നിങ്ങളിലാരൊക്കെ നിശബ്ദപ്രണയങ്ങളുടെ കുഴിമാടങ്ങൾ കണ്ടിട്ടുണ്ട്…?
അതെങ്ങനെ കാണാനാണ് അല്ലേ…? ചിലരുടെ ഹൃദയത്തിന്റെ ആഴങ്ങളിൽ ആരുമറിയാതെ അടക്കം ചെയ്യപ്പെട്ട കല്ലറകളിലേയ്ക്ക് നമുക്കെങ്ങനെയാണ് എത്തപ്പെടാൻ കഴിയുക…? ആഗ്രഹിക്കാഞ്ഞിട്ടും, അനുവാദമില്ലാതെ കടന്നുവരുന്ന ഓർമകളിലോ, ഓർമദിനങ്ങളിലോ അവർ മാത്രം നൊമ്പരപ്പൂക്കൾ അർപ്പിയ്ക്കുന്ന കുഴിമാടത്തെക്കുറിച്ച് ആരറിയാനാണ്.
എന്നാൽ, അവർക്ക് മുന്നിൽ നിങ്ങൾ ഒരു കുഞ്ഞുകാറ്റോ, ചെറു തോട്ടത്തിലെ വസന്തമോ ആയി മാറുക… അവർ മനസിന്റെ വാതിൽ തുറന്നിടുമ്പോൾ നിങ്ങൾക്കവിടേയ്ക്ക് എത്താനാകും… പക്ഷേ, ഒന്നോർക്കണം മരിച്ചു മരവിച്ച ഓർമകളുടെ കല്ലറകളിൽ നിങ്ങൾ ഒരു തുള്ളി കണ്ണുനീരു പോലും പൊഴിക്കരുത്… ആശ്വാസത്തിന്റെ ഒരു നനുത്ത കാറ്റോ സൗരഭ്യമോ ആയി മാറുക…!!
പണ്ടേങ്ങോ എഴുതിയ ഒരു കുറിപ്പാണ്…
സത്യത്തിൽ അങ്ങനെ നിശബ്ദപ്രണയങ്ങൾ ഉണ്ടോ…? ഉണ്ട്… എന്റെ ഉള്ളിലും അങ്ങനെ ചിലത് ഉണ്ടായിട്ടുണ്ട്…!
ചിലരെ കണ്ട മാത്രയിൽ തോന്നിയ ഇഷ്ടം, വെറും ഒരു തോന്നൽ മാത്രമാണെന്നു കരുതിയിട്ടോ, അർത്ഥമില്ലാത്തതാണെന്നു കരുതിയിട്ടോ ഒക്കെ ആരുമറിയാതെ ഉള്ളിൽ സൂക്ഷിച്ചിട്ടുണ്ട്. തിരിഞ്ഞു നോക്കുമ്പോൾ അങ്ങനെ രണ്ടുമൂന്നു മുഖങ്ങൾ മനസിൽ തെളിയുന്നുണ്ട്. മനസിന്റെ ആഴത്തിൽ, കുഴിമാടങ്ങളിൽ ഉറങ്ങുന്ന ഓർമകളായി ചില മുഖങ്ങൾ.
ധൈര്യമില്ലാത്തവർക്ക് അങ്ങനെ മാത്രമേ പ്രണയിക്കാൻ കഴിയൂ എന്ന് സുഹൃത്തുക്കൾ ചിലരെ പരിഹസിക്കുന്നത് കേട്ടിട്ടുണ്ട്.
‘അവർ ആർക്കും ഒരുപദ്രവമില്ലാതെ, ആരേയും നോവിക്കാതെ, പ്രണയത്തിന്റെ നിലാവും, വിരഹത്തിന്റെ നോവും സ്വയം അനുഭവിക്കുന്നുവെങ്കിൽ നിങ്ങൾക്കെന്താ…?’ എന്നു ചോദിയ്ക്കണമെന്ന് തോന്നിയിട്ടുണ്ട്. അതു ചോദിച്ചാൽ ചിലപ്പോൾ അവരുടെ നോട്ടം എന്റെ ഉള്ളിലേയ്ക്ക് ആഴ്ന്നിറങ്ങിയാലോ…? അതു കൊണ്ട് ഞാൻ ആ ചോദ്യം ഒഴിവാക്കിയിരുന്നു.
നിശബ്ദപ്രണയത്തിൽ, മനസിന്റെ ഇടുങ്ങിയതും ഇരുട്ടുമൂടിയതുമായ ഇടങ്ങളിൽ ഒരിടത്ത് വച്ചും ഞാൻ ആരെയും ചുമ്പിക്കുകയോ ആശ്ലേഷിക്കുകയോ കാതിൽ എന്തെങ്കിലുമൊന്ന് മന്ത്രിയ്ക്കുകയോ ചെയ്തിട്ടില്ല.
പക്ഷേ, അവരുടെ പുഞ്ചിരികൾ തീർക്കുന്ന നിലാവിൽ ഞാൻ അലഞ്ഞിട്ടുണ്ട്… അലിഞ്ഞില്ലാതായിട്ടുണ്ട്. പകൽക്കിനാവുകളിൽ നിന്ന് രാത്രിനിദ്രയിലെ സ്വപ്നങ്ങൾ വരെ അതേ നിലാവിൽ സഞ്ചരിച്ചിട്ടുണ്ട്. അതു തന്നെയാണ് ആ പ്രണയങ്ങളെയെല്ലാം ധന്യമാക്കുന്നത്.
പ്രണയത്തിന്റെ തുറന്നു പറച്ചിലിൽ, അതിലൊരു മുഖമെങ്കിലും കറുത്തു പോയിരുന്നെങ്കിൽ പിന്നെ ആ പുഞ്ചിരി മനസിൽ തെളിഞ്ഞു നിൽക്കില്ലായിരുന്നല്ലോ…? അതു കൊണ്ട് തുറന്നു പറയാത്ത പ്രണയങ്ങൾ, മനസിൽ തീർത്തത് നിത്യവസന്തങ്ങൾ മാത്രമാണ്.
എന്തിനാണ് ഇത്രയും പറഞ്ഞതെന്നോ…? ഇന്നും ഞാൻ അങ്ങനെയൊക്കെത്തന്നെ ആണെന്നുള്ളത് കൊണ്ട്. ഇക്കഴിഞ്ഞ ദിവസം അത്തരമൊരു പ്രണയത്തിന് അവസാനമായി എന്നുള്ളത് കൊണ്ട്.
ആ കുട്ടിയേയും, എന്നോ എവിടെയോ വച്ച് കണ്ടു മുട്ടിയതാണ്. എന്ന് എവിടെ വച്ചെന്ന് ഒക്കെ ഓർമ്മയില്ലാഞ്ഞിട്ടല്ല…!! മനസിൽ പ്രണയം മാത്രം തോന്നിയ, ആരെന്നറിയാത്ത, അല്ലെങ്കിൽ എന്തെന്നറിയാത്ത, കൂടുതലായി ഒന്നും അറിയാത്ത ഒരാളെ കണ്ടുമുട്ടിയ നിമിഷവും ഇടവും ഓർമകളുടെ ഭാണ്ഡത്തിൽ നിന്ന് വലിച്ചു പുറത്തിടുന്നതിൽ എന്തു കാര്യം…?
അതെന്തുമാകട്ടെ… ഇതു വരെ അത്തരത്തിലുണ്ടായ എല്ലാ ബന്ധങ്ങളും എന്നോ ഒരിയ്ക്കൽ, ഒരു കാണാതാകലിൽ അവസാനിച്ചിരുന്നു. എന്നും കാണുന്ന നടവഴിയിൽ അല്ലെങ്കിൽ എന്നും കാണുന്ന ഒരിടത്ത്, അതുമല്ലെങ്കിൽ ഒരു യാത്രയിൽ നിന്നൊക്കെ കാണാതാകുന്ന ഒരാളായി അവരെല്ലാം മനസിന്റെ ആഴങ്ങളിലേയ്ക്ക് മറഞ്ഞു പോയിരുന്നു.
പക്ഷേ ഇത്തവണ അങ്ങനെയല്ല, ആ കുട്ടി വിവാഹിതയായിരിയ്ക്കുന്നു. എന്റെ കണ്മുന്നിൽ ആ ദൃശ്യങ്ങൾ. പട്ടുസാരിയും ആഭരണങ്ങളും അണിഞ്ഞ് നിറമുള്ള പൂമാല ധരിച്ച് അതിലും നിറമുള്ള, മനോഹരമായ പുഞ്ചിരിയുമായി ആ കുട്ടി എന്റെ മുന്നിൽ.
ഞാൻ അത്രമേൽ ഇഷ്ടപ്പെട്ട അവളുടെ പുഞ്ചിരിയിൽ, എന്നത്തേക്കാൾ ഉല്ലാസവതിയായിരുന്നു അവൾ… നിറദീപങ്ങളും, അലങ്കാരങ്ങളും നിഷ്പ്രഭമാക്കുന്ന അവളുടെ പുഞ്ചിരി എന്റെ കാഴ്ചയിൽ ഒരു നിമിഷം മങ്ങിയത് പോലെ തോന്നി.
കണ്ണടച്ച് ഇരുട്ടാക്കി… ഒന്നുറപ്പിയ്ക്കാൻ… കണ്ണടച്ചാൽ കാണുന്നയിടത്ത് അവളില്ല എന്നുറപ്പിയ്ക്കാൻ.
———-
അനൂപ് ശാന്തകുമാർ
-2020 സെപ്തംബർ 17-
Related

സുഖമല്ലേ…?
സുഖമല്ലേ...? അതൊരു സാധാരണ ചോദ്യമാണ്... അല്ലേ...? ബന്ധുക്കളെന്നോ സുഹൃത്തുക്കളെന്നോ സഹപ്രവർത്തകരെന്നോ അങ്ങനെ പ്രത്യേകിച്ച് വേർതിരിവൊന്നുമില്ലാതെ നമ്മുടെ സഹജീവികളോട് നാം നടത്തുന്ന ഒരു കുശലാന്വേഷണം...!! സുഖം...! അങ്ങനൊരു മറുപടി കേൾക്കാനാണ് നമുക്കിഷ്ടം... അല്ലെങ്കിൽ നാം അതാണ് പ്രതീക്ഷിക്കുന്നത്... മറ്റൊന്നു കൂടിയുണ്ട്, അങ്ങനൊരുത്തരം നൽകുമെന്ന് ഉറപ്പുള്ളവരോടാണ് പലപ്പോഴും അങ്ങനെയൊരന്വേഷണം നടത്തുക... മറിച്ചൊരുത്തരമുണ്ടാകുമെന്ന് തോന്നിയാൽ നാം എത്ര സൂത്രത്തിലാവും പലപ്പോഴും അത്തരമൊരു ചോദ്യം ഒഴിവാക്കുക...! പക്ഷേ അതൊരു സൂത്രമല്ല കേട്ടോ... സുഖമല്ലേ, എന്ന ചോദ്യം…
In "Short Story"

ജോവാൻസ് ഡേ
ഫെബ്രുവരി 14 പ്രണയിതാക്കളുടെ ദിനമാണത്രേ... ! ഓർക്കുമ്പോഴെല്ലാം ചിരിക്കാൻ മാത്രമേ തോന്നിയിരുന്നുള്ളൂ... പക്ഷേ ഈ ഫെബ്രുവരി 14 അങ്ങിനെയങ്ങ് ചിരിച്ചു തള്ളാനായില്ല... അത് അവന്റെ ദിവസമായിരുന്നു എന്നുള്ളത് കൊണ്ട്... ജീവന്റെ ദിനം... ജീവൻ എന്ന ചെറുപ്പക്കാരൻ തന്നെത്തന്നെ നഷ്ടപ്പെടുത്തിയ ദിവസം. മറൈൻ ഡ്രൈവിലെ നടപ്പാതയ്ക്കിടയിലൊരിടത്ത് അഴുക്കുചാൽ കായലിലേക്ക് ഒഴുകുന്നോ അതോ കായൽ അഴുക്കു ചാലിലേക്ക് ഒഴുകുന്നോ എന്ന് ഉറപ്പിച്ചു പറയാൻ കഴിയാത്ത, ഒരു നഗരത്തിന്റെ മുഴുവൻ ദുർഗന്ധവും വമിക്കുന്ന നീർച്ചാലിനു…
In "Short Story"

പൂച്ച – ചോദ്യങ്ങൾ ഉള്ള കഥ
ഞാനിന്ന് പറയാൻ പോകുന്നത് ഒരു കൊച്ചു കഥയാണ്... പൂച്ചയുടേയും മിന്നാമിനുങ്ങിന്റേയും കഥ. ഈ കഥയിൽ ഒരുപാട് പേരുണ്ട്. ‘രണ്ടു കഥാപാത്രങ്ങളുള്ള കഥയിൽ എങ്ങനെ ഒരുപാട് പേരുണ്ടാകും ?’ എന്നു ചോദിച്ചാൽ അതൊരു കുസൃതിയാണ്. സംസാരിക്കാൻ കഴിയുന്ന പൂച്ചയോട് നമ്മൾ ചില ചോദ്യങ്ങൾ ചോദിക്കാൻ പോകുന്നു. അതായത് നിങ്ങൾ വായനക്കാരാണ് ചോദ്യകർത്താക്കളാകുന്നത്. അപ്പോൾ വായനക്കാരൊക്കെ കഥാപാത്രങ്ങളാകുന്നു. അങ്ങനെ ഒരുപാട് പേർ... ഒരു കൊച്ചു കഥയ്ക്ക് എന്തിനാണിത്ര മുഖവുര...? ഈ ചോദ്യം എനിക്ക്…
In "Short Story"
Beautiful stories
Thank you…

Gud to read
Thank you…

Very nice
Very nice
Thank you…
