ഞാനിന്ന് പറയാൻ പോകുന്നത് ഒരു കൊച്ചു കഥയാണ്… പൂച്ചയുടേയും മിന്നാമിനുങ്ങിന്റേയും കഥ.
ഈ കഥയിൽ ഒരുപാട് പേരുണ്ട്. ‘രണ്ടു കഥാപാത്രങ്ങളുള്ള കഥയിൽ എങ്ങനെ ഒരുപാട് പേരുണ്ടാകും ?’ എന്നു ചോദിച്ചാൽ അതൊരു കുസൃതിയാണ്. സംസാരിക്കാൻ കഴിയുന്ന പൂച്ചയോട് നമ്മൾ ചില ചോദ്യങ്ങൾ ചോദിക്കാൻ പോകുന്നു. അതായത് നിങ്ങൾ വായനക്കാരാണ് ചോദ്യകർത്താക്കളാകുന്നത്. അപ്പോൾ വായനക്കാരൊക്കെ കഥാപാത്രങ്ങളാകുന്നു. അങ്ങനെ ഒരുപാട് പേർ…
ഒരു കൊച്ചു കഥയ്ക്ക് എന്തിനാണിത്ര മുഖവുര…?
ഈ ചോദ്യം എനിക്ക് വിരസമായി തോന്നാത്ത ഒന്നാണ്. എങ്കിലും, കഥാപാത്രങ്ങളാകാൻ പോകുന്ന നിങ്ങളോട് നീതി പുലർത്താൻ അധികം ദീർഘിപ്പിക്കാതെ ഞാൻ കഥ പറയട്ടേ.
ഒരിടത്ത് ഒരു പൂച്ചയുണ്ടായിരുന്നു. അതിന്റെ നിറമോ വലിപ്പമോ എന്താണെന്നൊന്നും ആധികാരികമായി എന്റെ ഭാവനയിൽ നിന്ന് ഇവിടെ വർണിക്കുന്നില്ല. അതൊക്കെ ഭാവനയിൽ കാണുവാനുള്ള സ്വാതന്ത്ര്യം കഥാപാത്രങ്ങൾ കൂടിയായായ നിങ്ങൾക്ക് തന്നെ ഞാൻ കൽപ്പിച്ചു നൽകുന്നു.
ഇരുട്ടിൽ കാഴ്ചകൾ കാണുവാൻ തക്ക തിളക്കമുള്ള കണ്ണുകളുള്ള പൂച്ച ഒരു രാത്രിയിൽ ഇത്തിരി വെട്ടവുമായി പാറി പറക്കുന്ന ഒരു മിന്നാമിനുങ്ങിനെ കാണുന്നു. ആദ്യം പൂച്ച ഒന്നു മുരണ്ടു… പിന്നെ മിന്നാമിനുങ്ങിനു നേർക്ക് ഒറ്റച്ചാട്ടം…
പൂച്ച കൈകൾ തമ്മിൽ കൂട്ടിയടിച്ച് മിന്നാമിനുനിങ്ങിനെ തന്റെ കൈകൾക്കിടയിൽ ഞെരുക്കിക്കളഞ്ഞു… മ്യാവൂ… മ്യാവൂ… ചക്ക്…!
ഒരു നിമിഷം കൊണ്ട് ഒരു കുഞ്ഞു വെളിച്ചം പ്രകാശിക്കാതായി. അപ്പോഴും പൂച്ചയുടെ കണ്ണുകൾക്ക് വല്ലാത്ത തിളക്കമുണ്ടായിരുന്നു. വീണ്ടും ഒരിരയെ പ്രതീക്ഷിച്ച് പൂച്ച അവിടെ തന്നെ ഇരിക്കട്ടേ. ഇനി നമുക്ക് പൂച്ചയോട് ചോദ്യങ്ങളാവാം.
“എന്നാലും പൂച്ചേ, നീ എന്തിനാണ് ആ മിന്നാമിനുങ്ങിനെ തച്ചു കൊന്നത്…? നിനക്കതിനെ ആഹരിക്കുവാൻ കഴിയില്ലല്ലോ…?”
“ഓഹ്, വെറുതേ… ആഹാരത്തിനു വേണ്ടി കൊല്ലാനുള്ള അനുവാദം എനിക്കുണ്ട്… എന്നാൽ കൊല്ലുന്നത് ഇരപിടുത്തത്തിനു മാത്രമായി പരിമിതപ്പെടുത്തിയിട്ടുമില്ല. സ്വയരക്ഷക്ക് വേണ്ടിയും അതു ചെയ്യാം…” പൂച്ച നിസാര മട്ടിൽ പറഞ്ഞിട്ട് ഇരുട്ടിലേക്ക് നോക്കിയിരുന്നു.
“ പക്ഷേ ആ മിന്നാമിനുങ്ങ്, അത് നിനക്ക് എന്ത് അപകടം വരുത്താനാണ്…?”
“ അത് ഒരു പക്ഷേ എന്റെ മൂക്കിൽ വന്നിരുന്നാൽ എനിക്കതിഷ്ടമാകില്ല… അത്ര തന്നെ…” പൂച്ച പിറു പിറുക്കുന്നതു പോലെ പറഞ്ഞു.
“എന്നാലും അത് ഈ കുറ്റാക്കൂരിരുട്ടിൽ ഒരു കുഞ്ഞു വെളിച്ചം പ്രകാശിപ്പിച്ചിരുന്നല്ലോ…?”
“തിളക്കമുള്ള കണ്ണുകൾ ഉള്ളപ്പോൾ എനിക്ക് രാത്രി കാണുവാൻ അതിന്റെ വെളിച്ചം വേണ്ട… പിന്നെ ആ കുഞ്ഞു വെട്ടം, അത് ആർക്കും ഉപകാരപ്പെടുമെന്ന് എനിക്കു തോന്നിയിട്ടുമില്ല… “
” എന്നാലും അതിനെ സ്നേഹിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന ആരെങ്കിലുമൊക്കെ ഉണ്ടാകില്ലേ…?“
” ഹും… ഇതൊരു കീടം മാത്രം…“ പൂച്ച നിലത്തു കിടന്ന മിന്നാമിനുങ്ങിനെ കാലു കൊണ്ട് മണ്ണിൽ അമർത്തിത്തിരുമ്മിയ ശേഷം തട്ടിയെറിഞ്ഞു.
” ജഢത്തോടു പോലുമില്ല നീതി… !! നീ അനാവശ്യമായും മാന്യതയില്ലാതെയും നിന്റെ കരുത്തു കാണിക്കുകയാണ്… ഇത് അഹങ്കാരമാണ്…“
പൂച്ച ഒന്നു മുരണ്ടു… ” ഇതൊക്കെ ചോദിക്കാൻ നീയാര്…? അനീതിയെന്നു കാണുന്ന കാര്യങ്ങൾക്കു നേരേ ഒരേ സമയം ഒരായിരം ചോദ്യങ്ങൾ മാത്രം ഉന്നയിക്കുന്ന നീ ചെയ്യുന്നതും ഇതൊക്കെ തന്നെയല്ലേ…?“
ചോദ്യം ചോദിച്ച എന്റെ അജ്ഞാതനായ കഥാപാത്രമേ, നിങ്ങൾക്ക് ഒരു ഞെട്ടൽ തോന്നിയോ…? നിങ്ങൾ ഒരേ സമയം ഒരു മിന്നാമിനുങ്ങും പൂച്ചയുമാകുന്നത് നിങ്ങൾ ഭാവനയിൽ കാണുന്നുവോ…? നിങ്ങൾക്കു പേടിയാകുന്നോ…?
” പോകട്ടേ… പോകട്ടേ… “ ഇത്തരം ചോദ്യങ്ങൾ ചോദിച്ച് എന്റെ സമയം പാഴാക്കാതെ എന്നെ വിട്ടേക്കൂ എന്ന അർത്ഥത്തിൽ നിങ്ങൾ ഇപ്പോൾ അങ്ങിനെ അല്ലേ പറഞ്ഞിട്ടുണ്ടാകുക…?
എന്നാൽ ആ പൂച്ച, അത് അങ്ങിനെ പറഞ്ഞില്ലല്ലോ…! നിങ്ങൾക്കാകട്ടേ പ്രതികരിക്കാൻ പോലും കഴിയാതായിരിക്കുന്നു.
” ഒന്നു മതിയാക്കൂ… ആരെങ്കിലുമൊക്കെ എന്തെങ്കിലും കാണിക്കട്ടേ… ഞാൻ ഒന്നിലും ഇടപെടാൻ വരുന്നില്ല…“ ഇങ്ങിനെ പറയാനല്ലേ നിങ്ങൾക്കിപ്പോൾ തോന്നുന്നത്…?
പക്ഷേ അതിലും കൂടുതലായി നിങ്ങൾക്ക് ഇപ്പോൾ എന്നോട് ദേഷ്യം തോന്നുന്നുണ്ട്… അല്ലേ…?
ദാ ഇപ്പോൾ നിങ്ങൾ ആ പൂച്ചയായി മാറുന്നു… ഞാൻ മിന്നാമിനുങ്ങും… നിങ്ങൾ എന്റെ നേർക്ക് ചാടിവീണു കഴിഞ്ഞു…
ങർ ർ ർ ർ ർ… മ്യാവൂ… മ്യാവൂ… ചക്ക്… ചക്ക്…!
–