കാലം തൊണ്ണൂറുകളുടെ നടുവിലാണ്… മധ്യകേരളത്തിലെ ഒരു ഗ്രാമത്തിലെ വീട്ടിൽ അർദ്ധരാത്രിയിൽ കൂട്ടകൊലപാതകം നടക്കുന്നു. ഗൃഹനാഥനും ഭാര്യയ്ക്കും ഒപ്പം രണ്ട് മക്കളുമാണ് കൊല്ലപ്പെട്ടത്. ഇരുളിന്റെ മറവിൽ നടന്ന നിഷ്ഠൂരമായ കൊലപാതകത്തിന് ദൃക്സാക്ഷികൾ ആരുമില്ലായിരുന്നു. വിവരം പുറം ലോകം അറിയുന്നത് തന്നെ നേരം പുലർന്നപ്പോഴാണ്.
പോലീസ് എഫ്.ഐ.ആർ പ്രകാരം ഗൃഹനാഥയും മക്കളും മൂർച്ചയുള്ള ആയുധം കൊണ്ട് വെട്ടേറ്റു മരിച്ച നിലയിൽ വീടിനകത്തു കാണപ്പെട്ടപ്പോൾ ഗൃഹനാഥന്റെ ശരീരം വീടിനു വെളിയിലെ കിണറിനു സമീപം കാണപ്പെട്ടു. അദ്ദേഹത്തിന്റെ തല ഛേദിക്കപ്പെട്ട നിലയിൽ കിണറിനകത്തു വീണു കിടന്നിരുന്നു. എത്ര ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് മനസിലാകണമെങ്കിൽ ഇത്രയെങ്കിലും വിവരിക്കണമല്ലോ.
അന്വേഷണം തുടങ്ങിയപ്പോൾ തന്നെ ഉദ്യോഗസ്ഥർ ഒരു നിഗമനത്തിലെത്തി. ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ഗൃഹനാഥൻ കിണറിന്റെ വട്ടം സ്ഥാപിച്ചിരിക്കുന്ന ക്രോസ്സ്ബാറിൽ തൂങ്ങി മരിച്ചപ്പോൾ, തലയറ്റ് കിണറിനകത്തേയ്ക്കും ശരീരം കരയിലേക്കും വീഴുകയായിരുന്നു. കരുതിക്കൂട്ടി നടപ്പാക്കിയ ഒരു കൂട്ടക്കൊലപാതകത്തിന്റെ അന്വേഷണം അങ്ങനൊരു റിപ്പോർട്ടിൽ ഒതുങ്ങി പോയി.
എന്നാൽ മരണപ്പെട്ട (കൊല്ലപ്പെട്ട ?) ആൾ ഒരു സർക്കാർ പദ്ധതിനടത്തിപ്പിന്റെ തലപ്പത്തുണ്ടായിരുന്ന ഉദ്യോഗസഥൻ എന്ന നിലയിലും, അയൽക്കാരിൽ ചിലർ ആ രാത്രി നടന്നുവെന്ന് പറയപ്പെടുന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിലും ഉന്നത രാഷ്ട്രീയ ഇടപെടൽ നടന്ന കൊലപാതകമാണ് അതെന്ന് നാട്ടിൽ പരക്കെ സംസാരമുണ്ടായി. അന്വേഷണത്തേക്കുറിച്ചുള്ള വിവരങ്ങളിലും ജനങ്ങൾക്ക് തൃപ്തിക്കുറവുണ്ടായിരുന്നു. കൊലപാതകത്തിനുപയോഗിച്ച മൂർച്ചയേറിയ ആയുധം ആ വീട്ടിൽ നിന്നോ പരിസരത്ത് നിന്നോ പോലീസിനു കണ്ടെത്താനാകാതിരുന്നത് ദുരൂഹത വർദ്ധിപ്പിച്ചു. ആ കഥ എന്തുമാകട്ടേ, ആ വീടിനെചുറ്റിപറ്റിയുണ്ടായ 2 സംഭവങ്ങളാണ് ഇവിടെ വിഷയം.
സംഭവം – 1
തുടരന്വേഷണം നടക്കുന്നതിനാൽ കൊലപാതകം നടന്ന വീടിന് പോലീസ് കാവൽ ഏർപ്പെടുത്തി. രാത്രി വഴിവിളക്കുകളോ, മറ്റ് പ്രകാശമോ ഇല്ലാത്ത ആ പരിസരം രാപ്പകൽ വ്യത്യാസമില്ലാതെ കനത്ത പോലീസ് കാവലിലായി. ദിവസങ്ങൾ കഴിഞ്ഞതോടെ പോലീസിന്റെ അംഗസംഖ്യ കുറഞ്ഞ് രാത്രി കാവലിന് 2 പോലീസുകാർ മാത്രമായി. രാത്രിയിൽ വീടിനുള്ളിൽ നിന്നും പരിസരത്തു നിന്നും നിലവിളികളും ആർത്തനാദങ്ങളും ഉയരുന്നതായി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ പരാതി പറഞ്ഞു തുടങ്ങി.
ഈ വാർത്ത നാട്ടിൽ പരന്നതോടെ, ഇരുട്ടും മുൻപേ ആളുകൾ വീട് പിടിയ്ക്കാൻ തുടങ്ങി. ദുർമരണങ്ങൾ നടന്ന വീട്ടിൽ രാത്രി ഡ്യൂട്ടി ചെയ്യാൻ കഴിയാത്തത് കൊണ്ട് സേനാംഗങ്ങൾ കള്ളക്കഥ പറയുന്നതായി സീനിയർ ഉദ്യോഗസ്ഥർ അതിനെ കരുതി. പക്ഷേ, ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട എല്ലാവരും ഒരേ കഥ പറയാൻ തുടങ്ങിയതോടെ സീൽ ചെയ്ത വീട് തുറന്നു പരിശോധിക്കേണ്ടി വന്നു. എന്നാൽ അസ്വഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
അങ്ങനെ ഒരു കറുത്തവാവ് ദിവസം അർദ്ധരാത്രിയിൽ വീടിനു പിന്നിൽ നിന്ന് നീട്ടിയുള്ള നിലവിളി കേട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ്കാർ ഞെട്ടിത്തരിച്ചു. ഒന്നു ഞെട്ടിയെങ്കിലും യുവാക്കളായ അവർ ധൈര്യത്തോടെ വീടിന്റെ പിന്നിലേയ്ക്കു നടന്നു. വീടിന്റെ ഒരു വശത്ത് വീടിനോട് ചേർത്തു നിർമിച്ചിരുന്ന കാർ ഷെഡ്ഡിന്റെ അടുത്തെത്തിയതും, പഴയ നിലവിളി വീണ്ടും ഉയർന്നു. ഒപ്പം കാർ ഷെഡ്ഡിന്റെ മുകളിൽ തീപ്പൊരി ചിതറിത്തെറിച്ചു. വൻ ശബ്ദത്തോടെ ഷെഡ്ഡിന്റെ മേൽക്കൂര പൊട്ടിത്തെറിച്ചു.
ഒരു നിമിഷത്തിനുള്ളിൽ ഇതെല്ലാം സംഭവിച്ചു. ആ നിമിഷം, അതിലധികം നേരിടാൻ മനക്കരുത്തില്ലാതിരുന്ന ഉദ്യോഗസ്ഥർ പുറത്തേയ്ക്ക് ഓടി. ഓട്ടത്തിനിടയിൽ ഒരാളുടെ കൈയിലിരുന്ന ടോർച്ച് എവിടെയോ നഷ്ടപ്പെട്ടു. തിരിഞ്ഞു നോക്കിയ ആയാൾ ഞെട്ടിപ്പോയി, തന്റെ സഹപ്രവർത്തകൻ കൂടെയില്ല. ആരോ വിളിക്കുന്നതായി തോന്നി തിരിഞ്ഞു നോക്കിയ അയാൾ കണ്ടത് കൈയിൽ വാക്കത്തിയുമായി നഷ്ടപ്പെട്ട തന്റെ ടോർച്ച് തെളിച്ച് തനിയ്ക്കു നേരെ നീട്ടുന്ന ഒത്ത പൊക്കമുള്ള ഒരു കറുത്ത രൂപം.
അർദ്ധരാത്രിയ്ക്കു ശേഷമുള്ള പട്രോളിംഗിനെത്തിയ പോലീസ് ഉദ്യോഗസ്ഥർ അബോധാവസ്ഥയിൽ ആയ രണ്ട് സേനാംഗങ്ങളെ രണ്ട് വ്യത്യസ്ഥ ഇടങ്ങളിൽ നിന്ന് പരിക്കേറ്റ നിലയിൽ കണ്ടെത്തി.
സംഭവം – 2
പോലീസ് സേനാംഗങ്ങളുടെ ദുരനുഭവം നാട്ടിൽ പാട്ടായി. നാട്ടുകാർ മുൻപത്തേക്കാൾ ഭയപ്പെട്ടു തുടങ്ങി. സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച പോലീസ്, രാത്രിയിലെ സ്ഥിരം കാവൽ അവസാനിപ്പിച്ചു. പേടിപ്പെടുത്തുന്ന സംഭവങ്ങൾ അരങ്ങേറുന്ന ആ പ്രേതഭവനത്തിലേയ്ക്ക് രാത്രിയിൽ ആരും എത്തില്ലെന്ന വിശ്വാസം പോലീസിനുണ്ടായിരുന്നിരിയ്ക്കണം.
രാത്രിയിലെ ഇരുട്ടും പറഞ്ഞു പ്രചരിച്ച കഥകളും ആ വീടിനെ കൂടുതൽ ഇരുട്ടിലാഴ്ത്തിക്കൊണ്ടിരുന്നു. സന്ധ്യയാകുന്നതോടെ പ്രദേശം വിജനമാകാൻ തുടങ്ങി. ആരും ആ വഴി എത്താതായി. അങ്ങനെയിരിക്കേ വീട്ടിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ താമസിച്ചിരുന്ന ഒരു ഓട്ടോ ഡ്രൈവർ രാത്രി ഓട്ടം കഴിഞ്ഞ് യാദൃശ്ചികമായി വഴി വന്നു. മണി 8 ആയിട്ടേ ഉള്ളൂവെങ്കിലും പ്രദേശം വിജനമാണ്. നാട്ടിൽ പ്രചരിച്ച കഥകൾ അയാളും കേട്ടിരുന്നു. ഭയത്താൽ ആക്സിലറേറ്റർ പിടിച്ചിരുന്ന കൈ വിറയ്ക്കുന്നുണ്ട്. വിജനമായ റോഡിലൂടെ ധൈര്യം സംഭരിച്ച് നീങ്ങവേ, വെളുത്ത വസ്ത്രം ധരിച്ച ഒരാൾ പെട്ടെന്ന് ഓട്ടോയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു.
ഒരു നിമിഷത്തെ ഞെട്ടലിൽ ഡ്രൈവർ അലറിവിളിച്ചുകൊണ്ട് ഓട്ടോ വെട്ടിച്ചു. ഭയത്താൽ ഓട്ടോ ഒന്നു പാളി. വാഹനം ശക്തിയായി ആരോ പിടിച്ചു വലിച്ചതു പോലെ നിന്നു പോയെന്ന് അയാൾക്ക് തോന്നി. സർവ്വ ശക്തിയും സംഭരിച്ച് അയാൾ ആക്സിലറേറ്റ് ചെയ്ത് മുന്നോട്ട് കുതിച്ചു. തിരിഞ്ഞു നോക്കാൻ അയാൾക്ക് ധൈര്യമുണ്ടായില്ല. വഴിയരുകിൽ ഒരു മനുഷ്യനോ അല്ലെങ്കിൽ ഒരു വഴിവിളക്കിന്റെ പ്രകാശമോ അയാൾ തിരഞ്ഞുകൊണ്ടിരുന്നു… ആരുമില്ല… ഒന്നുമില്ല…
ഓട്ടോ പായുകയാണ്. ഭയം കൊണ്ട് തന്റെ രക്തം തണുത്തുറഞ്ഞതായി അയാൾക്ക് തോന്നി. അര കിലോമീറ്റർ കൂടിയുണ്ട് വീട്ടിലേയ്ക്ക്. അതു വലിയ ദൂരമായി അയാൾക്ക് തോന്നി. മുന്നിലെ ചെറിയ കവലയിൽ വഴിവിളക്ക് കണ്ടപ്പോൾ അയാൾക്ക് തെല്ലൊരാശ്വാസം തോന്നി. പെട്ടെന്ന് പിന്നിൽ നിന്ന് ആരോ എന്തോ പറയുന്നതായി അയാൾക്ക് തോന്നി. ഭയത്തോടെ തിരിഞ്ഞു നോക്കിയ അയാൾ ഞെട്ടിപ്പോയി വെള്ള വസ്തം ധരിച്ച രൂപം ഓട്ടോയുടെ പിൻ സീറ്റിലിരിക്കുന്നു. ആ രൂപം അയാളെ നോക്കി ചിരിച്ചു.
ഓട്ടോ നിർത്തിയതോ അതോ താനേ നിന്നതോ… അയാൾ അലർച്ചയോടെ ഡ്രൈവിംഗ് സീറ്റിൽ നിന്ന് പുറത്തേയ്ക്ക് ചാടി. പ്രാണനനും കൊണ്ട് മുന്നിൽക്കണ്ട ഏതോ വഴിയിലൂടെ ഓടി. എത്ര ദൂരെ, എവിടെ എന്നറിയാത്ത ഒരിടത്ത് അയാൾ ബോധം മറിഞ്ഞ് തളർന്നു വീണു. ദൂരെ ദിക്കിൽ നിന്ന് ആ വഴി വന്ന ഏതോ വാഹനത്തിലെ യാത്രക്കാർ അയാളെ പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചു.
രഹസ്യങ്ങൾ
രണ്ടാമത്തെ സംഭവം കൂടിയായതോടെ ആ ഗ്രാമം ഒരു പ്രേതത്തുരുത്തായി മാറി. കഥകൾ ഒരുപാട് പ്രചരിച്ചു. പോലീസ് അന്വേഷണം പ്രേതാനുഭവങ്ങളിലേക്കും നീണ്ടു. പല കഥകൾക്കും തെളിവോ സാക്ഷികളോ ഇല്ലാതിരുന്നതിനാൽ പോലീസുകാരുടെ സംഭവത്തിലും ഓട്ടോ ഡ്രൈവറുടെ കാര്യത്തിലും അന്വേഷണം ഉണ്ടായി.
അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾ ഇങ്ങനെയായിരുന്നു. കുറുക്കന്മാരുടെ ശല്യമുണ്ടായിരുന്ന സ്ഥലമായിരുന്നു അത്. കൊലപാതകം നടന്ന വീടിന്റെ അടുത്ത പറമ്പിലെ ഉപേക്ഷിക്കപ്പെട്ട ചെറിയ മോട്ടോർപ്പുരയിൽ എപ്പോഴോ വന്നു പെട്ട കുറുക്കന്റെ ഓരിയിടൽ ആയിരുന്നു രാത്രിയിലെ നിലവിളിയായി വ്യാഖ്യാനിക്കപ്പെട്ടത്. അകാശത്ത് അഗ്നി വിതറി പൊട്ടിത്തെറി ഉണ്ടാക്കിയത് തെങ്ങിൽ നിന്ന് വീണ ഒരു കരിഞ്ഞ ഓലമടൽ ആയിരുന്നു.
ഓല താഴേയ്ക്കു പതിക്കുന്നതിനിടയിൽ ഇലക്ട്രിക് പോസ്റ്റിന്റെ കമ്പികളിൽ തട്ടി തീപ്പൊരി ഉണ്ടാകുകയും കാർ ഷെഡ്ഡിന്റെ ആസ്ബസ്റ്റോസ് മേൽക്കൂരയിൽ പതിയ്ക്കുകയുമായിരുന്നു. ആസ്ബസ്റ്റോസ് പൊട്ടിചിതറിയപ്പോൾ വലിയ ശബ്ദമുണ്ടായി. ആ ഞെട്ടലിൽ ഒരുമിച്ചാണ് ഓടിയതെന്ന് കരുതിയെങ്കിലും, രണ്ടു പോലീസ് സേനാംഗങ്ങളും രണ്ടു വഴി തിരിഞ്ഞിരുന്നു. അതിനിടയിൽ ഒരാളുടെ മുന്നിൽ വന്നു പെട്ടത് അടുത്തുള്ള ഒരു വീട്ടിലെ ഗൃഹനാഥനായിരുന്നു. തന്റെ പശു തൊഴുത്തിൽ നിന്ന് അഴിഞ്ഞു പുറത്ത് പോയത് അറിഞ്ഞ അയാൾ അതിനെ തിരികെ കൊണ്ടു പോകാൻ പുറത്തിറങ്ങിയതാണ്.
നാട്ടിൽ പ്രചരിച്ചിരുന്ന കഥകളിൽ ഭയന്നിരുന്ന അയാൾ ഒരു ധൈര്യത്തിന് വാക്കത്തി കൈയിലെടുത്തതാണ്. സ്വന്തം ടോർച്ചായിരുന്നു അയാളുടെ കൈയിലിരുന്നത്. ഭയപ്പെട്ട് ഓടി വന്ന പോലീസുകാരൻ തന്റെ നഷ്ടപ്പെട്ട ടോർച്ചിനെക്കുറിച്ച് ചിന്തിക്കുന്നതിനിടയിൽ മുന്നിൽ ടോർച്ചുമായി നിന്ന മനുഷ്യനെ തെറ്റിദ്ധരിച്ചു.
ഓട്ടോ ഡ്രൈവറുടെ കാര്യത്തിലും മനസിലെ ഭയമാണ് വില്ലനായത്. ഓട്ടോയ്ക്ക് മുന്നിൽ വന്നു പെട്ട വെള്ള വസ്ത്രം ധരിച്ച മനുഷ്യൻ പെന്തക്കൊസ്തു സഭയിലെ പാസ്റ്റർ ആയിരുന്നു. അവിടൊരു വീട്ടിലെ വിശ്വാസികളുടെ ഭയം മാറ്റാൻ പ്രാർത്ഥനയ്ക്കെത്തിയതായിരുന്നു അദ്ദേഹം. സമയം വൈകിയതറിയാതെ വഴിയിൽ എത്തിയ അയാൾ ഓട്ടോയ്ക്ക് കൈ കാണിച്ചു. എന്നാൽ അയാൾ വെട്ടിച്ച് നിർത്താതെ പോയി.
പക്ഷേ, വാഹനം വെട്ടിച്ചപ്പോൾ റോഡിലെ കുഴിയിൽ വീണ് ഒന്നു നിന്നു ആ സമയം പാസ്റ്റർ ഓട്ടോയിൽ കയറി. അയാൾ എന്തോ ചോദിച്ചെങ്കിലും ഡ്രൈവറുടെ ഉള്ളിലെ ഭയം മൂലം അയാൾ അതു കേട്ടില്ല. തനിക്കിറങ്ങേണ്ട കവലയിൽ എത്തിയപ്പോൾ അയാൾ ‘ഇവിടെ നിർത്തിയാൽ മതി’ എന്നു പറഞ്ഞതു കേട്ടാണ് ഡ്രൈവർ തിരിഞ്ഞു നോക്കിയത്. താൻ വാഹനത്തിൽ കയറ്റാത്ത ആളെ പിന്നിൽ കണ്ട് അയാൾ ജീവനും കൊണ്ട് ഓടാൻ അതിലപ്പുറം എന്തു വേണം…?!
സാക്ഷികൾ സഹിതം ഭയപ്പെടുത്തുന്ന കഥകൾക്ക് പിന്നിലെ രഹസ്യങ്ങൾ തെളിയിക്കപ്പെട്ടു. പ്രമുഖ പത്രങ്ങളുടെ പ്രാദേശിക വാർത്താ പേജിൽ വാർത്തയും വന്നു. പക്ഷേ, ജനങ്ങളുടെ മനസിലെ പേടി മാറാൻ പിന്നെയും കാലമെടുത്തു.
മന:സാക്ഷിയെ മരവിപ്പിക്കുന്ന ഒരു കൂട്ടക്കൊലപാതകത്തെ, അവിശ്വസനീയമായ കഥകൾ കൊണ്ട് മറച്ചതോ, അല്ലെങ്കിൽ പറഞ്ഞു കേട്ട കഥകളോ, ഏതായിരിക്കാം നാട്ടുകാരെ കൂടുതൽ ഭയപ്പെടുത്തിയിരിക്കുക….? എന്തായാലും പറഞ്ഞു കേട്ട, തെളിയക്കപ്പെടാത്ത കഥകൾ അവരുടെ ഉള്ളിൽ തന്നെ ഉറങ്ങി. ആ കഥകളിൽ നിന്നിറങ്ങി വന്ന രൂപങ്ങൾക്ക് സാക്ഷികൾ അവർ മാത്രമായിരുന്നല്ലോ…!
2020 സെപ്തംബർ 16