കലൈഡോസ്കോപ്പ് -സ്വപ്നങ്ങൾ പൂത്തുലയുന്ന ഇടനാഴി-
പാഠം ഒന്ന് : പ്രകാശത്തിന് പല നിറം.
ഭൗതിക ശാസ്ത്ര തത്വങ്ങൾ അദ്ധ്യാപകൻ പഠിപ്പിക്കുമ്പോൾ അതിന് ഒട്ടും ഭംഗി തോന്നിയില്ല. പ്രകാശം സുതാര്യമായ പ്രിസത്തിലൂടെ കടന്നു പോകുമ്പോൾ ബഹുവർണമുള്ള മഴവില്ലാകുന്ന വിസ്മയിപ്പിക്കുന്ന ശാസ്ത്ര സത്യത്തിൽ പോലും ഭാവനയ്ക്ക് യാതൊരു പങ്കും ഇല്ലായിരുന്നെന്നു തോന്നി. എല്ലാം ശാസ്ത്രീയം മാത്രമാണെന്നും ശാസ്ത്രീയമായിരിക്കണമെന്നും അദ്ധ്യാപകൻ പഠിപ്പിക്കുന്നതിനിടയിൽ ഞാൻ അവനെ നോക്കി. അവൻ എന്റെ കണ്ണുകളിലേക്ക് നോക്കിയിരിക്കുകയായിരുന്നു.
ബോറടിച്ചപ്പോൾ, ഒരു തിയറിക്ളാസ് കട്ട് ചെയ്ത് നീണ്ട വരാന്തയിലൂടെ അവനോട് അടുത്ത് നടക്കുമ്പോൾ അവൻ പറഞ്ഞു, നിന്റെ കണ്ണുകൾക്ക് വല്ലാത്ത ഭംഗിയുള്ള ഒരു തിളക്കമുണ്ട്. അവിടെ ഏഴു വർണങ്ങളുള്ള പ്രകാശം ഒരു മുത്തായി ഉരുണ്ടു കൂടുന്നത് ഞാൻ കാണുന്നു.
ഞാൻ പഠിച്ചത് : സ്വപ്നങ്ങൾക്ക് പലനിറം.
* * * * *
പാഠം രണ്ട് : കാഴ്ചയ്ക്കു മുന്നിലെ പ്രതിബിംബങ്ങൾ പ്രകാശത്തിന്റെ പ്രതിഫലനമാണ്.
അവൻ സമ്മാനിച്ച കാലൈഡോസ്കോപ്പിലൂടെ ഞാൻ നോക്കി. സ്ഫടികത്തിൽ തീർത്ത ഇടനാഴിയിൽ വ്യക്തമായ രൂപങ്ങളില്ലാത്ത വർണ ചിത്രങ്ങൾ… അവിടെ ഒരുപാട് നക്ഷത്രങ്ങൾ വിരിയുന്നു. കണ്ണാടിക്കൂട്ടിലെ നിറമുള്ള മുത്തുകളേയും വളപ്പൊട്ടുകളേയും കുറിച്ച് ഞാൻ അവനോട് ചോദിച്ചു…!
അവൻ പറഞ്ഞു, കളിക്കൂട്ടുകാരിയുടെ പൊട്ടിയ വളകളും മുത്തുകളുമാണ് അതിൽ മുഴുവൻ…!! അപ്പോൾ കലൈഡോസ്കോപ്പിലെ വർണങ്ങൾ ചിതറിയ സ്വ്പനങ്ങളാണെന്ന് എനിക്ക് തോന്നി.
ഞാൻ പഠിച്ചത് : ഭൗതികമായതിന് മാത്രമേ പ്രതിബിംബങ്ങൾ ഉണ്ടാകൂ എന്നുള്ളത് കൊണ്ട് സ്വപ്നങ്ങൾക്ക് പ്രതിബിംബമില്ല.
* * * * *
പാഠം മൂന്ന് : പ്രകാശം ഇരുട്ടിനെ അകറ്റുന്നു.
ലൈബ്രറിയിൽ എനിക്കപ്പുറത്തിരുന്ന് അവൻ തടിച്ച പുസ്തകങ്ങളിൽ ചിന്തയുടെ അർത്ഥം തേടുമ്പോൾ ഞാൻ കുമാരനാശാന്റെ മാംസനിബദ്ധമല്ല രാഗം വായിച്ചു.
അവനിപ്പോൾ ഒരു ചിന്തകനേപ്പോലെ സംസാരിക്കുന്നു… പ്രവർത്തിക്കുന്നു…
“ അതു കൊണ്ട് എന്നെ പ്രണയിക്കുന്നില്ലേ… ? ” അത് എന്റെ ന്യായമായ സംശയമായിരുന്നു.
ഞാൻ പഠിച്ചത് : ഹൃദയത്തിലെ അന്ധതയെ, ഇരുട്ടിനെ നീക്കുന്നത് അറിവിന്റെ പ്രകാശമാണ്. ഭൗതീകതയിൽ ഭ്രമിക്കുന്ന കാരണത്താൽ അതാര്യമായ കഠിന ഹൃദയത്തിലേക്ക് പ്രണയത്തിന്റെ പ്രകാശം കടക്കുന്നില്ല.
* * * * *
പാഠം നാല് : പ്രകാശംചിതറുന്നത് പ്രതലം തീർക്കുന്ന പ്രതിഭാസങ്ങൾ കാരണമാണ്.
പ്രണയം തകരുന്നത് ഏതു പ്രതലത്തിന്റെ കാഠിന്യം കൊണ്ടാണ്… ?
ആ ചിന്ത ചിതപോലെ എരിയാൻ തുടങ്ങിയപ്പോൾ ഞാൻ പാഠങ്ങൾ പലതും പഠിക്കാൻ മറന്നു. പിന്നെ ആകുലത എന്റെ മനസിനെ മഥിക്കാൻ തുടങ്ങിയപ്പോൾ ഞാൻ എല്ലാം ഒരുമിച്ച് പഠിയ്ക്കുവാൻ ശ്രമിച്ച് പരാജയപ്പെട്ടു.
കലൈഡോസ്കോപ്പ് തറയിൽ വീണുടഞ്ഞു.
വർണങ്ങൾ തീർത്തിരുന്ന മുത്തുകൾ ചിതറിത്തെറിച്ച് തറയിലൂടെ എങ്ങോട്ടൊക്കെയോ ഉരുണ്ടു പോയി… സുരക്ഷിതമായ കൈകൾ വഴുതിയപ്പോൾ സ്വപ്നങ്ങൾ ചിതറി.
ഞാൻ പഠിച്ചത് : സ്വപ്നങ്ങൾ ചിതറുന്നത് യാഥാർത്ഥ്യമെന്ന പ്രതലത്തിന്റെ കാഠിന്യം കൊണ്ട് മാത്രമാണ്.
ആവർത്തന പഠനം –
പാഠം ഒന്ന് : പ്രകാശത്തിന് പലനിറം. കാണുന്നത് ചില നിറം മാത്രം. സ്വപ്നങ്ങൾ പലത്, യാഥാർത്ഥ്യമാകുന്നത് ചിലത് മാത്രം…
എങ്കിലും സ്വപ്നങ്ങളെ മനസിന്റെ ഇടനാഴിയിൽ പൂട്ടിയിടാനുള്ളതല്ല.
–