ഇതൊരു കുഞ്ഞികഥയാണ്…!
കുറച്ചു നിമിഷങ്ങൾ നിങ്ങൾ നിങ്ങളുടെ കുട്ടിക്കാലത്തേക്ക് ഒന്നു മടങ്ങുക… ഒരു കുട്ടിയായിരുന്ന് കഥ വായിച്ച് പൂർത്തിയാക്കുക… എന്നിട്ട് സ്വയം തിരിച്ചറിയുക.
ഒരിടത്തൊരിടത്ത് ഒരു ഗ്രാമത്തിലെ വീട്ടിൽ വളരെ പണ്ട് ബെൻ ബെൻ ഇക്രു എന്നൊരു കൊച്ചു മിടുക്കി ഉണ്ടായിരുന്നു. അവളുടെ അച്ഛനും അമ്മയും വയലിൽ കൃഷി ചെയ്തും പശുക്കളെ വളർത്തിയുമാണ് അവളെ സംരക്ഷിച്ചിരുന്നത്.
രാവിലെ ഇക്രു പാഠശാലയിലേക്കും, അച്ഛനും അമ്മയും കൃഷിസ്ഥലത്തേക്കും പോകും. പഠനം കഴിഞ്ഞ് തിരികെ വീട്ടിലെത്തിയാൽ ഇക്രു കൂട്ടുകാരോടൊത്ത് ഗ്രാമത്തിനടുത്തുള്ള കളിസ്ഥലത്തെത്തും. അവർ പലവിധ കളികളിൽ മുഴുകും. അച്ഛനും അമ്മയും പണി കഴിഞ്ഞ് തിരിച്ചു വരും വഴി അവർ ഇക്രുവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകും.
കളിസ്ഥലത്തിനടുത്തായി തന്നെയായിരുന്നു കാട്ടിലേക്കുള്ള പാത ആരംഭിച്ചിരുന്നത്. ഒരു വൈകുന്നേരം ഇക്രുവിന്റെ കൂട്ടുകാരിലൊരാൾ മനോഹരമായ ഒരു പട്ടവുമായിട്ടാണ് കളിസ്ഥലത്തേക്ക് വന്നത്. എല്ലാവരും ഉത്സാഹത്തോടെ അതു പറത്താൻ ആരംഭിച്ചു. പട്ടം ആകാശത്ത് ഉയർന്നു പറന്നു. പെട്ടെന്ന് അതിന്റെ ചരട് പൊട്ടി കാട്ടിൽ എവിടെയോ പതിച്ചു.
കുട്ടികൾ എല്ലാവരും അതു തേടി കട്ടിലേക്കു കയറി. പട്ടം തിരയുന്നതിനിടയിൽ കുട്ടികൾ ഓരോ വഴിക്കായി. ഇക്രുവും ദിക്കറിയാതെ കാടിനകത്തേക്ക് നടന്നു.
നേരം ഇരുട്ടി. ഇക്രുവിന് പേടിയായി. അവൾ പേടിച്ച് അച്ചനെയും അമ്മയേയും വിളിച്ച് കരയാൻ തുടങ്ങി. പെട്ടെന്ന് ഒരു മിന്നാമിനുങ്ങ് അവൾക്ക് മുന്നിൽ വന്നു പറഞ്ഞു, കുട്ടി പേടിക്കേണ്ട, വീട്ടിലേക്കുള്ള വഴി ഞാൻ കാണിച്ചു തരാം.
പേടിയോടെ ഇക്രു മിന്നാമിനുങ്ങിനു പിന്നാലെ നടന്നു. കുറച്ചു ദൂരം ചെന്നപ്പോൾ ഒരു കാട്ടു പൂച്ച അവരുടെ മുന്നിൽ വന്നു. കാട്ടുപൂച്ച തന്നെ പിടിച്ചാലോ എന്ന് ഭയന്നെങ്കിലും, മിന്നാമിനുങ്ങ് പൂച്ചയോട് ചോദിച്ചു,
കുട്ടിപൂച്ചകളുള്ള കാട്ടുപൂച്ചേ, കരിമ്പൂച്ചേ,
വേഗത്തിലോടും കണ്ടൻപൂച്ചേ മിടുക്കൻ പൂച്ചേ,
ഈ കുട്ടിയെ ഒന്നു വീടെത്തിക്കാമോ…?
കാട്ടുപൂച്ച ഇക്രുവിനെ നോക്കി. പിന്നെ പറഞ്ഞു, കുട്ടി പേടിക്കാതെ ഒപ്പം പോന്നോളൂ. ഞാൻ വീടു കാണിച്ചു തരാം. തിളക്കമുള്ള കണ്ണുകളുമായി ഇരുട്ടിൽ വഴി തെറ്റാതെ പൂച്ച ഇക്രുവിനേയും കൊണ്ട് മുന്നോട്ട് നീങ്ങി. പെട്ടെന്ന് അവർക്കു മുന്നിൽ ഒരു പുലി വന്നു പെട്ടു. ഇക്രുവിനും പൂച്ചയ്ക്കും പേടിയായി. എങ്കിലും പൂച്ച പുലിയോടു ചോദിച്ചു,
പുള്ളിപുലിയച്ചാ, പുള്ളിവാലാ,
കുട്ടിപ്പുലികളുടെയച്ചാ, മിടുക്കാ
ഈ കുട്ടിയെ ഒന്നു വീടെത്തിക്കാമോ…?
പുള്ളിപ്പുലി ഒന്നു മുരണ്ടു. പിന്നെ പേടിച്ചു നിൽക്കുന്ന ഇക്രുവിനെ നോക്കി പറഞ്ഞു,
പേടിക്കേണ്ട കുഞ്ഞേ, കുരുന്നേ
കൂടെപ്പോന്നോളൂ, കൂട്ടായി നടന്നോളൂ,
വഴി കാട്ടാം, വീടെത്തിക്കാം
ഇക്രു പുള്ളിപുലിയോടൊപ്പം നടക്കാൻ തുടങ്ങി. കാട്ടിൽ പുലിയുണ്ടെന്നും കുട്ടികളെ കണ്ടാൽ പിടിച്ചു തിന്നും എന്ന് അമ്മ പറഞ്ഞത് ഇക്രു ഓർത്തു. ഇക്രു പേടിച്ചാണെങ്കിലും അതെക്കുറിച്ച് പുലിയോട് ചോദിച്ചു.
പുള്ളിപുലി പറഞ്ഞു, ഞങ്ങൾ മാനിനേയും മുയലിനേയും മാത്രമേ തിന്നാറുള്ളൂ. എന്നാൽ അവരുടെ കുട്ടികളെ ഉപദ്രവിക്കാറില്ല. അവർ വളർന്നു വലുതായാൽ മാത്രമേ ഞങ്ങളുടെ അടുത്ത തലമുറക്ക് ആഹാരം ഉണ്ടാകൂ.
പുള്ളിപ്പുലി പറഞ്ഞത് മുഴുവനും ഇക്രുവിന് മനസിലായില്ല. എങ്കിലും പുലി തന്നെ തിന്നില്ലെന്ന് ഇക്രുവിന് ബോധ്യമായി.
അവർ മുന്നോട്ട് നീങ്ങി. അകലെ ഗ്രാമത്തിലെ വെളിച്ചം കണ്ടു തുടങ്ങി. ഇക്രുവും പുള്ളിപുലിയും വേഗത്തിൽ നടന്നു. വെളിച്ചമുള്ള ഒരു വീടിനടുത്തെത്തിയതും പുള്ളി പുലി എന്തോ തട്ടി മറിച്ചു ഒച്ചയുണ്ടക്കി വീട്ടുകാരെ ഉണർത്തിയിട്ട് കാട്ടിലേക്ക് ഓടി മറഞ്ഞു.
അതൊരു ആട്ടിടയന്റെ വീടായിരുന്നു. വാതിൽ തുറന്നു വന്ന അയാൾ ഇക്രുവിനെ കണ്ട് അത്ഭുതപ്പെട്ടു. അയാൾ ഇക്രുവിനെ വീടിനകത്തേക്ക് എടുത്തുകൊണ്ട് പോയി വാതിൽ അടച്ചു.
പിന്നീട് ആരും ഇക്രുവിനെ കണ്ടിട്ടില്ല.
വഴി തെറ്റി കാട്ടിലെത്തിയ ഇക്രുവിനെ പുലി പിടിച്ചുവെന്ന് ഉറപ്പിച്ചു പറയുന്നവരുടെ കൂട്ടത്തിൽ ആട്ടിയടയനും ഉണ്ടായിരുന്നു.
PREVENT CHILD ABUSE | PROMISE TO PROTECT
-2018 ഏപ്രിൽ 23-