-മിസ്സിങ്ങ് കിങ്ങ്ഡം ഓഫ് ന്യൂ ജൻ മംഗലശ്ശേരി നീലകണ്ഠൻ –
(വേണമെങ്കിൽ ഇന്ദുചൂഢനെയോ ജഗന്നാഥനെയോ വച്ച് അഡ്ജസ്റ്റ് ചെയ്യാം… പക്ഷേ പല്ലാവൂർ ദേവനാരായണൻ മോഡൽ സാധനങ്ങൾ പറ്റില്ല.)
‘നീലനിലാവലകളും, നേർത്ത തെന്നലും
നേരെന്ന നിന്റെ പുഞ്ചിരി തന്നെ,
നീയെന്ന എന്റെ പ്രണയം തന്നെ…’
ഫേസ് ബുക്കിൽ കുത്തിക്കുറിച്ച മൂന്ന് വരി വായിച്ചിട്ട് അഷിത ‘ഹൈക്കു കവിത’ എന്നു നിലവിളിക്കുന്നു…! വട്ടാണ് പെണ്ണിന്…!!
” എന്തോന്ന് ഹൈക്കു…? നിലാവിനെക്കുറിച്ച് എന്തോ ഒന്ന് കുത്തിക്കുറിച്ചിരിക്കുന്നു അത്ര തന്നെ…”
” അതൊന്നും എനിക്കറിയില്ല… പക്ഷേ നന്നായിട്ടുണ്ട്…”
ഫോട്ടോഷോപ്പിലെ അവളുടെ പടത്തിൽ ഇടത്തെ കവിളിൽ ചുണ്ടിനു കീഴിലുള്ള കാക്കപ്പുള്ളി ക്ളോൺ ചെയ്തു മായ്ച്ചു കൊണ്ടിരുന്നതിനിടയിൽ അഷിത പറഞ്ഞു, “ശരിക്കും എനിക്ക് നീ മതിയായിരുന്നു… ഇതിപ്പോൾ…” പറഞ്ഞുവന്നത് മുഴുമിക്കാതെ അവൾ നിർത്തി.
” ഇന്നലെ വാലെന്റീന ഡൊമിനിക്ക എന്ന ആ റഷ്യക്കാരി സുന്ദരിയും ഇതു തന്നാ പറഞ്ഞത്… ബീച്ചിലെ രാത്രികൂട്ട് അവളായിരുന്നല്ലോ…”
” അടുത്ത അവധിക്കാലം അവൾടെ അപ്പന്റെ ജോഹന്നാസ്ബർഗിലെ ഓറഞ്ച് തോട്ടത്തിൽ എന്നോടൊപ്പം ആഘോഷിക്കണമെന്ന്… എനിക്കെന്തിനാ ഡൊമിക്കുഞ്ഞേ ഓറഞ്ച് തോട്ടം, രണ്ട് ഓറഞ്ചുകൾ കൊണ്ട് ഞാൻ ഈ പറുദീസയിൽ ആഘോഷിച്ചോളാം എന്ന് പറഞ്ഞത് അവളെ കുറേ ചിരിപ്പിച്ചു…”
” എന്തു ചെയ്യാനാണ്…? ഒറ്റ വാക്കു കൊണ്ട് സുന്ദരിമാരെ ഇങ്ങിനെ കുടു കുടെ ചിരിപ്പിക്കുന്ന വിദ്യ പഠിക്കാൻ കുറേ ശിഷ്യന്മാരും വന്നു പെട്ടിട്ടുണ്ട്… ആകെ തിരക്ക്…! “
അഷിത കേട്ടിരുന്നപ്പോൾ അയാൾ തുടർന്നു,
” പിമ്പിൾസ് ഫോട്ടോ ഷോപ്പിൽ ടച്ച് ചെയ്തു കൊടുത്തപ്പോൾ അവളുടെ ശൃംഗാരം – വൈ ഡോണ്ട് യു യൂസ് യുവർ ലിപ്സ് ഇൻസ്റ്റഡ് ഓഫ് ദാറ്റ് വിർച്ച്വൽ ക്ളോൺ സ്റ്റാമ്പ്…? – എന്ന്…എന്താല്ലേ…? ഞാനൊരാളും…”
അതു കേട്ട് അഷിത അത്ര തെളിച്ചമില്ലാതെ ചിരിച്ചപ്പോൾ അയാൾ ചോദിച്ചു, ” ഓഹ്… നിനക്ക് ബോറടിച്ചോ…? “
” ഏയ്… ഇതൊക്കെ കേൾക്കുമ്പോ ഒന്നു കൂടി നഷ്ടം തോന്നുന്നു… ഐ ആം റിയലി എ ലൂസർ…”
” ഹേയ് ഡോണ്ട് വറി ഡിയർ… അങ്ങിനെയാണെങ്കിൽ ഇതു കൂടെ നമുക്കങ്ങ് ഇറേസ് ചെയ്താലോ…? തത്കാലത്തേക്കെങ്കിലും…?” അവളുടെ ഫോട്ടോയിലെ സിന്ദൂരപ്പൊട്ടിൽ മൗസ് കഴ്സർ കൊണ്ട് ടച്ച് ചെയ്തിട്ടാണ് ചോദിച്ചത്…!
” അതോ നിന്റെ കവിളിലെ കാക്കപ്പുള്ളി മായ്ക്കണോ വേണ്ടയോ എന്ന് നമ്മൾ തർക്കിച്ച് സമയം വേസ്റ്റാക്കുന്ന സ്ഥിരം പരിപാടി ഇതിന്റെ കാര്യത്തിലും തുടരണോ…?”
ഒന്നു പുഞ്ചിരിച്ചിട്ട് ‘ഒരിക്കലും ഇല്ല…’ എന്ന അർത്ഥത്തിൽ അവൾ തല കുലുക്കിയിട്ട് പൊട്ടിച്ചിരിച്ചു…!
ശേഷം അറിയാതെ അറിയാതെ, ഈ പവിഴ വാർതിങ്കളറിയാതെ… എന്ന ഗാനത്തിൽ അലിഞ്ഞ് നായകനും നായികയും…!!
–