കാറ്റേ – Malayalam Album Song
ഒരു മിനുട്ട് മാത്രം ദൈർഘ്യമുള്ള മലയാളം ഗാനമാണ് ‘കാറ്റേ’ (Katte malayalam song). കേട്ടു തുടങ്ങുമ്പോൾ തന്നെ തീർന്നു പോകുന്ന, അല്ലെങ്കിൽ പാടി തുടങ്ങുമ്പോൾ തന്നെ പാടിമുഴുമിച്ചു പോകുന്ന കുറച്ചു വരികൾ.
പശ്ചാത്തലം
ഏറെ നാളുകൾക്ക് ശേഷം നിളാനദിക്കരയിൽ എത്തുന്ന ഒരു യുവതിയുടെ ഭാവന എന്ന രീതിയിലാണ് കാറ്റേ ചിത്രീകരിച്ചിരിക്കുന്നത്.
നദിക്കരയിൽ, വിശാലമായ മണൽപ്പരപ്പിൽ, വീശിപ്പൊകുന്ന കാറ്റിനെ പ്രണയിക്കുന്ന പെൺകുട്ടി. അവൾ കാറ്റിനെ തന്നിലേയ്ക്ക് വരുവാൻ സ്വാഗതം ചെയ്യുകയാണ്. നദിയിലെ ഓളമായ്, ഇലകളെ പറത്തുന്ന കുസൃതിയായ്, പ്രിയതമന്റെ പ്രണയമായ് കാറ്റു വീശിയെങ്കിൽ എന്ന് അവൾ ആഗ്രഹിക്കുന്നു.
കാറ്റിനെ വരികൾ കൊണ്ട് പ്രണയിച്ച്, കാറ്റിന്റെ മൃദുസ്പർശം ഏറ്റുവാങ്ങി അവൾ നദിക്കരയിൽ നിന്ന് മടങ്ങുകയാണ്.
കാറ്റിനുപിന്നിലെ കഥ
2023 ജനവരി മാസത്തിലെ ആദ്യ വൈകുന്നേരമാണ് കാറ്റേ എന്ന ഗാനത്തിന്റെ വരികൾ എഴുതുന്നത്. ആരംഭിക്കാനിരുന്ന ഒരു പ്രൊജക്ട് മുടങ്ങിയതിന്റെ അത്ര ചെറുതല്ലാത്ത നിരാശയുമായി ആ വൈകുന്നേരം ഒന്നു നടക്കാനിറങ്ങിയതാണ്. അത്തരം സന്ദർഭങ്ങളിൽ ചില ഓർമകൾ, മുഖങ്ങൾ ഒക്കെ ഒരു ആശ്വാസമായി മനസിൽ കടന്നു വരാറുണ്ട്.
അന്ന് മനസിലെത്തിയത് നിളയുടെ മുഖമാണ്. പണ്ടേങ്ങോ, ഓർക്കുട്ടിൽ പരിചയപ്പെട്ട ഒരു പെൺകുട്ടി. അയാൾ ഒറ്റപ്പാലം സ്വദേശിനിയായിരുന്നു. അല്ലെങ്കിൽ അങ്ങനെയാണ് പറഞ്ഞിരുന്നത്. നിള എന്നു പേരു പറഞ്ഞിരുന്ന അയാളുടെ യഥാർത്ഥ മുഖം ഓർക്കുട്ട് പ്രൊഫൈൽ പിക്ചറായി പോലും ഉണ്ടായിരുന്നില്ല. അതു കൊണ്ട് തന്നെ അയാളെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല.
നിളാ നദിയോടുള്ള ഇഷ്ടം പലപ്പോഴും ഒരു കഥ പറയും പോലെ അയാൾ പറഞ്ഞിരുന്നു. വീട്ടിൽ നിന്നും വിളിപ്പാടകലെ ഒഴുകുന്ന ഭാരതപ്പുഴയൂടെ തീരത്തുകൂടെ മൂളിപ്പാട്ട് പാടി നടക്കുന്നതും, ആ മണൽപ്പരപ്പിൽ പോയിരുന്ന് പുസ്തകം വായിക്കുന്നതും എല്ലാം അയാൾ പറയുമായിരുന്നു.
ആ നദിക്കരയും, തന്റെ തറവാടും ഒന്നും ഒരിക്കലും വിട്ടു പോകേണ്ടി വരരുതേ എന്നയാൾ ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം അയാൾ ഞാനുമായുള്ള ചാറ്റിൽ പങ്കു വച്ചിരുന്നു.
മാസങ്ങൾ കഴിഞ്ഞു. ജോലിത്തിരക്കുകൾക്കിടയിൽ ഞങ്ങൾക്ക് പരസ്പരം സംസാരിക്കാൻ സമയം കിട്ടാതായി. പിന്നെപ്പോഴോ ഓർക്കുട്ട് ഓർമ്മക്കൂടായതിനൊപ്പം അയാളും ഓർമ്മ മാത്രമായി. എങ്കിലും ചിലപ്പോഴൊക്കെ അയാളെക്കുറിച്ച് ഓർമിക്കും. അപ്പോഴൊക്കെ അയാൾ അവധി ദിവസങ്ങളിൽ നിളാനദിക്കരയിലൂടെ മൂളിപ്പാട്ടു പാടി നടക്കുന്നത് മനസിൽ കാണും.
അതു പോലെ ആ വൈകുന്നേരവും അയാൾ മനസിൽ വന്നു. അന്നേരം ഒരു കാറ്റു പോലെ മനസിൽ വന്ന വരികളാണ് കാറ്റേ എന്ന ഗാനമായി മാറിയത്. ‘ അല ഞൊറിയും അഴകായ് അണയൂ കാറ്റേ… പ്രിയമോതും പ്രിയതമനായ് അരികെയണയൂ‘ എന്ന വരികളാണ് ആദ്യം മനസിൽ വന്നത്. അതു ഫോണിൽ കുറിച്ചിട്ടു. രണ്ട് ദിവസങ്ങൾക്ക് ശേഷം, ജനവരി മൂന്നാം തീയതി മനസിൽ ഓർത്തു വച്ചിരുന്ന ചില വരികൾ കൂടി ആദ്യ വരികൾക്കൊപ്പം ചേർത്ത് യോജിപ്പിച്ചു.
ചിത്രീകരണം
കാറ്റേ എന്ന ഗാനം നിളാനദിക്കരയിൽ തന്നെ ചിത്രീകരിക്കണം എന്നായിരുന്നു ആഗ്രഹം. നിളാനദിക്കരയിലെ മണൽപ്പരപ്പും, ആറ്റുവഞ്ചിപ്പൂക്കളും ഒക്കെയായിരുന്നു മനസിൽ. എന്നാൽ ഏപ്രിൽ അവസാനത്തോടെ മാത്രമാണ് പാട്ടിന്റെ ട്രാക്ക് കംപോസ് ചെയ്ത് കിട്ടിയത്. അപ്പോഴേക്കും ആറ്റുവഞ്ചിപ്പൂക്കളെല്ലാം തന്നെ കൊഴിഞ്ഞു പോയിരുന്നു. എങ്കിലും മനോഹരമായ ഒരു നദിക്കരയിൽ വച്ചു തന്നെ കാറ്റേ ചിത്രീകരിച്ചു പൂർത്തിയാക്കാനായി.
സാങ്കേതിക പ്രവർത്തകർ.
അഭിജിത് ഉണ്ണി കംപോസ് ചെയ്തിരിക്കുന്ന കാറ്റേ രാധു ജയശങ്കർ ആലപിച്ചിരിക്കുന്നു. അനീഷ് അറയ്ക്കൽ ക്യാമറ ചലിപ്പിച്ചപ്പോൾ, ചന്ദന ബി നായർ കഥാപ്രാത്രത്തിന് ജീവൻ നൽകി. കോസ്റ്റ്യൂം ദിവ്യ അനീഷ്.
വരികൾ – Katte Song Lyrics
അല ഞൊറിയും അഴകായ് അണയൂ
നിളയിൽ ഒരലയായ് അണയൂ
കാറ്റേ…
നീ ഒരില അലയായ്
ചെറു തൂവൽ ചിറകായ്
കനവിലൊരു കനിനീരായ്
പ്രിയമോതും പ്രിയതമനായ്
എൻ അരികെ അണയൂ…
അഴലൊഴിയും മഴയായ് അണയൂ
നിളയിൽ ഒരലയായ് അണയൂ…
അഴലൊഴിയും മഴയായ് അണയൂ
നിലയിൽ ഒരലയായ് അണയൂ
കാറ്റേ…
റിലീസ്
ഇൻസ്റ്റഗ്രാം, യൂട്യൂബ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകളിലൂടെ 2023 ജൂലൈ 5 ന് ‘കാറ്റേ’ പ്രേക്ഷകരിലേക്കെത്തി.
ഊഷ്മളമായ ഒരു സൗഹൃദത്തിന്റെ ഓർമയിൽ, ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത നിളയ്ക്കു വേണ്ടിയാണ് കാറ്റേ എന്ന ഗാനം ഞാൻ സമർപ്പിക്കുന്നത്.
അനൂപ് ശാന്തകുമാർ
(ഗാനരചന, സംവിധാനം, എഡ്റ്റിംഗ് – ‘കാറ്റേ’)