പരകായപ്രവേശം – Beginning of a new life
ജീവിതം നാലര പതിറ്റാണ്ട് പൂർത്തീകരിച്ചിരിക്കുന്നുവെന്ന് ഓർമപ്പെടുത്തിയ ദിവസത്തിന്റെ അവസാനം, ആ രാത്രിയിൽ അവിവാഹിതനും വിദ്യാസമ്പന്നനുമായ ആദിചന്ദ്രന്, തനിക്ക് പ്രായം ഏറെയായി എന്നൊരു തോന്നലുണ്ടാകുന്നു.
ഇനി ഒരു അങ്കത്തിനോ, അശ്വമേധത്തിനോ ശേഷിക്കുന്ന പ്രായം പോരാതെ വരും എന്ന അയാളുടെ മനസിലെ നിരാശയിലേക്കാണ് പരകായപ്രവേശത്തിനുള്ള മോഹം കടന്ന് വന്നത്…!
മറ്റൊന്നും ചിന്തിച്ചില്ല, മാൿബുക്ക് തുറന്ന് സഫാരി വഴി ഗൂഗിളിൽ എത്തി വാക്കുകൾ സ്ഫുടം ചെയ്തെടുത്തു. ജന്മഗൃഹത്തിന് വടക്ക് കിഴക്ക് ദിക്കിൽ എട്ട് നാഴിക അകലെ യോജിച്ച ഒരു ദേഹം കണ്ടെത്തി.
അടുത്ത ദിവസം തന്നെ മുഹൂർത്തം നോക്കാതെ, ബന്ധങ്ങളെക്കുറിച്ച് ആകുലപ്പെടാതെ അയാൾ പുറപ്പെട്ടു.
ആളൊഴിഞ്ഞ ദിക്കിൽ, അടച്ചുപൂട്ടിയ മുറിക്കുള്ളിലെ കനത്ത നിശബ്ദതയിൽ തനിക്കു കൂട്ടിരിക്കുന്ന ദീപനാളങ്ങളെ മാത്രം സാക്ഷിയാക്കി വശീകരിച്ചെത്തിച്ച ദേഹത്തിനു മുന്നിൽ അയാൾ കർമ്മങ്ങൾ ആരംഭിച്ചു. രാത്രി യാമങ്ങളിൽ, കർമ്മത്തിന്റെ പാതി പൂർത്തിയാക്കവേ, വശീകരണവിദ്യയുടെ ബന്ധനത്തിൽ പോലും തന്നെ സ്വീകരിക്കാൻ ബുദ്ധിമുട്ടുന്ന ശരീരത്തോട് അയാൾക്ക് വിരക്തി തോന്നി.
മോഹം വെടിയാതെ, ആ ദേഹം മറന്ന്, തന്നെ ഉൾക്കൊള്ളാൻ മാത്രം സാദ്ധ്യമായ ഒരാളെ തേടിയുള്ള യാത്രയിലേക്ക് അയാൾ ഇറങ്ങിത്തിരിച്ചു.
–