‘അനാമികയ്ക്ക്…’
ഈ ബ്ലോഗ് ഞാൻ അനാമികയ്ക്ക് സമർപ്പിക്കുന്നു…
അനാമിക ആരാണെന്ന് ചോദിച്ചാൽ, എന്റെ ക്ലാസ്സ് മേറ്റ്… എന്റെ ബെസ്റ്റ് ഫ്രണ്ട്…
“നുണ… നിന്റെ ലൈനല്ലേടാ അവൾ…?”
പത്ത് വർഷം മുൻപ് ഞാൻ ഇതേ ഉത്തരം പറഞ്ഞതിന് സുഹൃത്തിന്റെ പ്രതികരണം… അല്ലെന്ന് വീണ്ടും പറഞ്ഞപ്പോൾ ദീപൻ എന്റെ കുത്തിന് പിടിച്ച് കറക്കിയെറിഞ്ഞു… ഗ്രൗണ്ടിലെ പുല്ലിലേക്ക് മലക്കമടിച്ചു വീണു ഞാൻ…
“കൈ താടാ…” എഴുന്നേൽക്കാനായി ഞാൻ ജിന്റോയുടെ നേർക്ക് കൈ നീട്ടി…
അവൻ അതിലും വലിയ ദേഷ്യത്തിലായിരുന്നു… “അവൾ വരും, കാത്തു കിടന്നോ…”
എന്റെ ആത്മാർത്ഥസുഹൃത്തുക്കളുടെ പ്രതികരണം…
ഇന്നങ്ങിനെ പ്രതികരിക്കാൻ ആരുമില്ല… അനാമികയ്ക്കൊപ്പം ഞാനെന്റെ പ്രിയപ്പെട്ട രണ്ടു സുഹൃത്തുക്കളേയും ഇവിടെ ഓർമിക്കാൻ ഇങ്ങിനെയൊരു സംഭവം തന്നെ തിരഞ്ഞെടുത്തതിന് കാരണമുണ്ട്. അതിലേക്ക് വരും മുൻപ് ഞാൻ അനാമികയെ പരിചയപ്പെടുത്താം…
ഡിഗ്രിക്ക് പഠിക്കുമ്പോൾ അനാമിക എന്റെ ക്ലാസിലായിരുന്നു. ഒരു മിടുക്കിക്കുട്ടി. അനാമികയെ അങ്ങിനെ പരിചയപ്പെടുത്തുവാനായിരുന്നു അന്നെനിക്കിഷ്ടം. പള്ളിയിൽ അവളുടെ പേര് അന്ന എന്നായിരുന്നു.
“അരാഡേ തനിക്കീ പേരിട്ടത്…?” ഒരിക്കൽ ഒരു കുസൃതിയോടെ ഞാൻ ചോദിച്ചു…
“എന്താ…?” എന്താണങ്ങിനെ ചോദിക്കാൻ എന്നാണ് അവൾ ഉദ്ദേശിച്ചത്… അവളുടെ സംസാരം ഒരു പ്രത്യേക രീതിയിലായിരുന്നു. വാക്കുകൾ മുഴുമിപ്പിക്കാതെ ചോദ്യങ്ങളൊക്കെ ഒരു മൂളലിലും ഭാവത്തിലുമൊതുക്കി കൊഞ്ചലോടെയുള്ള ഒരു സംസാരശൈലി
“ന്റെ പപ്പ…” അവൾ ഉത്തരം പറഞ്ഞു.
പപ്പയെന്നുള്ള ഉച്ഛാരണത്തിൽ തന്നെ ആ മനുഷ്യനോടുള്ള ബഹുമാനവും ആഴത്തിലുള്ള സ്നേഹവും സ്ഫുരിച്ചിരുന്നു.
“കൊള്ളാം… എന്തായാലും നന്നായി…” എന്റെ മറുപടിയിലെ നീട്ടലിൽ ഒരു ദ്വയാർത്ഥമുണ്ടായിരിന്നതു മനസിലാക്കിയിട്ട് അവളുടെ സ്വതസിദ്ധമായ ശൈലിയിൽ ‘എന്താടാ…?’ എന്നർത്ഥത്തിൽ എന്നെ നോക്കി മൂളി…
“ഇതിങ്ങനെയൊക്കെ ആയിത്തീരുമെന്ന് അങ്ങേരറിഞ്ഞിരുന്നോ എന്നോർത്തു പോയതാ…”
അനാമിക കൈയിലിരുന്ന നോട്ടു ബുക്കു കൊണ്ട് കൈത്തണ്ടയിൽ ഒരടി തന്നിട്ടാണ് മറുപടി പറഞ്ഞത്, “നല്ല കാർന്നോൻമാർക്ക് മക്കളെങ്ങിനെയാകൂന്ന് നിശ്ചയുണ്ടാകും…”
ഞാനതു കേട്ട് വെറുതെ ചിരിച്ചു… അതായിരുന്നു അനാമിക. എല്ലാവരോടും ആ കുട്ടി അങ്ങിനെയായിരുന്നു. പക്ഷേ ഞാൻ എല്ലാവരേക്കാളുമധികം അനാമികയോടു അടുത്തിടപെട്ടിരുന്നു. അതാണ് എന്റെ കൂട്ടുകാർ ചോദിച്ച ചോദ്യം പലരും എന്നോട് ആവർത്തിച്ചത്.
മൂന്ന് വർഷത്തെ പഠന കാലയളവിൽ ഒരുപാട് സൗഹൃദം പങ്കിടലുകളും തമാശകളും ഉണ്ടായി…
ഒരു നീണ്ടകഥ പറയാനുള്ള മനസില്ലാത്തതിനാൽ ഞാനതൊന്നും വിവരിക്കുന്നില്ല. ഇതിനിടയിൽ ഞാനോർത്തിരിക്കുന്ന ഗൗരവമുള്ള ഒന്നെന്നു പറഞ്ഞാൽ അക്കാലത്ത് ഒരു ആഴ്ചപ്പതിപ്പിൽ എന്റെ ഒരു കഥ അച്ചടിച്ചു വന്നപ്പോൾ അനാമിക എനിക്കൊരു പേന സമ്മാനിച്ചു എന്നതാണ്. പക്വതയുള്ള ഒരാൾ തരുന്നതു പോലെ സമ്മാനം തന്നിട്ട് ഭാവം മാറ്റി കൊഞ്ചലോടെ ചോദിച്ചു, “നീ എന്നെങ്കിലും ഒരു പുസ്തകമെഴുതിയാൽ അതെനിക്ക് ഡെഡിക്കേറ്റ് ചെയ്യുമോ…?”
“തീർച്ചയായും… നിന്നെയല്ലാതെ വേറെയാരെയാ ഞാൻ ഓർമിക്കുക…?” രണ്ടാമതൊന്നാലോചിക്കാതെയായിരുന്നു എന്റെ മറുപടി. ഇന്ന് ഈ ബ്ലോഗ് അവൾക്കു സമർപ്പിക്കുന്നതും ആ വാക്കിന്റെ നേരോർത്തിട്ടാണ്.
“നേരാ…?” ചോദ്യഭാവത്തിൽ നോക്കിക്കൊണ്ട് അവൾ തുടർന്നു, “അപ്പോ നിന്റെ അമ്മയെ ഓർക്കില്ലേ…?” അമ്മയോട് ഞാൻ മനസിൽ സൂക്ഷിച്ചിരുന്ന അടുപ്പം മനസിലാക്കിയിരുന്ന അവളുടെ ആ ചോദ്യത്തിനു മുന്നിൽ ചമ്മി നിൽക്കുമ്പോൾ അനാമിക എന്നെ നോക്കി പൊട്ടിച്ചിരിച്ചു.
‘അനാമികയും ഞാനും പ്രണയത്തിലാണ്’ എന്നൊരു വർത്തമാനം എന്റെ കൂട്ടുകാരിൽ പലർക്കിടയിലുമുണ്ടായിരുന്നു. ഒരു തരം നീരസത്തോടെയായിരുന്നു ഞാൻ ആ ചോദ്യത്തെ നേരിട്ടത്. അത് ആരോപണത്തിന്റ തീവ്രത കൂട്ടിയതേയുള്ളൂ. വിദ്യാർത്ഥികളോട് അളവിൽ കവിഞ്ഞ് സൗഹൃദം പുലർത്തിയിരുന്ന ചാക്കോ സാറും ഒരിക്കൽ എന്നോടതേക്കുറിച്ച് ചോദിച്ചു.
പിന്നീടൊരു വട്ടം കൂട്ടുകാരന്റെ കളിയാക്കലിൽ നീരസം കൊണ്ടു നിന്ന എന്നോട് അനാമിക ഇങ്ങിനെ പറഞ്ഞു, “ഈ ചെക്കനെന്താ…? അവരെന്തെങ്കിലും പറയട്ടേ… അങ്ങിനൊരു വർത്തമാനമുള്ളത് കൊണ്ട് വേറാരും എന്റെ പിന്നാലെ വന്ന് ശല്യം ചെയ്യുമെന്ന് എനിക്കും പേടിക്കണ്ടല്ലോ…”
അത്തരത്തിൽ ലാഘവത്തോടെ സുഹൃത്തുക്കളുടെ കളിയാക്കലിനെ നേരിടാൻ കഴിയാതിരുന്നതിൽ എനിക്ക് ലജ്ജ തോന്നാതിരുന്നില്ല. അതോടെ ഒരു വിധമുള്ള പരിഹാസത്തിന് ഞാൻ ചെവി കൊടുക്കാതായി.
അവസാന വർഷ ക്ലാസുകൾ തീരാൻ ഏതാനും മാസങ്ങൾ ശേഷിക്കേയാണ് അനാമിക ആ വർത്തമാനവുമായി വന്നത്. അതവൾ പറഞ്ഞ ഭാഷയിൽ തന്നെ ഞാനിന്നും ഓർമ്മിക്കുന്നു…
“അനാമിക എന്ന അന്നയെ, വരുന്ന ഫെബ്രുവരി മാസം 14-ാം തീയതി ഒരുത്തന്റെ കൂടെ കെട്ടിച്ചയക്കാൻ ഇവളുടെ പ്രിയ പപ്പ തീരുമാനിച്ചിരിക്കുന്ന വിവരം അഭിനവ കാമുക നിന്നെ ഇതാ വ്യസനസമേതം അറിയിക്കുന്നു…”
ഞാൻ അവളുടെ അവതരണ ശൈലിയും ഭാഷയും ആസ്വദിച്ച് ചിരിച്ചു. അവളുടെ കൂട്ടുകാരികളും ആ ചിരിയിൽ പങ്ക് കൊണ്ടു. ഞങ്ങളുടെ സുഹൃത്ത് കാർത്തിക എന്നെ കളിയാക്കി, “കുറഞ്ഞ പക്ഷം ഒരു തമാശ സെന്റിമെന്റസെങ്കിലും ഞാൻ പ്രതീക്ഷിച്ചു. അതുമില്ലേടാ…? “
“ എന്തിന്…? ” ഞാൻ തിരക്കിയപ്പോൾ കാർത്തിക ഒരു നിരാശ മുഖത്തു വരുത്തി ചിരിയവസാനിപ്പിച്ചു.
“ പപ്പയുടെ തീരുമാനമാടാ… ഒന്നും മുൻകൂട്ടി പറഞ്ഞിരുന്നില്ല… അതാ ആരേയും ഒന്നും അറിയിക്കാൻ കഴിയാതെ പോയത്… ” അവൾ ഒരു ക്ഷമാപണം പോലെ പറഞ്ഞു.
കാർത്തിക എന്നെ പ്രകോപിക്കാൻ വീണ്ടും അടുത്തു വന്ന് ചോദിച്ചു, “അപ്പോ ഒന്നും നേരല്ലായിരുന്നോടാ…? ”
ഞാൻ അവളെ ദേഷ്യത്തിൽ ഒന്നു നോക്കി… അവൾ വീണ്ടും പൊട്ടിച്ചിരിച്ചു…
പിന്നീടുള്ള ദിവസം തുടങ്ങി കളിയാക്കൽ കമ്പനികൾക്ക് ഉത്സവ കാലമായിരുന്നു. മതിലിലിരുന്നും ക്യാമ്പസിന്റെ ഇടനാഴികളിൽ നിന്നും മാനസ മൈനയും, കാത്തു വച്ച കസ്തൂരി മാമ്പഴവും ഈണത്തിൽ പാടി അവർ എന്നെ പരിഹസിച്ചു. ഞാൻ അവരുടെ മണ്ടത്തരമോർത്ത് ഉള്ളിൽ ചിരിച്ചു.
അനാമികയുടെ മുഖത്ത് ദിവസം ചെല്ലുംതൊറും ഗൗരവം കൂടുന്നതു ഞാൻ ശ്രദ്ധിച്ചു.
“ ഇപ്പോഴേ ഒരു ഹൗസ് വൈഫിന്റെ ഉത്തരവാദിത്വം വരുത്തി നോക്കു ന്നതാടാ…” അവളുടെ വാക്കുകളിലും ഒരു ഗൗരവം നിഴലിച്ചിരുന്നു. ദിവസങ്ങൾ കഴിഞ്ഞു. ഞങ്ങളെയെല്ലാം വിവാഹത്തിന് ക്ഷണിച്ച് അനാമിക റഗുലർ ക്ലാസിൽ നിന്ന് ബ്രേക്കെടുത്തു.
എല്ലാവരും അവസാന ദിവസങ്ങൾ അടിച്ചു പൊളിക്കുന്നതിന്റെ ത്രില്ലിലായി…
അങ്ങിനെ ഒരു ഞായറാഴ്ച രാവിലെ ദീപൻ ചാക്കോ സാറിന്റെ സ്കൂട്ടറുമായി വീട്ടിലേക്ക് വന്നു. “എടാ പെട്ടെന്ന് വേഷം മാറി വാ… ഒരാവശ്യമുണ്ട്…” അവന്റെ മുഖത്ത് എന്തെന്നില്ലാത്ത ഒരു ടെൻഷൻ. ഞാൻ വേഷം മാറുന്നതിനിടയിൽ അമ്മ അവനോട് കുശലം ചോദിക്കുന്നുണ്ടായിരുന്നു.
“കോളേജിലൊരു സെമിനാർ, ഇത്തിരി പണിയുണ്ട്… ചാക്കോ സാർ ഇവനേം കൂട്ടി വരാൻ പറഞ്ഞു…” അവൻ പറയുന്നുണ്ടായിരുന്നു.
സ്കൂട്ടറിനു പിന്നിലിരിക്കുമ്പോഴും അവൻ ഒന്നും പറഞ്ഞില്ല. ചാക്കോ സാർ വീടിന്റെ പുറത്ത് സിറ്റൗട്ടിൽ ഞങ്ങളെയും കത്തു നിന്നിരുന്നു. എനിക്കെന്തോ ഒരു പന്തികേട് തോന്നി.
സാർ എന്നെ അകത്തേക്ക് വിളിച്ചു കൊണ്ടു പോയി. എന്നെ ഒരു കസേരയിരുത്തി എതിർവശത്തെ ഇരുപ്പിടത്തിലിരുന്നു കൊണ്ട് അദ്ദേഹം ഒരു മുഖവുരയോടെ തുടങ്ങി…
“ഇത്തിരി ഗൗരവമുള്ള ഒരു കാര്യം സംസാരിക്കാനാണ് ഇപ്പോൾ നിന്നെ വിളിപ്പിച്ചിരിക്കുന്നത്…” സർ തുടർന്നു പറയാൻ ബുദ്ധിമുട്ടുന്നതു പോലെ തോന്നി…
“എന്റെ വിദ്യാർത്ഥികൾക്ക് ഒരു പ്രശ്നമുണ്ടാകാതിരിക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്… നിന്റെ കാര്യത്തിലും ഇപ്പോൾ അങ്ങിനെ ചിന്തിച്ചിട്ടാണ് ഇങ്ങോട്ട് വിളിപ്പിച്ചത്…”
എനിക്കൊനും മനസിലായില്ല…
പിന്നെ സർ എന്റെ മുഖത്തു നോക്കി പറഞ്ഞു, “നീ പരിഭ്രമിക്കരുത്…. കഴിഞ്ഞ രാത്രി നിന്റെ ക്ലാസ്സ്മേറ്റ് അനാമിക… “
പതിഞ്ഞ ശാബ്ദത്തിലാണ് അദ്ദേഹം അത് മുഴുമിച്ചത്,” അവൾ ആത്മഹത്യ ചെയ്തു…
ഞാൻ അറിയാതെ ഒരു ഞെട്ടലോടെ എഴുന്നേറ്റു…
“ നീയിരിക്ക്…” ഒരു ധൈര്യം തരാനെന്ന പോലെ സാർ എന്റെ കൈയിൽ പിടിച്ച് സെറ്റിയിൽ ഇരുത്തി.
“ കഴിഞ്ഞ ദിവസങ്ങളിൽ നിങ്ങൾ തമ്മിൽ കാണുകയോ സംസാരിക്കുകയോ മറ്റോ ഉണ്ടായോ…?”
ആ ചോദ്യത്തിന്റെ അർത്ഥം എനിക്ക് മനസിലായിരുന്നു… മുറിയാകെ കറങ്ങുന്നതായി എനിക്ക് തോന്നി…
“ സാർ…” അറിയാതെ നിലവിളിക്കുന്ന സ്വരത്തിൽ ഞാൻ വിളിച്ചു പോയി…
“ താൻ വിഷമിക്കേണ്ട… പ്രത്യേകിച്ച് കാരണമൊന്നും ഇതു വരെ ആർക്കും അറിയില്ല… നിങ്ങൾ സുഹൃത്തുക്കളായിരുന്നല്ലോ… അതു കൊണ്ട് നിന്നോട് ഒന്ന് ചോദിക്കാം എന്നേ കരുതിയിള്ളൂ…”
അദ്ദേഹം സംസാരിക്കാൻ നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു…
“ തനിക്ക് അവളെ ഒന്ന് കാണെണ്ടേ…? ”
ഞാൻ തലയാട്ടി…
“ വേണമെന്നോ, വേണ്ടെന്നോ…? ”
“ വേണം…” ശബ്ദം പുറത്തു വന്നോ എന്നെനിക്കോർമയില്ല… എന്റെ കണ്ണു നിറഞ്ഞിരുന്നു.
ദീപൻ അകത്തേക്ക് വന്നു. അവൻ എന്നെ ആശ്വസിപ്പിച്ചപ്പോഴാണ് ഞാൻ കരയുന്നുണ്ടെന്ന് എനിക്കു മനസിലായത്.
കുറച്ചു നേരം കൂടി സാറിന്റെ വീട്ടിലിരുന്ന ശേഷം ഞങ്ങൾ മരണ വീട്ടിലേക്ക് പോയി. ഗേറ്റിൽ കാർ നിർത്തിയപ്പോൾ സാർ എന്നെയും ദീപനെയും ഓർമിപ്പിച്ചു, “നമ്മൾ ഒരു മരണ വീട്ടിലാണ്… നമ്മളേക്കാളധികം വേദനിക്കുന്നവർ ഇവിടുണ്ട്… അതു കൊണ്ട്‍് നമ്മൾ കൂടുതൽ ദുഖം പുറത്തെടുക്കേണ്ട…”
ഞങ്ങൾ കാറിൽ നിന്നിറങ്ങുമ്പോൾ ഒരു പോലീസുകാരൻ വന്ന് ചാക്കോ സാറിനെ മാറ്റി നിർത്തി എന്തോ സംസാരിച്ചു. എന്നിട്ട് അയാളും ഞങ്ങൾക്കൊപ്പം അകത്തേക്ക് നടന്നു. ആ പൊലീസ് കോൺസ്റ്റബിൾ എന്നെ വല്ലാതൊന്നു നോക്കിയതു പോലെ തോന്നി. അകത്ത് നിന്ന് ആരുടെയൊക്കേയോ നിലവിളി ഉയരുന്നുണ്ടായിരുന്നു.
എന്റെ കണ്ണുകൾ നിറഞ്ഞോ…? ദീപൻ എന്റെ കൈയിലെ പിടിത്തം ഒന്ന് മുറുക്കി. അതിന്റെ അർത്ഥം എനിക്ക് മനസിലായി. ഒന്നേ എനിക്കു നോക്കാൻ കഴിഞ്ഞുള്ളൂ, മനോഹരമായ കൈകൾ ഗ്ലൗസിൽ മൂടി, അതിൽ ഒരു കുരിശ് വച്ച് മാലാഖയെപ്പോലെ അനാമിക… അവൾക്കിരുവശവും കൂട്ടുകാരികൾ ഇരിക്കുന്നുണ്ടായിരുന്നു. അങ്ങിനെ അൽപ നേരം ഇരിക്കാൻ തോന്നി, പക്ഷേ…
പുറത്തു വന്നപ്പോൾ ആരോ പറയുന്നതു കേട്ടു, “വിവാഹ വസ്ത്രം വാങ്ങിയിട്ട് അതു മഞ്ചയിലേക്കെടുത്തൂന്നു പറഞ്ഞാൽ മതീല്ലോ…”
അധിക നേരം അവിടെ നിന്നില്ല… തിരികെ പോരുമ്പോൾ ചാക്കോ സാർ കാർ ഇടക്ക് നിർത്തി ഒരു സിഗരറ്റിന് തീ കൊടുത്തിയിട്ട് ഞങ്ങളോടായി പറഞ്ഞു…
“ ആ കുട്ടിയുടെ മുറിയിലെ വേദ പുസ്തകത്തിൽ നിന്ന് ഒരു കത്ത് കിട്ടിയിട്ടുണ്ട്…”
“ അവളുടെ കാർന്നോർക്ക് മലഞ്ചരക്ക് വ്യാപാരത്തിലെന്തോ നഷ്ടം പറ്റിയിരുന്നു… കുറേ നാളായി എല്ലാം കടത്തിലായിരുന്നു…”
എന്താണു സാർ പറഞ്ഞു വരുന്നതറിയാതെ പകച്ചിരിക്കുമ്പോൾ അദ്ദേഹം തുടർന്നു, “ കടം കൊടുത്തവര് വീട് കയ്യേറുമെന്ന് വന്നപ്പോൾ ഉള്ള വീടും സ്ഥലവും വിറ്റ് കടം വീട്ടി അവളുടെ കല്യാണവും നടത്താമെന്ന് അയാൾ തീരുമാനിക്കുകയാരുന്നു… അങ്ങിനെ അയാൾ കടം മേടിച്ചിരുന്നവരിലാർക്കോ വീട് ആധാരം ചെയ്തിരുന്നത്രേ… ഇതൊന്നും ആ കുട്ടിക്കറിയില്ലായിരുന്നു… അറിയിച്ചിരുന്നില്ല എന്നതാണ് ശരി… ”
“ അവളുടെ വിവാഹം കഴിയുന്നതിന്റെ പിറ്റേന്ന് പപ്പയും മമ്മിയും ആങ്ങളയും കൂടി വാടക വീട്ടിലേക്ക് പോകുമെന്നറിഞ്ഞതിന്റെ വിഷമത്തിൽ… അവൾ… ”
സാറതു പറഞ്ഞു തീർന്നതും ഞാൻ പൊട്ടിക്കരഞ്ഞു.
ദീപൻ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു…
“ നിനക്ക് പള്ളിയിലേക്ക് പോണോ…? സാർ ചോദിച്ചു… ”
വേണം എന്ന അർത്ഥത്തിൽ ഞാൻ തലയാട്ടി.
സെമിത്തേരിയിൽ അവളുടെ മഞ്ചയിൽ ഒരു പിടി മണ്ണു വാരിയിടാൻ എനിക്ക് കഴിഞ്ഞില്ല… പക്ഷേ ഞാൻ എന്തൊക്കെയോ പ്രാർത്ഥിച്ചു…
അനാമിക അന്ന് അവിടെ അവസാനിച്ചു… ഇന്നുള്ളത് അവളുടെ ഓർമകൾ മാത്രം…
ഒരിക്കൾ അവളേക്കുറിച്ചു പറഞ്ഞപ്പോൾ എന്റെ സുഹൃത്ത് പറഞ്ഞു, അനാമികയുടെ അർത്ഥം ‘നാമമില്ലാത്തവൾ’ എന്നാണെന്ന്…
അതെ, അനാമിക ഒരു പെൺകുട്ടിയായിരുന്നു… പേരിനപ്പുറം ജീവിതത്തിൽ പ്രത്യേകതകളൊന്നുമില്ലാതിരുന്ന ഒരു സാധാരണ പെൺകുട്ടി.
അനൂപ് ശാന്തകുമാർ
-2010 ആഗസ്ത് 08-