നീലവാക പൂക്കുമ്പോൾ, ഭൂമിയിലെ വസന്തത്തിന് നിറം നീലയാകും. കേരളത്തിൽ നീലവസന്തത്തിന്റെ നയനാനന്ദകരമായ കാഴ്ച ആസ്വദിക്കണമെങ്കിൽ മൂന്നാറിൽ എത്തണം. പച്ചവിരിച്ച തേയിലത്തോട്ടങ്ങളുടെ നീലാകാശത്തിനു കീഴിൽ നീലപ്പൂക്കൾ വിടർത്തി നിൽക്കുന്ന നീലവാകമരങ്ങൾ (Jacaranda). മറയൂരും വാഗവരയിലുമാണ് കൂടുതലായി നീലവാക കാണാനാകുക.
നീലവാക അഥവാ ജക്കറാൻഡ തെക്കേ അമേരിക്കയിൽ നിന്ന് ഏഷ്യൻ രാജ്യങ്ങളിൽ എത്തിയ മരമാണ്. ബ്രിട്ടീഷുകാർ ഇൻഡ്യയിലെത്തിയപ്പോൾ അവർ വഴി നീലവാക മൂന്നാറിലും എത്തി. ജനവരി തുടങ്ങി ഏപ്രിൽ അവസാനം വരെയാണ് നീലവാക നീലവസന്തം വിടർത്തി നിൽക്കുക.
നീലവാകയുടെ ഉത്ഭവത്തെക്കുറിച്ച് കൗതുകകരമായ ഒരു അമേരിക്കൻ നാടോടിക്കഥയുണ്ട്. പണ്ട് പണ്ടൊരിക്കൽ സ്വർഗത്തിൽ നിന്ന് ഭൂമിയിലെ സുന്ദരമായ കാഴ്ചകൾ കാണാൻ മൂന്നു മാലാഖമാരെത്തി. റെഡിമ (Redima), ഗ്രീനറിയ (Greenaria), ലാവെൻഡെരിന (Lavenderina) എന്നിങ്ങനെയായിരുന്നു ആ മാലാഖമാരുടെ പേരുകൾ.
അവരങ്ങനെ ഭൂമിയാകെ പറന്ന് പറന്ന് മനോഹരമായ കാഴ്ചകൾ കാണുന്നതിനിടയിൽ കൗതുകമുണർത്തുന്ന ഒരു കാഴ്ച കണ്ടു. കൈയിലെ മാന്ത്രികവടി കൊണ്ട് പഞ്ഞിക്കെട്ടുകൾക്ക് ജീവൻ കൊടുത്ത് ഒരു യുവാവ് അവയെ നടത്തിക്കൊണ്ട് പോകുന്നു. മാലാഖമാർക്ക് അത്ഭുതമായി. യഥാർത്ഥത്തിൽ ചെമ്മരിയാടുകളെ തെളിച്ച് കൊണ്ട് പോകുന്ന ഒരു ആട്ടിടയനായിരുന്നു അയാൾ. മാലാഖമാർ അവരുടെ കൈയിലെ മാന്ത്രികവടികളിലേയ്ക്ക് നോക്കി പരസ്പരം ചിരിച്ചു.
അവരെല്ലാവരും ഭൂമിയിലേക്കിറങ്ങിച്ചെന്ന് ആ ആട്ടിടയനെ പരിചയപ്പെട്ടു. പികാറ എന്നായിരുന്നു ആ യുവാവിന്റെ പേര്. കടും നീല കണ്ണുകളും, നീലവാർമുടിയും ഉണ്ടായിരുന്ന ലാവെൻഡെരിനയ്ക്ക് പികാറയെ വളരെ ഇഷ്ടമായി. പിന്നീടുള്ള ദിവസങ്ങളിൽ അവൾ അയാളോടൊപ്പം സമയം ചിലവഴിച്ചു. തിരിച്ചു പോകേണ്ട ദിവസമായപ്പോഴേക്കും പിരിയാനാകാത്ത വിധം അവർ തമ്മിൽ അടുത്തിരുന്നു.
പികാറ ലാവെൻഡെരിനയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചെങ്കിലും അവൾ ഒരു മാലാഖയായതു കൊണ്ട് അതിനു കഴിയില്ലായിരുന്നു. മാലാഖയെ ഏതെങ്കിലും മനുഷ്യൻ വിവാഹം കഴിച്ചാൽ അയാൾ തല പൊട്ടിത്തെറിച്ച് തൽക്ഷണം മരിക്കുമത്രേ. മാത്രമല്ല, മാലാഖ എന്നേക്കുമായി പാതാളത്തിൽ തടവിലാക്കപ്പെടുകയും ചെയ്യും. എന്തു ചെയ്യാൻ…!! പരസ്പരം സന്തോഷമായി, സുഖമായി, ഇരിക്കുന്നത് കാണാൻ ആഗ്രഹിച്ച അവർ തമ്മിൽ പിരിയാൻ തന്നെ തീരുമാനിച്ചു.
എന്നാൽ ലാവെൻഡെരിനയ്ക്ക് അതിനു കഴിഞ്ഞില്ല. അവൾ പികാറയെ എന്നും കണ്ടു കൊണ്ടിരിക്കാൻ ആഗ്രഹിച്ചു. അയാൾക്കും അയാളുടെ വരും തലമുറയ്ക്കും തണലാകാൻ അവൾ ആഗ്രഹിച്ചു. അവൾ ഒരു മരമായി മാറി. ഭൂമിയിൽ വേരാഴ്ത്തി, പച്ചില വിരിച്ച്, നീലച്ചിറകുകൾ നീലപ്പൂക്കളായി വിടർത്തി ലാവെൻഡെരിന ഒരു പൂമരമായി മാറി. ആ മരമാണത്രേ ജക്കറാൻഡ എന്ന നീലവാക.
കഥകൾ കഥകൾ മാത്രമായിരിക്കാം. എന്നാൽ കാഴ്ചകൾ അങ്ങനല്ലല്ലോ. ജക്കറാൻഡയുടെ നീലപ്പൂക്കൾ മൂന്നാറിൽ നീലവസന്തം വിരിയിക്കുമ്പോൾ, ലാവെൻഡെരിനയുടെ കഥ പറയാതിരിക്കാനുമാവില്ല.
നീലവാക പൂക്കൾ – ചിത്രങ്ങൾ
അനൂപ് ശാന്തകുമാർ
-2023 മാർച്ച് 28-