online Short Story, Malayalam Cherukathakal, Kathakal, Malayalam Kathakal, മലയാളം ചെറുകഥകൾ, ചെറുകഥകൾ
    ധ്വനിക – വാക്കിന്റെ കഷണം
  • malayalam crime thriller, malayalam short story, malayalam thriller, malayalam detective story, malayalam kathakal, malayalam story, malayalam thriller story, malayalam police story, malayalam kathakal, malayalam katha, malayalam suspense thriller, malayalam crime thriller novel, malayalam novel, crime thriller, detective stories, detective story, malayalam story, malayalam short story latest, malayalam short story online, malayalam short story read online, malayalam free short stories, online malayalam short story, online malayalam novel, malayalam horror stories, malayalam pretha kathakal, pretha kathakal
    പുസ്തകത്തിലെ പ്രേതം
  • malayalam crime thriller, malayalam short story, malayalam thriller, malayalam detective story, malayalam kathakal, malayalam story, malayalam thriller story, malayalam police story, malayalam kathakal, malayalam katha, malayalam suspense thriller, malayalam crime thriller novel, malayalam novel, crime thriller, detective stories, detective story, malayalam story, malayalam short story latest, malayalam short story online, malayalam short story read online, malayalam free short stories, online malayalam short story, online malayalam novel, malayalam horror stories, malayalam pretha kathakal, pretha kathakal
    ഓട്ടോറിക്ഷയിലെ പ്രേതം

Latest Posts

  • kodungallur bharani, kodungallur bharani pattu image, kodungallur bharani photos, kodungallur bharani festival, kodungallur bharani pattu photo, kodungallur bharani history, kodungallur bharani song photo, kodungallur bharani uthsavam, kodungallur meena bharani, kodungallur amma bharani, kodungallur meena, harani photos, kodungalloor kavutheendal image, kodungalloor kavutheendal, kodungalloor uthsavam, kodungalloor temple, kodungalloor komaram, kodungalloor komarangal, kodungalloor velichappadu, velichappadu, oracle
    കൊടുങ്ങല്ലൂർ ഭരണി – കോമരങ്ങളുടെ ഉത്സവം
  • birds of Kerala, list of birds of Kerala, Birds of India, List of birds of India, Indian birds, Kerala birds, birds Kerala, India birds, Birds India, Thattakkad birds,
    Birds of Kerala
  • Feature
  • Flash Fiction
  • Greeting Cards
  • Photo Feature
  • Photography
  • Short Film
  • Short Story
  • Spot Story
  • Uncategorized
anoop santhakumar, anoop
waybayme

waybayme briefing stories and sharing pics captured during the moments of exploration

Instagram @anoopsanthakumar

anoop, anoop santhakumar, anoop s, director anoop
anoop, anoop santhakumar, anoop s, director anoop
anoop, anoop santhakumar, anoop s, director anoop
anoop, anoop santhakumar, anoop s, director anoop
anoop, anoop santhakumar, anoop s, director anoop
anoop, anoop santhakumar, anoop s, director anoop
anoop, anoop santhakumar, anoop s, director anoop
anoop, anoop santhakumar, anoop s, director anoop
anoop, anoop santhakumar, anoop s, director anoop
Follow @anoopsanthakumar

Love Quotes

  • Instagram
  • Facebook
  • Twitter
Copyright waybayme@2023