കനത്ത ഒരു മണിമുഴക്കം കേട്ടു…!
അവൾ ആദ്യം കരുതിയത് ഉറക്കമൊഴിച്ച് പഠിച്ച കഴിഞ്ഞ രാത്രിയിലെ ക്ഷീണം കൊണ്ട് ക്ളാസിൽ അറിയാതൊന്ന് മയങ്ങിയപ്പോൾ അവസാനത്തെ മണി മുഴങ്ങിയതാണെന്നാണ്.
പക്ഷേ കണ്ണു തുറന്നപ്പോൾ മുന്നിൽ മാലാഖമാർ. അവർ തമ്മിൽ എന്തോ തർക്കിക്കുകയായിരുന്നു.
ഒരാൾ പറയുന്നു, “ഏഴു പേർ…”
“ അല്ല എട്ടു പേർ… ”
സംശയമേതുമില്ലെന്ന മട്ടിൽ രണ്ടാമത്തെയാൾ പറഞ്ഞപ്പോൾ മൂന്നാമത്തെ മാലാഖ ഓർമിപ്പിച്ചു, “ എല്ലാവരും ഉപേക്ഷിച്ചു കടന്നപ്പോൾ അവസാനം ഇരുട്ടിന്റെ മറവിൽ നിന്ന് ഒരാൾ കൂടി… ”
അവൾ ഉണർന്നെന്ന് കണ്ടിട്ട് അവർ തർക്കം നിർത്തി. നെടുവീർപ്പുകൾ തിങ്ങുന്ന അകത്തളത്തിൽ അസ്വസ്ത്ഥതയോടെ നിന്ന ഒരു മാലാഖപ്പെണ്ൺ അവളുടെ തിരുമുറിവുകളിലേക്ക് വ്യസനത്തോടെ നോക്കി.
മറ്റൊരു മാലാഖ അവളുടെ അടുത്തു വന്ന് പറഞ്ഞു, “ഒരു സദ്വാർത്ത ഉണ്ട്. ഇന്ന് നീ ഭൂമിയിലും ആകാശത്തിലും വാഴ്ത്തപ്പെട്ടവൾ. നിന്റെ ദേഹത്ത് പല്ലും നഖവും തീർത്ത മുറിവുകൾ തിരുമുറിവുകളായി ചൂണ്ടിക്കാണിക്കപ്പെടും. നീ ഇന്ന് ആകാശത്തിന്റെ അതിരുകളിലെ സ്വർഗത്തിലേക്ക് ഉയർത്തപ്പെട്ടിരിക്കുന്നു. നീ വാഴ്ത്തപ്പെട്ടവളായിരിക്കുന്നു എന്ന് ഭൂമിയിലെ രാജാവും പ്രജകളും ആർപ്പു വിളിച്ചു കൊണ്ടിരിക്കുന്നു.“
അവൾക്ക് മാലാഖ പറഞ്ഞതൊന്നും മനസിലായില്ല. പിശാചുക്കളുടെ ആർത്തിയോടെയുള്ള ശീൽക്കാരം അവളുടെ കാതുകളിൽ നിന്ന് ദൂരെയായിരിക്കുന്നുവെന്ന് അവൾക്ക് അപ്പോഴും വിശ്വസിക്കുവാനായില്ല.
അനന്തരം, ഭീതിയുടെ അവസാനത്തെ വാതിലും കടന്നാണ് അവൾ അവിടെയെത്തിയിരിക്കുന്നതെന്ന് ആശ്വസിപ്പിക്കാതെ, മാലാഖമാർ അവളെ ന്യായവിധിക്കായി വിധികർത്താവിന്റെ മുന്നിലേക്ക് കൊണ്ടു പോയി. സർവ്വജനത്തിന്റേയും അധിപൻ അവൾക്ക് മുന്നിലേക്ക് എഴുന്നള്ളി. സൂക്ഷ്മ പ്രഭ ചൊരിയുന്ന മേലങ്കി ധരിച്ചിരുന്ന വിധികർത്താവ് ആരെന്ന് അവൾക്ക് തിരിച്ചറിയാനായില്ല.
അവൾ സന്ദേഹിച്ചു നിന്നപ്പോൾ, അറിയാത്ത ഭാഷയിൽ, അവ്യക്തമായ സ്വരത്തിൽ ആകാശവും സ്വർഗവും എന്നും അവൾക്കുള്ളതു തന്നെ എന്ന് വിധികർത്താവ് വിധിച്ചു. ആകാശത്തിൽ എന്നും തിളങ്ങി നിൽക്കുന്ന ഒരു നക്ഷത്രമായി അവളെ പ്രതിഷ്ഠിക്കുവാൻ മാലാഖമാരോട് കൽപ്പിച്ചു.
എല്ലാം കേട്ടപ്പോൾ അവൾ ചിരിച്ചു പോയി.
എന്തോ പറയണമെന്നാഗ്രഹിച്ച അവളെ കൂടുതൽ ശ്രദ്ധിക്കാതെ തിരിഞ്ഞു നടക്കാൻ തുടങ്ങിയ വിധികർത്താവിനോട് അവൾ ഇങ്ങിനെ ചോദിച്ചു, ” ആദിയിൽ ദൈവം മനുഷ്യനെ ആണും പെണ്ണുമായി സൃഷ്ടിച്ചുവെന്നും, അവർ രണ്ടല്ല ഒന്നാണ്, അവർ ഏകശരീരമായി തീരും എന്ന് അരുളിയത് അവൾക്ക് മാത്രം ശവശരീരമാകാനുള്ള വിധിയായതിന് എന്നാണ് അറുതിയുണ്ടാകുക… ?“
വിധികർത്താവിന്റെ മേലങ്കിയുടെ പ്രഭ ഒന്ന് മങ്ങിയതായി അവൾ കണ്ടു. എന്നാൽ മറുപടിയായി ഒരു ശബ്ദവും അവൾക്ക് ശ്രവിക്കാനായില്ല.
നക്ഷത്രങ്ങൾക്കിടയിലേക്ക് നടക്കാൻ ഒരു മാലാഖ അവളെ നിർബന്ധിച്ചു.
പ്രതീക്ഷയോടെ അവൾ ഒരിക്കൽ കൂടി വിധികർത്താവിനെ നോക്കി. ഇനി മറുപടി ഉണ്ടാകില്ലെന്ന് കണ്ടിട്ട് അവൾ ഒന്നു കൂടി ചോദിച്ചു, ”അവന്റെ വാരിയെല്ലിൽ നിന്ന് അവനായി ഞങ്ങളെ വാഗ്ദാനം ചെയ്ത അങ്ങ് പുരുഷനോ സ്ത്രീയോ… ?“
അവളുടെ അവസാന ചോദ്യത്തിനും മറുപടിയുണ്ടായില്ല.
പരിഹാരമില്ലാത്ത ചോദ്യങ്ങൾക്കുള്ള ഉത്തരം രഹസ്യങ്ങളായി കരുതി വച്ചിരിക്കുന്ന സന്നിധിയിൽ നിന്ന് അവൾ നക്ഷത്രങ്ങൾക്കിടയിലേക്ക് പ്രതിഷ്ഠിക്കപ്പെട്ടു.
ഇന്ന് അവൾ നക്ഷ്തങ്ങൾക്കിടയിൽ എണ്ണപ്പെടുന്നു. എന്നാൽ അനേകായിരം നക്ഷത്രങ്ങൾക്കിടയിൽ അവളെ ആരും തേടുന്നില്ല, തിരിച്ചറിയുന്നില്ല.
–