അസമയത്ത് ഒറ്റയ്ക്ക്, അവസാന വണ്ടി കാത്തു നിൽക്കുന്ന പെൺകുട്ടിയുടെ ഉള്ളിൽ പേടി തോന്നാതിരിക്കുമോ…?
എങ്ങനെ തോന്നാതിരിക്കും… ?
പക്ഷേ അവൾക്ക് ഒട്ടും പേടി തോന്നുന്നുണ്ടായിരുന്നില്ല…!
ദൂരവും ഗതിവേഗവും ലക്ഷ്യങ്ങളും കുറിച്ചു വച്ച് ഓർമിപ്പിക്കുന്ന ലോഹഫലകങ്ങളിലേക്ക് നോക്കാതെ, അവസാന വണ്ടി വരുന്നതും കാത്ത് പാളത്തിന്റെ രണ്ടു നേർവരകൾ ചുരത്തിനപ്പുറം വളഞ്ഞില്ലാതാകുന്ന ദിക്കിലേക്കും ഇരുളിലേക്കെത്തുന്ന അകലേക്കും മാത്രം ദിക്കറിയാത്തവളേപ്പോലെ അവൾ തല ഇരു വശത്തേക്കും തിരിച്ച് നോക്കിക്കൊണ്ടിരുന്നു.
വണ്ടി വരും എന്നും, അത് ഈ രാത്രിയിലെ അവസാനത്തെ വണ്ടിയാണെന്നും മാത്രം അവൾക്കറിയാം.
എന്നാൽ അത് എപ്പോൾ വരുമെന്നോ ഏതു ദിക്കിൽ നിന്നാണെന്നോ അവൾക്കുറപ്പില്ല. ഏതു ദിക്കിൽ നിന്നായാലും എത്ര നേരത്തേയാകുന്നുവോ അത്രയും നന്ന്. അവൾ അങ്ങനെ മാത്രമല്ലാതെ ഒന്നും ചിന്തിച്ചിരുന്നില്ല…
* * * * * * * * * * * * *
വല്ലാത്തൊരാസക്തിയോടെ മരണത്തെ പ്രണയിക്കുന്നുവെന്ന് കുറിച്ചു വച്ച അവസാനത്തെ പ്രണയലേഖനം ആർക്കോ വേണ്ടി ഒരു ഫേസ്ബുക്ക് സ്റ്റാറ്റസ് ആക്കിയ ശേഷമാണ് അവൻ പാളത്തിനരുകിലേക്ക് വന്നത്…!
അവസാന വണ്ടി കാത്തു നിൽക്കുന്ന രണ്ടു പേർ മുഖാമുഖം നോക്കി പോയത് വണ്ടിയുടെ വെളിച്ചം പ്രതീക്ഷിച്ച് പാളത്തിന്റെ ഇരു ദിക്കിലേക്കും നോക്കിയതിനിടയിൽ യാദൃശ്ചികമായി മാത്രമായിരുന്നു.
ഒറ്റക്കൊരു സുന്ദരി ആദ്യമായി ഒരുവനെ ആകർഷിക്കാതിരുന്നതും, അസമയത്ത് ഒരപരിചിതനോട് ഒരുവൾക്ക് പേടി തോന്നാതിരിരുന്നതും ഇതാദ്യമായിരിക്കണം.
ഒറ്റവരിയിലൊതുങ്ങി പോയ ഒടുവിലത്തെ പ്രണയലേഖനമെഴുതാൻ അവനെ പ്രേരിപ്പിച്ച മന:സാക്ഷിയില്ലാത്ത കാമുകിമാരോടുള്ള വെറുപ്പ് അവരുടെ വർഗത്തോടും തോന്നിയത് കൊണ്ട് മാത്രമാണ് അവൻ അവളെ ശ്രദ്ധിക്കാതിരുന്നത്. അവളാകട്ടേ വിശ്വസിച്ചവൻ വഞ്ചിച്ചതു കൊണ്ട് അപരിചിതനെ ഭയമില്ലാതെ അവിടെ നിൽക്കുന്നു.
വണ്ടി വരാൻ വൈകിയപ്പോൾ രണ്ട് മനസുകളും ചിന്തകളോട് വടം വലി നടത്തി പരാജയപ്പെട്ടു…!!
വഞ്ചകിമാരുടെ വർഗത്തിൽ പെട്ട ഒരുവൾക്കു മുന്നിൽ അവസാനയാത്ര വയ്യാത്തത് കൊണ്ട് അവനും, അവന്റെ വർഗത്തിനു മുന്നിൽ പരാജയം സമ്മതിക്കാൻ വയ്യാത്തത് കൊണ്ട് അവളും അവസാന വണ്ടിക്കായി പിന്നേയും കാത്തു നിൽക്കാതെ തിരിഞ്ഞു നടന്നു.
പക്ഷേ, ഇരുട്ടിലൂടെയുള്ള വഴിയിൽ ഒറ്റക്ക് നടന്ന് അവൾക്ക് വീടെത്താൻ കഴിഞ്ഞോ എന്ന് ഉറപ്പില്ല.