സീൻ – 01
ശശിയേട്ടൻ ടിക്കറ്റെടുത്ത് ഒരു ‘ഗംഫീര, ഫീഗര’ സിനിമയ്ക്ക് കയറുന്നു…!!
പടം തുടങ്ങി ഒരര മണിക്കൂർ കഴിഞ്ഞ് ഉദ്വേഗജനകമായ രംഗത്തിനിടയിൽ കാണികളെ ഞെട്ടിക്കുന്ന ഒരു പാട്ട് ഐറ്റം സ്ക്രീനിൽ വരുമ്പോൾ, അത് പലവട്ടം ചാനലിൽ കണ്ട് ഞെട്ടിയതായതു കൊണ്ടും, വീണ്ടും കണ്ട് ഞെട്ടാൻ ത്രാണിയില്ലാത്തത് കൊണ്ടും ശശിയേട്ടൻ പുറത്തിറങ്ങി ഒരു പുകയെടുക്കുന്നു.
പാട്ടിന്റെ അലയൊലി അടങ്ങിയപ്പോൾ ശശിയേട്ടൻ തിരികെ വന്ന് തന്റെ കൈയിലെ ‘അര ടിക്കറ്റ്’ ഡോർ കീപ്പറെ കാണിച്ച് ബോധ്യപ്പെടുത്തിയ ശേഷം അകത്തു കയറി പടം മുഴുവൻ കണ്ട് കോൾമയിർ കൊണ്ട് പുറത്തിറങ്ങുന്നു…!!
സംഗതി ശുഭം.
സീൻ – 02
സോമേട്ടൻ സർക്കാർ ബസിൽ കയറുന്നു…!
ഒട്ടും പിശുക്കു കാണിക്കാതെ പത്തിരുപത് കിലോമീറ്റർ യാത്ര ചെയ്യാനുള്ള ഫുൾ ടിക്കറ്റ് ഒറ്റയടിക്കെടുത്ത ശേഷം സീറ്റില്ലാത്തത് കൊണ്ട് ‘ഓഹ്, നമുക്ക് സീറ്റൊന്നും വേണ്ടെടേ’ എന്നൊരു പുഞ്ഞം മുഖത്ത് ഫിറ്റ് ചെയ്ത് നിന്ന് യാത്ര ചെയ്യുന്നു.
വണ്ടി പത്തു പന്ത്രണ്ട് കിലോ മീറ്റർ ഇഴഞ്ഞു നീങ്ങുന്നു… മെട്രോ നഗരത്തിലെ തിരക്കിനിടയിൽ വണ്ടി ഒച്ചിയിഴയുന്ന നിലയിലാകുമ്പോൾ സൊമേട്ടൻ ബോറടിച്ചത് കൊണ്ട് ജസ്റ്റ് പുറത്തേക്കിറങ്ങുന്നു… (ജസ്റ്റ് ഫോർ എ ഹൊറർ…)
വണ്ടിയിൽ നിന്നിറങ്ങുന്നതിനിടയിൽ തട്ടി വീഴാൻ പോയ ഒരു നാണക്കാരിയെ സോമേട്ടൻ രക്ഷിക്കുന്നു. അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കുന്നു… സോമേട്ടൻ ഫോർമാലിറ്റിയ്ക്ക് ഒരു സോറി പറയുന്നു, ജയഭാരതി അര കിലോമീറ്റർ അപ്പുറത്തുള്ള ഒരു സ്ഥാപനത്തിലേക്കുള്ള വഴി ചോദിക്കുന്നു… സോമേട്ടൻ പറഞ്ഞു കൊടുക്കുന്നു.
ഒന്നര മിനിട്ടിലെ പരിചയത്തിന്റെ പുറത്ത് സൊമേട്ടനും ജയഭരതിയും പലതും പറഞ്ഞ് ചിരി പങ്കു വച്ച് ഒന്നര കിലോമീറ്റർ നടക്കുന്നു… വീണ്ടും കാണാം എന്നു പറഞ്ഞ് ജയഭാരതി പിരിഞ്ഞതിന്റെ പരവേശത്തിൽ സോമേട്ടൻ വഴിയരുകിലെ കടയിൽ നിന്ന് ഒരു കാപ്പി കുടിക്കുന്നു.
വീണ്ടും അഞ്ചര മിനുട്ടു കഴിഞ്ഞപ്പോൾ ഇഴഞ്ഞിഴഞ്ഞ് സൊമേട്ടന് സ്വന്തമായി ടിക്കറ്റുള്ള വണ്ടി വരുന്നു… സോമേട്ടൻ കൈ കാണിക്കുന്നു… ബസ് നിർത്തുന്നു… സോമേട്ടൻ ബസിൽ കയറുന്നു.
ഒരു സർപ്രൈസ് ആയിക്കോട്ടെ എന്നു കരുതിയാകണം കാലിയായ സീറ്റുകളിലൊന്നിൽ സോമേട്ടൻ ഉപവിഷ്ടനായ ശേഷം കണ്ടക്ടർ ‘ടിക്കറ്റ്’ എന്നു പറയുന്നു. നേരത്തേ ടിക്കറ്റ് എടുത്തതാണ് എന്ന അഹങ്കാരം മാറ്റി വച്ച് ‘സർ ടിക്കറ്റ് എടുത്തിരുന്നു…’ എന്ന് സോമേട്ടൻ വിനയാന്വിതനാകുന്നു.
പറ്റില്ല എന്ന് കണ്ടക്ടർ… പാതി വഴിയിലാണെങ്കിലും ഇറങ്ങിയതു കൊണ്ട് ഇനി ടിക്കറ്റിന് വല്യ വിലയൊന്നുമില്ല… പുതിയതൊന്ന് എടുക്കണം…!
സോമേട്ടനും കണ്ടക്ടറും ലഹള, കോടാലി…!!
ഗവൺമെന്റ് വണ്ടിയായതു കൊണ്ടും, ഗവൺമെന്റ് തൊഴിലാളിയായതു കൊണ്ടും അറ്റ കൈ ആയുധം പുറത്തെടുക്കാൻ സോമേട്ടൻ തീരുമാനിച്ചു… ഒരൊറ്റ നിലവിളിയായിരുന്നു “ ഇത് ഫാസിസമാണ്…” (ഇപ്പോഴത്തെ ട്രെൻഡ് അതാണല്ലോ… )
പക്ഷേ ഏറ്റില്ല… മിണ്ടാതിരിക്കുന്ന യാത്രക്കാരുടെ നേരേ സോമേട്ടൻ ദയനീയമായി ഒന്നു നോക്കി… മര്യാദക്ക് ടിക്കറ്റെടുക്കണം അല്ലേൽ ഇവിടെ എറങ്ങിക്കോണം എന്ന നിലപാടിൽ നിൽക്കുന്ന ഘടാഘടിയൻ കണ്ട്രാവിയെ രൂക്ഷമായി ഒന്നു നോക്കിയ ശേഷം സോമേട്ടൻ പുറത്തേക്കിറങ്ങി.
ഊളയാകാൻ സോമേട്ടന് മനസില്ലായിരുന്നു…“ നീയങ്ങ് ഇഴഞ്ഞ് എത്തുമ്പോഴേക്കും ഞാനവിടേ എത്തൂടാ…” എന്ന് വെല്ലുവിച്ച് സോമേട്ടൻ ബസിനു പിന്നിൽ വന്ന ഒരു ചുള്ളൻ ചെക്കന്റെ ഇരുചാട് വണ്ടിക്ക് കൈ കാണിച്ച് കയറി ലക്ഷ്യത്തിലിറങ്ങുന്നു.
കരു കരാ വെയിലിൽ രണ്ട് ഷോഡാ നാരങ്ങാ വെള്ളങ്ങള് കാച്ചി ഒരര മണിക്കൂർ കാത്തു നിന്ന്, ട്രാഫിക് ബ്ളോക്കിൽ പെട്ട് ഇഴഞ്ഞിഴഞ്ഞ് വന്ന വണ്ടിക്കു നേരേ ഫാസിസ്റ്റ് വിരുദ്ധ മുദ്രാവാക്യം മുഴക്കി സായൂജ്യമടഞ്ഞ ശേഷം തണൽ പറ്റി സോമേട്ടൻ വീട് ലക്ഷ്യമാക്കി നടന്നു.
–