എല്ലാവർക്കും സ്വാഗതം …
എന്റെ വേരിലേക്ക്… മണ്ണിലേക്ക്… തണലിലേയ്ക്ക്… മരത്തിലേക്ക്… ചില്ലകളിലേക്ക്… എന്റെ ആകാശത്തിലേക്ക്…!
എല്ലാത്തിലേക്കും നിങ്ങൾക്കു സ്വാഗതം…!
വന്നവർക്കും…
വന്നുപോയവർക്കും…
വരാനിരിക്കുന്നവർക്കും നന്ദി…!!
എന്റെ ജീവിതമാണെന്റെ ലോകം… എന്റെ വേരുകളാണെന്റെ ആഴം… എന്റെ ആകാശമാണെന്റെ സ്വപ്നം…!
“വാതിലടക്കാതിരിക്കുക, ഉറങ്ങാതിരിക്കുക…” എന്ന് ഓർമപ്പെടുത്തി ഏൽപ്പിക്കപ്പെട്ട സത്രം സൂക്ഷിപ്പുകാരനെപ്പൊലെ, എന്നെ തേടി വരുന്ന ആരെയോ ഞാൻ പ്രതീക്ഷിക്കുകയാണ്… ഒരു ജീവനെ മരമാക്കിയ കാലഗതിയോടുള്ള കടപ്പാട് കൊണ്ട്…!
നടക്കാൻ കഴിയാത്ത വഴിദൂരം ഞാനെന്റെ വേരുകൾ കൊണ്ടു സഞ്ചരിക്കുകയും, കാണാൻ കഴിയാത്ത ദൂരത്തിലെ കാഴ്ചകൾ ചില്ലകളിൽ ചേക്കേറുന്നവരുടെ വാക്കുകളിലൂടെ കാണുകയും ചെയ്യുന്നു…!
അകാശത്തിലെ നക്ഷത്രങ്ങൾ മിന്നാമിനുങ്ങുകളായി എന്റെ ചില്ലകളിലേക്ക് പറന്നിറങ്ങുന്ന രാത്രിയാമങ്ങളിൽ ഭൂമി സ്വർഗമാകുന്നത് ഞാൻ ആസ്വദിക്കുന്നു… ഒരു കാറ്റു വരുന്നുണ്ട്… എന്നെ പ്രണയിക്കാൻ, എന്റെ പൂക്കളിൽ നിന്ന് പരാഗരേണുക്കൾ അടർത്താൻ…!
എല്ലാവർക്കും സ്വാഗതം…!
വീണ്ടും വരുന്നവർക്കും,
ഇനി വരാനിരിക്കുന്നവർക്കും…!!
******************************
ആമുഖത്തേക്കുറിച്ച്: 2010ൽ ആണ് ‘ജീവശാഖി’ എന്ന പേരിൽ ആദ്യമായി ബ്ലോഗ് തുടങ്ങിയത്. ചെറുകഥകൾ മാത്രം പോസ്റ്റ് ചെയ്തിരുന്ന ബ്ളോഗിന് 2 വർഷത്തെ ആയുസേ ഉണ്ടായിരുന്നുള്ളൂ.
പിന്നീട് waybayme.com ആരംഭിച്ചപ്പോൾ ‘ജീവശാഖി’ യുടെ ആമുഖം ഓർമ വന്നു. കഥകൾക്ക് ഒരു ആമുഖം എന്ന രീതിയിൽ അതിവിടെ ചേർക്കുന്നു.
അനൂപ് ശാന്തകുമാർ
-2010 ആഗസ്ത് 27-