Skip to content
Anoop Santhakumar
waybayme

Malayalam Short Story Blog

Instagram @anoopsanthakumar
  • Home
  • Short Story
  • Photography
  • About
  • Contact
waybayme

Malayalam Short Story Blog

March 25, 2023June 12, 2023

രതിനിർവ്വേദവും ഒരു ആത്മനിവേദനവും

2011 ജൂൺ 16

മൈഥിലി ഒരിക്കൽ കൂടി നിരോഷയെ വിളിച്ചു. അവൾ വരും തീർച്ചയാണ്‌. എങ്കിലും തിരക്കിനിടയിൽ വിട്ടു പോകരുതല്ലോ.

“എങ്ങിനെ മറക്കാൻ, എന്റെ ജോലിയല്ലേ…? ഫിലിമിന്റെ ഫസ്റ്റ്‌ ഷോ കഴിഞ്ഞ്‌ നീ ഇറങ്ങുമ്പോൾ ഞാൻ പുറത്തുണ്ടാകും… പോരേ?” ഇനി അങ്ങിനെയൊരു സംശയത്തിന്റെ ആവശ്യമേയില്ല എന്നുറപ്പ്‌ തരുന്നതായിരുന്നു അവളുടെ മറുപടി.

മുൻപ്‌ വിളിച്ചപ്പോൾ അഭിപ്രായപ്പെട്ടതു പോലെ ‘ഇതൊക്കെയൊരു കടന്ന കൈ അല്ലേ…?’ എന്ന രീതിയിലുള്ള സംസാരം അവളുടെ ഭാഗത്തു നിന്നുണ്ടായില്ല. അതൊരു ആശ്വാസമായി തോന്നി. അവളോട്‌ തർക്കിക്കേണ്ടി വന്നില്ലല്ലോ.

പക്ഷേ സുഗന്ധി ടീച്ചറോട്‌ ഒരുപാട്‌ തർക്കിക്കേണ്ടി വന്നു. സംഘടനയുടെ ചെയർ പേഴ്സനായ ടീച്ചറിൽ നിന്ന്‌ അങ്ങിനൊരു പ്രതികരണമല്ല പ്രതീക്ഷിച്ചത്‌. ‘നമ്മൾ നല്ലൊരു മെസ്സേജ്‌ ആണ്‌ ജനങ്ങൾക്ക്‌ കൊടുക്കാൻ ശ്രമിക്കേണ്ടത്‌.

അല്ലാതെ വെറുതേ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന തരത്തിൽ വല്ലതുമൊക്കെ കാട്ടിക്കൂട്ടിയിട്ട്‌ സംഘടനക്ക്‌ ദോഷമുണ്ടാക്കുകയല്ല വേണ്ടത്‌. ഒരുമിച്ച്‌ നിന്ന്‌ ചെയ്യാൻ കഴിയുന്നതിനെക്കുറിച്ച്‌ മാത്രം ചിന്തിക്കുക. അല്ലാതെ ഒരാളുടെ മാത്രം തീരുമാനങ്ങളും പ്രവൃത്തിയും അംഗീകരിക്കാൻ കഴിയില്ല.’

അതായിരുന്നു ടീച്ചറിന്റെ നിലപാട്‌. പക്ഷേ മൈഥിലിക്ക്‌ അതിനു മനസു വന്നില്ല. അബലരെന്നു മുദ്ര കുത്തിയിരിക്കുന്നവരുടെ സംഘം ചേരൽ ഒരു പക്ഷേ ദൗർബല്യമായി തന്നെ വ്യാഖ്യാനിക്കപ്പെട്ടേക്കാം. പിന്നെ വ്യക്തിക്കു വേണ്ടി വാദിക്കുമ്പോൾ വ്യക്തിയായി തന്നെ നില കൊള്ളണം.

അങ്ങിനെ സാഹചര്യങ്ങളെ നേരിടുന്നതിൽ വിജയിച്ചു കാണിക്കണം. എങ്കിലേ വ്യക്തിക്ക്‌ അതിന്റെ ഗുണം ലഭിക്കൂ. അതായിരുന്നു മൈഥിലിയുടെ നിലപാട്‌. ഒടുവിൽ മറ്റ്‌ അംഗങ്ങളുടെ അഭിപ്രായം കൂടി അനുകൂലമായപ്പോൾ മൈഥിലിയുടെ തീരുമാനം തന്നെ അവർ അംഗീകരിച്ചു.

മൈഥിലി ചുവരിലെ ക്ലോക്കിലേക്കു നോക്കി. തന്റെ ഹൃദയസ്പന്ദനേക്കാൾ ഒരുപാട്‌ കുറഞ്ഞ വേഗത്തിലാണ്‌ അതിലെ സെക്കന്റ്‌ സൂചി ചലിക്കുന്നതെന്ന്‌ അവൾക്കു തോന്നി. ഇനിയും രണ്ടു മണിക്കൂറിലേറേ സമയമുണ്ട്‌.

ഷവറിനു കീഴിലെ നൂൽമഴക്കു കീഴിൽ നിന്നിട്ടും തണുപ്പ്‌ ദേഹത്തേക്ക്‌ പെയ്യുന്നു എന്നവൾക്ക്‌ തോന്നിയില്ല. ആഗോള താപനം തീർത്ത കാലാവസ്ഥാവ്യതിയാനം കൊണ്ടാവാം, പുറത്ത്‌ മഴ ഇനിയും വന്നെത്തിട്ടില്ല. അവൾക്കു ചൂട്‌ തോന്നേണ്ടതാണ്‌. പക്ഷേ ഉള്ളിൽ തണുക്കുന്നു. പതിവില്ലാത്ത ചില കാര്യങ്ങൾ ചെയ്യാൻ നേരം മനസിൽ നിന്ന്‌ ശരീരത്തിലേക്ക്‌ പടരുന്ന നേർത്ത ഭയത്തിന്റെ കുളിര്‌ മേലാകെ വ്യാപിച്ചിരിക്കുന്നു. അവൾ നെറ്റി ഭിത്തിയിൽ മുട്ടിച്ച്‌ കണ്ണടച്ചു നിന്നു.

അങ്ങിനെ കുളിമുറിയിലെ ആശ്വാസ മഴക്കു കീഴിൽ ചുമരിൽ തല ചേർത്തു നില്ക്കുന്ന ബ്രിട്ടാസിന്റെ രൂപം മൈഥിലിയുടെ മനസിൽ തെളിഞ്ഞു. അവൻ ഒരു ക്ഷീണത്താൽ അല്ലെങ്കിൽ പിരിമുറുക്കത്താൽ അങ്ങിനെ നില്ക്കുമ്പോൾ എത്ര വട്ടം താൻ പിന്നിലൂടെ ചെന്ന്‌ അവനെ കെട്ടിപിടിച്ച്‌ നിന്നിട്ടുണ്ട്‌.

പിന്നെ അവനെ തനിക്കു നേരെ തിരിച്ചു നിർത്തി തന്റെ നെറ്റിയിൽ തല മുട്ടിച്ച്‌ പിടിച്ച്‌ അവനു പറയാനുള്ളതൊക്കെ കേൾക്കും. ഷവറിൽ നിന്ന്‌ ഊർന്നു വീഴുന്ന വെള്ളത്തിന്റെ നേർത്ത ശബ്ദത്തേയും തോൽപിച്ച്‌ അതിലും പതിഞ്ഞ ശബ്ദത്തിൽ അവൻ അവന്റെ മനസു തുറക്കുമായിരുന്നു. അവന്റെ മനസിൽ നിന്ന്‌ എല്ലാം ഒലിച്ചു പോകുന്നതു വരെ അങ്ങിനെ ആദ്യമായി അവനൊപ്പം നിന്നപ്പോൾ പോലും മനസിൽ ഒരു വിറയൽ തോന്നിയിട്ടില്ല.

അല്ലെങ്കിലും അവനു മുന്നിൽ അങ്ങിനൊന്നു തോന്നേണ്ട കാര്യമുണ്ടായിരുന്നില്ല. അത്രക്കൊരു അടുപ്പമുണ്ടായിരുന്നു അവനോട്‌. അതിന്‌ എന്താണ്‌ കാരണം എന്നൊരിക്കലും ചിന്തിച്ചിട്ടില്ല. അല്ലെങ്കിൽ അവന്റെ ഭാഷയിൽ പറഞ്ഞാൽ, അവന്റേയും തന്റേയും കാഴ്ചയുടെ ഫ്രെയിമുകൾ ഒന്നായിരുന്നതുകൊണ്ടാവാം.

അവൻ പറയുമായിരുന്നു, “ഈ ലോകത്തിന്റെ ദൃശ്യം വിശാലമായ ഒന്നാണ്‌. അവിടെ ഒന്നും ഒരു ഫ്രെയിമിൽ അല്ല. ഓരോരുത്തരുടേയും കാഴ്ചപാടിന്റെ ഫ്രെയിമിലാണ്‌ എല്ലാം ഒതുങ്ങിപ്പോകുന്നത്‌. നമ്മൾ കാണുന്നത്‌ ഒരേ ഫ്രെയിമിൽ ആണ്‌.” അവൻ അതു പറഞ്ഞിട്ട്‌ കുസൃതിയോടെ ചിരിക്കുമായിരുന്നു. അവന്റെ അഭിപ്രായം ശരിയാണെന്ന്‌ മൈഥിലിക്കും തോന്നിയിരുന്നു.

പിന്നെ ഒരിക്കലും അവൻ വെറുമൊരു കാഴ്ചയുടെ ആകർഷണം കൊണ്ട്‌ തനിക്കു നേരെ നോക്കിയിട്ടില്ല എന്നവൾ മനസിലാക്കിയിരുന്നു. അവന്‌ അങ്ങിനെ ഒരു സ്വഭാവമുണ്ടായിരുന്നെങ്കിൽ, അവന്റെ ക്യാമറക്കു മുന്നിൾ പോസ്‌ ചെയ്തു കടന്നു പോകുന്ന സുന്ദരിമാരോട്‌ എത്ര വട്ടം അവന്‌ അങ്ങിനെ തോന്നേണ്ടിയിരുന്നു. അതുണ്ടായില്ലല്ലോ…

ബാംഗ്ലൂരിലെ സ്റ്റുഡിയോ ഫ്ലാറ്റിൽ ഒരുമിച്ച്‌ താമസിച്ചിരുന്നപ്പോൾ, ഒരിക്കൽ പോലും അവൻ തന്റെ ആരാണേന്നോ, എന്താണു തമ്മിൽ ബന്ധമെന്നോ പുറത്ത്‌ ആരും തിരക്കിയിരുന്നില്ല. ഒരുമിച്ചായിരുന്നപ്പോൾ ഒരിക്കൽ പോലും എപ്പോഴെങ്കിലും ഒരാൾ കൂടെ വേണമെന്ന്‌ തങ്ങളിൽ ആരും ശാഠ്യം പിടിക്കുകയോ, എപ്പോഴെങ്കിലും ഒറ്റക്കു വന്നു കയറുമ്പോൾ ഒരാൾ കാത്തിരിക്കണമെന്ന്‌ പരസ്പരം ആഗ്രഹിക്കുകയോ ചെയ്തില്ല.

രാവിലെകളിൽ അവൻ അവന്റെ ജോലിയിലേക്കും ഞാൻ എന്റെ ജോലിയിലേക്കും തിരിച്ചിരുന്നു. എങ്കിലും എപ്പോഴും എല്ലാത്തിലും ഒരു പങ്കു വക്കൽ ഉണ്ടായിരുന്നു. ഒന്നും പറഞ്ഞു വയ്ക്കാതെ, ബോധ പൂർവ്വമല്ലാതെ എല്ലാം സംഭവിക്കുമായിരുന്നു. എന്നിട്ടും അവൻ അന്ന്‌ എന്തിനാണ്‌ അങ്ങിനെ ചോദിച്ചതെന്നറിയില്ല.

അവന്റെ മുടിയിഴകളിൽ വിരലോടിച്ച്‌ അവനോട്‌ ചേർന്നു കിടന്നപ്പോൾ പെട്ടെന്ന്‌ എന്തോ ഓർത്തിട്ടെന്ന പോലെ ക്യാമറയുടെ ഫോക്കൽ ലെങ്ങ്തിലെക്ക്‌ തന്നെ അകറ്റിയിട്ട്‌ ഒരു സ്നാപ്‌ എടുത്തു കൊണ്ടാണ്‌ അവൻ ചോദിച്ചത്‌, “പെട്ടെന്ന്‌ ഞാൻ കൂടെയില്ലാതായാൽ നീ ഒറ്റക്കാകുമോ…?”

ഇല്ല എന്ന മറുപടിക്ക്‌ അവന്റെ ചോദ്യത്തിൽ നിന്ന്‌ ഒരുപാട്‌ അകലമില്ലായിരുന്നു. ഉത്തരം പറഞ്ഞതിനു ശേഷമാണ്‌ അതേക്കുറിച്ച്‌ ശരിക്കും ചിന്തിച്ചത്‌. അസ്വാഭാവികമായി ഒന്നും മനസിൽ തോന്നിയില്ല. അപ്പോൾ അവൻ പറഞ്ഞു, “ഒരു കുടുംബമെന്ന ഫ്രെയിമിലേക്ക്‌ എന്നെയോ നിന്നെയോ പെട്ടെന്ന്‌ ഒതുക്കാൻ എനിക്ക്‌ മനസു വരുന്നില്ല… അവിടെ ചിലപ്പോൾ എനിക്ക്‌ എന്റെ ലോകമോ നിനക്ക്‌ നിന്റെ ലോകമോ ഉണ്ടാകുകയില്ലെന്നു ഞാൻ ഭയക്കുന്നു… അങ്ങിനെ ആയാൽ ചിലപ്പോൾ ഉണ്ടായേക്കാവുന്ന ശാഠ്യങ്ങളെ ഞാൻ വെറുക്കുന്നു മൈഥിലി…”

അവൾ ഒന്നും പറയാതെ അവന്റെ ശ്വാസഗതി മാത്രം ശ്രദ്ധിച്ച്‌ കിടന്നപ്പോൾ അവൻ തുടർന്നു, “എല്ലാത്തിനും മുൻപ്‌ എനിക്കെന്റെ ക്യാമറയുമായി ഈ ലോകമൊന്നു കറങ്ങണം. എന്റെ സ്വപ്നങ്ങളും ജോലിയുമായി സ്വാതന്ത്ര്യത്തോടെ…” മൈഥിലി അവനെ എതിർത്തില്ല.

പോകരുത്‌ എന്നും പറഞ്ഞില്ല. രണ്ടു വർഷത്തിനിപ്പുറം ഇപ്പോഴും വിളിക്കുമ്പോൾ, ഒരിക്കൽ പോലും അവൻ വേഗം തന്റെ അടുക്കലേക്കു വരണമെന്നു ശാഠ്യം പിടിക്കുകയോ അല്ലെങ്കിൽ തന്റെ അടുക്കലേക്കു വരുവാൻ അവൻ തിടുക്കം കാണിക്കുകയോ ചെയ്യാറില്ല.

പക്ഷേ ഇന്ന്‌ എന്തോ, അവൻ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന്‌ ആഗ്രഹിച്ചു പോകുന്നു. ഇന്നു താൻ ചെയ്യാൻ പോകുന്നതിനേക്കുറിച്ച്‌ അവനോട്‌ പറഞ്ഞാൽ അവൻ പ്രതികരിക്കുന്നത്‌ എങ്ങിനെയായിരിക്കും എന്ന്‌ അവൾ മനസിൽ ചിന്തിച്ച്‌ നോക്കി. അവൻ അവന്റെ പൂച്ചക്കണ്ണുകൾ കുറുക്കിയടച്ച്‌ പൊട്ടിച്ചിരിക്കും.

പിന്നെ ചരിത്രമറിയാമെങ്കിൽ അവൻ ചോദിക്കും, ശരപഞ്ചരവും വൈശാലിയും കുടുംബസമേതം തീയേറ്ററിൽ കണ്ടിറങ്ങിയിരുന്ന പ്രേക്ഷകരുണ്ടായിരുന്ന ഈ നാട്ടിൽ രതിനിർവേദം ഒറ്റക്കു കണ്ടിറങ്ങുന്ന ഒരു സമരത്തിനാണോ നീ തയാറാകുന്നത്‌…? എന്തിനു വേണ്ടി…?

“അതെ ബ്രിട്ടാസ്‌, ചില കാര്യങ്ങൾ അങ്ങിനെയാണ്‌. സമയം മുന്നോട്ട്‌ ചരിക്കുമ്പോഴും ചിലർ പിന്നോട്ട്‌ പോകും… അല്ലെങ്കിൽ കുറേപ്പേർ… അപ്പോൾ ചിലപ്പോൾ ഒരു സമൂഹവും പിന്നോട്ട്‌ നയിക്കപ്പെടും. ഇപ്പോൾ ഇവിടെ അങ്ങിനെയാണ്‌. ചിത്രത്തിന്റെ വൺ ലൈൻ കേൾക്കുമ്പോഴേക്കും അതു കാണാൻ കൊള്ളാത്ത ചിത്രമാണെന്നു പറഞ്ഞ്‌ എഴുതി തള്ളുന്ന പ്രേക്ഷകരെ എന്തെങ്കിലും ബോധ്യപെടുത്താനല്ല ഞാനിതു ചെയ്യുന്നത്‌.

മറിച്ച്‌, ചിലതൊക്കെ കൊള്ളാത്തതാണ്‌, അതു നിനക്കുള്ളതല്ല എന്നു കല്പ്പിക്കുന്നവരോട്‌ ഉള്ള വെല്ലു വിളിയാണിത്‌…” ഗൗരവത്തോടെ അതു പറയുമ്പോഴും അവൻ ചിരിക്കുകയാണെന്ന്‌ മൈഥിലിക്ക്‌ തോന്നി.

അവനൊപ്പമിരുന്ന്‌ മർഡറും, ആഷിക്‌ ബനായാ ആപ്നേയും പോലെയുള്ള എത്ര ചിത്രങ്ങൾ കണ്ടതാണ്‌. അതിൽ ഉള്ളതിൽ കൂടുതൽ ഒന്നും ഇതിൽ കാണിക്കാൻ പോകുന്നില്ല എന്ന ഒരു മുൻവിധിയോടെയാണ്‌ താൻ ഇതു ചെയ്യാൻ പോകുന്നതെന്ന്‌ അറിഞ്ഞ്‌ അവൻ പരിഹസിക്കുന്നതാകുമോ…?

ഒരിക്കൽ ഇമ്രാൻ ഹഷ്മിയുടെ ചിത്രം കണ്ടിരിക്കുമ്പോൾ ഒരു വെറൈറ്റി പോസെങ്കിലും ഇവനെക്കൊണ്ട്‌ ചെയ്യിക്കാമായിരുന്നു എന്നു പറഞ്ഞ്‌ കൊണ്ട്‌ ബ്രിട്ടാസ്‌ സംവിധായാകനെ കളിയാക്കി ചിരിച്ചതും, അതിന്‌ അവന്റെ തോളിൽ ഒരു നുള്ള്‌ കൊടുത്തതും അവൾ ഓർത്തു. ആ ഓർമയിൽ, അവന്‌ ഒരു മുട്ടു കൊടുത്തതു പോലെ ഭിത്തിയിൽ നെറ്റി കൊണ്ട്‌ ഒന്നു മുട്ടിയിട്ട്‌ ഷവറിൽ നിന്ന്‌ വീഴുന്ന വെള്ളത്തിലേക്ക്‌ അവൾ മുഖമുയർത്തി.

കുളി കഴിഞ്ഞിറങ്ങിയപ്പോൾ മൈഥിലിക്ക്‌ അടുത്ത സംശയം, ഏതു വസ്ത്രം വേണം…? എങ്ങിനെ വേണം…? അങ്ങിനെയൊരിക്കലും തോന്നാത്തതാണ്‌. കൈയിൽ കിട്ടുന്ന തനിക്കിണങ്ങുന്ന ഒരു വസ്ത്രം. അതാണ്‌ പതിവു രീതി. പക്ഷേ ഇന്നങ്ങിനെ അല്ലല്ലോ. ജീൻസും സ്ലീവ്‌ ലെസ്സ്‌ ടോപ്പും ആകട്ടെ.

അവൾ അങ്ങിനെ തീരുമാനിച്ചു. കണ്ണാടിക്കു മുന്നിൽ വന്നപ്പോൾ കൂടുതൽ സമയം അതിനു മുന്നിൽ നില്ക്കേണ്ടി വരുമോ എന്നവൾ ചെറുതായി ഭയന്നു. കണ്ണാടിക്ക്‌ മുന്നിൽ സൃതീകൾ കൂടുതൽ നേരം ചിലവഴിച്ചാൽ കണ്ണാടിക്ക്‌ പോലും വെറുപ്പുണ്ടാകും. ചങ്ങാതി ചിലപ്പൊൾ ചോദിച്ചു കളയും, “എത്ര നേരമായി ഈ ഒരുക്കം തുടങ്ങിയിട്ട്‌…?” എന്ന്‌. പിന്നെ സ്ത്രീകൾക്ക്‌ എന്തൊക്കെ ചെയ്യണം…?

മുടി ചീകി പിന്നണം, അല്ലെങ്കിൽ ഓരോരുത്തരുടേയും സൗകര്യത്തിന്‌ അതൊതുക്കി വക്കണം, കണ്ണെഴുതുകയോ, പൊട്ടു തൊടുകയോ, ഐലൈനർ ഉപയോഗിക്കുകയോ ലിപ്സ്റ്റിക്‌ ഇടുകയോ ഒക്കെ വേണം.

“അതിനെങ്ങിനാ, കുഞ്ഞായിരിക്കുമ്പോൾ തന്നെ മാതാ പിതാക്കൾ പെൺകുട്ടികളെ കണ്ണെഴുതിയും പൊട്ടി കുത്തിയും പഠിപ്പിക്കുകയല്ലേ… സത്യത്തിൽ അവിടം മുതൽ ആണിനേയും പെണ്ണിനേയും വേർ തിരിക്കുന്നു…” അതാണ്‌ സുഗന്ധി ടീച്ചറിന്റെ ഭാഷയിൽ കാര്യങ്ങൾ.

പക്ഷേ അതങ്ങിനെയാണോ…? അത്തരത്തിലൊരു ബാഹ്യരൂപം കൊണ്ട്‌ പെണ്ണിന്റെ ശക്തി ഇല്ലാതാകുന്നില്ലല്ലോ. താൻ എന്തായിരിക്കുന്നുവോ ആ വ്യക്തിത്വത്തിൽ നിന്ന്‌ ശക്തിയാർജ്ജിക്കാൻ കഴിയണം. “പൊട്ടു വക്കാത്ത വനിതകളേക്കാൾ എനിക്കിഷ്ടം പൊട്ടു കുത്തിയ വനിതകളെ തന്നെ…” മനസിൽ പറഞ്ഞു കൊണ്ട്‌ അവൾ നെറ്റിയിൽ ഒരു പൊട്ടിട്ടു. ഒരു ചുമന്ന വലിയ പൊട്ട്‌.

ഒരു പെണ്ണാണെന്ന്‌ എല്ലാവരും അറിയട്ടെ. ഇന്ന്‌ എല്ലാവരും തന്നെ അങ്ങിനെ കാണണം എന്നൊരു വാശിയിലായിരുന്നു അവൾ. നഗ്നമായ വലതു തോളിൽ അവൾ ഒരു ടാറ്റു കൂടി പതിച്ചു. “കൊള്ളാം…” എന്ന്‌ സ്വയം അഭിനന്ദിച്ച്‌ കൊണ്ട്‌ സ്വന്തം രൂപം കണ്ണാടിയിൽ നോക്കി ആസ്വദിക്കുമ്പോൾ, പെണ്ണിനെ കണ്ടാൽ കൊതിക്കുന്നവർക്ക്‌ ഒരു വിരുന്നൊരുക്കിയ സന്തോഷമായിരുന്നു മൈഥിലിയുടെ മനസിൽ.

ധൈര്യം കാണിക്കാൻ മുഖത്ത്‌ കനപ്പിച്ച ഒരു ഭാവം വരുത്തണമെന്ന്‌ അവൾക്കു തോന്നിയില്ല. “എന്തിനാണ്‌ അത്‌…? കടുപ്പിച്ച മുഖമല്ല വേണ്ടത്‌… കടുപ്പിച്ച മനസാണ്‌… പലരും മനസിലാക്കാത്തതും അതാണല്ലോ…” ഇറങ്ങും മുൻപ്‌ അവൾ ഐ ഫോണിൽ ഫേസ്‌ ബുക്ക്‌ തുറന്നു നോക്കി.

‘ഇന്നു രതിനിർവേദം ആദ്യ ഷോ തന്നെ കാണുന്നു…’ എന്ന്‌ അവൾ പോസ്റ്റ്‌ ചെയ്തിരുന്ന സ്റ്റാറ്റസിന്‌ ഇതു വരെ നൂറ്റിയൻപത്തി രണ്ടു ലൈക്കും അതിനടുത്തു തന്നെ കമന്റും.

കറുത്ത ഗ്ലാസ്സിലൂടേ നഗരം കണ്ട്‌ സ്കൂട്ടി ഓടിക്കുമ്പോൾ, ട്രാഫിക്‌ സിഗനലുകളിൽ കാത്തു കിടക്കുന്ന വാഹങ്ങളുടെ ഇടയിൽ ഞെരുങ്ങി കിടക്കാതെ സാഹസികമായി അവയ്ക്കിടയിലൂടെ തെന്നി നീങ്ങാൻ അവൾ മടി കാണിച്ചില്ല. വെളിച്ചത്തിലേക്ക്‌ പറന്നടുക്കുന്ന ഈയാം പാറ്റകളേപ്പൊലെ, ആൺ പ്രേക്ഷകർ തീയേറ്ററിലേക്ക്‌ ഒഴുകുന്നുണ്ടായിരുന്നു.

അവരിൽ ഒരു പെണ്ണു പോലും ഇല്ലെന്ന്‌ ഉറപ്പു വരുത്തിയിട്ടാണ്‌ അവൾ അകത്തേക്ക്‌ കടന്നത്‌. സ്കൂട്ടർ പാർക്ക്‌ ചെയ്തിറങ്ങുമ്പോൾ കാലിലെ ഹീൽഡ്‌ ഉള്ള ചെരുപ്പിൽ ഒരു ആത്മവിശ്വാസക്കുറവു തോന്നാതിരുന്നില്ല.

സ്ത്രീകളുടെ ടിക്കറ്റ്‌ കൗണ്ടറിനു മുന്നിലും പുരുഷന്മാർ തന്നെ നില്ക്കുന്നു. സൃതീകൾക്കു വേണ്ടി മാറ്റി വച്ചിരിക്കുന്നതൊക്കെയും അവർ ഇല്ലെങ്കിൽ പുരുഷന്മാർ ഇങ്ങിനെ സ്വന്തമാക്കുമോ എന്ന്‌ അവൾ മനസിൽ പരിഹസിച്ചു.

സ്ത്രീകൾക്കു മാത്രം എന്ന്‌ പറഞ്ഞു കൊണ്ട്‌ സ്വന്തം സ്വാർത്ഥതക്കായി മാറ്റി വച്ചിരിക്കുന്നതു പലതും ഇങ്ങിനെ ഏറ്റെടുക്കാൻ അവൻ മനസു കാണിച്ചിരുന്നെങ്കിൽ എന്നവൾ ഓർത്തു.

കൗണ്ടറിനരുകിൽ ചെന്നപ്പോൾ ഹാന്റ്‌ റെയിലിൽ ഇരിക്കുകയായിരുന്ന കൗമാരക്കാരൻ മൈഥിലിയെ കണ്ടിട്ട്‌ അതിൽ നിന്ന്‌ ചാടിയിറങ്ങി. അവന്റെ വെള്ള ടീഷർട്ടിൽ ജ്വലിക്കുന്ന യുവത്വത്തിന്റെ പ്രതീകമായി മാറിപ്പോയ ‘ചെ’യുടെ ചിത്രം.

കണ്ടാൽ അറിയാം വിദ്യാർത്ഥിയാണെന്ന്‌. അവന്റെ കൂടെയുള്ളവരും അതേ ഗണത്തിലുള്ളവർ തന്നെ. എന്തോ അർത്ഥത്തിൽ അവൻ മൈഥിലിയെ നോക്കി ചിരിച്ചു. ക്യൂവിൽ നിന്ന്‌ ഇത്തിരി പ്രായമുള്ള ആൾ എന്തോ പിറുപിറുത്തു.

അയാൾ പറഞ്ഞതു പൂരിപ്പിച്ചതു പോലെ വേറൊരാൾ പറഞ്ഞു “ഇപ്പഴത്തെ പിള്ളാരല്ലേ…?” പെട്ടെന്ന്‌ പിന്നിൽ നിന്നാരോ വിളിച്ചു പറഞ്ഞു, “ചാച്ചി വരണ കണ്ടില്ലേടാ… ഒന്നൊതുങ്ങിക്കൊട്‌…” അതു ശ്രദ്ധിക്കാതെ ടീ ഷർട്ടിട്ട പയ്യൻ മൈഥിലിയെ നോക്കി പറഞ്ഞു, “ടിക്കറ്റ്‌ കൊടുത്തു തുടങ്ങുമ്പോൾ ദാ ആ വിൻഡോയിൽ തരും…”

അവൻ ചൂണ്ടിയ ഭാഗത്തേക്ക്‌ നോക്കാതെ മൈഥിലി ചോദിച്ചു “ഇതു സൃതീകളുടെ കൗണ്ടറല്ലേ…?”

“അതെ ചേച്ചി… പക്ഷേ തിരക്ക്‌ കൂടുതൽ ഉള്ളപ്പോൾ സൃതീകൾ ഇല്ലെങ്കിൽ ഇതാ ഇവിടുത്തെ രീതി… ചേച്ചി വിഷമിക്കണ്ട… ചേച്ചിക്കേ ആദ്യത്തെ ടിക്കറ്റ്‌ തരൂ… “

അവൻ സൗഹൃദം പ്രകടിപ്പിക്കുകയാണോയെന്ന്‌ സംശയിക്കുമ്പോൾ, അവളെ ഒന്നു ഞെട്ടിച്ച്‌ കൊണ്ട്‌ ടിക്കറ്റ്‌ കൗണ്ടർ തുറക്കുന്നതറിയിച്ചു കൊണ്ടുള്ള ഇലക്ട്രിക്‌ ബെൽ ശബ്ദിച്ചു. തീയറ്ററുകൾ ഇത്ര പുരോഗമിച്ചിട്ടും മാറാത്ത ഒരു സാധനം. തന്റെ മുഖ ഭാവം മാറിയോ എന്നവൾ ഭയന്നു. ടിക്കറ്റ്‌ കൗണ്ടർ തുറന്ന്‌ ഒരു യുവാവ്‌ പുറത്തു വന്ന്‌ മൈഥിലിയെ നോക്കി.” മീഡിയേന്നുള്ളവർക്ക്‌ താഴെ ഓഫീസിൽ തരും ടിക്കറ്റ്‌… “

മീഡിയയിൽ നിന്നല്ല എന്നവൾ പറഞ്ഞപ്പോൾ സംശയത്തോടെ ഒന്നു നോക്കിയിട്ട്‌ അയാൾ ടിക്കറ്റ്‌ നീട്ടി.

തീയറ്ററിനകത്തേക്ക്‌ നടക്കുമ്പോൾ ടീ ഷർട്ടുകാരനും കൂട്ടുകാരും പിന്നാലെയുണ്ട്‌. അവർ തന്നെ കണ്ടിട്ട്‌ വലിയൊരത്ഭുതം പ്രകടിപ്പിക്കാത്തതിൽ മൈഥിലിക്കെന്തോ അസ്വസ്തത തോന്നി. അരണ്ട വെളിച്ചത്തിലൂടെ സീറ്റിലേക്ക്‌ നടക്കുമ്പോൾ ആരെങ്കിലും തന്നെ അറിയാത്ത മട്ടിൽ മുട്ടാതിരുന്നത്‌ ആ ഇടനാഴിയുടെ വലിപ്പക്കൂടുതൽ കൊണ്ടാണെന്ന്‌ അവൾ കരുതി.

സീറ്റ്‌ നമ്പർ 44. അതിനപ്പുറത്തെ സീറ്റ്‌ ടീ ഷർട്ടിട്ട പയ്യന്റേയും കൂട്ടുകാരുടേയും. സീറ്റിലിരുന്നപ്പോൾ അവൻ പിന്നേയും സൗഹൃദത്തിൽ നോക്കി ചിരിക്കുന്നു. മൈഥിലി സൗഹൃദം നടിച്ചില്ല. സീറ്റു തേടി വന്ന ഒരാൾ അവളെ അടിമുടിയൊന്നു നോക്കിയിട്ട്‌ നിന്ന്‌ ആടുന്നു. അയാളുടെ മുഖത്തെ ചിരിയിൽ പരിഹാസമോ…? അതോ വഷളത്തരമോ.? എന്താണെന്നു തിരിച്ചറിയാൻ അവൾക്കു കഴിയുന്നുണ്ടായിരുന്നില്ല.

“നിക്കണ്ട ചേട്ടാ, സീറ്റ്‌ പിടിക്കാൻ നോക്ക്‌” … അതവനാണ്‌ പറഞ്ഞത്‌… ടീ ഷർട്ടുകാരൻ പയ്യൻ. അയാൾ അവനെ ഒന്നു നോക്കിയിട്ട്‌ അയാളുടെ സീറ്റ്‌ നോക്കി പോയി.

അപ്പോൾ പയ്യൻ മൈഥിലിയെ നൊക്കി പറഞ്ഞു “അയാൾ വെള്ളമാണ്‌… മൈൻഡ്‌ ചെയ്യണ്ട… ഇങ്ങിനെ കുറേ ടീം കാണും…” അവൻ മുഖത്തെ ചിരി അപ്പോഴും സൂക്ഷിക്കുന്നുണ്ടായിരുന്നു. താഴെയുള്ള സീറ്റുകൾക്കപ്പുറത്ത്‌ നിന്ന്‌ ആരോ ആ പയ്യനെ ഉന്നം വച്ചെന്ന പോലെ ‘അളിയന്റെ യോഗം.’എന്ന്‌ നീട്ടി പറയുന്നതു കേട്ടു.

മങ്ങിയ വെളിച്ചത്തിൽ അത്‌ ആരാണെന്ന്‌ കണ്ടില്ല. “നീ പുലിയാണെങ്കി ഇരുട്ടില്‌ മുങ്ങി നിക്കാതെ ഇങ്ങാട്ടടുത്തു വന്നു പറയടാ…”

വെല്ലുവിളിച്ചത്‌ പയ്യന്റെ കൂട്ടുകാരനായിരുന്നു. ആരെങ്കിലും വരുമെന്നോ എന്തെങ്കിലും പ്രശ്നമുണ്ടാകുമെന്നോ അവൾ ഒന്നു ഭയന്നു. പക്ഷേ ഒന്നുമുണ്ടായില്ല. അപ്പോഴാണ്‌ മറു വശത്ത്‌ ഒഴിഞ്ഞു കിടന്ന സീറ്റിന്റെ അവകാശി വന്നത്‌. അലസമായി വസൃതം ധരിച്ച നീണ്ട താടിയുള്ള, കഴുത്തിൽ വലിയ രുദ്രാക്ഷമാലയിട്ട ഒരു യുവാവ്‌.

ടിക്കറ്റിലെ നമ്പറും സീറ്റ്‌ നമ്പറും നോക്കിയിട്ട്‌ അയാൾ പയ്യനെ നോക്കി ചോദിച്ചു, “അപ്പുറത്തോട്ടിരുത്താമോഡേയ്‌…”

മൈഥിലി അതു ഗൗനിച്ചില്ല.

“അവിടിരുന്നോ” പയ്യൻ അയാളോട്‌ പറഞ്ഞു കഴിഞ്ഞു. അടുത്തു വന്നിരുന്നിട്ട്‌ അയാൾ അവളെ ഒന്നു നോക്കി. സിഗരറ്റിന്റേയോ ഗഞ്ചാവിന്റേയോ എന്തോക്കെയോ ഒരു മുഷിഞ്ഞ ഗന്ധം അയാളെ പൊതിഞ്ഞിരുന്നു.

എയർ കണ്ടീഷന്റെ തണുപ്പ്‌ അസഹ്യമായി തോന്നിയിട്ടെന്ന പോലെ കാലുകൾ രണ്ടും തന്റെ സീറ്റിലേക്ക്‌ മടക്കിയൊതുക്കി കയറ്റി വച്ചിട്ട്‌ രണ്ടു കൈകളും അയാൾ കാലുകൾക്കിടയിൽ തിരുകി.

പയ്യനും കൂട്ടുകാരും എന്തൊക്കെയോ സംസാരിക്കുന്നു. അവിടിവിടെ നിന്ന്‌ ചില ചൂളം വിളികൾ… കൂക്കുവിളികൾ… അതൊക്കെ വാതിലടച്ച്‌ ഇരുട്ടു വീണ തീയറ്ററിലെ യുവ പ്രേക്ഷകരുടെ തോന്ന്യാസങ്ങളാണെന്ന്‌ അവൾ തിരിച്ചറിഞ്ഞു.

സ്ക്രീനിൽ വെളിച്ചം വീണു. പ്രൊജക്ടറിൽ നിന്ന്‌ വെള്ളിത്തിരയെ കൈയെത്തിപിടിച്ച പ്രകാശ രശ്മികളിൽ ദൃശ്യങ്ങൾ തെളിഞ്ഞു. ഏന്തൊക്കെയൊ പരസ്യങ്ങൾ. ഒരു സാരീ ഷോറൂമിന്റെ പരസ്യം വന്നപ്പോൾ സാരിയിറക്കിയുടുത്തിരിക്കുന്ന മോഡലിന്റെ പൊക്കിൾ കണ്ടിട്ട്‌ ആരോ ഒരുത്തൻ ഒരു മൂലയിൽ നിന്ന്‌ കാണാത്തതെന്തോ കണ്ടെത്തിയ മട്ടിൽ അതു വിളിച്ചു പറയുന്നു. എവിടെ നിന്നൊക്കെയോ കൂക്കു വിളികൾ ഉയർന്നു.

‘ഇതൊക്കെ എപ്പോഴും സംഭവിക്കുമായിരിക്കും, ഇങ്ങിനെയുള്ളവർ ഉള്ളപ്പോൾ…’ മൈഥിലി മനസിലോർത്തു. അയാളിൽ നിന്നുണ്ടായത്‌ ഒരു രോമാഞ്ചപെടലിന്റെ ശീൽക്കാരമല്ല, മറിച്ച്‌ ഇതൊക്കെ ഞാൻ ആസ്വദിക്കുന്നുണ്ട്‌ എന്നൊരു വിളിച്ചു കൂവലാണെന്ന്‌ അവൾ മനസിലാക്കി.

കൂവലിന്റെ അകമ്പടിയോടെ ടൈറ്റിൽ തെളിഞ്ഞു… പിന്നെ അതേ വാദ്യ മേളത്തിന്റെ അകമ്പടിയോടെ തന്നെ സിനിമ തുടങ്ങി. പയ്യൻ രണ്ടു വട്ടം നാവിനടിയിൽ വിരൽ തിരുകി ചൂളം വിളിച്ചു. എന്നിട്ട്‌ ഒരു ചെറിയ ചമ്മലോടെ അവൻ മൈഥിലിയെ നോക്കി ചിരിച്ചു.

കൗമാരമനസിന്റെ ഈ ആർപ്പുവിളി ഉള്ളിൽ അടക്കി വക്കാനാകില്ല എന്ന്‌ അവൻ നിശബ്ദം പറയുന്നതു പോലെ അവൾക്കു തോന്നി. ടിക്കറ്റെടുത്തിട്ടുള്ള എല്ലാവർക്കും സിനിമ ആസ്വദിക്കണം, അതു കൊണ്ട്‌ മറ്റുള്ളവർക്ക്‌ ശല്യമുണ്ടാക്കരുത്‌ എന്നൊന്നും ആരും ചിന്തിക്കുന്നില്ല. യുവാക്കളുടെ ഈ ആധിപത്യമായിരിക്കണം തീയറ്ററിൽ നിന്ന്‌ കുടുംബ പ്രേക്ഷകരെ അകറ്റി നിർത്തിയിരിക്കുന്നതിന്‌ ഒരു കാരണം എന്നവൾ കണക്കു കൂട്ടി.

അനാവശ്യമായ കൂവലുകളും ചൂളം വിളികളും പലപ്പോഴും ചിത്രത്തിലെ സംഭാഷണങ്ങളെ മുക്കി കൊല്ലുന്നുണ്ടായിരുന്നു. അപ്പുറത്തെ സീറ്റിലെ രുദ്രാക്ഷമാലയിട്ട ചെറുപ്പക്കാരൻ അവാർഡ്‌ കമ്മിറ്റിയിലെ ഒരംഗത്തെ പോലെ ചിത്രം സസൂക്ഷ്മം വീക്ഷിക്കുന്നു.

പയ്യനും കൂട്ടുകാരും ഇടക്കു സംസാരിക്കുന്നുണ്ട്‌. ചിലരുടെയൊക്കെ ഇരുപ്പു കണ്ടാൽ സിനിമ കാണാൻ കയറിയ ഭാവമേയില്ല. അല്ലെങ്കിലും ഈ കൗമാരക്കാർ എന്തിനായിരിക്കും ഈ ചിത്രം കാണാൻ കയറിയിട്ടുണ്ടാകുക…?

അവൾ വെറുതേ ഒന്നു ചിന്തിച്ചു നോക്കി. കാർന്നോന്മാർ കണ്ടിട്ടുള്ള ഒരു ചിത്രം പുന: നിർമിച്ചപ്പോൾ, നിങ്ങൾ കണ്ടതൊക്കെയും ഞങ്ങളും കാണാൻ പോകുന്നുവെന്ന്‌ അവരെ അറിയിക്കാൻ വേണ്ടിയായിരിക്കാം.

അല്ലെങ്കിൽ അങ്ങിനെയൊരു മാനസിക വളർച്ച അവർക്കു മുന്നിലും സമൂഹത്തിനു മുന്നിലും പ്രകടിപ്പിക്കാൻ വേണ്ടി. ചിലതൊക്കെ ഒളിഞ്ഞു മാത്രം കാണാനുള്ള സാഹചര്യം സൃഷ്ടിച്ച സമൂഹത്തോടുള്ള ഒരു വെല്ലി വിളി കൂടെയായിട്ടായിരിക്കും അവർ ഇന്നിവിടെ ധൈര്യമായി വന്നിരിക്കുന്നത്‌.

ഒരു പക്ഷെ ചിത്രത്തിന്റെ നിർമാതാവും അങ്ങിനെയൊരു ചൂഷണത്തിനുള്ള സാഹചര്യം മനസിൽ കണ്ടിരിക്കണം. അത്ര പഴയതല്ലാത്ത ഒരു കാലഘട്ടമാണ്‌ ചിത്രത്തിൽ പുനരാവിഷ്കരിച്ചിരിക്കുന്നതെങ്കിലും, നായികയുടെ അഴകില്ലാത്ത ശരീര ഘടനയിലെന്ന പോലെ തന്നെ ചിലതൊക്കെ ആകർഷണീയതയില്ലാതെ അവിടിവിടെ മുഴച്ചു നില്ക്കുന്നു എന്നവൾക്കു തോന്നി.

യുവപ്രേക്ഷകരെ ആകർഷിക്കുന്ന ഒരു സാധാരണ വാണിജ്യ ചിത്രത്തിലുണ്ടാകാവുന്ന അശ്ലീലം നിറഞ്ഞ ഗാനരംഗങ്ങൾ പോലുമില്ലാതെ ഇടവേള വരെ ചിത്രം ഓടിയതിൽ പലരും നിരാശരായിരുന്നു.

“ചേച്ചി പുറത്തോട്ടുണ്ടോ…?” പയ്യൻസ്‌ പുറത്തേക്കു നടക്കുമ്പോൾ ചോദിക്കാൻ മറന്നില്ല. ഇല്ലെന്ന്‌ അവൾ തലയാട്ടി. മിക്കവാറും പേർ സീറ്റിൽ നിന്ന്‌ ആർത്തി പിടിച്ചതു പോലെ പുറത്തേക്കോടുകയായിരുന്നു. അത്ര നേരം ആർപ്പു വിളിച്ചതിന്റെ ക്ഷീണം ശുദ്ദവായു ശ്വസിച്ച്‌ തീർക്കാനുള്ള തിടുക്കമായിരിക്കാം. അപ്പുറത്തിരുന്നയാൾക്ക്‌ വലിക്കാൻ ഉള്ള ധൃതിയായിരിക്കും എന്നവൾ ഊഹിച്ചു.

പെട്ടെന്ന്‌ മൊബൈൽ ശബ്ദിച്ചു. വിളിച്ചത്‌ നിരോഷയായിരുന്നു. സംസാരിക്കുമ്പോൾ നിരോഷ തന്നെയോർത്ത്‌ വേവലാതിപ്പെടുന്നുവെന്ന്‌ മൈഥിലിക്ക്‌ തോന്നി. ചിത്രം തീരുമ്പോഴേക്കും അവൾ വരുമെന്ന്‌ ഒരു ധൈര്യപെടുത്തൽ പോലെയാണ്‌ പറഞ്ഞത്‌. ഫോൺ കട്ട്‌ ചെയ്തിട്ട്‌ നോക്കുമ്പോൾ സ്ക്രീനിൽ അന്യഭാഷാ ചിത്രങ്ങളുടെ ട്രെയിലർ കാണിക്കുന്നു.

പുറത്തു പോകാതെ ഇരുന്നവർ അതിൽ മുഴുകിയിരിക്കുകയാണ്. അവർ അതൊക്കെ ആസ്വദിക്കാൻ പുറത്തേക്കു പോകാതിരുന്നതായിരിക്കാം എന്ന്‌ അവൾ ഊഹിച്ചു. ബാഗിൽ നിന്ന്‌ കുപ്പിയെടുത്ത്‌ ഒരു കവിൾ വെള്ളം കുടിച്ചപ്പോഴേക്കും പയ്യൻസും സംഘവും തിരിച്ചെത്തി. സീറ്റിലിരുന്നിട്ട്‌ ഒരു പോപ്‌ കോൺ പാക്കറ്റ്‌ അവൻ മൈഥിലിക്കു നെരേ നീട്ടി.

നിരസിക്കാൻ തുനിഞ്ഞപ്പോൾ അവൻ പറഞ്ഞു “വെറുതെയല്ല ചേച്ചി… ഒരിരുപതു രൂപ തന്നേക്ക്‌…” അപ്പോഴാണ്‌ അവന്റെ കൈയിൽ രണ്ടു പായ്കറ്റ്‌ ഇരിക്കുന്നത്‌ അവൾ ശ്രദ്ദിച്ചത്‌. പണം എടുത്ത്‌ കൊടുത്തിട്ട്‌ അതു വാങ്ങുമ്പോൾ അവൾ താങ്ക്സ്‌ പറഞ്ഞു.

പേരു പോലും ചോദിക്കാതെ, വലിയ പരിചയപ്പെടൽ ഇല്ലാതെ അവൻ കാണിക്കുന്ന സൗഹൃദത്തിനു നെരേ മുഖം തിരിക്കണ്ട എന്നു തോന്നിയതു കൊണ്ടു മാത്രമാണ്‌ അവൾ അങ്ങിനെ ചെയ്തത്‌.

കൂട്ടുകാരുമായി സംസാരിക്കുന്നതിനിടയിൽ പയ്യൻസ്‌ അവളുടെ നെരെ നോക്കി പറഞ്ഞു… “ചേച്ചി പടം കാണാൻ വന്നത്‌ ഇവിടെ ആയതു കൊണ്ട്‌ പ്രശ്നമില്ല… ടൗണിൽ നിന്ന്‌ മാറിയുള്ള തീയറ്ററിലാണെങ്കിൽ ഏതു പടമായാലും മൊത്തം അലമ്പാണ്‌… അത്‌ നമ്മുടെ സ്വന്തം നാട്ടിലാണെട്ടോ…”

അവൻ അതു പറഞ്ഞപ്പോൾ അവൾ ചിരിച്ചു. കൂടുതൽ എന്തെങ്കിലും അവൻ സംസാരിക്കും എന്നു കരുതിയെങ്കിലും അതുണ്ടായില്ല. അവൻ സുഹൃത്തുക്കളോട്‌ സംസാരിക്കുകയും ചിത്രം തുടങ്ങിയപ്പോൾ അതിലേക്ക്‌ ശ്രദ്ദ തിരിക്കുകയും ചെയ്തു.

സിനിമ മുന്നോട്ട്‌ പോകുന്നതിനിടയിൽ മൈഥിലി ആ പയ്യനെക്കുറിച്ച്‌ ഓർത്തു. അവൻ തന്നെക്കുറിച്ച്‌ ഒന്നും ചോദിച്ചില്ല. തിരിച്ച്‌ അവനോടും ഒന്നും തിരക്കിയില്ല. എന്നിട്ടും അവൻ ഒരു ശല്യമില്ലാത്ത സൗഹൃദം കാണിക്കുന്നു. സമൂഹത്തിൽ ചിലപ്പോൾ ഇങ്ങിനെ ചിലരെ കണ്ടുമുട്ടും.

ചില യാത്രകളിൽ, അല്ലെങ്കിൽ മുഷിയുന്ന കാത്തിരുപ്പുകളിൽ ഒക്കെ. ഇങ്ങിനെ സൗഹൃദം കാണിക്കുകയും സഹായഹസ്തം നീട്ടുകയും ചെയ്യുന്നവരാണ്‌ സമൂഹത്തിലെ നന്മയെ പ്രതിനിധീകരിക്കുന്നത്‌.

സുഗന്ധി ടീച്ചർ എപ്പോഴും പറയുന്നത്‌ അവൾ ഓർത്തു,” സമൂഹം എല്ലാക്കാര്യങ്ങളിലും ഒരേ തരത്തിൽ ചിന്തിക്കുന്നവരുടേതായിരിക്കില്ല, ഒരിക്കലും അങ്ങിനെ ആകാനും ബുദ്ധിമുട്ടാണ്‌.

സഹജീവികൾക്ക്‌ ദോഷകരമായ ചിന്താഗതികളും പ്രവൃത്തികളുമായി മുന്നോട്ട്‌ പോകുന്നവരെ അതിൽ നിന്നു പിന്തിരിപ്പിക്കാൻ അതേ സമൂഹത്തിലെ മറ്റുള്ളവരെ പ്രാപ്തരാക്കുകയാണ്‌ വേണ്ടത്‌. അല്ലാതെ ഒരിക്കലും ചിലരുടെ മാത്രം ചെയ്തികൾ നോക്കി കണ്ടിട്ട്‌ സമൂഹത്തെ മുഴുവനായി വിമർശിക്കുകയോ, പഴിക്കുകയോ അല്ല വേണ്ടത്‌. “

ആ പയ്യൻ പറഞ്ഞ അവന്റെ നാട്ടിലെ തീയറ്റർ അവൾ മനസിൽ കണ്ടു നോക്കി. അവനെ പോലും അത്‌ അലോരസപ്പെടുത്തിയെങ്കിൽ എത്ര മോശമായിരിക്കും അവിടുത്തെ അവസ്ഥ. കുറച്ചു പേരുടെ പ്രവൃത്തി ഒരു സമൂഹത്തെ മുഴുവൻ പ്രതിക്കൂട്ടിലാക്കുന്നത്‌ അവർ തിരിച്ചറിയുന്നില്ലല്ലോ.

സമൂഹത്തിലെ പല കാര്യങ്ങളും ഒരു ചലച്ചിത്ര കഥയിലേതു പോലെയാണെന്ന്‌ അവൾക്ക്‌ തോന്നി. സമൂഹത്തിന്റെ ചില കോണിൽ നിന്നു മാത്രമുള്ള ചിലരുടെ അനാരോഗ്യകരമായ വാദഗതികളോ വീക്ഷണങ്ങളോ സമൂഹത്തിന്റെ മൊത്തമായ ആശയമോ ആഗ്രഹമോ ആക്കി ചിത്രീകരിക്കുമ്പോൾ തന്നെ, പലപ്പോഴും നല്ല ആശയങ്ങളും ദർശനങ്ങളും തിരസ്കരിക്കപ്പെടുന്നുമുണ്ട്‌.

ആ അവസ്ഥയുടെ കാരണങ്ങൾ കണ്ടെത്തി പ്രതികരിക്കുന്നതിനു പകരം ഭീകര കഥകൾ പ്രചരിപ്പിക്കാനാണ്‌ പലർക്കും താൽപര്യം. ഒന്നിനോടും പ്രതികരിക്കാതെ എപ്പോഴും ഞെട്ടൽ പ്രകടിപ്പിക്കുന്നവരും, യഥാർത്ഥ ചിത്രം തേടി പോകാൻ ധൈര്യമില്ലാത്തവരും ആണ്‌ സമൂഹത്തിന്റെ ശാപം എന്ന്‌ അവൾക്ക്‌ തോന്നി.

പ്രതികരിക്കാൻ മാത്രമല്ല തയ്യാറാകേണ്ടത്‌, പരീക്ഷണങ്ങൾക്കു കൂടി മുന്നിട്ടിറങ്ങണം. ആരേയും നിർബന്ധിക്കുന്നതിനേക്കാൾ നല്ലത്‌ സ്വയം മാറുന്നതാണ്‌. അന്ധമായ ചട്ടക്കൂടിൽ നിൽക്കുന്ന ഒരു സമൂഹം അനുവദിക്കാത്ത കാര്യങ്ങൾ എന്തായിരുന്നാലും, അത്‌ സ്വന്തം ജീവിതത്തിൽ പ്രാവൃത്തികമാക്കി കാണിക്കണം. ആശയങ്ങൾ നല്ലതെന്നും ഗുണത്തിനെന്നും തിരിച്ചറിയുമ്പോൾ സമൂഹവും ഒപ്പം ചേർന്നു കൊള്ളും.

മൈഥിലിക്ക്‌ ഇപ്പോൾ ഒരു പേടിയോ ധൈര്യക്കുറവോ തോന്നുന്നില്ല. ചിന്തകളുടെ ആധിക്യത്താൽ ചിത്രത്തിന്റെ പല ഭാഗങ്ങളും ശ്രദ്ധിക്കാൻ അവൾക്ക്‌ കഴിഞ്ഞില്ല. അവസാന രംഗത്തിലെ പപ്പുവിന്റെ നിലവിളിയും കാണികളുടെ കൂക്കുവിളികളിൽ അലിഞ്ഞു പോയി.

അകത്തെ ഇരുട്ടിൽ നിന്ന്‌ പുറത്തെ വെളിച്ചത്തിലേക്ക്‌ ഇറങ്ങുമ്പോൾ തോളിൽ ആരോ മുട്ടിയതിൽ അസ്വഭാവികതയുള്ളതായി അവൾക്ക്‌ തോന്നിയില്ല. “ചേച്ചിയേ… കാണാട്ടോ…” പയ്യൻസ്‌ കൈ വീശിയപ്പോൾ അവനു നേരെ ചിരിക്കാൻ മറന്നില്ല. ഷോ കഴിഞ്ഞിറങ്ങുന്ന പ്രേക്ഷകരെ കാത്ത്‌ നില്ക്കുന്ന ചാനൽ ക്യാമറകൾ അവൾ ശ്രദ്ദിച്ചു.

നിരോഷ കൈയുയർത്തി. അടുത്തു ചെന്നപ്പോൾ തോളിൽ തട്ടിയിട്ട്‌ അവൾ ചെവിയിൽ ചൊദിച്ചു, “എന്തെങ്കിലും പ്രശ്നമുണ്ടായോ…?”

അങ്ങിനൊരു സ്റ്റോറിക്ക്‌ സ്കോപ്പില്ലെന്ന്‌ പറഞ്ഞപ്പോൾ അവൾ ചിരിച്ചു. ക്യാമറയുടെ ഫ്രെയിമിൽ മൈഥിലിയെ നിർത്തിയിട്ട്‌ നിരോഷ ക്യാമറയെ നോക്കി പറഞ്ഞു, “പ്രേക്ഷകർക്കിടയിൽ ആൺ പെൺ വ്യത്യാസമില്ല, ഇവിടെ പ്രേക്ഷകർ മാത്രമേയുള്ളൂ എന്നു സധൈര്യം പറഞ്ഞ്‌ കൊണ്ട്‌ ചിത്രം കാണാനെത്തിയ മൈഥിലിയാണ്‌ ഇന്നു ഫിലിം റിവ്യൂയിലെ നമ്മുടെ അതിഥി. മൈഥിലിക്ക്‌ എന്താണ്‌ പറയാനുള്ളതെന്ന്‌ കേൾക്കാം.”

നിരോഷ മൈക്ക്‌ നീട്ടിയപ്പോൾ, ഫേസ്‌ ബുക്കിൽ പോസ്റ്റ്‌ ചെയ്ത സ്റ്ററ്റാസിന്‌ കിട്ടിയ ലൈക്കുകളുടെ എണ്ണം വർദ്ധിച്ചിരിക്കുന്നതു കണ്ട സന്തോഷത്തോടെ ടാബ്‌ ഫോണിൽ നിന്ന്‌ മുഖമുയർത്തി മൈഥിലി ക്യാമറയെ നോക്കി സംസാരിക്കാൻ തുടങ്ങി.

 

–

അനൂപ്‌ ശാന്തകുമാർ
-2011 നവംബർ 19-

Related

Post navigation

Previous post
Next post

Anoop Santhakumar

A graphic designer by profession, having found a hobby in writing and photography. In this blog I would like to share my Short stories & Photographs along with a little information with it.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Popular Posts

  • Malayalam Short Story, Short Story, Short Stories, Cherukatha, Cherukathakal, Malayalam Novel, Malayalam Book Online, Short Story Online, Online Short Story, Malayalam Cherukathakal, Kathakal, Malayalam Kathakal, മലയാളം ചെറുകഥകൾ, ചെറുകഥകൾ
    ധ്വനിക – വാക്കിന്റെ കഷണം
  • malayalam crime thriller, malayalam short story, malayalam thriller, malayalam detective story, malayalam kathakal, malayalam story, malayalam thriller story, malayalam police story, malayalam kathakal, malayalam katha, malayalam suspense thriller, malayalam crime thriller novel, malayalam novel, crime thriller, detective stories, detective story, malayalam story, malayalam short story latest, malayalam short story online, malayalam short story read online, malayalam free short stories, online malayalam short story, online malayalam novel, malayalam horror stories, malayalam pretha kathakal, pretha kathakal
    പുസ്തകത്തിലെ പ്രേതം
  • malayalam crime thriller, malayalam short story, malayalam thriller, malayalam detective story, malayalam kathakal, malayalam story, malayalam thriller story, malayalam police story, malayalam kathakal, malayalam katha, malayalam suspense thriller, malayalam crime thriller novel, malayalam novel, crime thriller, detective stories, detective story, malayalam story, malayalam short story latest, malayalam short story online, malayalam short story read online, malayalam free short stories, online malayalam short story, online malayalam novel, malayalam horror stories, malayalam pretha kathakal, pretha kathakal
    ഓട്ടോറിക്ഷയിലെ പ്രേതം

Latest Posts

  • kodungallur bharani, kodungallur bharani pattu image, kodungallur bharani photos, kodungallur bharani festival, kodungallur bharani pattu photo, kodungallur bharani history, kodungallur bharani song photo, kodungallur bharani uthsavam, kodungallur meena bharani, kodungallur amma bharani, kodungallur meena, harani photos, kodungalloor kavutheendal image, kodungalloor kavutheendal, kodungalloor uthsavam, kodungalloor temple, kodungalloor komaram, kodungalloor komarangal, kodungalloor velichappadu, velichappadu, oracle
    കൊടുങ്ങല്ലൂർ ഭരണി – കോമരങ്ങളുടെ ഉത്സവം
  • birds of Kerala, list of birds of Kerala, Birds of India, List of birds of India, Indian birds, Kerala birds, birds Kerala, India birds, Birds India, Thattakkad birds,
    Birds of Kerala
  • Feature
  • Flash Fiction
  • Greeting Cards
  • Photo Feature
  • Photography
  • Short Film
  • Short Story
  • Spot Story
  • Uncategorized
anoop santhakumar, anoop
waybayme

waybayme briefing stories and sharing pics captured during the moments of exploration

Instagram @anoopsanthakumar

anoop, anoop santhakumar, anoop s, director anoop
anoop, anoop santhakumar, anoop s, director anoop
anoop, anoop santhakumar, anoop s, director anoop
anoop, anoop santhakumar, anoop s, director anoop
anoop, anoop santhakumar, anoop s, director anoop
anoop, anoop santhakumar, anoop s, director anoop
anoop, anoop santhakumar, anoop s, director anoop
anoop, anoop santhakumar, anoop s, director anoop
anoop, anoop santhakumar, anoop s, director anoop
Follow @anoopsanthakumar

Love Quotes

  • Instagram
  • Facebook
  • Twitter
Copyright waybayme@2023