“ദാസനെന്താ കൊടുക്കുക…? ”
പാർവതി അങ്ങനെ ചോദിച്ചപ്പോൾ എനിക്കു ചിരിയാണ് വന്നത്.
“വീടു കണ്ടവർക്കൊക്കെ ഇന്റീരിയർ വർക്കിനേക്കുരിനെക്കുറിച്ചേ പറയാനുള്ളൂ… കൂലിയൊക്കെ കൃത്യമായി കൊടുത്തതാ എങ്കിലും എന്തെങ്കിലും ഒന്നൂടെ… ?”
എന്റെ മറുപടി പ്രതീക്ഷിച്ചിട്ടെന്ന മട്ടിൽ അവൾ നിർത്തി.
“അതൊക്കെയിരിക്കട്ടേ, നിനക്കിഷ്ടപ്പെട്ടോ എല്ലാം…? അതോ നാട്ടുകാരുടെ അഭിപ്രായത്തിൽ വീണതാണോ…? ”
“അല്ലെന്നേ… നന്നായിട്ട് വർക്ക് ചെയ്തിട്ടുണ്ട് … ” ഒരു കുറ്റബോധത്തോടെ അവൾ പറഞ്ഞു.
“ഏതായാലും ഹൗസ് വാമിങ്ങിനാവട്ടെ… നല്ലൊരു ഗിഫ്റ്റ് കൊടുത്തേക്കാം… ”
“ഊം… ശരി… ”
അവൾ ഫോൺ വച്ചപ്പോൾ മുൻപ് അവൾ പറഞ്ഞതിനെക്കുറിച്ച് ഞാനോർത്തു…
രണ്ടു മാസം മുൻപാണ് ഞങ്ങളുടെ വീടു പെയിന്റു ചെയ്യാാൻ വന്ന എന്റെ പഴയ ചങ്ങാതി കൂടിയായ ദാസനെ അവൾ ആദ്യം കാണുന്നത്.
തറവാടിനടുത്തുള്ള സ്ഥലത്ത് പണിയുന്ന വീടിന്റെ പെയിന്റിങ്ങിനും ഇന്റീരിയർ വർക്കിനുമായി ബജറ്റിനൊത്ത വിധത്തിൽ വർക്ക് ചെയ്യുന്ന ഒരാളെ നോക്കി വക്കണമെന്ന് ഞാൻ അച്ഛനോട് പറഞ്ഞിരുന്നു. ബാംഗ്ലൂരിലെ എന്റെ ജോലിത്തിരക്കിനിടയിൽ വീടു പണിയുന്നിടത്തേക്ക് ഒരിക്കൽ പോലും ഞാൻ തിരിഞ്ഞു നോക്കിയിരുന്നില്ല. അതു വരെ എല്ലാം അച്ഛൻ തന്നെയാണ് ചെയ്യിച്ചതും.
അച്ഛൻ പറഞ്ഞതു പ്രകാരം ഞാൻ ലീവിനു വീട്ടിലുള്ള ഒരു ദിവസം രാവിലെ പിങ്ക് പെയിന്റടിച്ച ബജാജ് സ്കൂട്ടറിൽ പെയിന്ററുടെ രൂപത്തിൽ വന്നിറങ്ങിയ ദാസനെ കണ്ട് ഞാൻ അത്ഭുതപ്പെട്ടു.
“ദാസൻ കാവുംതടത്തിൽ …!! ”
ഞാനറിയാതെ അവന്റെ സ്കൂളിലെ പേരു വിളിച്ചുപോയി …
അവന്റെ മുഖത്ത് സൗഹൃദത്തിന്റെ നിറഞ്ഞ ചിരി.
അവന് ചായ കൊടുക്കുന്നതിനിടയിൽ ദാസനെ ഞാൻ പാർവതിക്ക് പരിചയപ്പെടുത്തി .
“ഞങ്ങൾക്ക് ചില പ്ളാനൊക്കെയുണ്ട്… അതനുസരിച്ച് വേണം വർക്ക്…” പാർവതി പറഞ്ഞു.
ദാസൻ ഭവ്യതയോടെ തല കുലുക്കി .
അവനെ വീടു കാണിക്കാൻ നടക്കുമ്പോൾ ഞാനവന്റെ വിശേഷങ്ങൾ തിരക്കി .
“ദാസൻ ഏതോ പബ്ളിക്കേഷൻസിൽ ആർട്ടിസ്റ്റായിരുന്നില്ലേ…? ”
“ആയിരുന്നു … ആദ്യം ഒരു ബാലപ്രസിദ്ധീകരണത്തിൽ… സർക്കുലേഷൻ കുറഞ്ഞപ്പോൾ അവരതു നിർത്തി. പിന്നെ ഒരു വാരികയിലായിരുന്നു… അതും വിട്ടു… ഇപ്പോ രണ്ടു വർഷമായി വീടിന്റെ പണി തുടങ്ങിയിട്ട്… ”
“ദാസനേപ്പോലെ കഴിവുള്ള ആർട്ടിസ്റ്റ് ഒരു നല്ല ജോലി കളഞ്ഞിട്ടിങ്ങനെ…? ” ഞാനെന്റെ സംശയം മറച്ചു വച്ചില്ല.
“അതു പിന്നെ… ആദ്യമൊന്നും കുഴപ്പമില്ലായിരുന്നു, പിന്നെ കമ്പ്യൂട്ടറും ഡിജിറ്റൽ ടെക്നോളജിയുമൊക്കെ വന്നപ്പോൾ പറ്റാതായി… പഠിക്കാൻ ശ്രമിച്ചിട്ടും അതൊന്നും നമുക്കു വഴങ്ങില്ലെന്ന് മനസിലായി… ”
അതു പറയുമ്പോൾ മുരുകന്റെ വാക്കുകൾ നിരാശയിൽ മുങ്ങിയതു പോലെ തോന്നി…
“ഇപ്പോഴെങ്ങിനെയുണ്ട്…? ”
“തരക്കേടില്ല… ഇങ്ങിനെ പരിചയക്കാ രൊക്കെ വിളിച്ചു തരുന്ന വർക്കുകള്… എങ്കിലും സ്ഥിരമായി പണിയുണ്ട്… ”
എവിടെയോ കളഞ്ഞു പോയ ആത്മവിശ്വാസം ദാസൻ ആ വാക്കുകളിൽ വീണ്ടെടുത്തു.
“കല്യാണം…? ”
“ഉവ്വ്.. രണ്ടു കുട്ടികളായി… ഒരാണും പെണ്ണും… ”
“സ്കൂളിലെ പഠനം കഴിഞ്ഞതിൽ പിന്നെ ആരേയും അങ്ങിനെ കാണാൻ പറ്റാറില്ല… അടുത്ത സ്ഥലത്ത് പഠിക്കാൻ പറ്റാത്തതിന്റെ കുഴപ്പം… ” ഞാൻ പരിതപിച്ചു.
വീട്ടിലേക്ക് കയറുമ്പോൾ ഞാൻ പറഞ്ഞു “ ദാസൻ എന്നെ സ്കൂളിലെ കൂട്ടുകാരനായി തന്നെ കണ്ടാൽ മതി… എനിക്ക് പണ്ട് പടം വരച്ചു തന്നിരുന്നതു പോലെ കൂട്ടിയാൽ മതി ജോലിയും… അങ്ങിനെയാകുമ്പോൾ പിന്നെ എനിക്ക് വർക്കിന്റെ ഭംഗിയെക്കുറിച്ച് വേവലാതിയുണ്ടാകില്ല… ”
“ചന്ദ്രൻ സാറിന്റെ ഡ്രോയിംഗ് ക്ലാസ്സ് ഞാനും മറന്നിട്ടില്ല…” ഒരു നിമിഷം അവനും പോയകാലം ഓർത്തു.
“ആദ്യമായി മറ്റുള്ളവർക്ക് വേണ്ടി വരച്ചു തുടങ്ങിയത് അന്നു മുതലല്ലേ… അല്ലേ… ? ” ഞാൻ ചോദിച്ചു…
ഒരു തമാശ കേട്ട മട്ടിൽ ദാസൻ ചിരിച്ചു.
വീടിന്റെ അകത്തെ മുറികൾ ഞാൻ ദാസന് പരിചയപ്പെടുത്തി .
“രണ്ടു മുറികളിലെ ഭിത്തിയിൽ വാൾസ്കൾച്ചർ ആർട്ട് വേണം… ഒന്നു ലീവിംഗ് റൂമിൽ, മറ്റൊന്ന് മോൾക്കുള്ള മുറിയിൽ… അവൾക്ക് രണ്ടു വയസായതേയുള്ളൂ… വേറൊരു മുറിയിലാക്കാറായിട്ടില്ല… എങ്കിലും കുട്ടികൾക്ക് പറ്റിയൊരു ഡിസൈൻ… പെയിന്റിങ്ങിന്റെ കളറും പാറ്റേണുമൊക്കെ ദാസൻ തന്നെ നിശ്ചയിച്ചാൽ മതി… ” ഞാൻ ഓർമപ്പെടുത്തി.
ദാസൻ എല്ലാം വിശദമായി നോക്കി കണ്ടു. പിന്നെ ബജറ്റിനെ കുറിച്ചായി സംസാരം.
” അധികം ആർഭാടം വേണ്ട… എന്നാൽ ഭംഗിയാകുകയും വേണം… ബജറ്റിന്റെ കാര്യത്തിൽ നമ്മൾ തമ്മിൽ കണക്കു പറയേണ്ട… പണം വേണ്ടപ്പോൾ അച്ഛനെ കണ്ടാൽ മതി… ”
പാർവതി പറഞ്ഞതിനെക്കുറിച്ച് മുരുകൻ സംശയം പ്രകടിപ്പിച്ചു, ”എന്തോ പ്ളാനൊക്കെയുണ്ടെന്ന് പറഞ്ഞിട്ട്…? ”.
“പ്രത്യേകിച്ചൊന്നുമില്ല… ഞാൻ പറഞ്ഞതു തന്നെ… മുരുകൻ നല്ല രീതിയിലങ്ങു ചെയ്താൽ മതി… ” ഞാൻ ഉറപ്പിച്ചു പറഞ്ഞു.
തിരികെ നടക്കുമ്പോൾ മുരുകൻ എന്റെ ജോലിയെക്കുറിച്ച് ചോദിച്ചു.
“ബാംഗ്ലൂരിൽ ഒരു സോഫ്റ്റ് വെയർ കമ്പനിയിലാണ്… ” ഞാൻ എങ്ങും തൊടാതെ ഒരു മറുപടി നൽകി.
രണ്ടാഴ്ചക്കുള്ളിൽ പണി തുടങ്ങാമെന്നേറ്റ് മുരുകൻ പോയി.
സ്കൂട്ടർ സ്റ്റാർട്ടായി പൊകുന്നതു കേട്ട് പാർവതി ഇറങ്ങി വന്നു.
“അയാൾ പോയോ…? ഡിസൈൻ ചെയ്തു വച്ചിരിക്കുന്നതൊക്കെ കാണിക്കണമെന്നു പറഞ്ഞിട്ട്… ” അവൾ കൈയിലിരുന്ന ലാപ് ടോപ് കാണിച്ച് പരിഭവത്തോടെ ചോദിച്ചു.
“ഇനി അതിന്റെ ആവശ്യമില്ല… അവൻ നന്നായിട്ട് ചെയ്തോളും… ” ഞാൻ പറഞ്ഞത് പാർവതിക്കത്ര പിടിച്ചില്ല.
“എത്ര ദിവസം എന്റെ ഉറക്കം കളഞ്ഞ് വിളിച്ചിരുത്തി ഈ നിറം മതിയോ..? ആ നിറം മതിയോ…? ഇതിവിടെ പോരേ എന്നൊക്കെ ചോദിച്ച് എല്ലാം ഉണ്ടാക്കി വച്ചിട്ടിപ്പോൾ…? ” അമർഷത്തോടെ എന്നാൽ സ്വരം താഴ്ത്തി അവൾ ചൊദിച്ചു.
“നീ വാ… ”
പാർവതിയോട് എനിക്കവനേക്കുറിച്ച് ഒരുപാട് പറയാനുണ്ടായിരുന്നു…
അഞ്ചാം ക്ലാസ്സിൽ അവനെ പരിചയപ്പെട്ട കാലം മുതൽ സ്കൂൾ വിടുന്നതു വരെയുള്ള കാലത്തെ കാര്യങ്ങൾ… അതൊരൊറ്റ കാര്യത്തിൽ, ചിത്രം വരയുടെ കാര്യത്തിൽ മാത്രം ഒതുങ്ങുന്നതായിരുന്നിട്ട് കൂടി…
“അവനായിരുന്നു സ്കൂളിൽ ചന്ദ്രൻ സാറിന്റെ ഡ്രോയിംഗ് ക്ലാസ്സിലെ മിടുക്കൻ. സാർ ഹോം വർക്കായി തരുന്ന വിഷയങ്ങൾ പല കുട്ടികൾക്കും ചിത്രങ്ങളാക്കി കൊടുത്തിരുന്നത് അവനായിരുന്നു. എനിക്കു മാത്രം അവൻ വരച്ചു തരില്ല… ഔട്ട് ലൈനിട്ട് തരും… എന്നിട്ട് ഞാനതിന് മുകളിലൂടെ വരക്കും… പലപ്പോഴും അവൻ എന്റെ കൈയിൽ പെൻസിൽ പിടിപ്പിച്ച് ബുക്കിൽ വരപ്പിച്ചിട്ടുണ്ട്… ”
“അങ്ങിനെയാണ് എന്തെങ്കിലും വൃത്തിയായി വരക്കാൻ തുടങ്ങിയത്… ”
“ഹൈസ്കൂൾ ക്ലാസ്സിലെ സയൻസ് ബുക്കിൽ, ചിത്രം വരച്ച് അടയാളപ്പെടുത്തേണ്ടവയിലെ ഷേഡുകൾ ഭംഗിയാക്കാൻ പഠിപ്പിച്ചത് അവനായിരുന്നു. അതൊക്കെ അവൻ പറഞ്ഞു തന്ന രീതിയിൽ ഞാൻ വരക്കാൻ ശ്രമിക്കുമ്പോൾ, എന്റെ കൂട്ടൂകാർ അവൻ വരച്ച ചിത്രകഥ ബാലപ്രസിദ്ധീകരണത്തിൽ അച്ചടിച്ച് വന്നത് വായിക്കുകയായിരിക്കും… ”
“ഒരു തരത്തിൽ ആവൻ എന്റെ ആശാനാണെന്നു പറയാം പാറൂ… ”
“ഊം… ആശാനും ശിഷ്യനും കൂടി നന്നാക്കിയാൽ മതി … ” അവൾ ഗൗരവം വിട്ടിരുന്നില്ല.
“നന്നാവും… നന്നാവുമെന്ന് പറഞ്ഞാൽ നമ്മൾ വിചാരിച്ചതിലധികം… അവനെനിക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും നല്ല ബഹുമാനം സ്വാതന്ത്ര്യമാണ്… അതുണ്ടെങ്കിൽ അവന് വർക്ക് ഭംഗിയായി ചെയ്യാൻ കഴിയും… ”
“എന്നിട്ട് അത്ര നല്ല കലാകാരൻ ഇപ്പോ ഈ പണിയാ ചെയ്യുന്നത്…? ” അവൾ സംശയം മറച്ചു വച്ചില്ല.
“ അതാണ് കാലം… വരക്കുന്ന വരയൊന്നു വളഞ്ഞു പോയാൽ അത് നേരെയാക്കാൻ കഴിയുന്ന സോഫ്റ്റ്‌വെയർ പഠിച്ചവനൊക്കെ ഇന്ന് ഡിസൈനർ… അവനതു പറ്റിയില്ല… അതു കൊണ്ട് ഇന്നവൻ ഈ ജോലി ചെയ്യുന്നു… ”
“ എന്നിട്ട് ഏട്ടൻ ഡിസൈനറായിട്ടാ ജോലി ചെയ്യുന്നതെന്ന് പറഞ്ഞോ…? ”
“ ഇല്ല… ഒരു സോഫ്റ്റ് വെയർ കമ്പനിയിലാണെന്നു മാത്രം പറഞ്ഞു… ”
പാർവതി എന്തോ ചോദിക്കാൻ തുടങ്ങിയതും സ്വാതി മോൾ എന്തിനോ വാശി പിടിച്ച് കരയുന്നത് കേട്ടു… അവൾ കുഞ്ഞിനടുത്തേക്ക് പോയി.
–
അനൂപ് ശാന്തകുമാർ
-2010 ഒക്ടോബർ 29-