ഉണ്ടക്കണ്ണുകളും വലിയ വളയം മൂക്കുത്തിയും അവളുടെ പുഞ്ചിരിയിലേക്ക് എല്ലാവരേയും ആകർഷിച്ചിരുന്നതായി കണ്ടിരുന്നു. അന്നും അതു തന്നെ സംഭവിച്ചു. അപരിചിതനായ അയാൾക്ക് അവളുടെ പേരറിയണം…!
‘എന്തിനാ മടിക്കുന്നത്..?’ എന്നൊരു ആത്മഗതത്തിനുള്ള സമയം പോലും കളയാതെ അവൾ പറഞ്ഞു, “ റബേക്ക മാനുവൽ… ”
എന്തെടുക്കുന്നു…? നാടെവിടെ…? ഒറ്റയ്ക്കാണോ…? തിടുക്കത്തിലായിരുന്നു അയാൾ… അറിയാനുള്ള തിടുക്കത്തിൽ…!!
നികുല അവളെ കൈപിടിച്ച് അയാളിൽ നിന്ന് അകലേയ്ക്ക് കൊണ്ടു പോയതിൽ അയാൾ നിരാശനായി.
പിറ്റേന്ന് റെബേക്കയുടെ പിന്നാലെ അയാളുടെ ബുള്ളറ്റ് സ്ലോ മൊഷനിൽ…
“ ഇന്ന് ആ ജംഗ്ഷനിൽ നിന്ന്…”
“ ഇന്ന് ബസ് സ്റ്റോപ്പിൽ നിന്ന്…”
“ ഇന്ന് ഓഫീസിലേയ്ക്കുള്ള നടത്തത്തിനിടയിൽ… ”
“ എന്തിനാണയാൾ… അങ്ങിനെ…?” രണ്ടു മൂന്നു ദിവസമായി റബേക്ക അതേക്കുറിച്ച് ആകുലപ്പെടുന്നു.
“ ഇതതു തന്നെ…” കൂട്ടുകാരികൾ അവളെ കളിയാക്കി.
“ നിനക്ക് താത്പര്യമുണ്ടോ…? ഇല്ലെങ്കിൽ ഞങ്ങൾ ഇടപെടാം… ഇനി നിനക്ക് ഇൻട്രസ്റ്റ് ഉണ്ടെങ്കിൽ ഞങ്ങൾ ആ വഴിക്കില്ല… ”
നികുലയും സുഹൃത്തുക്കളും അങ്ങിനെ പറഞ്ഞതിനു മറുപടിയായി റബേക്ക അയാളെ ചീത്ത വിളിച്ചു.
വൈകിട്ട് കോഫീ കോർണറിൽ ഇരിക്കുമ്പോൾ അയാൾ ദാ…!!
റബേക്ക എഴുന്നേറ്റു ചെന്നു… “ തനിക്കെന്താ എന്റെ പിന്നാലെ കാര്യം…?“
അയാൾ ഒന്നു ഞെട്ടിയോ.. ” ഒന്നു പരിചയപ്പെടാൻ വേണ്ടി മാത്രം…“
” എന്താ എന്നെ പ്രൊപ്പോസ് ചെയ്യാനാണോ…?“
” നെവർ… അയാം മാരീഡ്… മൂന്ന് വയസുണ്ട് കുട്ടിയ്ക്ക്…“
” … “
” ഞാൻ… ഒരു ഫ്രൺഡ്ഷിപ്പ്… അത്രേ ഉദ്ദേശിച്ചുള്ളൂ…“
റബേക്ക ഒന്നും പറയാനാവാതെ ഒരു നിമിഷം നിന്നിട്ട് തിരിഞ്ഞു നടക്കും മുൻപേ പറഞ്ഞു, ”എനിക്കിതൊരു ശല്യമാണ്…“
നികുലയോട് അതേക്കുറിച്ച് പറഞ്ഞപ്പോൾ അവൾ പറഞ്ഞു, ” അതെനിക്കിഷ്ടമായി… അയാളുടെ തുറന്നു പറയാനുള്ള ആറ്റിറ്റ്യൂഡ്…“
റബേക്ക എന്തോ ഓർത്തു പുഞ്ചിരിച്ചു… ” yes… I am damn sure, that rascal was in moods…”
–