ക്ഷേത്ര നടയിൽ ഇരുചക്ര ശകടം നിർത്തിയ അയാൾ അക്ഷമനായി അകത്തേക്ക് നോക്കി ഉച്ചത്തിൽ ഹോൺ മുഴക്കി…!
“ ശല്യം…!!” വാര്യര്‍ ചേട്ടൻ അകത്തു നിന്ന് തല നീട്ടി പുറത്തേക്ക് നോക്കി പറഞ്ഞു, “ഇങ്ങിനെ വിളിച്ചാലൊന്നും ദേവൻ കേൾക്കില്ല്യാ… ഇങ്ങ്ട് വന്ന് തന്നെ വിളിക്കണം…”
‘ബജാജ് വാഹനന്’ കലി കയറി… “ദേവനെയല്ല, ദ്വാരപാലകനെയാ വിളിച്ചത്… ഒരു വഴിക്കിറങ്ങുമ്പോ ഘടാഘടിയനായ ഒരാള്‍ കൂടെയൊണ്ടെങ്കില്‍ ഉഷാറാക്കാന്ന് കരുതി…”
വാര്യരുടെ കണ്ണ് ദ്വാരപാലക ശിൽപ്പത്തിന്റെ കണ്ണുകളെ വെല്ലും വിധം ക്രോധം കൊണ്ട് മിഴിഞ്ഞു… “ ങേ… എന്നാലേ ഇങ്ങനെ വിളിച്ചാ അപ്പറത്തെ സർപ്പക്കാവീന്ന് സർപ്പങ്ങളാവും ഇറങ്ങി വരിക…”
“ ഓഹ്, നിങ്ങളൊരെണ്ണം ഇവിടിരിക്കുമ്പോ ഇതിലും വലുതൊക്കെ വരാനുണ്ടാവ്വോ…?”
വാര്യര്‍ കലി പൂണ്ട് ചീറ്റിക്കൊണ്ട് പുറത്തേക്കിറങ്ങുമ്പോഴേക്കും ലേശം മുൻപേ ‘ബജാജ് വാഹനൻ’ നടയിൽ ഇറക്കി വിട്ട ദേവി അകത്ത് നിന്നിറങ്ങി വാഹനത്തിന്റെ പിൻ സീറ്റിൽ കയറിക്കൊണ്ട് വാര്യരെ നോക്കി ഒന്നു മന്ദഹസിച്ചു…
എല്ലാം കണ്ട് രസിച്ച് കൈ നഖങ്ങൾ തിരുമ്മി നിന്ന ഒരാൾ നിരാശനായി മൊഴിഞ്ഞു, “ഇതിലും വലുതെന്തോ നടക്കാനിരുന്നതാ… തക്ക സമയത്ത് ദേവീടെ ഇടപെടൽ കൊണ്ട് അതങ്ങ്ട് മാറിപ്പോയി…”
–