സുഖമല്ലേ…?
അതൊരു സാധാരണ ചോദ്യമാണ്… അല്ലേ…? ബന്ധുക്കളെന്നോ സുഹൃത്തുക്കളെന്നോ സഹപ്രവർത്തകരെന്നോ അങ്ങനെ പ്രത്യേകിച്ച് വേർതിരിവൊന്നുമില്ലാതെ നമ്മുടെ സഹജീവികളോട് നാം നടത്തുന്ന ഒരു കുശലാന്വേഷണം…!!
സുഖം…! അങ്ങനൊരു മറുപടി കേൾക്കാനാണ് നമുക്കിഷ്ടം… അല്ലെങ്കിൽ നാം അതാണ് പ്രതീക്ഷിക്കുന്നത്…
മറ്റൊന്നു കൂടിയുണ്ട്, അങ്ങനൊരുത്തരം നൽകുമെന്ന് ഉറപ്പുള്ളവരോടാണ് പലപ്പോഴും അങ്ങനെയൊരന്വേഷണം നടത്തുക…
മറിച്ചൊരുത്തരമുണ്ടാകുമെന്ന് തോന്നിയാൽ നാം എത്ര സൂത്രത്തിലാവും പലപ്പോഴും അത്തരമൊരു ചോദ്യം ഒഴിവാക്കുക…! പക്ഷേ അതൊരു സൂത്രമല്ല കേട്ടോ… സുഖമല്ലേ, എന്ന ചോദ്യം വേദനിപ്പിക്കുന്ന ചിലരുണ്ട്… അവരോടുള്ള കരുതൽ കൂടിയാണ് ആ കുശലാന്വേഷണം ഒഴിവാക്കൽ.
ചോദിക്കണം എന്നുണ്ടായിട്ടും നമുക്ക് ചോദിക്കാൻ കഴിയാതെ പോകുന്ന ചോദ്യമാകുമ്പോഴാണ് ‘സുഖമല്ലേ’ നമ്മെ കൂടുതൽ വേദനിപ്പിക്കുക.
എന്തൊരവസ്ഥയാണത്…!!
നിങ്ങൾ ജീവിതവഴിയിൽ കൈവിട്ടുകളഞ്ഞ പ്രണയം, അല്ലെങ്കിൽ സൗഹൃദം എത്ര കാലം കഴിഞ്ഞായാലും നിങ്ങൾക്ക് മുന്നിൽ ആൾരൂപമായി വന്നു നിൽക്കുമ്പോൾ, ആ മുഖത്ത് നോക്കി നിങ്ങൾക്ക് ചോദിക്കാനാവുമോ സുഖമല്ലേ എന്ന്…?
പലപ്പോഴും അതിനു കഴിയാറില്ല… ഇടറിപ്പോകുന്ന ഒരു ശബ്ദശകലമോ, ഒരു വാക്കോ ഉണ്ടായേക്കുമോയെന്ന് നിങ്ങൾ സംശയിക്കും… അങ്ങനെയാകുമ്പോൾ അതൊരു പ്രതിസന്ധി സൃഷ്ടിക്കുന്ന ചോദ്യമാണ്…
എങ്കിലും സുഖം എന്നൊരു മറുപടി കേൾക്കാൻ ആഗ്രഹിച്ച്, ചോദിക്കണം എന്നുണ്ടായിട്ടും ചോദിക്കാനാകാതെ പോകുന്ന എത്ര സുഖാന്വേഷണങ്ങൾ ആരുടെയൊക്കെ ഉള്ളിൽ ഉറങ്ങുന്നുണ്ടാകണം…!
നാം തിരിഞ്ഞു നടന്നപ്പോൾ പിന്നിലായിപ്പോയവരോട്… നമ്മെ ഒറ്റയ്ക്ക് നിർത്തി അകലേയ്ക്ക് പോയി മറഞ്ഞവരോട്… അങ്ങനെ ആരോടൊക്കെയോ ഉള്ള അന്വേഷണങ്ങൾ നാം ഉള്ളിൽ കരുതുന്നുണ്ട്…
എന്റെ ജീവിതത്തിലും അങ്ങനെ ചില മുഖങ്ങൾ ഉണ്ട്… കാണുമ്പോൾ സുഖമല്ലേ എന്ന് തിരക്കാനും, നിറഞ്ഞ പുഞ്ചിരിയോടെ ‘അതെ… സുഖം…’ എന്ന രണ്ട് വാക്കുകൾ പറഞ്ഞു കേൾക്കണമെന്ന് ആഗ്രഹിയ്ക്കുന്ന ചില മുഖങ്ങൾ…
അതിലൊന്ന് അരുന്ധതിയുടേതാണ്… ആരു എന്നു വിളിച്ചിരുന്ന, ഞാൻ ഒരിയ്ക്കൽ പോലും നേരിൽ കാണാത്ത അരുന്ധതി…!!
എന്റെ ബ്ളോഗ് കഥകളിലൂടെ സഞ്ചരിച്ച്, ഓർക്കുട്ട് ചാറ്റിന്റെ കിളിവാതിലിൽ വന്നു മുട്ടി വിളിച്ച അരുന്ധതി.
ആരാണ്…? എന്ന എന്റെ ചോദ്യത്തിന്,
“ആരു നീ അരുന്ധതീ,
ഏതന്ധകാരത്തിൽ നിന്നിന്നു നീ
ഈ കിളിവാതിൽ കടന്നു വന്നു…?
എന്നു ചോദിക്കൂ മഹാനുഭവാ…”
എന്ന കാവ്യരൂപത്തിലുള്ള വാക്കുകളായിരുന്നു മറുപടി…
ശരിയ്ക്കും അത്ഭുതപ്പെടുത്തിക്കളഞ്ഞു… ഭാഷാ ക്ളാസുകളിലെ അദ്ധ്യാപകർ പാഠഭാഗങ്ങളിൽ നിന്ന് വായിച്ചു കേൾപ്പിച്ചിരുന്ന ഭാഷ ആദ്യമായി ജീവിതത്തിൽ ഒരാളിൽ നിന്ന് കേൾക്കുന്നു… അല്ല, കാണുന്നു…
പിന്നീടങ്ങോട് ഒരാഴ്ച കൊണ്ട് ആരു, ആരോ ഒരാളിൽ നിന്ന് ഒരു സുഹൃത്തായി മാറി… കവിതകൾ എഴുതുന്ന… നന്നായി പാടുന്ന ഒരു മിടുക്കി…
ആ ആഴ്ചയിലെ ഏഴുദിവസങ്ങളിൽ അവൾ എന്നെ അവളുടെ ജീവിതത്തിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയി…
ശാഠ്യക്കാരനായ കാമുകന്റെ പിടിവാശികളെക്കുറിച്ച്… ഓഫീസിലെ തിരക്കുകളെക്കുറിച്ച്… തന്റെ കുടുംബാംഗങ്ങളെക്കുറിച്ച് ഒക്കെയുള്ള വിശേഷങ്ങൾ ഒരു കഥപോലെ എന്റെ ചാറ്റ് ബോക്സിൽ വന്നു പോയി…
അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നം അവളുടെ ബന്ധു കൂടിയായ കാമുകന്റെ വാശികളായിരുന്നു എന്നെനിയ്ക്ക് തോന്നി… അതിനോട് തന്നെത്തന്നെ പൊരുത്തപ്പെടുത്താൻ ശ്രമിയ്ക്കുന്ന അവൾക്ക് ഒരു സപ്പോർട്ട് ആണ് അവൾ എന്നിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് ഒരിയ്ക്കൽ പറഞ്ഞു…
എനിക്കതിൽ അത്ഭുതം തോന്നി… ഒരിയ്ക്കലും കാണാത്ത, അറിയാത്ത ഒരാളെ ഒരു പെൺകുട്ടി തന്റെ സ്വകാര്യതയിലേയ്ക്ക് കൂട്ടിക്കൊണ്ട് പോകുന്നു… അതിൽ ആ കുട്ടി സുരക്ഷിതത്വം കണ്ടെത്തുന്നുണ്ടെന്ന് എനിയ്ക്ക് തോന്നി… ആ സമയം ഞാൻ ഒരു പ്രവാസിയാണ്… കടലിനക്കരെ നിന്ന് ഒരാൾ, തുറന്നിട്ട ചാറ്റ് ബോക്സിലൂടെ തന്റെ സ്വകാര്യതയേയോ, സ്വാതന്ത്ര്യത്തെയോ ഹനിക്കുവാൻ മുതിരില്ല എന്നൊരു ആത്മവിശ്വാസം അവൾക്കുണ്ടായിരുന്നിരിയ്ക്കണം.
എന്തുമാകട്ടേ, ഒരു ദിവസം ആരു പറഞ്ഞു, “ഒരു തുള്ളി കണ്ണുനീരുമായി വന്ന എന്റെ കണ്ണുകളിൽ നീയൊരു മഴവില്ല് വച്ചു തന്നിരിയ്ക്കുന്നു…”
അതിനുമുൻപൊരു ദിവസം തന്റെ പ്രൊഫൈൽ പിക്ചർ മാറ്റുവാൻ നല്ലൊരു പടം ചോദിച്ചപ്പോൾ, ഭംഗിയുള്ള കണ്ണിൽ മയിൽപ്പീലിക്കണ്ൺ വച്ച ഒരു ഡിജിറ്റൽ ഡിസൈൻ ഞാനവൾക്ക് കൊടുത്തിരുന്നു… പതിവു പോലെ അവൾ അതിനെക്കുറിച്ച് വർണിച്ചതായേ എനിക്ക് തോന്നിയുള്ളൂ…
പക്ഷേ എന്തോ അതിലൊരു അസ്വഭാവികത തോന്നി… ഒന്നു സംശയിക്കുന്നതിനിടയിൽ, ചാറ്റ് ബോക്സിൽ അടുത്ത വരി വന്നു കഴിഞ്ഞു… “നിന്റെ ജീവിതത്തിലേയ്ക്ക് എന്നെ കൂട്ടാമോ…?”
ഒരു തമാശയായിട്ടാണ് അതെനിയ്ക്ക് തോന്നിയത്… പക്ഷേ അതങ്ങനെ ആയിരുന്നില്ല…
ഒരു മാസത്തെ പരിചയം പോലുമില്ലാത്ത, തന്നെക്കാൾ 11 വയസു കൂടുതലുള്ള ഒരാളോട് അവൾ ചോദിയ്ക്കുമെന്ന് ഒരിയ്ക്കലും പ്രതീക്ഷിക്കാത്ത ചോദ്യമായിരുന്നു അത്…
അതൊരിയ്ക്കലും നടക്കില്ലെന്ന്, അവൾക്ക് ബോധ്യമാകുന്ന വിധം കാരണങ്ങൾ നിരത്തി ആദ്യവട്ടം തന്നെ വ്യക്തമാക്കി…
എന്നിട്ടും, ആ ചോദ്യം പിന്നീടങ്ങോട്ട് പരസ്പരം കൂടുതൽ മുറിവേൽപ്പിയ്ക്കുന്ന വിധം അരുന്ധതി ആവർത്തിച്ചപ്പോൾ അതിനുള്ള ഇട നൽകാതിരിക്കാനുള്ള മാർഗം തേടി…
എന്നാൽ, എത്ര അകന്നു മാറാൻ ശ്രമിക്കുമ്പോഴും അവൾ പലവഴികളിലൂടെ എന്നിലേയ്ക്കെത്തിക്കൊണ്ടിരുന്നു… ബ്ളോക്ക് ചെയ്യപ്പെട്ട ഓർക്കുട്ടിൽ നിന്ന്, ഗൂഗിൾ ടോക്കിലൂടെ, പിന്നെ സ്കൈപ്പിലൂടെ… എല്ലായിടത്തും ഞാൻ അവൾക്കു മുന്നിൽ വാതിൽ അടച്ചു കളഞ്ഞു…
പിന്നീട് അവൾ എനിയ്ക്ക് മെയിൽ ചെയ്യാൻ തുടങ്ങി… ആദ്യം ആഴ്ചയിൽ ഒന്നോ രണ്ടോ… പിന്നെ അതു കുറഞ്ഞ്, മാസത്തിൽ ഒന്നോ രണ്ടോ ആയി ചുരുങ്ങി… പിന്നെ അരുന്ധതിയേക്കുറിച്ച് ഒരു വിവരവും ഇല്ലാതായി…
6 വർഷങ്ങൾക്ക് ശേഷം ഒരു രാത്രി എന്റെ ഫേസ്ബുക്ക് മെസ്സെഞ്ചറിൽ അരുന്ധതിയുടെ ഒരു മെസേജ് വന്നു…
“സുഖമല്ലേ…?” യാതൊരു മുഖവുരയുമില്ലാതെ അവൾ ചോദിച്ചു…
“അതെ” എന്ന ഉത്തരത്തിന്, ‘ഒരുപാട് സന്തോഷമായി’ എന്നു പറഞ്ഞ് ആ രണ്ടു വാക്കുകളിൽ ചാറ്റ് അവസാനിപ്പിച്ചു…
തികച്ചും അപ്രതീക്ഷിതമായ ഒരു സംഭവം… സത്യത്തിൽ ഒന്നു ഞെട്ടി എന്നു പറയുന്നതാവും ശരി… പിന്നെ അതു മറന്നു കളഞ്ഞു…
മാസങ്ങൾക്കിപ്പുറം, ഫേസ്ബുക്കിൽ ഫ്രണ്ട് സജഷനായി അരുന്ധതിയുടെ പ്രൊഫൈൽ കണ്ടു… വെറുതെ ഞാൻ അവളുടെ പ്രൊഫൈൽ നോക്കി… DPയിൽ അരുന്ധതിയുടെ വിവാഹ ഫോട്ടോ… വിവാഹത്തിന്റെ മറ്റ് ചില ചിത്രങ്ങൾ കൂടി വാളിൽ പബ്ളിക് ആയി പോസ്റ്റ് ചെയ്തിരുന്നു… സന്തോഷം തോന്നി…
അതിലെ വിവാഹ തീയതി ഞാൻ ശ്രദ്ധിച്ചു…
അരുന്ധതി എന്നോട് മെസെഞ്ചറിൽ വന്ന് സുഖമല്ലേ എന്നു തിരക്കിയത്, അവളുടെ വിവാഹത്തിന്റെ തലേന്ന് രാത്രിയിലാണ്…!
ഒരു നിമിഷം, അത്രനാൾ എനിയ്ക്ക് തോന്നാതിരുന്ന എന്തോ ഒരസ്വസ്ഥത എന്നെ ബാധിയ്ക്കുന്നത് ഞാനറിഞ്ഞു… അതെന്നെ പിന്നീട് കുറച്ചു ദിവസം വല്ലാതെ വരിഞ്ഞു മുറുക്കുന്നതായി തോന്നി…
നന്നായി ചിരിച്ച് തന്റെ ഭർത്താവിനൊപ്പം നിൽക്കുന്ന അരുന്ധതിയുടെ ഫേസ്ബുക്കിലെ ഫോട്ടോയിൽ നോക്കി, ഒരു രാത്രി അവളോടെന്ന പോലെ “സുഖമല്ലേ കുട്ടീ” എന്ന് ഞാൻ പലയാവർത്തി ചോദിച്ചു…
ഒരുറക്കത്തിന്റെയൊടുവിൽ ആ അസ്വസ്ഥതയും എന്നെ വിട്ടു പോയി.
എന്നെങ്കിലുമൊരിയ്ക്കൽ അരുന്ധതിയെ കണ്ടാൽ എനിയ്ക്കു ചോദിയ്ക്കണം… “സുഖമല്ലേ…?” എന്ന്
എന്നോട് കുശലാന്വേഷണം നടത്തിയ ആ രാത്രി അവളോട് തിരികെ ചോദിക്കാതിരുന്ന ചോദ്യം…
ഒരു കടമായി മനസിൽ അവശേഷിക്കുന്ന ചോദ്യം… “സുഖമല്ലേ…?”
—-
അനൂപ് ശാന്തകുമാർ
-2020 ആഗസ്റ്റ് 20-