നാഗശലഭം (Atlas Moth) എന്ന സർപ്പശലഭം
ലോകത്തിലെ ഏറ്റവും വലിയ നിശാശലഭങ്ങളുടെ (Moth) പട്ടികയിലുള്ളതും ദക്ഷിണേന്ത്യയിൽ കണ്ടുവരുന്നതുമായ ശലഭമാണ് സർപ്പ ശലഭം അഥവാ നാഗശലഭം എന്നറിയപ്പെടുന്ന അറ്റ്ലസ് ശലഭം (Atlas Moth). Attacus Taprobanis എന്നാണ് ശാസ്ത്രനാമം.
പേരിനു പിന്നിൽ
വിചിത്രരൂപിയായ നാഗശലഭത്തിന്, രൂപത്തിലുള്ള പ്രത്യേകത കൊണ്ടാണ് സർപ്പശലഭം എന്ന പേര് കിട്ടിയത്. ചിറകുകളുടെ അഗ്രഭാഗത്തിന് പാമ്പിന്റെ തലയുമായുള്ള സാദൃശ്യമാണ് പേരിന് ആധാരം. ഭൂപടത്തിന്റെ രൂപം തോന്നുന്നത് കൊണ്ട് ഇംഗ്ലിഷിൽ അറ്റ്ലസ് മോത്ത് (Atlas Moth) എന്ന് അറിയപ്പെടുന്നു.
നിറം – രൂപം
തവിട്ടു നിറത്തിലും ഇരുണ്ട കറുപ്പു കലർന്ന തവിട്ടു നിറത്തിലും നാഗശലഭങ്ങളെ കാണാറുണ്ട്. തലയുടെ ഭാഗത്തായി തൂവലുകൾ പോലുള്ള ആന്റിനകൾ കാണാം. ത്രികോണാകൃതിയിലുള്ള വെളുത്ത 4 അടയാളങ്ങൾ രണ്ട് ചിറകുകളിലുമായി കാണാം.
ചിറക് വിടർത്തിയാൽ സധാരണയായി ഒരു നാഗശലഭത്തിന് 25cm വലിപ്പമുണ്ടാകും. പേൺ ശലഭങ്ങൾക്ക് വലിപ്പം കൂടുതൽ ഉണ്ടാകും. രണ്ടാഴ്ച മാത്രം നീണ്ടു നിൽക്കുന്ന ശലഭജീവിതത്തിൽ സർപ്പശലഭത്തിന്റെ വിചിത്രരൂപം ഇവയെ ശത്രുക്കളിൽ നിന്ന് രക്ഷനേടാൻ സഹായിയ്ക്കുന്നു.
ജീവിതത്തിന് ഒരു ലക്ഷ്യം മാത്രം
നാഗശലഭത്തിന് വലിപ്പമുണ്ടെങ്കിലും ജീവിതം ചെറുതാണ്. രണ്ടാഴ്ച മാത്രമാണ് ഒരു ശലഭത്തിന്റെ ആയുർദൈർഘ്യം. ഏകദേശം നാലാഴ്ച (25 മുതൽ 28 ദിവസം) കൊണ്ടാണ് സമാധി (Pupa) അവസ്ഥയിൽ നിന്ന് നാഗ ശലഭം ചിറകു വിടർത്തി പുറത്തു വരുന്നത്.
ലാർവ്വ (Larva) ഘട്ടത്തിൽ മാത്രമാണ് ഇവയ്ക്ക് ആഹാരം കഴിയ്ക്കാനാകുക. ഇലകളാണ് പ്രധാന ആഹാരം. ചിറക് വയ്ക്കുന്ന നാഗശലഭത്തിന് വികാസം പ്രാപിയ്ക്കാത്ത വായ മാത്രമാണ് ഉണ്ടാകുക. അതു കൊണ്ട് തന്നെ ഭക്ഷണം കഴിക്കാനാകില്ല.
ലാർവ്വ അവസ്ഥയിൽ ശരീരത്തിൽ ശേഖരിച്ച ഭക്ഷണം കൊണ്ടാണ് ഇവ രണ്ടാഴ്ചത്തെ ആയുസ് പൂർത്തിയാക്കുക. പ്രജനനത്തിന് വേണ്ടി മാത്രമാണ് നാഗശലഭം ജീവിയ്ക്കുന്നത്. പെൺ ശലഭം പുറപ്പെടുവിയ്ക്കുന്ന ഹോർമോൺ ഗന്ധത്തിൽ ആകൃഷ്ടരായാണ് ആൺശലഭം ഇണയ്ക്ക് അരികിലേയ്ക്ക് എത്തുന്നത്.
എവിടെയൊക്കെ കാണാം ?
വനപ്രദേശങ്ങളിലാണ് സാധാരണയായി നാഗശലഭങ്ങളെ കാണാറുള്ളതെങ്കിലും നാട്ടിലും ഇവ എത്താറുണ്ട്.
©ചിത്രങ്ങൾ
കോതമംഗലം എം. എ കോളേജ് കാമ്പസിൽ നിന്ന് 2020 ഡിസംബർ, 2023 ജൂലൈ മാസങ്ങളിൽ പകർത്തിയ സർപ്പശലഭത്തിന്റെ ചിത്രങ്ങളാണ് ഇതോടൊപ്പം.