മലേഷ്യൻ വിമാനത്തിന്റെ തിരോധാനം
2014 മാർച്ച് മാസം 8 നാണ് എം.എ. എസ്370 എന്ന മലേഷ്യൻ വിമാനം ക്വോലാലമ്പൂരിൽ നിന്ന് ബീജിംഗിലേക്കുള്ള യാത്രാമധ്യേ 227 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പെടെ 239 പേരുമായി അപ്രത്യക്ഷമാകുന്നത്. ടേക്ക് ഓഫ് ചെയ്ത് അര മണിക്കൂറിന് ശേഷം എ. ടി. സി റഡാറിൽ നിന്ന് അപ്രത്യക്ഷമായ വിമാനത്തെക്കുറിച്ച് ഇന്നേവരെ ഒരു വിവരവും ലഭിച്ചിട്ടില്ല എന്നാണ് ഔദ്യോഗീക രേഖകൾ പറയുന്നത്. വിമാനം തകർന്നാതാണോ, അല്ലെങ്കിൽ തട്ടിയെടുത്തതാണോ എന്നതിനെക്കുറിച്ച് പോലും വിശ്വസനീയമായ തെളിവുകളൊന്നും തന്നെ ആർക്കും ലഭിച്ചിട്ടില്ല എന്നതാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. എന്നാൽ ‘എം.എ. എസ്370’ ന്റെ ദുരൂഹമായ അപ്രത്യക്ഷമാകലുമായി ബന്ധപ്പെട്ട് അവിശ്വസനീയവും വിചിത്രമായ ഒരു കഥയുണ്ട്.
ഒരു കൊലപാതകം
മലേഷ്യൻ വിമാനം കാണാതാകുന്നതിന് ഏതാണ്ട് ഒരാഴ്ച മുൻപ്, കൃത്യമായി പറഞ്ഞാൽ 2014 ഫെബ്രുവരി 27ന് വൈകിട്ട് 7 മണിയോടു കൂടി മലേഷ്യയിലെ മലാക്കാ പട്ടണത്തിൽ പുറം ലോകം അറിയാത്ത ഒരു കൊലപാതകം നടന്നു. കൊല്ലപ്പെട്ടത് ഒരു അമേരിക്കൻ പൗരനാണ്. തന്റെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ചില അന്വേഷണങ്ങൾക്കും സന്ദർശനങ്ങൾക്കും വേണ്ടിയാണ് അദ്ദേഹം മലേഷ്യയിലെത്തിയത്.
വിമാനാപകടവുമായി ബന്ധപ്പെട്ട ചില ദുരൂഹതകൾക്ക് പിന്നാലെ പോയ മലേഷ്യൻ രഹസാന്വേഷണ വിഭാഗമാണ് മാസങ്ങൾക്ക് ശേഷം അമേരിക്കൻ പൗരന്റെ കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തിയത്. രണ്ട് ചൈനീസ് പൗരന്മാരായിരുന്നു കൊലപാതകത്തിനു പിന്നിൽ.
യഥാർത്ഥത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ പൗരൻ അമേരിക്കൻ രഹസാന്വേഷണവിഭാഗമായ സി. ഐ. എ യിലെ (സെൻട്രൽ ഇന്റലിജൻസ് ഏജൻസി) ഉദ്യോഗസ്ഥനായിരുന്നു. കൊല്ലപ്പെടുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് വിയറ്റ്നാമിൽ നിന്ന് ഒരു മലേഷ്യൻ വിലാസത്തിലേയ്ക്ക് അയച്ച പാഴ്സൽ ഇയാൾ കൈപ്പറ്റിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. കരകൗശല വസ്തു എന്നു രേഖപ്പെടുത്തി വിയറ്റ്നാമിൽ നിന്നെത്തിയ പാഴ്സലിന് ഒരു കിലോഗ്രാം തൂക്കമായിരുന്നു പാഴ്സൽ രേഖകളിൽ കാണിച്ചിരുന്നത്.
വിമാനത്തിനുള്ളിലെ അമൂല്യമായ അജ്ഞാത വസ്തു
അന്വേഷണത്തിൽ കൊല്ലപ്പെട്ട വ്യക്തിയിൽ നിന്ന് ഈ പാഴ്സൽ തട്ടിയെടുക്കുന്നതിനു വേണ്ടിയാണ്് കൊലപാതകം നടന്നതെന്ന് വ്യക്തമായി. മാത്രവുമല്ല അപകടത്തിൽ പെട്ട വിമാനത്തിൽ സഞ്ചരിച്ചിരുന്ന ചൈനീസ് യുവതിയുടെ ഭീമൻ പാൻഡയുടെ രൂപത്തിലുള്ള ഹാൻഡ് ബാഗേജിന് ഒരു കിലോ തൂക്കമുള്ളതായി കണ്ടെത്തിയിരുന്നു. ആ പാഴ്സലിനു പിന്നാലെ നീങ്ങിയ അന്വേഷണ സംഘത്തിന് മുന്നിലാണ് അമേരിക്കൻ പൗരനെക്കുറിച്ചും അയാളുടെ കൊലപാതകത്തെക്കുറിച്ചുമുള്ള വിവരങ്ങൾ വെളിവായത്.
തുടർന്നുള്ള അന്വേഷണത്തിൽ അന്വേഷണ സംഘം കണ്ടെത്തിയ സ്ഥിരീകരിക്കാത്ത ചില വിവരങ്ങളുണ്ട്. അമൂല്യവും, പ്രാധാന്യമുള്ളതുമായ എന്തോ ഒന്ന് പാഴ്സലിൽ ഉണ്ടായിരുന്നു. അമേരിക്കൻ പൗരനിൽ നിന്ന് തട്ടിയെടുത്ത ആ വസ്തു, വിനോദസഞ്ചാരികൾ എന്ന വ്യാജേന മലേഷ്യയിൽ എത്തിയ ചൈനീസ് രഹസ്യാന്വേഷണ വിഭാഗമായ എം. എസ്. എസ് (മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി) ലെ ഉദ്യോഗസ്ഥർ മലേഷ്യയിൽ നിന്ന് ചൈനയിലേയ്ക്ക് കടത്തുവാൻ ശ്രമിക്കുകയായിരുന്നു. ഈ രഹസ്യദൗത്യത്തിന് മലേഷ്യൻ ഗവണ്മെന്റിന്റെ മൗനാനുവാദം ഉണ്ടായിരുന്നത്രേ.
എന്നാൽ ഇതിനെല്ലാം മുകളിൽ മറ്റൊരു കാര്യം കൂടി സംഭവിക്കുന്നുണ്ടായിരുന്നു. ചൈനീസ് ഉദ്യോഗസ്ഥരെ പിന്തുടർന്നിരുന്ന 5 അമേരിക്കൻ (സി.ഐ.എ) ഏജന്റ്മാർ യൂറോപ്പിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ ഐഡന്റിറ്റിയിൽ ഇതേ വിമാനത്തിൽ ഉണ്ടായിരുന്നു. ടേക്ക് ഓഫിനു ശേഷം വിമാനത്തിലെ ചൈനീസ് ചാരന്മാരെ നിഷ്പ്രയാസം കീഴ്പ്പെടുത്തിയ അമേരിക്കൻ ഉദ്യോഗസ്ഥർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇതെല്ലാം എളുപ്പമാക്കിയത് വാച്ചിലും ആഭരണങ്ങളിലുമായി അമേരിക്കൻ പൗരന്മാർ സൂക്ഷിച്ചിരുന്ന സയനൈഡിനേക്കാൾ മാരകമായ വിഷം ആയിരുന്നത്രേ.
വിമാനത്തിനുള്ളിൽ സംഭവിച്ചത്
വിമാനത്തിന്റെ നിയന്ത്രണം എറ്റെടുത്ത അമേരിക്കൻ ഉദ്യോഗസ്ഥർ ആദ്യം വിമാനത്തിന്റെ റേഡിയോ ഓഫ് ചെയ്തു. ശേഷം അപായ സിഗ്നൽ നൽകി യാത്രക്കാരോട് സീറ്റ് ബെൽറ്റിടാൻ ആവശ്യപ്പെടുകയും ഓക്സിജൻ മാസ്കുകൾ തുറന്നിടുകയും ചെയ്തു. 32000 അടി ഉയരത്തിൽ സഞ്ചരിയ്ക്കുന്ന വിമാനത്തിൽ ഓക്സിജന്റെ അഭാവം ഉണ്ടായാൽ 10 മുതൽ 12 മിനിട്ടു വരെ ശ്വസിക്കാനുള്ള പ്രാണവായു ആണ് സൂക്ഷിച്ചിരിക്കുന്നത്. ആ സമയത്തിനുള്ളിൽ വിമാനം ഓക്സിജൻ ലഭിക്കുന്ന താഴ്ന്ന ദൂരത്തിലേക്ക് എത്തിക്കാൻ കഴിയും.
എന്നാൽ വേഗത്തിൽ ഓക്സിജൻ ലീക്ക് ചെയ്യാനുള്ള അവസരമൊരുക്കുകി എകദേശം 3 മിനുട്ടിനുള്ളിൽ ഓക്സിജൻ സിലിണ്ടറുകൾ കാലിയാക്കി യാത്രക്കാരെ മരണത്തിലേയ്ക്ക് തള്ളിവിട്ടു. വിമാനത്തിന്റെ ക്യാബിൻ ക്രൂവിനായി കരുതിയിരുന്ന അധിക ഓക്സിജൻ സിലിണ്ടറുകൾ ഉപയോഗിച്ച് അമേരിക്കൻ ഉദ്യോഗസ്ഥർ സുരക്ഷിതരായി.
ഡീഗോ ഗ്രേഷ്യ
പത്തു മിനിട്ടുകൾക്ക് ശേഷം വിമാനം 7000 അടി ഉയരത്തിലേയ്ക്ക് താഴ്ത്തി പറത്തി ഇൻഡ്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗ്രേഷ്യ (Diego Garcia) ദ്വീപിൽ ലാൻഡ് ചെയ്തു. ഡീഗോ ഗ്രേഷ്യ അമേരിയ്ക്കൻ മിലിട്ടറി ബേസ് ആണ്. ലാൻഡ് ചെയ്ത വിമാനത്തിൽ നിന്ന്, ചൈനീസ് ചാരന്മാർ ചൈനയിലേയ്ക്ക് കടത്തുകയായിരുന്ന രഹസ്യ വസ്തു പുറത്തിറക്കിയ ശേഷം, വിമാനം ഓട്ടോ പൈലറ്റ് മോഡിൽ വീണ്ടും ടേക്ക് ഓഫ് ചെയ്ത് ഇന്ത്യൻ മഹാ സമുദ്രത്തിന്റെ അഴത്തിലേക്ക് ഇടിച്ചിറക്കി മുക്കിക്കളഞ്ഞു എന്നുമാണ് റിപ്പോർട്ട്.
മലേഷ്യൻ വിമാനം കാണാതായി മണിക്കൂറുകൾക്ക് ശേഷം യാത്രക്കാരെ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ച ബന്ധുക്കൾ ഫോൺ റിംഗ് ചെയ്തിരുന്നതായി പറഞ്ഞിരുന്നു.
അതെങ്ങനെ സംഭവിച്ചു എന്നത് ഇതിൽ നിന്ന് ഊഹിയ്ക്കാവുന്നതാണ്. റഡാറിൽ നിന്നും കാണാതായി 7 മണിക്കൂറുകൾക്ക് ശേഷമാണ് ഈ ഓപ്പറേഷൻ പൂർത്തീകരിച്ചത്. അതിനിടയിൽ യാത്രക്കാരുടെ മൊബൈലിലേയ്ക്ക് വിളിച്ചവർക്ക് ഫോൺ റിംഗ് ചെയ്തത് കേൾക്കാൻ കഴിഞ്ഞതിൽ അത്ഭുതമില്ല.
ഔദ്യോഗീക വിശദീകരണം
രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ വിവരങ്ങൾ ഔദ്യോഗീകമായി പുറത്തു വന്നില്ലെങ്കിലും അമേരിക്കയെ കരിവാരി തേയ്ക്കുന്നതിനും, മറ്റ് ചില അന്താരാഷ്ട്ര താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമായി മലേഷ്യൻ സർക്കാർ വിവരങ്ങൾ രഹസ്യമായി പുറത്തെത്തിച്ചു. ചില പപ്പരാസി മാധ്യമങ്ങളിൽ ഈ വിവരങ്ങൾ അച്ചടിച്ചു വന്നെങ്കിലും വായനക്കാർ ഇതെല്ലാം വെറും കെട്ടുകഥയായി കരുതി.
വിമാനത്തിന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷണം നടത്തിയ അന്താരാഷ്ട്ര എജൻസിയുടെ ഔദ്യോകീക റിപ്പോർട്ടിൽ, വിമാനം ദുരൂഹസാഹചര്യത്തിൽ കാണാതായ സംഭവത്തിനു പിന്നിൽ പുറത്ത് നിന്ന് ആരോ ഇടപെട്ടിരിയ്ക്കാൻ സാധ്യതയുണ്ടെന്ന് മാത്രം പറഞ്ഞ് അവസാനിപ്പിച്ചു.
വിയറ്റ്നാമിൽ നിന്നുള്ള തെളിവ്
എന്നാൽ ഒരു മാധ്യമം വിയറ്റ്നാമിൽ നിന്നെത്തിയ പാഴ്സലിലെ കരകൗശല വസ്തുവിനു പിന്നാലെ പോയ മലേഷ്യൻ അന്വേഷണ സംഘം ഒരു കൗതുകമുണർത്തുന്ന കാര്യം കണ്ടെത്തിയതായി പറഞ്ഞിട്ടുണ്ട്. പാഴ്സൽ ഓഫീസിൽ നിന്ന് കരകൗശല വസ്തു എന്ന ലേബലിൽ എത്തിച്ച ബോക്സ് എന്തോ സംശയത്തെത്തുടർന്ന് പാഴ്സൽ ഏജൻസിയുടെ സാന്നിധ്യത്തിൽ തന്നെ കസ്റ്റംസ് വിഭാഗം സ്കാൻ ചെയ്യുകയും തുറന്നു പരിശോധിയ്ക്കുകയും ചെയ്തിരുന്നു.
പാഴ്സൽ പരിശോധിച്ച ഉദ്യോഗസ്ഥന്റെ വിവരണം ഇങ്ങനെയായിരുന്നു, ” വെള്ളി വളയങ്ങൾ കാലുകളിൽ ധരിച്ച ഒരു കറുത്ത കോഴിയുടെ സ്റ്റഫ് ചെയ്തെടുത്ത രൂപമായിരുന്നു അത്… അതിന്റെ തലയുടെ സ്ഥാനത്ത് കരിമ്പൂച്ചയുടെ തല തുന്നിച്ചേർത്തിരുന്നു… അത് ശരിയ്ക്കും കോഴിയ്ക്ക് പൂച്ചത്തല വന്നതു പോലെ തന്നെയുണ്ടായിരുന്നു… അതിന്റെ കണ്ണുകൾ എന്നെ നോക്കുന്നെന്ന് തമാശ പറഞ്ഞിട്ട് നോക്കിയപ്പോൾ ആ പൂച്ചക്കണ്ണുകൾ ഒന്ന് അടച്ചു തുറന്നതായി എനിയ്ക്ക് തോന്നി…!! “
–