കൈനീട്ടം
(ടാഗ് ലൈൻ – ‘മധുരം കഴിക്കണം ഇന്ന് ഒന്നാം തീയതിയാ…)
രാവിലെ കടയിൽ ചെന്നപ്പോൾ, കണ്ടു മാത്രം പരിചയമുള്ള ന്യൂ ജനറേഷൻ അമ്മ നാലുവയസുകാരൻ മകനെ കൊഞ്ചിച്ച് സ്കൂൾ ബസ് കയറ്റിവിടാൻ അവിടെ കാത്തു നിൽക്കുന്നുണ്ട്. കൈയിൽ തൂങ്ങി കൊഞ്ചുന്ന ഒരു കുട്ടിയുണ്ടെങ്കിലും, കളർഫുള്ളായ മിനി ഫ്രോക്കും ടോപ്പും ഇണങ്ങുന്നതു കൊണ്ടു മാത്രമല്ല പ്രായം കൊണ്ടും അമ്മയും ഒരു കുട്ടി തന്നെ.
ആദ്യം ആവശ്യം പറഞ്ഞത് അമ്മക്കുട്ടി തന്നെ, കുട്ടി ബാഗിലെ ടിഫിൻ ബോക്സിലേയ്ക്ക് ചോക്ലേറ്റ് ബിസ്കറ്റ്. ബിസ്കറ്റിന്റെ രുചിയേക്കാൾ അഴകുള്ള ബിസ്കറ്റ് പായ്ക്ക് കടയിലെ ചേട്ടൻ കുട്ടിയ്ക്ക് കൈമാറുമ്പോൾ അമ്മക്കുട്ടി മിനി പഴ്സിൽ നിന്നെടുത്ത് നീട്ടിയ പുഞ്ചിരിക്കുന്ന ഗാന്ധിയെ പെട്ടെന്ന് പിൻ വലിച്ചിട്ട് ഒരു ചോദ്യം, “ കൈനീട്ടം എന്റേതാണോ…?”(ന്യൂ ജനറേഷനിൽ ഓൾഡ് ജനറേഷൻ കലർന്നപ്പോഴുള്ള ട്വിസ്റ്റ്…)
അയാൾ സ്ലോ മോഷനിൽ ’അതെ‘ എന്ന അർത്ഥത്തിൽ തലയാട്ടി… !
“ യ്യോ… എന്നാൽ പിന്നെ തരാട്ടോ… ” അമ്മക്കുട്ടി പുഞ്ചിരിക്കുന്നു…!!
ഇരുപത് രൂപയുടെ സാധനം എടുത്തിട്ട് അഞ്ഞൂറിന്റെ നോട്ടും നീട്ടി നിന്നിരുന്ന എനിക്കു നേരെ തിരിഞ്ഞ കടക്കാരന്റെ നോട്ടത്തിനു മുന്നിൽ ’പ്ലിങ്ങ്‘ എന്ന അവസ്ഥയിലായി ഞാൻ
എന്നാലും അമ്മക്കുട്ടി, ഒരു പുഞ്ചിരിയോടെ ആ നോട്ട് അയാൾക്ക് കൊടുത്തിരുന്നെങ്കിൽ നോട്ടിലെ ഗാന്ധിയുടേത് പോലൊരു പുഞ്ചിരി അയാളുടെ മുഖത്ത് വിരിയുകയും ആ പുഞ്ചിരി ഇന്നയാൾക്ക് കൂട്ടിനുണ്ടാകുകയും ചെയ്യുമായിരുന്നല്ലോ…!!
ന്യൂ ജനറേഷനാത്രേ…! ഫ്രീക്കാണത്രേ…!! കോപ്പാണ്.
–