മെൻസ് റീയ
(Mens rea – Mental element in a crime)
– ഈ രചന വായനക്കാർക്കു വേണ്ടി ഭാവനയിൽ നിന്ന് സൃഷ്ടിക്കപ്പെട്ട സാങ്കൽപ്പിക കഥ മാത്രമാണ്. കഥയിൽ പ്രതിപാദിക്കുന്ന സംഭവങ്ങൾ, സ്ഥലങ്ങൾ, വ്യക്തികൾ എല്ലാം തികച്ചും സാങ്കൽപ്പികം മാത്രമാണ്. ജീവിച്ചിരിക്കുന്നവരോ മരണപ്പെട്ടവരോ ആയ ഏതെങ്കിലും വ്യക്തികളുമായോ, യഥാർത്ഥ സംഭവങ്ങളുമായോ തോന്നുന്ന സാദൃശ്യം തികച്ചും യാദൃശ്ചികം മാത്രമാണ്. ഏതെങ്കിലും വ്യക്തികളേയോ, സ്ഥാപനങ്ങളേയോ, അധികാരികളേയോ, നിയമങ്ങളേയോ വേദനിപ്പിക്കാനോ വിമർശിക്കാനോ ഇകഴ്ത്തിക്കാണിക്കുവാനോ രചനയിലൂടെ ഉദ്ദേശിക്കുന്നില്ല –
***** ***** ***** ***** *****
നിയമാനുസൃതമായ ഒരു കൊലപാതകം
2021 മെയ് 15
സമയം – 05:32 PM
തേയിലത്തോട്ടങ്ങളും ഏലക്കാടുകളും പച്ച വിരിച്ച ഹൈറേഞ്ചിന്റെ ആകാശത്ത് രാവിലെ തുടങ്ങി പെയ്തിട്ടും കൊതി തീരാതെ മഴ മേഘങ്ങൾ അടുത്തൊരു കാറ്റിനായി കാത്തു നിൽക്കുന്നു. ഏതു നിമിഷവും ഇനിയും ഒരു മഴ പ്രതീക്ഷിക്കുന്ന മനുഷ്യരാണ് ആകാശത്തിനു കീഴിൽ.
ഹൈറേഞ്ചിലെ മനുഷ്യർക്കും മരങ്ങൾക്കും ഒരു പ്രത്യേകതയുണ്ട്. ഏതു കാറ്റിലും കുളിരിലും അവരങ്ങണെ തലയുയർത്തി നിൽക്കും. മഴ, മഞ്ഞ്, ഉരുൾപൊട്ടൽ, വന്യജീവികളുടെ അലർച്ചകൾ അങ്ങനെ ഏതു പ്രതികൂല സാഹചര്യങ്ങൾ അവരുടെ നേർക്കു പാഞ്ഞു വരുമ്പോഴും അതിനെയെല്ലാം അതിജീവിക്കാൻ ശീലിച്ചവരാണവർ.
ആലീസും പാപ്പച്ചനും ആതേ ജീവിതാനുഭവങ്ങൾ ഉള്ള, ഹൈറേഞ്ചിന്റെ സ്വന്തം മക്കളാണ്. സർക്കാർ സർവീസിലായിരുന്നിട്ടും മണ്ണിനെയും പ്രകൃതിയേയും അറിയുന്നവർ. നാട്ടിൽ തലയുയർത്തി നിൽക്കുന്ന ഇരുനില വീടിന്റെ ചുറ്റുമുള്ള പച്ചപ്പിന്റെ ലോകം അതു വ്യക്തമാക്കിത്തരും. ഇരുവരും സർവീസിൽ നിന്ന് വിരമിച്ച ശേഷം ബാംഗ്ളൂരിൽ താമസമാക്കിയ ഏകമകനും കുടുംബത്തിനും ഒപ്പം പോകാതെ ഈ നാട്ടിൽ തന്നെ തുടരുന്നതും അതുകൊണ്ടൊക്കെ തന്നെയാണ്.
ദേശീയപാത ചുരം കയറി തുടങ്ങും മുൻപുള്ള ‘ആലിൻചുവട് കവല’യിൽ നിന്നും തോട്ടം തൊഴിലാളികൾ പാർക്കുന്ന ലയങ്ങളിലേയ്ക്ക് നീണ്ടു കിടക്കുന്ന പാതയോരത്താണ് ‘ആലീസ് വില്ല’ എന്ന ആ ഇരുനില വീട്. ലയങ്ങളിലേക്ക് പോകുന്ന രണ്ട് കിലോമീറ്റർ റോഡിന്റെ ഇരുവശത്തുമായി അത്ര ചേർന്നല്ലാതെ, ചെറുതും വലുതുമായ വീടുകളുള്ളതിൽ വലിയ വീടാണ് അവരുടേത്. ചുറ്റും ആൾപ്പൊക്കമുള്ള മതിൽ ആ വീടിനെ വേർതിരിച്ചു നിർത്തുന്നുണ്ട്.
മതിലിനു പുറത്ത് വഴിയരുകിൽ നിന്ന ഗുൽമോഹർ മരത്തിന്റെ ചില്ലകളിലൊന്നിൽ എവിടെ നിന്നോ പറന്നു വന്ന ഒരു കടവാവൽ തലകീഴായി തൂങ്ങി. അത് തന്റെ ഉണ്ടക്കണ്ണുകൾ ആലീസ് വില്ലയിലേക്ക് തിരിച്ചു. ഇന്ന് ആ വീട്ടിൽ മൂന്ന് കൊലപാതകങ്ങൾ നടക്കും എന്ന് മുൻകൂട്ടി അറിഞ്ഞു വന്ന ഏക ജീവി ആ വാവലായിരുന്നു. അത് മരത്തിൽ തൂങ്ങിയ ഈ നിമിഷം ഒന്നാമത്തെ കൊലപാതകം, അത് അവന്റെ കൺമുന്നിൽ സംഭവിച്ചു.
“ ഒന്നാം പ്രതി ആലീസ് വില്ലയിൽ പാപ്പച്ചൻ… രണ്ടാം പ്രതി ആലീസ് പാപ്പച്ചൻ – പ്രേരണാക്കുറ്റം…” അങ്ങനെ പറഞ്ഞ് ചിരിച്ച് കൊണ്ട് തല വെട്ടിയ നാടൻ പൂവൻ കോഴിയെ കൈയിൽ തൂക്കിയെടുത്ത് പാപ്പച്ചൻ എന്ന എഴുപതുകാരൻ ആലീസിനെ നോക്കി ചിരിച്ചു. അവരും ചിരിച്ചുകൊണ്ട് ആ തമാശയിൽ പങ്കു ചേർന്നു.
‘വീട്ടിൽ ഇത്രേം കോഴികൾ ഉണ്ടായിട്ടും ഒന്നൊന്നര വർഷം കൂടി മോനും കുടുംബവും വരുമ്പോൾ ബ്രോയിലർ ചിക്കൻ വാങ്ങി കറി വയ്ക്കേണ്ട’ എന്ന് നിർബന്ധം പിടിച്ചതും, ഉള്ളതിൽ നല്ലൊരു പൂവനെ തന്നെ കശാപ്പു ചെയ്യിച്ചതും ആ അറുപത്തഞ്ചുകാരിയുടെ പുത്രവാത്സല്യം തന്നെയായിരുന്നു.
ഒന്നാമത്തെ കൊലപാതകം കണ്ടതും കടവാവൽ ചിറകുകൾ മുഖത്തേയ്ക്ക് ചേർത്ത് കണ്ണുകൾ മൂടി. അടുത്ത ദുരന്തം സംഭവിക്കാൻ ഇനിയും സമയമെടുക്കുമെന്ന് അതിനറിയാമായിരുന്നു.
***** ***** ***** ***** *****
കൊതിപ്പിക്കുന്ന ഗന്ധങ്ങൾ
സമയം – 06:25 PM
നാടൻ മസാലയിൽ മുങ്ങിയ കോഴി അടുപ്പത്ത് കയറിയ ശേഷമാണ് പാപ്പച്ചൻ പിന്നാമ്പുറത്ത് നിന്ന് വീടിനു മുന്നിലേക്ക് വന്നത്. മുൻ വാതിൽ തുറന്ന് മുറ്റത്തേക്കിറങ്ങി വീടിനു ചുറ്റും ഒന്നു കറങ്ങി.
ഗുൽമോഹർ മരത്തിൽ തൂങ്ങിക്കിടക്കുന്ന വാവലിനെ കണ്ടതും അദ്ദേഹത്തിന്റെ മുഖത്ത് ഒരു പരിഹാസച്ചിരി വിരിഞ്ഞു. വാവലിന്റെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കാനായി പ്ളാസ്റ്റിക് നെറ്റ് ഇട്ട് മൂടിയ സ്വന്തം പറമ്പിലെ നിറയെ കായ്ച്ചു കിടക്കുന്ന റമ്പൂട്ടാൻ മരത്തിലേക്ക് തല തിരിച്ചിട്ട് ഒന്നു കൂടി അദ്ദേഹം വാവലിനെ നോക്കി ചിരിച്ചു.
അവിടെ സംഭവിക്കാനിരിക്കുന്നതൊക്കെ അറിയാമായിരുന്ന വാവൽ ഒന്നുകൂടി തന്നിലേക്ക് ചുരുങ്ങി.
ഇരുട്ടും, പാകമായ കോഴിക്കറിയുടെ ഗന്ധവും ആ വീടിനു ചുറ്റും പരന്നു തുടങ്ങിയപ്പോൾ അയാൾ വീടിനകത്തേയ്ക്ക് നടന്നു.
എന്നാൽ വീടിനു പിന്നിലെ മതിലിനു വെളിയിലെ തോട്ടത്തിൽ റമ്പൂട്ടാൻ മരത്തിലേയ്ക്ക് തലയുയർത്തി നോക്കിക്കൊണ്ട് ഒരു മനുഷ്യരൂപം നിന്നിരുന്നു. കട്ടപിടിച്ച ഇരുട്ടിൽ അയാളെ ആ വാവലല്ലാതെ മറ്റാരും കാണുന്നുണ്ടായിരുന്നില്ല. അയാൾക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. കോഴിക്കറിയുടെ ഗന്ധം അയാളുടെ മൂക്കിനേയും മസ്തിഷ്കത്തേയും കീഴ്പ്പെടുത്തിയോ…?
***** ***** ***** ***** *****
മരണമെത്തും മുൻപ്
സമയം – 07:28 PM
“ അര മണിക്കൂറിനുള്ളിൽ അവരിങ്ങെത്തും… ഇപ്പോൾ ടൗണിൽ എത്തിയത്രേ… ” മൊബൈൽ കട്ട് ചെയ്തിട്ട് ആലീസ് ലീവിംഗ് റൂമിലേക്ക് വന്നു കൊണ്ട് പറഞ്ഞു. പാപ്പച്ചൻ പ്രാർത്ഥനയ്ക്ക് കത്തിക്കാനുള്ള മെഴുകുതിരികൾ തിരുരൂപത്തിനു മുന്നിൽ ഉറപ്പിക്കുകയായിരുന്നു.
“ എന്നാപ്പിന്നെ പ്രാർത്ഥന ചൊല്ലാം… അവരെത്തിയാലുടനെ ഫ്രഷായി അത്താഴം കഴിക്കട്ടേ… ” പാപ്പച്ചൻ അതു പറഞ്ഞിട്ട് തിരികൾ തെളിച്ചു.
അവരുടെ പ്രാർത്ഥന ഏതാണ്ട് 15 മിനുട്ട് കഴിഞ്ഞു കാണണം, മുകൾ നിലയിൽ നിന്ന് എന്തോ മറിഞ്ഞു വീഴുന്ന ശബ്ദം കേട്ടു. ഒരു ഫ്ളവർ വേയ്സ് നിലത്ത് വീണു സ്റ്റെയർകേസ് വഴി ഉരുണ്ട് താഴേക്ക് വരുന്നു.
***** ***** ***** ***** *****
ഇര തേടിയിറങ്ങിയ മരപ്പട്ടി
സമയം – 07:50 PM
പ്രാർത്ഥന പൂർത്തിയാക്കി പാപ്പച്ചൻ മുകളിലേയ്ക്ക് കയറി. സ്റ്റെയർകേസിന്റെ പകുതിയിൽ വന്ന് നിശ്ചലമായ ഫ്ളവർ വേയ്സ് കുനിഞ്ഞ് എടുക്കുമ്പോൾ അലീസ് വിളിച്ചു പറഞ്ഞു, “ മരപ്പട്ടിയായിരിക്കും… മുകളിലെ ജന്നൽ കഴിഞ്ഞ ആഴ്ചയിലേപ്പോലെ അടച്ചു കാണില്ല…” അവർ അതു പറഞ്ഞിട്ട് അടുക്കളയിലേക്ക് നടന്നു.
പാപ്പച്ചൻ മുകളിലെത്തി നോക്കുമ്പോൾ അടക്കാൻ മറന്ന ഒരു ജന്നലും കണ്ടില്ല. തിരിഞ്ഞു നടക്കാൻ നേരം മകനും കുടുംബത്തിനുമായി വൃത്തിയാക്കിയിട്ടിരുന്ന മുറിയുടെ വാതിൽ ഒന്നു തുറന്നു നോക്കി.
ഇരുട്ടിൽ ഒരനക്കം…!
ലൈറ്റിട്ടതും മരപ്പട്ടി മുന്നിൽ… നീണ്ടു നിവർന്ന് ഇരുകാലിൽ നിൽക്കുന്ന ഒരു രൂപം…!!
പെട്ടെന്നുള്ള ഞെട്ടലിൽ പാപ്പച്ചന്റെ തൊണ്ട വരണ്ടു… കാലിച്ചാക്കിന്റെ മൂല വെട്ടിയെടുത്ത് കണ്ണുകൾക്ക് മുന്നിലായി രണ്ട് തുളയിട്ട മുഖമായിരുന്നു മരപ്പട്ടിക്ക്… ആ രൂപം അയാൾക്ക് നേരേ കൈകൂപ്പി.
ആലീസിനെ വിളിക്കാൻ വാ തുറന്നെങ്കിലും അലർച്ച പോലൊരു ശബ്ദമാണ് അയാളിൽ നിന്ന് പുറത്തു വന്നത്. അയാൾ പിന്നോട്ട് ചുവട് വച്ച് താഴേക്ക് ഓടാൻ ശ്രമിച്ചതും മരപ്പട്ടി അയാൾക്ക് മേൽ ചാടി വീണു കഴിഞ്ഞിരുന്നു.
ചുവടു തെറ്റി നിലത്ത് വീഴുന്നതിനിടയിൽ രണ്ടാമതൊന്ന് അലറാതിരിക്കാൻ മരപ്പട്ടി ആ വയോധികന്റെ മൂക്കും വായും പൊത്തി. പക്ഷേ മരപ്പട്ടിയുടെ കരങ്ങൾ അമർന്നത് എവിടെയൊക്കെയാണെന്ന് അയാൾക്ക് പോലും അറിയില്ലായിരുന്നു. മെല്ലിച്ച ആ കഴുത്തിൽ കൈത്തണ്ട തെന്നി അമർന്നപ്പോൾ എല്ലുകൾ ഞെരിയുന്ന ശബ്ദം അയാൾ കേട്ടിരിക്കണം.
എന്തായാലും പാപ്പച്ചൻ അപ്പോൾ നിശബ്ദനായിരുന്നു. പക്ഷേ ആലീസിന്റെ ‘ചാച്ചാ’ന്നുള്ള വിളി താഴെ നിന്ന് ഉയർന്നു കേട്ടു.
***** ***** ***** ***** *****
രണ്ടാമത്തെ ഇര
സമയം – 07:56 PM
മുകളിൽ ആരോ വീണതു പോലൊരു ശബ്ദം കേട്ടതു കൊണ്ട് ആധിയോടെയാണ് അവർ ഉച്ചത്തിൽ വിളിച്ചു കൊണ്ട് മുകളിലേക്ക് കയറിയത്. അതിലും വേഗത്തിൽ മരപ്പട്ടി താഴേക്ക് പാഞ്ഞു വരികയായിരുന്നു.
മുകളിലേക്ക് കയറി വരുന്ന ആ സ്ത്രീയെ അവൻ തള്ളി മറിച്ചു… അവർ ഒരു നിലവിളിയോടെ പിന്നോട്ട് മറിഞ്ഞു വീണു…
അത് ഉച്ചത്തിലുള്ള ഒരു നിലവിളിയായിരുന്നു… അവൻ വെപ്രാളത്തോടെ അവരുടെ വായ് പൊത്താൻ ശ്രമിച്ചതും അവർ വീണ്ടും ഉച്ചത്തിൽ സഹായത്തിനായി അലറി…
അവരുടെ കഴുത്തിലാണ് അവന്റെ കൈ അമർന്നത്… പക്ഷേ അവർ കുതറിയത് കൊണ്ട് അവന്റെ കൈ തെന്നി മാറി… അവർ വീണ്ടും അലറിയ നിമിഷം അവന്റെ കൈയിൽ ഒരു കത്തി പ്രത്യക്ഷപ്പെട്ടു… അത് ഉയർന്നു താണു…
ആലീസ് കുതറി… കത്തി അവരുടെ ഇടതു തോളിൽ ആഴ്ന്നിറങ്ങി… അവൻ കൃത്യമായ ലക്ഷ്യമില്ലാതെ കത്തി അവരുടെ ശരീരത്തിലേക്ക് തറച്ചു കോണ്ടിരുന്നു… കർത്താവേ… അവർ ഉച്ചത്തിൽ വിളിച്ചു
ആ നിമിഷം തിരുരൂപം ഒരു കനത്ത പ്രകാശത്താൽ തിളങ്ങി… ആ പ്രഭയിൽ അക്രമി ഞെട്ടി മാറി… വീടിനകത്തെ ഇരുളിലേക്ക് അവൻ ഓടിമറഞ്ഞു.
പുറത്തു ബ്രേക്ക് ചെയ്ത കാറിന്റെ ഹെഡ്ലൈറ്റ് അണഞ്ഞു… വീട്ടിനുള്ളിൽ നിന്ന് ഒരലർച്ച കേട്ടാണ് കാറിൽ നിന്നുള്ളവർ പുറത്തിറങ്ങിയത്… അപ്പോഴേക്കും ആരൊക്കെയോ മുന്നിലെ റോഡിൽ നിന്ന് ആലീസ് വില്ലയിലേക്ക് ഓടി വരുന്നുണ്ടായിരുന്നു.
***** ***** ***** ***** *****
ഒടുവിലെ കാഴ്ച
സമയം – 08:00 PM
മകനേയും കുടുംബത്തേയും കാത്തിരുന്ന ആ അമ്മയുടെ മുന്നിലേക്ക് വാതിൽ തുറന്നെത്തിയത് മകൻ ബിജു തന്നെയായിരുന്നു… അവനെ കണ്ടതും അവർ ഉച്ചത്തിൽ നിലവിളിച്ചു.
പുറത്തു നിന്നെത്തിയവർ അവനൊപ്പം അവരെ വാരിയെടുത്തു… അവരുടെ ദേഹത്ത് നിന്ന് ചോര വാർന്നു നിലത്തു വീഴുന്നുണ്ടായിരുന്നു… അകത്തേക്കു വന്ന ബിജുവിന്റെ ഭാര്യ നിമ്മി അതു കണ്ട് ഞെട്ടി നിലവിളിക്കുന്നതിനിടയിലും തന്റെ കുട്ടിയുടെ കണ്ണു മൂടത്തക്ക വിധം ദേഹത്തോട് ചേർത്ത് പിടിച്ചു.
അവർ വന്ന അതേ കാറിൽ ബിജു അവന്റെ അമ്മയുമായി അടുത്ത ആശുപത്രിയിലേക്ക് പാഞ്ഞു.
അത്ര നേരം മരത്തിൽ തൂങ്ങികിടന്ന നിശബ്ദ സാക്ഷിയായ കടവാവൽ ആ വാഹനത്തിനു മുകളിലൂടെ പറന്ന് ഇരുളിൽ മറഞ്ഞു.
***** ***** ***** ***** *****
ഓടി മറഞ്ഞ അക്രമി, പെയ്തു വീണ മഴ
സമയം – 09:40 PM
ആലീസ് വില്ല പോലീസിനെക്കൊണ്ട് നിറഞ്ഞു. സ്ഥലം SI വിനോദ് കുര്യനും ടീമും ആദ്യം തന്നെ സ്ഥലത്തെത്തിയിരുന്നു. അവസാനം എത്തിയ CI റെജി തോമസിനോട് SI പ്രാഥമിക വിവരങ്ങളും നിരീക്ഷണങ്ങളും പങ്കു വച്ചു. അക്കമിട്ട് അത് ഇപ്രകാരമായിരുന്നു.
1. രണ്ട് കൊലപാതകങ്ങൾ നടന്നിരിക്കുന്നു. ആദ്യത്തേത് പാപ്പച്ചൻ എന്ന ഗൃഹനാഥന്റേത്. രണ്ടാമത്, ഗൃഹനാഥ ആലീസ്… അവർ ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ മരണപ്പെട്ടു.
2. പ്രഥമദൃഷ്ട്യാ ഗ്രഹനാഥന്റെ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെങ്കിൽ, ആലീസിന്റെ മരണം കത്തി കൊണ്ടുള്ള കുത്തേറ്റാണ്. മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിക്കേണ്ടതുണ്ട്.
3. ആലീസിന്റെ മൊഴിയിൽ നിന്ന് അവരെ ആക്രമിച്ചത് മുഖം മൂടി ധരിച്ച ഒരാളാണ്. കത്തി കൊണ്ടാണ് ആക്രമിച്ചത്.
4. മോഷണത്തിനിടെയുള്ള കൊലപാതകം ആണെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിനിടയിൽ മകനും കുടുംബവും അതു പോലെ തന്നെ നാട്ടുകാരും വീട്ടിലേക്ക് എത്തിയത് കൊണ്ട് പ്രതിയ്ക്ക് തന്റെ ഉദ്യമം പൂർത്തിയാക്കാതെ മടങ്ങേണ്ടി വന്നു.
5. അകത്തു കയറിയ അക്രമി പിൻവാതിൽ വഴിയാണ് രക്ഷ പെട്ടിരിക്കുന്നത്. പിന്നിലെ മതിൽ ചാടി കടന്ന് അതിനപ്പുറത്തുള്ള ഏലക്കാട് കടന്ന് പോയിരിക്കണം.
6. വീടിനകവും ചുറ്റുപാടും പരിശോധിച്ചതിൽ നിന്ന് മറ്റു തെളിവുകൾ ഒന്നും തന്നെ നിലവിൽ ലഭിച്ചിട്ടില്ല.
അടുത്ത റോഡും പ്രദേശങ്ങളും നിരീക്ഷിക്കാനും, സംശയമുള്ള ആരെയെങ്കിലും കണ്ടെത്തിയാൽ കസ്റ്റഡിയിൽ എടുക്കാനും പോലീസ് ടീമിനെ അയച്ചിട്ടുണ്ടെന്നു കൂടി SI അറിയിച്ചു.
അതോടൊപ്പം ഫൊറൻസിക്, ഡോഗ് സ്ക്വാഡുകൾ രാവിലെ എത്താനുള്ള ഏർപ്പാടും ചെയ്തു. അവർ സംസാരിക്കുന്നതിനിടയിൽ ഇടി ശബ്ദത്തോടു കൂടി മഴ ആരംഭിച്ചു. ചുറ്റുപാടുമുള്ള ഏതെങ്കിലും വിധത്തിലുള്ള തെളിവുകൾ മഴ കൊണ്ടു പോകുമെന്ന് അറിയാവുന്ന ആ ഉദ്യോഗസ്ഥർ നിരാശയോടെ പരസ്പരം നോക്കി.
***** ***** ***** ***** *****
മാദ്ധ്യമങ്ങളുടെ കണ്ണും കാതും
2021 മെയ് 16
സമയം – 07:00 AM
ചാനൽ ക്യാമറകളും റിപ്പോർട്ടർമാരും വീടിനു മുന്നിൽ നിലയുറപ്പിച്ചു.
ആലിൻചുവട് ഇരട്ടക്കൊലപാതകം മോഷണശ്രമത്തിനിടെ…
പ്രതികൾക്കായി പോലീസിന്റെ ഊർജ്ജിത തിരച്ചിൽ…
അന്വേഷണച്ചുമതല DYSP മധു ബാലഗോപാലിന്…
തുടങ്ങി പൊടിപ്പും തൊങ്ങലും വച്ചു കിട്ടിയ വസ്തുതകളും വിവരങ്ങളും ദൃശ്യമാദ്ധ്യമങ്ങളിൽ നിറഞ്ഞുകൊണ്ടിരുന്നു.
***** ***** ***** ***** *****
അന്വേഷണത്തിന്റെ ആദ്യദിനം
സമയം – 06.00 PM
DYSP മധു ബാലഗോപാലിന് മുന്നിൽ അതു വരെയുള്ള അന്വേഷണ റിപ്പോർട്ടുകൾ നിരന്നു.
ഡോഗ്സ്ക്വാഡ് റിപ്പോർട്ട് – കംപ്ലീറ്റ് നെഗറ്റീവ്. ഡോഗ്സ്ക്വാഡിലെ ഡൂഡു എന്ന നായയെ കൊണ്ടു വന്നെങ്കിലും എന്തെങ്കിലും തുമ്പുണ്ടായില്ല. തലേന്നത്തെ മഴ മൂലം വീടിനു പുറത്തിറങ്ങിയ നായ മണം കിട്ടാതെ തിരികെ വീട്ടിനുള്ളിലേക്ക് തന്നെ കയറി.
ഫൊറൻസിക് റിപ്പോർട്ട് – അക്രമിയിലേക്ക് വിരൽ ചൂണ്ടുന്ന യാതൊന്നും വീടിനകത്തു നിന്നോ, പുറത്തു നിന്നോ ലഭിച്ചിട്ടില്ല. വാതിൽ തകർത്തല്ല ആൾ അകത്തു കടന്നിരിക്കുന്നത്. പിന്നിൽ ചാരി വച്ചിരുന്ന കോണി വഴി ടെറസിൽ കടന്ന ശേഷം ടെറസിന്റെ തുറന്നു കിടന്ന വാതിൽ വഴി അകത്തു കടന്നിരിക്കാനാണ് സാധ്യത. കാരണം വാതിലിനു മുന്നിലെ ഫ്ലോർ മാറ്റിൽ ആരോ നന്നായി കാൽ അമർത്തി തുടച്ചതിന്റെ പാടുകൾ ഉണ്ട്. മാത്രമല്ല ടെറസിന്റെ അകത്തെ വാതിലിന്റെ പിടിയിലും ബോൾട്ടിലും ഒരേ തരത്തിലുള്ള പാടുകൾ കാണുന്നുണ്ട്. എന്നാൽ വിരലടയാളം ഇല്ല. തുണിയുടെ കൈയുറയോ അല്ലെങ്കിൽ കൈയിൽ തുണി ചുറ്റിയോ അയിരിക്കണം പ്രതി വിരലടയാളം മറക്കാൻ ശ്രമിച്ചിട്ടുള്ളത്.
മഴ പെയ്തു നനഞ്ഞതു കൊണ്ട് ടെറസിലോ കോണിയിലോ യാതൊരു അടയാളങ്ങളും ശേഷിക്കുന്നില്ല. അകത്തെ മുറികളിലെ തറയിൽ കയർ മാറ്റുകൾ വിരിച്ചിരിക്കുന്നതിനാൽ ഫൂട്ട് പ്രിന്റുകൾ ഒന്നും തന്നെയില്ല. ആകെയുള്ളത് പ്രതി രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ പിൻ വശത്തെ മുറ്റത്ത് വഴുതിയതിന്റെ ഒരു പാടുണ്ട്. പിൻ വാതിലിന്റെ പിടിയിലെ രക്തക്കറ ആലീസിന്റെ രക്തമാണെങ്കിലും, അവിടേയും ഫിംഗർ പ്രിന്റുകൾ ഇല്ല. തുണി ഉപയോഗിച്ച് തന്നെയാണ് വാതിൽ തുറന്നിരിക്കുന്നത്.
CI റെജി തോമസിന്റെ റിപ്പോർട്ട് – ആലീസ് വില്ലയുടെ ഏതാണ്ട് എതിർ വശത്ത് റോഡിനപ്പുറത്തെ വീട്ടിലെ ബെന്നി എന്ന ബാങ്ക് ജീവനക്കാരനാണ് ആദ്യം കൊലപാതകം നടന്ന വീട്ടിൽ നിന്ന് ഒരു നിലവിളി കേട്ടത്. അയാൾ അപ്പോൾ തന്റെ വീട്ടിൽ എത്തിയതേ ഉണ്ടായിരുന്നുള്ളൂ. രണ്ടാമത് ഒരു നിലവിളി കൂടി കേട്ടതോടെ അയാൾ അവിടേയ്ക്ക് ഓടി. ഓടുന്നതിനിടയിൽ റോഡിൽ എതിരേ വന്ന രണ്ട് തൊഴിലാളികളും എന്തോ ശബ്ദം കേട്ട് സംശയിച്ച് വീട്ടിലേക്ക് നോക്കി നിൽക്കുന്നുണ്ടായിരുന്നു.
അവർ മൂന്നു പേരും ഗേറ്റു കടക്കുമ്പോൾ ഒരു കാറ് അവരെക്കടന്ന് വീട്ടുമുറ്റത്തേക്ക് പോയി. അപ്പോൾ അവസാനത്തെ നിലവിളി ഉയർന്നു. കാറിൽ എത്തിയത് ആലീസ് – പാപ്പച്ചൻ ദമ്പതികളുടെ മകൻ ബിജുവായിരുന്നു. മുൻ വാതിൽ ലോക്ക് ചെയ്തിരുന്നില്ല. അകത്തു കയറിയ ബെന്നിയും ബിജുവും ചേർന്നാണ് ആലീസിനെ ആശുപത്രിയിൽ എത്തിച്ചത്.
ആലീസ് മുകൾ നിലയിലേക്ക് വിരൽ ചൂണ്ടിയത് കണ്ട് മുകളിലെത്തിയ ബെന്നി അവിടെ മരിച്ചു കിടക്കുന്ന പാപ്പച്ചനെ കാണുകയും മൂക്കിൽ വിരൽ വച്ച് ശ്വാസം ഇല്ലെന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു.
കുറച്ചു സമയം ആലീസിന് ബോധമുണ്ടായിരുന്നു. ‘ചാച്ചൻ… മുഖം മൂടി… കുത്തി…’ എന്നിങ്ങനെ രണ്ടോ മൂന്നോ വാക്കുകൾ മാത്രം പറഞ്ഞ് അവർ ബോധരഹിതയായി. ഇതാണ് അവരുടെ മകന്റെയും ഒപ്പം വാഹനത്തിൽ കയറിയ അയൽക്കാരൻ ബെന്നിയുടേയും മൊഴി. ആശുപത്രിയിലെത്തും മുൻപ് ആലീസ് മരിച്ചു.
ബെന്നിയോടൊപ്പം വീട്ടു മുറ്റത്തെത്തിയ രണ്ട് തോട്ടം തൊഴിലാളികൾ പിന്നിൽ നിന്ന് വാതിൽ വലിച്ചടയുന്ന ശബ്ദം കേട്ടെന്നും, ഒരാൾ പിൻഭാഗത്തേയ്ക്ക് ചെന്നെങ്കിലും ഇരുട്ടായതിനാൽ ആരെയും കാണാൻ കഴിഞ്ഞില്ല എന്നുമാണ് മൊഴി. അവരിൽ ഒരാൾ തന്നെയാണ് പോലീസിനെ വിവരം അറിയിച്ചത്.
ഉടൻ തന്നെ പരിസരങ്ങളിൽ പെട്രോളിംഗിന് ടീമിനെ അയച്ചെങ്കിലും അവർക്ക് സംശയാസ്പദമായി ആരേയും കണ്ടെത്താൻ കഴിഞ്ഞില്ല. മാത്രമല്ല അധികം വൈകാതെ തന്നെ മഴ ആരംഭിച്ചു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് – പാപ്പച്ചനെ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത്. ആദ്യം മൂക്കും വായും പൊത്തുകയും പിന്നീട് കൈത്തണ്ട കൊണ്ട് കഴുത്ത് ഞെരിക്കുകയുമാകണം ചെയ്തത് എന്നാണ് നിഗമനം.
ആലീസിന്റെ തോളിലും കഴുത്തിലും കുത്തേറ്റ പാടുകൾ ഉണ്ട്. മൊത്തം 5 കുത്തുകൾ. കഴുത്തിനു വശത്തെ കുത്താണ് മരണ കാരണം. അക്രമി കഴുത്തു ലക്ഷ്യമാക്കിയാണ് കുത്തിയതെങ്കിലും, അയാളുടെ വെപ്രാളം കൊണ്ടോ, അല്ലെങ്കിൽ ആലീസ് കുതറിയതു കൊണ്ടോ കുത്ത് ലക്ഷ്യം തെറ്റി തോളിൽ കൊള്ളുകയായിരുന്നിരിക്കണം. തോളിലെ ഒരു മുറിവൊഴികെ, ബാക്കി മൂന്ന് കുത്തും അത്ര ആഴത്തിലുള്ളതല്ല. അതിനർത്ഥം അവർ അത്രയ്ക്ക് ആ ആക്രമണത്തെ ചെറുക്കാൻ ശ്രമിച്ചിരിക്കണം എന്നു തന്നെയാണ്.
അതു വരെ ലഭിച്ച എല്ലാ വിവരങ്ങളും പരിശോധിക്കുകയും ചർച്ച ചെയ്യുകയും ചെയ്ത ശേഷം DYSP മധു ബാലഗോപാൽ ചില നിഗമനങ്ങളിലെത്തി.
01. അക്രമി അല്ലെങ്കിൽ മോഷ്ടാവ് ഒരു പ്രൊഫഷണൽ മോഷ്ടാവല്ല. അങ്ങനെ ഒരാളായിരുന്നെങ്കിൽ സാധാരണ ഗതിയിൽ ആ സമയത്ത് ഒരു വീട്ടിൽ കയറിപ്പറ്റില്ല. അഥവാ കയറിയാൽ തന്നെ സുരക്ഷിതമായ ഒരു ഒളിയിടം കണ്ടെത്തി മറഞ്ഞിരുന്ന ശേഷം എല്ലാവരും ഉറക്കമായതിനു ശേഷം മാത്രമേ അയാൾ പുറത്തു വരികയുള്ളൂ
02. കൊലപാതകത്തിന്റെ രീതി… പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ചാണെങ്കിൽ, കൈയിൽ കത്തിയുണ്ടായിട്ടും അക്രമി തന്നെ ആദ്യം കണ്ട വ്യക്തിയെ നിശബ്ദനാക്കാനാണ് ശ്രമിച്ചത്. അതായത് കൊല്ലുക എന്നത് അയാളുടെ ഒന്നാമത്തെ ഉദ്ദേശ്യമായിരുന്നില്ല. പിടിവലിക്കിടയിൽ അതു സംഭവിച്ചതാകാം. പ്രൊഫഷണൽ ക്രിമിനൽ ആയിരുന്നെങ്കിൽ അയാൾ ആളെ ആക്രമിച്ച ശേഷം ടെറസിന്റെ വാതിൽ വഴിയാണ് വന്നതെങ്കിൽ അതു വഴി തന്നെ പുറത്തെത്തി രക്ഷപെടുമായിരുന്നു.
03. മൂന്നാമത്തെ കാര്യം മുഖംമൂടി. സാധാരണ നമ്മുടെ നാട്ടിൽ കള്ളന്മാർ മുഖംമൂടി വച്ച് ഓപ്പറേഷൻ നടത്തുന്ന രീതി കാണാറില്ല. സംശയിക്കാവുന്ന ഒരു കാര്യം, അയാൾ കൊല്ലപ്പെട്ടവരുടെ അകന്ന ബന്ധുവോ അല്ലെങ്കിൽ പരിചയമുള്ള നാട്ടുകാരോ ആയിരിക്കാം. ഒരു തരത്തിലും മുഖം തിരിച്ചറിയരുതെന്ന് അയാൾ ആഗ്രഹിച്ചിരുന്നു. അടുത്ത ബന്ധുക്കളോട് മകൻ നാട്ടിൽ വരുന്ന കാര്യം പറഞ്ഞിരിക്കാം എന്നുള്ളത് കൊണ്ട് തന്നെ പ്രതി അവരിൽ ഒരാളായിരിക്കാൻ സാധ്യതയില്ല.
04. മറ്റൊന്ന് അയാൾ അത്ര മനക്കരുത്തുള്ള ഒരാളായിരിക്കാൻ ഇടയില്ല. അതു പോലെ ശാരീരിക ആരോഗ്യവും. കൊല്ലപ്പെട്ടവർ രണ്ടു പേരും മെലിഞ്ഞ ദേഹപ്രകൃതിയുള്ളവരാണെന്ന് മാത്രമല്ല പ്രായാധിക്യത്തിന്റെ അവശതകളും ഉള്ളവരാണ്. അതിൽ ആ സ്ത്രീ അയാളുടെ ആക്രമണത്തെ ഒരു മിനിട്ടെങ്കിലും ചെറുത്തിട്ടുണ്ട്. അതായത് അയാളുടെ ഭയം മൂലം സ്വന്തം ശാരീരിക ശേഷി പൂർണമായി കൊല്ലപ്പെട്ടയാൾക്ക് മേൽ പ്രയോഗിക്കാൻ കഴിഞ്ഞിട്ടില്ല.
മറ്റെല്ലാവരും തന്നെ ആ നിഗമനങ്ങളോട് യോജിച്ചു.
‘ഇനി പുതുതായി എന്തു കണ്ടെത്താൻ കഴിയും…? അതു പോലെ എങ്ങനെ അന്വേഷണത്തിന് പ്രോഗ്രസ് ഉണ്ടാക്കാം…?‘ എന്നതായി അടുത്ത ചർച്ച.
ആദ്യപടിയായി DYSP മധു ബാലഗോപാൽ അന്വേഷണ ഉദ്യോഗസ്ഥരെ പത്ത് ടീമായി തിരിച്ചു. ഒരോ ടീമിനും ഓരോ ദൗത്യം നൽകി.
01. വോട്ടേഴ്സ് ലിസ്റ്റ് എടുത്ത് സ്ഥലത്തെ മുഴുവൻ ആളുകളെയും അന്വേഷണ പരിധിയിൽ കൊണ്ടു വരിക. അന്നോ അതിനടുത്ത ദിവസമോ സ്ഥലം വിട്ടവരുടെ യാത്രകളേക്കുറിച്ച് അന്വേഷിക്കുക. ആരെങ്കിലും അങ്ങനെ മിസ്സിംഗ് ആണെങ്കിൽ ആളെ കണ്ടെത്തുക.
02. ബന്ധുക്കളെ, പ്രത്യേകിച്ച് അടുത്ത 50 കിലോ മീറ്റർ ചുറ്റളിവിൽ താമസിക്കുന്ന കിട്ടാവുന്നത്ര ബന്ധുക്കളെ, അതു പോലെ അയൽക്കാരെയും അടുത്ത സുഹൃത്തുക്കളെയും പ്രയോരിറ്റി ലിസ്റ്റിൽ പെടുത്തി ചോദ്യം ചെയ്യുക.
03. സ്ഥലത്തെ കിട്ടാവുന്നത്ര സി. സി ടിവി ഫൂട്ടേജ് മുഴുവൻ പരിശോധിക്കുക. പ്രത്യേകിച്ച് വീട്ടിലേക്ക് അക്സസ് ഉള്ള റോഡുകളിലെ കടകൾ സ്ഥാപനങ്ങൾ എന്നിവടങ്ങളിലെ എല്ലാം തന്നെ.
04. സൈബർ സെല്ലുമായി ബന്ധപ്പെട്ട് ടവർ ഡമ്പ് ചെയ്ത് സ്ഥലത്തെ, മൊബൈൽ ടവറിന്റെ പരിധിയിൽ അന്നുണ്ടായിരുന്ന സെൽ ഫോണുകളുടെ ലിസ്റ്റ് എടുക്കുക. സംശയമുള്ള നമ്പറുകൾ ഷോർട്ട് ലിസ്റ്റ് ചെയ്ത് നിരീക്ഷിക്കുക.
05. വീടിനു ചുറ്റുമുള്ള ഒരു കിലോമീറ്ററിൽ ഏതെങ്കിലും ആയുധം, രക്തം പുരണ്ട വസ്ത്രങ്ങൾ അതുപോലെ സംശയിക്കത്തക്ക വിധമുള്ള വസ്തുക്കൾ അങ്ങനെയെന്തെങ്കിലും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്താനാകുമോ എന്ന് വിശദമായ അന്വേഷണം നടത്തുക.
പത്ത് ടീം… അഞ്ച് ദൗത്യങ്ങൾ. എല്ലാം വിവരിച്ച ശേഷം ‘ഒന്നും ശ്രദ്ധയിൽപ്പെടാതെ പോകുകയോ, മുന്നിൽ വരുന്ന വിവരങ്ങൾ എന്തായാലും നിസാരവത്കരിക്കുകയോ ചെയ്യരുത്’ എന്നു കൂടി മധു ബാലഗോപാൽ ഓർമിപ്പിച്ചു.
***** ***** ***** ***** *****
ഇരുട്ടിൽ വഴി തേടുന്നവർ
തുടർന്നങ്ങോട് പോലീസ് ഉദ്യോഗസ്ഥർക്ക് വിശ്രമമില്ലാത്ത ദിവസങ്ങളായിരുന്നു. ഒരു വട്ടം എല്ലാ പ്രദേശവാസികളേയും ചോദ്യം ചെയ്തിട്ടും മുന്നോട്ട് പോകാൻ തക്കതായ യാതൊരു വിവരവും ലഭിച്ചില്ല. ബന്ധുക്കളിലോ അയൽക്കാരിലോ ആരേയും തന്നെ സംശയിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ തക്കതായ ഒരു തെളിവും ലഭിച്ചില്ല.
അന്വേഷണത്തിൽ ഒരു പുരോഗതിയും ഇല്ലാതെ, എന്തെങ്കിലും ഒരു തുമ്പ് കിട്ടും എന്ന പ്രതീക്ഷയിൽ മാത്രം അന്വേഷണം മുൻപോട്ട് കൊണ്ടു പോകുന്ന ഉദ്യോഗസ്ഥർ.
ആലിൻചുവട് നിവാസികളും പ്രതിസന്ധിയിലായിരുന്നു. ഏതു നിമിഷവും ഏതു വീട്ടിലും പോലീസ് കയറി വരാം. ആരേയും സ്റ്റേഷനിലേക്ക് വിളിപ്പിക്കാം. എങ്ങോട്ട് തിരിഞ്ഞാലും പോലീസിന്റെ നോട്ടവും കടുപ്പിച്ച ചോദ്യങ്ങളും മുന്നിൽ വന്നേക്കാമെന്ന് കരുതി നടക്കേണ്ട അവസ്ഥ. ചോദ്യത്തിലോ നോട്ടത്തിലോ ഒന്നു പതറിപ്പോയാൽ ആ പതർച്ചയിൽ ‘കള്ളലക്ഷണം’ ആരോപിക്കുന്ന അവസ്ഥ.
‘പോലീസ് ഇരുട്ടിൽ തപ്പുന്നു’ എന്നു മാദ്ധ്യമങ്ങൾ ജനങ്ങൾക്ക് മുന്നിലും, ‘ പോലീസിന്റെ അന്വേഷണം ശരിയായ വഴിക്കല്ല… വീടു കയറി ഭീഷണിപ്പെടുത്തുന്നു… നിരപരാധികളെ പീഡിപ്പിക്കുന്നു…’ എന്നെല്ലാം ജനങ്ങൾ മാദ്ധ്യമങ്ങൾക്ക് മുന്നിലും പറഞ്ഞു കൊണ്ടിരുന്നു.
ഒരു മാസം കടന്നു പോയി. അന്വേഷണ ഉദ്യോഗസ്ഥർ മുന്നോട്ട് ഒരു വഴി തുറന്നു കിട്ടാതെ ആശയക്കുഴപ്പത്തിലായി.
നേരിട്ടുള്ള ചോദ്യം ചെയ്യലിൽ ഒരു തുമ്പും കിട്ടാതെ വന്നതോടെ ശാസ്ത്രീയമായ രീതികളിൽ കൂടുതൽ ശ്രദ്ധ കൊടുത്ത് മുന്നോട്ട് നീങ്ങാനുള്ള തീരുമാനമായി. ടവർ ഡമ്പ്, സെൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ അസ്സിസ്റ്റ് ചെയ്യാൻ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം വരെ ഫോൺ നമ്പറുകൾ നിരീക്ഷിക്കേണ്ടതായി വരും. ഇനിയും കാലതാമസം ഉണ്ടായിക്കൂടാ.
അതോടൊപ്പം തന്നെ ജനങ്ങളുടെ ഭാഗത്തു നിന്ന് എതിർപ്പുണ്ടാകാത്ത വിധം, അവരെ ബുദ്ധിമുട്ടിക്കാതെ തന്നെ രണ്ടാം വട്ട ചോദ്യം ചെയ്യലിനായി അന്വേഷണ ടീമിനെ വിപുലീകരിച്ചു.
***** ***** ***** ***** *****
60 ദിവസങ്ങൾക്കൊടുവിൽ
ഏകദേശം രണ്ട് മാസം കഴിഞ്ഞിട്ടും പോലീസിന് വ്യക്തമായ ഒരു തെളിവും ലഭിച്ചില്ല. പലപ്പോഴും അന്വേഷണവും ചോദ്യം ചെയ്യലും തോട്ടം മേഖലയിലെ തൊഴിലാളികളുടെ ലയങ്ങൾ കേന്ദ്രീകരിച്ചായിരുന്നു. ഇത് ജനങ്ങൾക്കിടയിൽ പോലീസിന് വളരെ അവമതിപ്പുണ്ടാക്കി. ജനങ്ങൾ പോലീസുമായി സഹകരിക്കാതായി.
കൊലപാതകം നടന്ന വീട്ടിൽ നിന്ന് അര കിലോമീറ്റർ മാത്രം അകലെയുള്ള, പിന്നാക്കവിഭാഗക്കാരുടെ കോളനിയിൽ പോലീസ് അന്വേഷണത്തിന്റെ പേരിൽ കാർക്കശ്യക്കാരായ ചില ഉദ്യോഗസ്ഥർ കൂടെക്കൂടെ സന്ദർശിച്ചത് തർക്കങ്ങൾക്ക് വഴി വയ്ക്കുകയും, സമുദായിക നേതാക്കളും പൊതു പ്രവർത്തകരും കരുത്തു തെളിയിക്കാൻ അതൊരു അവസരമാക്കുകയും ചെയ്തതോടെ സുഗമമായ അന്വേഷണം തടസപ്പെടുമെന്ന രീതിയായി. അതൊരു പരാതിയായി സ്റ്റേഷനിൽ എത്തുകയും ചെയ്തു.
അന്വേഷണ പുരോഗതി വിലയിരുത്താൻ കൂടുന്ന വൈകുന്നേരത്തെ മീറ്റിംഗിൽ DYSP അന്നുണ്ടായ പ്രശ്നത്തെക്കുറിച്ചും അന്വേഷിച്ചു.
അന്നു കോളനിയിൽ അന്വേഷണവുമായി പോയ രണ്ട് CPO മാരും അവരെ അയച്ച SHO യും മറുപടി നൽകേണ്ടി വന്നു.
‘കോളനിയിൽ മദ്യപനായ ഒരു യുവാവുണ്ട്. വൈകിട്ട് മദ്യം അകത്തു ചെന്നാൽ ചിലരെയൊക്കെ കക്ഷി അസഭ്യം പറയും. എന്നാൽ ഇതേ വരെ അതിന്റെ പേരിൽ ആർക്കും പരാതിയോ അല്ലെങ്കിൽ അവന്റെ പേരിൽ ഒരു പെറ്റി കേസോ ഇല്ല. മദ്യത്തിന്റെ കെട്ടു വിട്ടാൽ പുള്ളി മാന്യനാണ്.’
‘കൊലപാതകം നടന്ന ദിവസം, സംഭവം കഴിഞ്ഞ് ഏതാണ്ട് അര മണിക്കൂർ കഴിഞ്ഞ് പുള്ളി വളരെ വേഗത്തിൽ ഓടിക്കിതച്ച് തന്റെ വീട്ടിലേക്ക് പോകുന്നത് പെട്രോളിംഗിന് പോയ ഉദ്യോഗസ്ഥർ കണ്ടിരുന്നു.‘
’അന്ന് അതേക്കുറിച്ച് കൃത്യമായി അന്വേഷിച്ചിരുന്നതല്ലേ…?‘ DYSP ഇടയിൽ ചോദിച്ചു.
’അതേ… അപ്പോൾ തന്നെ ചോദ്യം ചെയ്തിരുന്നു. അവൻ അന്ന് ടൗണിൽ പോയി പുതിയൊരു മൊബൈൽ ഫോൺ വാങ്ങി വരുന്ന വഴിയായിരുന്നു. ട്രിപ്പ് ജീപ്പിൽ കയറി വീടിനടുത്ത് എത്തിയപ്പോഴാണ് മഴ പെയ്യാൻ തുടങ്ങിയത്. അതുകൊണ്ട് അവൻ വീട്ടിലേക്ക് ഓടുകയായിരുന്നു.‘
DYSP: ’അത് അന്വേഷിച്ചു ശരിയാണെന്ന് ഉറപ്പു വരുത്തിയിരുന്നതല്ലേ…? കടയിൽ നിന്ന് ഫോൺ വാങ്ങിയ സമയം അവിടുത്തെ സി സി ടിവി ഫൂട്ടേജിൽ ഉണ്ടായിരുന്നു… അവിടെ നിന്ന് തിരികെ എത്താനുള്ള സമയം കണക്കാക്കിയപ്പോൾ അയാളെ സംശയ പരിധിയിൽ നിന്ന് മാറ്റിനിർത്തിയതാണ്…? പിന്നെ ഇന്നിപ്പോൾ വീണ്ടും അയാളെ ചോദ്യം ചെയ്യാനുണ്ടായ സാഹചര്യം…?‘
SHO: ’ സർ ഇന്നലെ അയാൾ മദ്യപിച്ച് കവലയിൽ നിന്ന് പോലീസിനെ അസഭ്യം പറഞ്ഞതായി അറിഞ്ഞു… മാത്രമല്ല പോലീസ് വീട്ടിൽ കയറിയാൽ കാലു വെട്ടും എന്നൊക്കെ ഒരു ഭീഷണിയും ഉണ്ടായി… അതൊന്നു ചോദിക്കാം എന്നു കരുതി…‘
DYSP: ’അയാൾക്ക് പോലീസിനോട് ഇത്ര വൈരാഗ്യം വരാൻ കാരണം…? വെറും മദ്യത്തിന്റെ ലഹരി മാത്രമായിരുന്നോ…?‘
CPO ഹരി: ’അത് ഇന്ന് അയാളുടെ വീട്ടിൽ ചെന്നപ്പോഴാണ് സർ മനസിലായത്… സ്കൂൾ വിദ്ദ്യാർത്ഥിനിയായ അയാളുടെ സഹോദരിയുടെ ഒരു മൊബൈൽ ഫോൺ മോഷണം പോയതുമായി ബന്ധപ്പെട്ട് നമ്മുടെ സ്റ്റേഷനിൽ ഒരു പരാതിയുണ്ട്… അതിൽ ഒരു തീർപ്പുണ്ടാകാത്തതിന്റെ അമർഷം അയാൾക്കുണ്ട്…?‘
DYSP: ’ആ പരാതി വന്നിട്ട് എത്ര നാളായി…?‘
SHO: ’അഞ്ചു മാസങ്ങൾക്ക് മുൻപാണ് സാർ… കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ ജനവരി 12 ന്… അത് അന്നു തന്നെ നമ്മൾ സൈബർ സെല്ലിന് കൈ മാറിയിരുന്നു…‘
DYSP: ’എന്നിട്ട് ഫോളോ അപ്പ് ഉണ്ടായില്ലേ…?‘
SHO: ’ഉവ്വ് സർ… IMEI Number എടുത്തിരുന്നു… പക്ഷേ മറ്റു തിരക്കുകൾക്കിടയിൽ പിന്നീടത് അവർ ട്രാക്ക് ചെയ്തിരിക്കില്ല… മാത്രമല്ല, ഇതു വരെയുള്ള അനുഭവം വച്ച് ഇവിടെ നിന്നൊക്കെ മോഷണം പോകുന്നത് 50 കിലോമീറ്റർ അപ്പുറത്ത് അതിർത്തി കടത്തി തമിഴ്നാട്ടിലായിരിക്കും വിൽക്കുക…‘
DYSP:’അതെന്തുമാകട്ടേ… പക്ഷേ ഈ ഫോണിന്റെ കാര്യം കൃത്യമായി അന്വേഷിക്കണം… ഇപ്പോൾ തന്നെ സൈബർ സെല്ലിൽ കൊണ്ടാക്ട് ചെയ്യണം… എന്തെങ്കിലും വിവരമുണ്ടെങ്കിൽ രാവിലെ തന്നെ എന്നെ അറിയിക്കണം…‘
SHO:’ സർ…‘
വീഡിയോ കോൺഫറൻസിംഗ് അവസാനിപ്പിച്ചപ്പോൾ SHO ഒരു നെടു വീർപ്പോടെ രണ്ട് CPO മാരേയും രൂക്ഷമായി നോക്കി. പുറത്തേക്ക് നടക്കുന്നതിനിടയിൽ അദ്ദേഹം സൈബർ സെല്ലിന്റെ നമ്പർ ഡയൽ ചെയ്തു.
***** ***** ***** ***** *****
ഒരു നമ്പർ
2021 ജൂലൈ 17
സമയം – 07:30 AM
രാവിലെ വീഡിയോ മീറ്റിംഗിൽ ഫുൾ യൂണിഫോമിൽ ഉദ്യോഗസ്ഥരെ കണ്ടപ്പോൾ തന്നെ DYSP മധു ബാലഗോപാൽ പ്രതീക്ഷയോടെ നോക്കി.
SHO: ‘ഗുഡ് മോണിംഗ് സർ… ഒരു വൈറ്റൽ ലീഡ് ഉണ്ട് സർ…’
DYSP: ‘യെസ് പറയൂ…’
SHO: ‘മോഷണം പോയ ഫോൺ ഇവിടെ അടുത്തു തന്നെയുണ്ട് സർ… കൃത്യമായി പറഞ്ഞാൽ കൊലപാതകം നടന്ന വീടിന്റെ ഒരു കിലോ മീറ്റർ അകലെ നാല് സെന്റ് കോളനി എന്നൊരു കോളനി ഉണ്ട്… അവിടെ സെബാസ്റ്റ്യൻ എന്നൊരാളുടെ പേരിൽ എടുത്ത സിം കാർഡ് ആണ് നിലവിൽ ആക്ടീവ് ആയിരിക്കുന്നത്… അയാൾ തന്നെയാണ് അതുപയോഗിക്കുന്നതും.’
DYSP: ‘ആളെ ട്രാക്ക് ചെയ്തോ…?’
SHO: ‘ഇപ്പോഴാണ് വിവരം കിട്ടിയത്… ഉടനെ ആളെ വിടാം…’
DYSP: ‘വെയിറ്റ്… വെയിറ്റ്… വളരെ ശ്രദ്ധിച്ച് വേണം… മഫ്തിയിൽ മതി… എടുത്തു ചാടി ഒന്നും ചെയ്യരുത്… തത്കാലം ആളെ സർവയലൻസിൽ വയ്ക്കുക… വിട്ടു പോകാതെ നോക്കിയാൽ മതി… ഞാൻ ഉടനെ എത്താം.’
***** ***** ***** ***** *****
മുന്നിൽ തെളിഞ്ഞ മുഖം
സമയം – 08:30 AM
DYSP എത്തിയപ്പോഴേക്കും CI എല്ലാ വിവരങ്ങളും കളക്ട് ചെയ്തു വച്ചിരുന്നു…
CI: ‘നമ്മൾ അയാളെ രണ്ട് മൂന്നു വട്ടം കണ്ടിരുന്നു… ഒരു പ്രശ്നക്കാരൻ എന്നു തോന്നിക്കുന്ന ഒന്നും കിട്ടിയില്ല… പിന്നെ സംഭവം നടക്കുന്ന സമയത്തും ആൾ വീട്ടിലുണ്ടായിരുന്നതായി അയൽവാസികളുടെ മൊഴിയിൽ ഉണ്ട്… പക്ഷേ അതിലിപ്പോൾ ഒരു സംശയം ഉണ്ട് സർ…’
DYSP: ‘അതെന്താ… ?’
CI: ‘അയാളുടെ വീട്ടിൽ വൈദ്യുതി ഇല്ല… ഫോൺ ചാർജ്ജ് ചെയ്യാൻ ഇടുന്നത് അടുത്തുള്ള ഒരു വീട്ടിലാണ്… അവിടെ പ്രായമായ രണ്ട് ദമ്പതികൾ മാത്രമാണ് ഉള്ളത്… അന്നും വൈകിട്ട് ഒരു 6 മണിയോടടുത്ത് ചാർജ്ജ് ചെയ്യാൻ ഇട്ട ഫോൺ തിരികെയെടുത്ത് അയാൾ വീട്ടിലേക്ക് പോയി… അവന് വൈകിട്ട് ഫോണിൽ പാട്ട് ഉറക്കെ വച്ച് കേൾക്കുന്ന സ്വഭാവം ഉണ്ടത്രേ… ഫോണുമായി പോയി ഒരു അര മണിക്കൂർ കഴിഞ്ഞത് മുതൽ വീട്ടിൽ നിന്ന് പാട്ടു കേൾക്കുന്നുണ്ടായിരുന്നു… മാത്രമല്ല, കറന്റില്ലാത്തത് കൊണ്ട് അയാൾ മെഴുകുതിരി കത്തിച്ചു വക്കും… അതിന്റെ വെട്ടവും കാണാമായിരുന്നു…’
DYSP: ‘അല്ലാതെ ആ സമയത്ത് അയാളെ ആരും അവിടെ കണ്ടിട്ടില്ല…?’
CI: ‘അതാണ് സർ സംശയം… അതൊന്നു കൂടി അന്വേഷിക്കണം സർ…’
DYSP: ‘ഇയാളുടെ ബാക്ക് ഗ്രൗണ്ട് എന്താണ്…?’
CI: ‘അപ്പൻ കുഞ്ഞു നാളിൽ തന്നെ മരിച്ചതാണ്… ആറ് വർഷം മുൻപ് അമ്മയും… പിന്നെ ഒരു ചേച്ചിയുള്ളതിനെ ഒരു പത്ത് വർഷം മുൻപ് കെട്ടിച്ചയച്ചതാണ്… അവർ എറണാകുളത്ത് ആണ്… ഇവൻ ഡിഗ്രീ വരെ പഠിച്ചെങ്കിലും പാസായില്ല… പിന്നെ അളിയൻ എറണാകുളത്ത് എത്തിച്ചു… അവിടെ പല സ്ഥലങ്ങളിലായി ജോലി ചെയ്യുകയായിരുന്നു… അവസാനം ഒരു ടൂറിസ്റ്റ് ബസ് ഏജൻസിയിൽ ഹെൽപ്പറായി ജോലി ചെയ്യുകയായിരുന്നു…’
DYSP: ‘അവസാനം എന്നു പറയുമ്പോൾ…?‘
CI: ’ലോക്ക് ഡൗൺ തുടങ്ങും മുൻപ് വരെ… ലോക്ക് ഡൗൺ തുടങ്ങിയതോടെ പണിയില്ലാതായി… പിന്നെ അവൻ ഇവിടേക്ക് പോന്നു…‘
DYSP: ’ഇവിടെ വന്നിട്ട്…?‘
CI: ’പണി കിട്ടുന്നതനുസരിച്ച് തോട്ടത്തിൽ പണിക്ക് പോകും… അതും കുറവായിരുന്നു… കുറച്ച് കഷ്ടപ്പാടിലായിരുന്നു എന്നാണ് അറിഞ്ഞത്…‘
DYSP: ’എറണാകുളത്ത് ജോലിക്ക് നിന്ന സ്ഥലത്തെ കാര്യങ്ങൾ അന്വേഷിച്ചോ…?‘
CI: ’നിർദ്ദേശം കൊടുത്തിട്ടുണ്ട് സർ… ഉടനെ വിവരം കിട്ടും…‘
DYSP: ’ഇപ്പോഴും മോഷ്ടിക്കപ്പെട്ട ഒരു മൊബൈൽ അയാളുടെ കൈയിൽ ഉണ്ടെന്ന് മാത്രമേ നമുക്കറിയൂ… അതു കൊണ്ട് പിഴവൊന്നും വരാൻ പാടില്ല… കൃത്യമായി അന്വേഷിച്ച് ഉറപ്പു വരുത്തിയ ശേഷം മാത്രം മുന്നോട്ട് പോയാൽ മതി…‘
CI: ’സർ…‘
***** ***** ***** ***** *****
രണ്ട് വഴികൾ
സമയം – 09:35 AM
CI യുടെ ഫോൺ റിംഗ് ചെയ്തു. മഫ്തിയിൽ സെബാസ്റ്റ്യന്റെ വീടിനടുത്തേക്ക് പോയ CPO സുരേഷ് കുമാറിന്റെ കോളായിരുന്നു.
സുരേഷിന് ചില പ്രധാന വിവരങ്ങൾ പങ്കു വയ്ക്കാനുണ്ടായിരുന്നു.
സുരേഷ്: ’കൊല നടന്ന വീട്ടിൽ നിന്ന് റോഡു വഴി വന്നാൽ സെബാസ്റ്റ്യന്റെ വീടിരിക്കുന്ന നാല് സെന്റ് കോളനി വരെ ഏതാണ്ട് ഒന്നേകാൽ കിലോ മീറ്റർ വരും. പക്ഷേ ഒരു എയർ ഡിസ്റ്റൻസ് നോക്കിയാൽ, അല്ലെങ്കിൽ ഒരു കുറുക്കുവഴി കണക്കു കൂട്ടിയാൽ വെറും ഇരുനൂറ് മീറ്ററിനടുത്ത് മാത്രം അകലത്തിലാണ് കൃത്യം നടന്ന വീടും സെബാസ്റ്റ്യന്റെ വീടും…‘
CI: ’ഇടയ്ക്കുള്ളത് തോട്ടമല്ലേ… ?‘
സുരേഷ്: ’മുഴുവനായും അല്ല സർ… ആലീസ് വില്ലയുടെ മതിലിനു പിന്നിലായി ഏലക്കാട് അതു കഴിഞ്ഞാൽ കുറച്ചു ഭാഗം മരങ്ങളാണ്… അതിനിടയിലൂടെ ഒരു നീർച്ചാൽ കടന്നു പോകുന്നുണ്ട്… അതു വരെ നമ്മൾ മുൻപ് ഒന്നു സേർച്ച് ചെയ്തതാണ് സർ…‘
Ci: ’വെരി ഗുഡ്… സുരേഷ് അവിടെ തന്നെ ഉണ്ടാവണം… ആൾ വിട്ടു പോകാതെ നോക്കണം…‘
സുരേഷ്: ’ഉവ്വ് സാർ… ഞാനും അൻവറും ഇവിടെ തന്നെ ഉണ്ടാകും… ‘
***** ***** ***** ***** *****
വെളിച്ചമായി ഒരാൾ
സമയം – 10:02 AM
നാലുസെന്റ് കോളനിയുടെ വഴിയിൽ നിന്ന് രണ്ട് അപരിചിതരേ പോലെ സുരേഷും അൻവറും പരസ്പരം സംസാരിച്ചു കൊണ്ടിരുന്നു. കള്ളി മുണ്ടും ഷർട്ടും ധരിച്ച് നിൽക്കുന്ന അവരെ കണ്ടാൽ തോട്ടം പണിക്ക് വന്ന രണ്ട് അന്യ നാട്ടുകാരാണെന്നല്ലാതെ മറിച്ചൊരു അഭിപ്രായം ആരും പറയില്ല. കൊറോണയെ ചെറുക്കാനുള്ള മുഖാവരണം ഉള്ളത് കൊണ്ട് പരിചയക്കാർ പോലും ആ വേഷത്തിൽ അവരെ തിരിച്ചറിയില്ല.
മുഖത്തോട് മുഖം നോക്കി സംസാരിക്കുമ്പോഴും സുരേഷിന്റെ കണ്ണുകൾ ചെറിയ ഇരട്ട മുറി വീടിന്റെ കൊച്ചു വരാന്തയിൽ കള്ളിമുണ്ട് മാത്രം ഉടുത്തിരുന്ന് ചക്ക വെട്ടിയൊരുക്കുകയായിരുന്ന സെബാസ്റ്റ്യന്റെ മേലായിരുന്നു. താടി വളർത്തി ഇരുണ്ട് മെലിഞ്ഞു നീണ്ട ഒരു രൂപം. മുഖത്ത് ഒരു വല്ലാത്ത ദൈന്യതയുണ്ടെന്ന് തോന്നി.
പെട്ടെന്ന് ഒരു ജീപ്പ് അവരെ കടന്ന് പോയി സെബാസ്റ്റ്യന്റെ വീടിനു മുന്നിൽ നിർത്തി. ജീപ്പിൽ നിന്നിറങ്ങിയ അതിന്റെ ഡ്രൈവറെ കണ്ടതും സെബാസ്റ്റ്യന്റെ കണ്ണുകൾ തിളങ്ങി.
“ ഡാ സെബാനേ… നീ ചക്കേം വെട്ടിപ്പിടിച്ചിരിക്കുവാണോ…? ന്നാ… കൊണ്ടോയി കഞ്ഞി വയ്ക്ക്… ”
അപ്പോഴാണ് സുരേഷും അൻവറും അത് ശ്രദ്ധിച്ചത്… ജീപ്പിൽ വന്നയാളുടെ കൈയിൽ ഒരു കിറ്റ് നിറയെ സാധനങ്ങൾ.
“ ഇന്നലെ എസ്റ്റേറ്റില് കൊടുത്ത കിറ്റാ… ഞാനായിരുന്നു സപ്ലൈക്ക് പോയത്… നിനക്ക് വേണ്ടി ഒരെണ്ണം എടുത്തു വച്ചതാ… ഒരാഴ്ചത്തേക്കുള്ളതുണ്ട്…”
സെബാസ്റ്റ്യൻ നന്ദി പറയാൻ വിഷമിക്കുന്നത് പോലെ തോന്നി.
“ പോട്ടെടാ… രാവിലെ തോട്ടത്തില് ഓട്ടം ഉണ്ട്… ” വലിയ കുശലാന്വേഷണങ്ങൾക്ക് നിൽക്കാതെ അയാൾ തിരികെ ജീപ്പിൽ കയറി റിവേഴ്സ് എടുത്തു…
സുരേഷ് അൻവറിനെ നോക്കി. നോട്ടത്തിന്റെ അർത്ഥം മനസിലായ അയാൾ തിരിച്ചെടുത്തു വന്ന ജീപ്പിനു കൈ കാണിച്ചു. “ സഹോ അടുത്ത കവലേൽ ആക്കുവോ…?”
“കേറ് കേറ്…” അൻവർ ജീപ്പിൽ കയറി… സുരേഷ് ആരോടോ ഫോൺ ചെയ്തു കൊണ്ട് സെബാസ്റ്റ്യൻ അറിയാതെ അയാളെ നിരീക്ഷിച്ചു കൊണ്ട് കോളനിയിലേക്കുള്ള വഴിലൂടെ കുറച്ച് അകത്തേക്ക് നടന്നു.
***** ***** ***** ***** *****
സഹാനുഭൂതിയുള്ള സഹപാഠി
കവലയിലേക്കുള്ള യാത്രയിൽ ജീപ്പ് ഡ്രൈവറെ കൂടുതലായി പരിചയപ്പെടുക… സെബാസ്റ്റ്യനുമായി അടുപ്പമുള്ള സുഹൃത്തെന്ന് തോന്നിയ നിലയ്ക്ക് അയാളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുക. അതായിരുന്നു അൻവറിന്റെ ഉദ്ദേശ്യം.
ഒരു വ്യാജപ്പേരിൽ തന്നെ പരിചയപ്പെടുത്തിക്കൊണ്ട് അൻവർ ജീപ്പ് ഡ്രൈവറെ പരിചയപ്പെട്ടു. ലിജു എന്നായിരുന്നു അയാളുടെ പേര്. സെബാസ്റ്റ്യന്റെ സഹപാഠി. അവിടെ നിന്ന് രണ്ടു മൂന്ന് കിലോമീറ്റർ അകലെയാണ് അയാളുടെ വീട്. ഇപ്പോൾ അവിടുത്തെ ഒരു എസ്റ്റേറ്റിലെ ഡ്രൈവറായി ജോലി ചെയ്യുന്നു.
അൻവർ: ‘സെബാൻ വല്യ കഷ്ടത്തിലാ അല്ലേ…?’ അങ്ങനൊരു ചോദ്യത്തോടെ അൻവർ സംസാരം തുടങ്ങി വച്ചു.
ലിജു: ‘ വല്ലാത്ത അവസ്ഥയിലാ അവൻ… ലോക്ക്ഡൗണിൽ ഉണ്ടായിരുന്ന പണീം പോയി… ഒരു വിധം ഇവിടെ കൂടാന്ന് വച്ചാ അധ്വാനമുള്ള പണിയൊന്നും ചെയ്യാൻ അത്ര മരുങ്ങില്ല… കൂടെ ആരൂല്ലല്ലോ… മനസാകെ മടുത്ത അവസ്ഥായിരിക്കും…’ അയാൾ വാചാലനായി. ഇടയ്ക്കൊന്നു നിർത്തി അയാൾ ചോദിച്ചു സഹോ എവിടുത്തെയാ…?
അൻവർ: ‘ഞാൻ സെബാന്റെ തെക്കേതിലെ വീട്ടിലെ പൗളി ചേട്ടന്റെ പെങ്ങടെ മോനാണ്… ഇവിടല്ല സ്ഥലം…’ ചോദ്യം ചെയ്യലിനായി പലവട്ടം കയറിയിറങ്ങിയ വീട്ടിലെ ഗൃഹനാഥന്റെ പേരിൽ അൻവർ വിദഗ്ധമായി ഒരു നുണ പറഞ്ഞു.
വിഷയം മാറിപ്പോകാതിരിക്കാൻ അൻവർ വീണ്ടും സൗഹൃദത്തിൽ ചോദിച്ചു, ‘അതിനെടേൽ രണ്ടു മൂന്നു വട്ടം ആ കൊലക്കേസില് പോലീസ് ചോദ്യം ചെയ്തതും സെബാന് വിഷമമായല്ലേ…?‘
ലിജു: ’അതേന്ന്… കൊലപാതകം പോയിട്ട് ചെറിയൊരു മോഷണം നടത്താൻ പാങ്ങില്ലാത്തവനാ… ചെറിയൊരു കള്ളം പറഞ്ഞാ തന്നെ കൈ വിറക്കാൻ തുടങ്ങും…‘
അൻവർ: ’പക്ഷേ, അന്ന് കൊല നടന്ന ദിവസം ആ സമയത്ത് സെബാൻ അവിടില്ലായിരുന്നുന്നു പറഞ്ഞാ പോലീസ് കൊണ്ടു പോയതത്രേ… പൗളി ചാച്ചനെ ചോദ്യം ചെയ്യാൻ വന്നപ്പോഴും പോലീസ് അതു പറഞ്ഞാണ് കാര്യങ്ങൾ തിരക്കീതത്രേ…‘
ലിജോ: ’എന്റെ സഹോ ഞാനാ സംഭവം നടന്നെന്ന് പറയണ സമയത്തിനടുത്ത് അവനെ കാണാൻ ചെന്നായിരുന്നു… രണ്ട് ദിവസം തോട്ടത്തില് പണിക്ക് വന്നതിന്റെ കൂലി അവന് കൊടുക്കാനുണ്ടായിരുന്നു… അതും, പിന്നേ കുറച്ച് കപ്പേം സാധനങ്ങളും, കിറ്റ് കിട്ടിയതും കൊടുക്കാനായിട്ടാ ഞാൻ ചെന്നത്… ചെന്നപ്പോ അവൻ കഞ്ഞി വയ്ക്കാനായിട്ട് അടുപ്പിൽ തീ കൂട്ടുവായിരുന്നു… മഴ പെയ്ത് വിറകു നനഞ്ഞ കാരണം എന്തോ പഴം തുണിയോ മറ്റോ വച്ച് കത്തിച്ച് പുകഞ്ഞതിന്റെ മണമടിച്ച് നിക്കുന്നു ഞാൻ ചെന്നപ്പോ…‘
അൻവർ: ’എന്നിട്ടിത് പോലീസിനോട് പറഞ്ഞില്ലേ…?‘
ലിജോ: ’ പോലീസ് നമ്മളെയൊന്നും അന്വേഷിച്ചു വന്നിട്ടില്ല സഹോ… പിന്നെ ചങ്ങാതിയാണെങ്കിലും അവനെ സഹായിക്കാനായി നമ്മള് വല്ലോം പറഞ്ഞോണ്ട് ചെന്നാ അതിന്റെ പേരില് ചെലപ്പോ അവിടെ പിടിച്ചു നിർത്തും… അതു വേണ്ടല്ലോന്ന് കരുതിയാ… ‘
അപ്പോഴേക്കും ജീപ്പ് കവലയിൽ എത്തിയിരുന്നു… ’സഹോ എവിടേക്കാ…?‘ ലിജു അൻവറിനെ നോക്കി ചോദിച്ചു
’ പോലീസ് സ്റ്റേഷനിലേക്ക്… ഇപ്പ പറഞ്ഞതൊക്കെ നമുക്ക് സ്റ്റേഷനിൽ ചെന്നൊന്ന് പറഞ്ഞേക്കാം…‘ അൻവർ മുഖത്തെ മാസ്ക് മാറ്റിക്കൊണ്ട് പറഞ്ഞു.
എവിടെയോ കണ്ടു പരിചയമുള്ളതു തോന്നിയ അൻവറിന്റെ മുഖത്തേയ്ക്ക് ഒന്നും മനസിലാവാത്തത് പോലെ ലിജു നോക്കി.
***** ***** ***** ***** *****
മണം പിടിച്ച് ഒരു അന്വേഷണം
സമയം – 11:36 AM
ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ ലിജുവിനെ അര മണിക്കൂറോളം ചോദ്യം ചെയ്തു കഴിഞ്ഞിരുന്നു. സംഭവദിവസം സെബാസ്റ്റ്യനെ കാണാൻ പോകുന്ന സമയത്ത് ലിജു മൊബൈൽ ഫോൺ സ്വന്തം വീട്ടിൽ വച്ച് മറന്നിരുന്നു. അതു കൊണ്ടാണ് ടവർ ഡമ്പ് ചെയ്തപ്പോൾ ലിജുവിന്റെ ഫോൺ പരിധിയിൽ ഉണ്ടാകാതിരുന്നതും അതിന്റെ പേരിൽ അയാൾ ചോദ്യം ചെയ്യേണ്ടവരുടെ ലിസ്റ്റിൽ ഉൾപ്പെടാതെ പോയതും.
ലിജു സെബാസ്റ്റ്യന്റെ വീട്ടിൽ ചെന്നപ്പോൾ തുണി കത്തിയ മണം കിട്ടി എന്ന പോയിന്റ് ആയിരുന്നു പ്രധാനം… അത് രക്തം പുരണ്ട വസ്ത്രങ്ങൾ ആയിരിക്കാം എന്ന് അന്വേഷണ സംഘം സംശയിച്ചു. ഇനി സെബാസ്റ്റ്യനെ കസ്റ്റഡിയിലെടുക്കാം എന്നു തന്നെയായിരുന്നു അവരുടെ തീരുമാനം… മറ്റൊന്നും ഇല്ലെങ്കിലും, മോഷണം പോയ ഫോണിന്റെ കാര്യത്തിൽ തീർച്ചയായും അയാൾ സംശയത്തിന്റെ നിഴലിലുള്ളപ്പോൾ അതിനു മടിക്കേണ്ടതില്ല…
DYSP: ‘ചെന്നു കൂട്ടിക്കൊണ്ടു വരണ്ട… അവനെ വിളിപ്പിച്ചാൽ മതി… അവിടെ നമ്മുടെ ആളുകളാരാ ഉള്ളത്…?’
CI: ‘സുരേഷ് ആണ് സർ…’
DYSP: ‘സുരേഷിനോട് ആള് പുറപ്പെടുമ്പോ ഫോളോ ചെയ്യാൻ പറയണം… പിന്നെ ഒരു വണ്ടിയും രണ്ടു പേരെയും അയക്കണം… കവലയിൽ എത്തുമ്പോൾ ആളെ വണ്ടിയിൽ കയറ്റിയിങ്ങ് പോര്…’
‘ അതു പോലെ രണ്ട് ടീം സുരേഷ് പറഞ്ഞ ആ പറമ്പോന്ന് പോയി കാണണം… ഒരു സേർച്ച്… കാര്യം മനസിലായല്ലോ അല്ലേ…?’
CI: ‘ഉവ്വ് സർ…’
***** ***** ***** ***** *****
കണ്ണു തെറ്റിയ ഒരു നിമിഷം
സമയം – 12:05 PM
സ്റ്റേഷനിൽ നിന്ന് വന്ന കോൾ അറ്റൻഡ് ചെയ്തിട്ട് സെബാസ്റ്റ്യനെ നിരീക്ഷിച്ചു കൊണ്ട് സുരേഷ് വഴിയിൽ നിലയുറപ്പിച്ചു. സെബാസ്റ്റ്യൻ ആരുടെയോ കോൾ അറ്റന്റ് ചെയ്ത ശേഷം രണ്ടു മൂന്ന് നിമിഷം ആലോചിച്ച് നിന്നിട്ട് അകത്തേയ്ക്ക് കയറിപ്പോയി.
രണ്ടു മിനിട്ടിനുള്ളിൽ പാന്റും ഷർട്ടും ധരിച്ച് അവൻ വെളിയിൽ വന്ന് കതകിന്റെ താഴിട്ടു. അതു താക്കോലിട്ടു പൂട്ടേണ്ട ആവശ്യമില്ലാതിരുന്നത് കൊണ്ടോ, അതോ മറന്നിട്ടോ അവൻ അതിനു മിനക്കിടാതെ പുറത്തിറങ്ങി. വളരെ വേഗത്തിലായിരുന്നു അവന്റെ നടത്തം.
പത്തിരുപത് അടി അകലത്തായി സുരേഷ് അവനെ പിൻ തുടർന്നു. വെപ്രാളം പിടിച്ച ഒരുവനെപ്പോലെയായിരുന്നു സെബാസ്റ്റ്യന്റെ നടത്തം. പെട്ടെന്ന് അവൻ നടന്നിരുന്ന വഴിയുടെ താഴെ ആൾപ്പൊക്കത്തിൽ കാടു വളർന്നു നിൽക്കുന്ന പറമ്പിലേക്ക് ചാടിയിറങ്ങി മരങ്ങൾക്കിടയിലേക്ക് ഊളിയിട്ടു പോയി…
ഒരു നിമിഷം… സെബാസ്റ്റ്യൻ എവിടേയോ മറഞ്ഞിരിക്കുന്നു… സുരേഷ് ഒന്നു പകച്ചു… ഫോൺ കൈയിലെടുത്ത് ഡയൽ ചെയ്ത് കൊണ്ട് സുരേഷ് മുന്നോട്ട് ഓടിച്ചെന്ന് സെബാസ്റ്റ്യൻ ചാടിയ ഭാഗത്തേക്ക് നോക്കി… ഒരാൾ അതിലെ പോയതിന്റെ ഒരടയാളം പോലുമില്ലാതെ അവൻ അപ്രത്യക്ഷമായിരിക്കുന്നു.
പെട്ടെന്ന് ഒരു പത്തടി മുന്നിൽ വഴിയുടെ അരികിൽ നിന്ന് ചെടികൾ വകഞ്ഞു മാറ്റുന്ന ശബ്ദം കേട്ട് സുരേഷ് നോക്കുമ്പോൾ പൊന്തക്കാട്ടിൽ നിന്ന് അങ്ങോട്ട് ഊളിയിട്ട അതേ വേഗത്തിൽ സെബാസ്റ്റ്യൻ വഴിയിലേക്ക് വീണ്ടും തിരികെ കയറുന്നു.
സുരേഷിന് ആശ്വാസമായി… സെബാസ്റ്റ്യൻ സുരേഷിനെ ശ്രദ്ധിച്ചില്ല… അവൻ മുന്നോട്ട് തന്നെ നടന്നു.
കവലയിലെത്തിയതും അവിടെ കാത്ത് കിടന്ന പോലീസ് വണ്ടിയിലേക്ക് സെബാസ്റ്റ്യനെ കയറ്റി അവർ സ്റ്റേഷനിലേക്ക് പോയി…
***** ***** ***** ***** *****
നിഗമനങ്ങൾ നിരീക്ഷണങ്ങൾ
സമയം – 12.30 PM
ഡി വൈ എസ് പിയുടെ നിർദ്ദേശമനുസരിച്ച് എത്തിയ SIഉം ടീമും സുരേഷിനൊപ്പം അയാൾ പറഞ്ഞ പറമ്പിലൂടെ ഒഴുകുന്ന നീർച്ചാലിന് അടുത്തെത്തി…
മറ്റുള്ളവർ പറമ്പിൽ തിരച്ചിൽ നടത്താൻ ആരംഭിച്ചു… അഞ്ചടി മാത്രം വീതിയിലുള്ള അത്ര വെള്ളമോ ഒഴുക്കോ ഇല്ലാത്ത ഒരു നീർച്ചാലായിരുന്നു അത്. അതിൽ ഇറങ്ങി നിന്ന് SI മുന്നോട്ട് നോക്കി… അൽപ്പം ദൂരെയായി ഏലക്കാടുകൾക്ക് അപ്പുറത്തായി ആലീസ് വില്ലയുടെ പിൻമതിൽ കാണാം.
തിരിഞ്ഞ് നിന്ന് അയാൾ സുരേഷിനോട് പറഞ്ഞു, ‘അക്രമി ഇതിലെയാണ് വന്നതെന്നു കരുതിയാൽ അയാൾ ഈ വെള്ളത്തിൽ ആയുധം ഉപേക്ഷിക്കാൻ സാധ്യതയുണ്ട്… നന്നായി തന്നെ തിരയണം…’
സുരേഷ്: ‘സർ ഇവിടെ ഉപേക്ഷിക്കണം എന്നു നിർബന്ധം ഉണ്ടോ…? അയാൾ അതു മറ്റെവിടെയെങ്കിലും കളഞ്ഞിട്ടുണ്ടെങ്കിൽ…?’
SI: ‘ ഇവിടെ കളഞ്ഞിട്ടുണ്ടാകാം എന്നതൊരു നിഗമനം ആണ് സുരേഷ്… അതായത് അവന്റെ ദേഹത്ത് വിക്ടിമിന്റെ രക്തം പുരണ്ടിരുന്നു എന്നുറപ്പാണ്… അതിവിടെ കഴുകിയിരിക്കണം… അങ്ങനെ കഴുകുന്നതിനിടയിൽ ഒഴുക്കുള്ള വെള്ളത്തിൽ അവൻ കത്തി ഉപേക്ഷിച്ചിരിക്കണം… കൈയിലെ ആയുധം വെള്ളത്തിൽ ഉപേക്ഷിക്കുന്ന രീതി പൊതുവെ കണ്ടു വരുന്നതാണ്…’
സുരേഷ്: ‘ അങ്ങനെയെങ്കിൽ കൂടുതൽ സാധ്യത ഒഴുകുന്ന ദിശയിലേയ്ക്ക് ആയുധം എറിഞ്ഞു കളയാൻ അല്ലേ…? അതോ ഓട്ടത്തിനിടയിൽ സാധാരണ പോലെ വലം കൈയ്യനായ ഒരാൾ ചെയ്യുന്നത് പോലെ വലതു ഭാഗത്തേയ്ക്ക് എറിഞ്ഞിട്ടുണ്ടാകുമോ…?’
SI: ‘അയാൾ വലതു ഭാഗത്തേയ്ക്ക് തന്നെയാവും എറിഞ്ഞിട്ടുണ്ടാകുക… പക്ഷേ അതു വെള്ളം വരുന്ന ദിശയിലേക്കായിരിക്കില്ല, മറിച്ച് ഒഴുകുന്ന ദിശയിലേക്കു തന്നെയാവും…?’
സുരേഷ്: ‘അയാൾ അവിടെ നിന്ന് ഓടി വരുമ്പോൾ അയാളുടെ വലതു ഭാഗത്തു നിന്നല്ലേ വെള്ളം ഒഴുകി വരുന്നത്…? അപ്പോൾ വലത്തേയ്ക്ക് എറിഞ്ഞാൽ എങ്ങനെ വെള്ളം ഒഴുകിപ്പോകുന്ന ദിശയിലേയ്ക്ക് ആകും… ?‘
Si: ’അതിൽ ഒരു കാര്യമുണ്ട് സുരേഷ്… ഇത്തരത്തിൽ കൃത്യം നടത്തി ഓടി രക്ഷപെടുന്നവരുടെ ഒരു മനശാസ്ത്രം ഉണ്ട്… അവർ ഒരു നിശ്ചിത ദൂരം എത്തിയ ശേഷം ഒന്നു തിരിഞ്ഞു നോക്കും… ആരും പിൻതുടരുന്നില്ലെന്ന് ഉറപ്പു വരുത്താൻ… അതു പോലെ തന്നെ സ്വയം സുരക്ഷിതരായി എന്നുറപ്പു വരുത്താൻ… അയാൾ അങ്ങനെ ഈ അരുവിയിൽ എത്തിയ ശേഷം തിരിഞ്ഞു നോക്കി എന്നു കരുതുക… അതോടൊപ്പം തന്നെ അയാൾ ദേഹത്തെ രക്തം കഴുകി കളയുന്നു… അതിനിടയിൽ അയാൾ കൈയിലെ കത്തി ഏറിഞ്ഞു കളയുന്നു… അങ്ങനെ ചെയ്തിട്ടുണ്ടങ്കിൽ അത് ദാ ഈ വെള്ളം ഒഴുകിപ്പോകുന്ന അവിടേക്ക് തന്നെയാകും…‘
സുരേഷ് അതു ശരി വച്ചു… ’പക്ഷേ അന്നും പിറ്റേന്നും പെയ്ത മഴയിൽ അത് ഒഴുകിപ്പോയിരിക്കാനുള്ള സാധ്യതയില്ലേ…?‘
SI: ’അങ്ങനെ ഒരു സാധ്യത നമുക്ക് തത്കാലം തള്ളിക്കളയാം… ഇവിടെ അതുണ്ടാകും എന്ന പ്രതീക്ഷയിൽ എല്ലായിടത്തും തിരയാം… ആദ്യം റൈറ്റ് സൈഡിലേക്ക് നീങ്ങാം… അവർ വെള്ളം ഒഴുകുന്ന ഭാഗത്തേക്ക് സാവധാനം വെള്ളത്തിലൂടെ തന്നെ നിലത്ത് നോക്കി നടന്നു…‘
***** ***** ***** ***** *****
ഒരു ചോദ്യം, എല്ലാത്തിനും ഉത്തരം
സ്റ്റേഷനിലെ മുറിയിൽ ഒരു മേശയ്ക്ക് മുന്നിൽ സെബാസ്റ്റ്യൻ തല കുനിച്ചു നിൽക്കുകയാണ്. അവന്റെ ഫോൺ മേശയുടെ മധ്യത്തിലായി വച്ചിരുന്നു. അവന്റെ മുഖത്തെ ഭാവം എന്താണെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം വിവർണമായിരുന്നു. അവൻ ആ നിൽപ്പ് തുടങ്ങിയിട്ട് അര മണിക്കൂർ ആയി.
എതിർവശത്ത് ഒരു കസേരയിൽ കനപ്പിച്ച നോട്ടവുമായി ഒരു പോലീസ് ഉദ്യോഗസ്ഥൻ ഇരുന്നിരുന്നു. അതു പോലെ തന്നെ മറ്റൊരു ഉദ്യോഗസ്ഥനും അവനഭിമുഖമായി മുറിയുടെ മറ്റൊരു കോണിൽ നിലയുറപ്പിച്ചിരുന്നു.
‘താൻ പോലീസിന്റെ കൺമുന്നിലാണ്… ഇനി തനിക്കൊന്നും ഒളിക്കാനില്ല…’ എന്ന് അവന് മനസിലാക്കിക്കൊടുക്കാനുള്ള ഒരു പോലീസ് തന്ത്രമായിരുനു അത്.
‘താൻ എല്ലാത്തരത്തിലും പിടിക്കപ്പെട്ടു എന്ന് മനസാ ബോധ്യമാകുന്ന വേളയിലാണ് പ്രതികൾ കുറ്റം ഏറ്റു പറയുക. അതിനു മർദ്ദനമുറയോ കൂടുതൽ ചോദ്യം ചെയ്യലോ ആവശ്യമില്ല…’ അതായിരുന്നു DYSP മധു ബാലഗോപാലിന്റെ അഭിപ്രായവും രീതിയും.
ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ട് കൈയിൽ ചായ ഗ്ളാസുമായി DYSP ആ മുറിയിലേക്ക് കടന്നു വന്നു. കസേരയിൽ ഇരുന്ന ഉദ്യോഗസ്ഥൻ എഴുന്നേറ്റ് അറ്റൻഷനായി. അദ്ദേഹം കസേരയിൽ ഇരുന്നു. ഒരു ഓഫീസർ ചായ കൊണ്ടു സെബാസ്റ്റ്യന്റെ മുന്നിലായി മേശയിൽ വച്ചിട്ട് ‘കുടിക്ക് സെബാസ്റ്റ്യാ…’ എന്നു പതുക്കെ പറഞ്ഞിട്ട് പുറത്തേക്ക് പോയി.
കോൾ കട്ട് ചെയ്ത് DYSP സെബാസ്റ്റ്യനെ നോക്കി. ‘ താനിതു വരെ ചായ കുടിച്ചില്ലേ… എടുത്തു കഴിക്കെടോ…’
‘ വേണ്ട സർ…‘
’ അതെങ്ങനെ ശരിയാകും… കുറച്ചായില്ലേ ഈ നിൽപ്പ് തുടങ്ങിയിട്ട്… കഴിക്ക്…‘ അദ്ദേഹം ചായ ഗ്ളാസ് കുറച്ചു കൂടെ അവന്റെ മുന്നിലേക്ക് നീക്കി വച്ചു…. ’ഉം എടുത്ത് കുടിയ്ക്ക്…‘
പെട്ടെന്ന് അദ്ദേഹത്തിന്റെ മൊബൈൽ റിംഗ് ചെയ്തു. ഫോണിൽ SP ആയിരുന്നു. കേസിന്റെ പ്രോഗ്രസ് അറിഞ്ഞ് വിളിച്ചതാണ്. ’ഇവിടുണ്ട് സർ… വൈകിട്ടാവുമ്പോഴേക്കും റിപ്പോർട്ട് തരാം സർ…‘ കോൾ കട്ട് ചെയ്തിട്ട് ഗ്ളാസ് കൈയിൽ പിടിച്ച് നിൽക്കുന്ന സെബാസ്റ്റ്യന്റെ നോക്കി അദ്ദേഹം പറഞ്ഞു ’കുടിയ്ക്ക് സെബാസ്റ്റ്യാ…‘
സെബാസ്റ്റ്യൻ മടിച്ച് മടിച്ച് ഗ്ലാസ് ചുണ്ടോട് ചേർത്ത് ഒരിറക്ക് ചായ കുടിച്ചു.
തലയുയർത്താതെ നിൽക്കുന്ന സെബാസ്റ്റ്യനെ പേരു വിളിച്ച് അവന്റെ നോട്ടം തന്റെ മുഖത്താണെന്ന് ഉറപ്പ് വരുത്തിയിട്ട് അദ്ദേഹം ചോദിച്ചു ’ സെബാസ്റ്റ്യാ… ഓൺലൈൻ ക്ളാസിന് പങ്കെടുക്കാൻ ഫോണില്ലാത്തത് കൊണ്ട് ആരോ ദാനമായി ആ കൊച്ചിന് വാങ്ങിക്കൊടുത്ത ഫോണല്ലേടാ അത്… അത് മോഷ്ടിച്ചത് തെറ്റല്ലേടാ…?‘
ആ ചോദ്യം മുഴുമിക്കും മുൻപേ സെബാസ്റ്റ്യൻ ഇടതു കൈ കൊണ്ട് മുഖം പൊത്തി അലറിക്കരഞ്ഞു.
’നീ കരയണ്ട… നിനക്കെതിരെ ഞാൻ കേസൊന്നും എടുക്കുന്നില്ല… നമുക്ക് ഈ ഫോൺ ആ കൊച്ചിന് തിരിച്ച് കൊടുത്ത് പരാതി അങ്ങ് തീർക്കാം…‘
പൊട്ടിക്കരഞ്ഞു കൊണ്ട് സെബാസ്റ്റ്യൻ DYSPയെ നോക്കി. അവൻ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.
’എന്താ നിനക്ക് സമ്മതമല്ലേ…?‘ ഫോൺ കൈയിലെടുത്തു കൊണ്ട് അദ്ദേഹം അവനെ നോക്കി.
സെബാസ്റ്റ്യൻ തലകുലുക്കി.
‘ രാമചന്ദ്രാ ഈ ഫോൺ ആ കൊച്ചിനെ വിളിച്ച് കൊടുത്തേക്ക്… ഇവനാണ് എടുത്തതെതൊന്നൊന്നും അവരറിയേണ്ട…’ ഫോൺ അടുത്തു നിന്ന ഉദ്യോഗസ്ഥന് കൈ മാറിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ഫോൺ കൈ നീട്ടി വാങ്ങുമ്പോൾ DYSP എന്താണ് ഉദ്ദേശിച്ചതെന്ന് രാമചന്ദ്രൻ എന്ന സീനിയർ സി പി ഓ യ്ക്ക് മനസിലായിരുന്നു. അയാൾ തല കുലുക്കിയിട്ട് ഫോണുമായി പുറത്തേക്ക് പോയി.
‘കരച്ചില് നിർത്ത് സെബാസ്റ്റ്യാ… നീ അറിയാതെ എടുത്തു പോയതല്ലേ… അതുപോട്ടെ…’
സെബാസ്റ്റ്യൻ തല കുനിച്ച് തന്നെ നിൽക്കുകയാണ്…
‘ഇങ്ങോട്ട് നോക്ക് സെബാസ്റ്റ്യാ…’
സെബാസ്റ്റ്യൻ പണിപ്പെട്ട് തലയുയർത്തി…
‘ എന്തിനാ സെബാസ്റ്റ്യൻ ആലീസമ്മച്ചീടെ വീട്ടിൽ മോഷ്ടിക്കാൻ കയറിയത്…?’
സെബാസ്റ്റ്യൻ നിന്നു വിറക്കാൻ തുടങ്ങി… അവനെന്തോ പറയണമെന്നുണ്ടായിരുന്നു…
‘പറയ് സെബാസ്റ്റ്യാ… ഞങ്ങളെല്ലാം മനസിലാക്കിയിട്ടാണ് നിന്നെ ഇപ്പോ ഇങ്ങോട്ട് കൊണ്ടു വന്നിരിക്കുന്നത്…’
സെബാസ്റ്റ്യൻ അലറിക്കരഞ്ഞു… കരച്ചിലിനിടയിൽ അവൻ പാന്റിന്റെ പിൻ പോക്കറ്റിലേക്ക് കൈ ഇറക്കി…
‘പോക്കറ്റിലെന്താ സെബാസ്റ്റ്യാ…?’ DYSP ചോദിച്ചതും
‘പേരക്കയാ… രാവിലെ വെശന്നപ്പോ പറിച്ചതാ സാറേ…’ പോക്കറ്റിൽ നിന്നുയർത്തിയ അവന്റെ കൈയിൽ മൂക്കാത്ത ഒരു ചെറിയ പേരയ്ക്ക.
‘ അതു പേരയ്ക്കയല്ലല്ലോടാ…’ ഡിവൈ എസ്പിയുടെ അടുത്തു നിന്ന ഉദ്യോഗസ്ഥൻ അതു പറഞ്ഞതും സെബാസ്റ്റ്യൻ ആ കായ വായിലേക്കിട്ട് പുറത്തെ വാതിൽ ലക്ഷ്യമാക്കി ഓടി…
മുന്നിൽ വന്ന പോലീസ് ഉദ്യോഗസ്ഥനെ തട്ടിത്തെറിപ്പിച്ച് അവൻ സ്റ്റേഷനു പുറത്തേക്കോടി. പക്ഷേ അവൻ പുറത്തെത്തും മുൻപേ മൂന്നു നാലു പോലീസുകാർ അവനെ കീഴ്പ്പെടുത്തി. അവൻ നിലത്ത് കുഴഞ്ഞു വീണു.
‘ സർ അതൊരു വിഷക്കായാണ്… ഒതളം എന്നാണ് ഇവിടെ പറയുന്നത്…’
‘ എത്രയും വേഗം ആശുപത്രിയിലെത്തിയ്ക്ക്….’ DYSP പറയും മുൻപേ സെബാസ്റ്റ്യനെ പോലീസ് വാഹനത്തിലേക്ക് എടുത്തിരുന്നു.
ആ വാഹനം പുറത്തേക്ക് പാഞ്ഞതും സ്റ്റേഷനു മുന്നിൽ ഒരു വാർത്താ ചാനലിന്റെ വാഹനം ബ്രേക്ക് ചെയ്തു. DYSP ഫോണെടുത്ത് SP ക്ക് ഡയൽ ചെയ്തു.
***** ***** ***** ***** *****
മൂർച്ചയുള്ള തെളിവ്
സമയം – 01:45 PM
സെബാസ്റ്റ്യന്റെ വീടിനു സമീപത്തെ കാട്ടിലും നീർച്ചാലിലുമായി ആയുധത്തിനായി തിരച്ചിൽ നടത്തിക്കൊണ്ടിരുന്ന ഉദ്യോഗസ്ഥർ നിരാശരായിരുന്നു. ‘ ഇവിടെങ്ങും ഒന്നുമില്ല സർ…’ ഒരു പോലീസുകാരൻ എസ്. ഐ യുടെ അടുത്ത് വന്നു പറഞ്ഞു.
‘ ഒന്നും ഇല്ലെന്നല്ല… നമുക്കു കണ്ടെത്താൻ കഴിഞ്ഞില്ല എന്നതാണ് ശരിയെങ്കിലോ…? അങ്ങനെ കരുതി ഒരു റൗണ്ട് കൂടി നോക്കാം…’
കൈയിൽ ഒരു ഉണക്ക മരക്കമ്പുമായി നിന്ന സുരേഷ് ആലീസ് വില്ലയ്ക്ക് അഭിമുഖമായി നീർച്ചാലിന്റെ മധ്യഭാഗത്ത് നിന്നിട്ട് ഇരു വശത്തേക്കും നോക്കി. പെട്ടെന്ന് അയാൾ തന്റെ കൈയിലെ മരക്കമ്പിൽ നിന്ന് ഒരു ചെറിയ കഷണം ഒടിച്ചെടുത്ത് തന്റെ വലതു ഭാഗത്തേയ്ക്ക് എറിഞ്ഞു.
ഒന്നും മനസിലാകാതെ നിന്ന SIയെ നോക്കി അയാൾ പറഞ്ഞു, ‘പാടത്ത് ക്രിക്കറ്റ് കളിച്ചിരുന്ന സമയത്ത് പന്ത് അടുത്ത പൊന്തക്കാട്ടിൽ പോയാൽ കണ്ടെത്താൻ ചെയ്തിരുന്ന ഒരു വിദ്യയാണ് സർ… അതേ വേഗത്തിലും ഉയരത്തിലും ഒരു കല്ലെടുത്ത് എറിഞ്ഞു നോക്കും… ആ ഒരു പരീക്ഷണം… ഇവിടെ വേഗവും സ്ഥലവും ഒന്നും ഉറപ്പില്ലല്ലോ…,
ആയാൾ അതു പറയുമ്പോഴേക്കും ആ മരക്കമ്പ് വീണീടത്തേക്ക് നടന്ന ഒരു CPO അതിനു ചുറ്റും പരതുകയായിരുന്നു… അവിടെ നീർച്ചാലിന്റെ വശത്തെ മൺതിട്ടയിൽ ഒരു പൊത്തിലേക്ക് ഇറങ്ങി വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന രീതിയിൽ ഒരു കഠാര… അയാൾ അതു പുറത്തെടുത്തു.
***** ***** ***** ***** *****
ബ്രേക്കിംഗ് ന്യൂസ്
സമയം – 05.14PM
വാർത്താ ചാനലുകളിൽ ആലിൻചുവട് ഇരട്ടക്കൊലപാതകത്തിന്റെ പ്രതി പിടിയിലായതിന്റെ വാർത്ത ബ്രേക്കിംഗ് ന്യൂസായി.
ആലിൻ ചുവട് ഇരട്ടക്കൊലപാതകം, അയൽവാസിയായ യുവാവ് പിടിയിൽ.
ആലിൻചുവട് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ വീടിനു സമീപത്തു താമസിച്ചിരുന്ന സെബാസ്റ്റ്യൻ എന്ന 25 വയസുള്ള യുവാവിനെ അറസ്റ്റു ചെയ്തു. മോഷണശ്രമത്തിനിടെയായിരുന്നു കൊലപാതകം എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച കത്തി വീടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെത്തി.
ഇന്ന് ഉച്ചയോടെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത സെബാസ്റ്റ്യൻ ട്രൗസറിന്റെ പോക്കറ്റിൽ കരുതിയിരുന്ന വിഷക്കായ വിഴുങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതേ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ അപകട നില തരണം ചെയ്തിട്ടുണ്ട്.
ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുന്ന പ്രതി കുറ്റം സമ്മതിച്ചതായി ജില്ലാ പോലീസ് ചീഫ് ശങ്കർ രവീന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രണ്ട് മാസം മുൻപ് അയൽ വീട്ടിലെ വിദ്ദ്യാർത്ഥിനിയുടെ ഫോൺ മോഷ്ടിച്ചതും ഇയാളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിൽ എടുത്ത സമയം ഈ ഫോൺ ആണ് ഇയാൾ ഉപയോഗിച്ചിരുന്നത്.
എറണാകുളത്ത് ഒരു സ്വകാര്യ സ്ഥാപനത്തിൽ ഹെൽപ്പറായി ജോലി ചെയ്തിരുന്ന ഇയാൾക്ക് കോവിഡ് ലോക്ക്ഡൗണിൽ ജോലി നഷ്ടപ്പെട്ടിരുന്നു. അതേത്തുടർന്ന് നാട്ടിലെത്തി തോട്ടം തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു.
***** ***** ***** ***** *****
കഥയിലെ ചോദ്യങ്ങൾ
കഥയെ വെല്ലുന്ന ജീവിതവും, ജീവിതത്തെ വെല്ലുന്ന കഥയും നമുക്കു ചുറ്റും സംഭവിക്കുമ്പോൾ, കഥയിലും ജീവിതത്തിലും ചോദ്യങ്ങൾ ഉണ്ടാകണം… അഭിപ്രായങ്ങളുമുണ്ടാകണം.
ഒരു വാർത്താ വിവരണത്തിൽ അവസാനിപ്പിച്ച കഥ വായിച്ച ശേഷം സുഹൃത്ത് പറഞ്ഞ ചിലതുണ്ട്.
01. ഒരു കുറ്റകൃത്യം കുറ്റകൃത്യം തന്നെയാണ്… അതിൽ ഒരു സംശയവും വേണ്ട… കുറ്റവാളിയുടെ പശ്ച്ചാത്തലമോ സാഹചര്യമോ കൂടുതൽ ദയനീയമായി വരച്ചു കാട്ടുന്നത് കൊണ്ട് ആ വ്യക്തിയെ ന്യായീകരിക്കുന്നതായും ഒരർത്ഥത്തിൽ കുറ്റകൃത്യത്തെ ന്യായീകരിക്കുന്നതായും വായനക്കാർക്ക് തോന്നിയാൽ തെറ്റുപറയാനാകില്ല.
02. പോലീസ് ഒരിക്കലും കുറ്റവാളികളെ കണ്ടെത്തുവാനും കേസ് തെളിയിക്കാനും ഉള്ളവർ മാത്രമല്ല. കുറ്റകൃത്യം ഉണ്ടാകാതെ തടയാനുള്ള ഉത്തരവാദിത്വം ഉള്ളവർ കൂടിയാണ്. കഥയാണെങ്കിലും മോഷണം പോയ ഒരു മൊബൈൽ ഫോണിന്റെ IMEI Number ട്രാക്ക് ചെയ്ത് തക്ക സമയത്ത് മോഷ്ടാവിലേക്ക് എത്താൻ കഴിഞ്ഞിരുന്നെങ്കിൽ രണ്ട് കൊലപാതകങ്ങൾ നടന്ന സാഹചര്യം ഒഴിവാക്കാൻ പോലീസിന് കഴിയുമായിരുന്നു. ഒരാളെ കൊലപാതകിയാകുന്നതിൽ നിന്ന് തടയാനാകുമായിരുന്നു. അങ്ങനെ നോക്കുമ്പോൾ ഈ കഥയിലെ പോലീസ് ഒരു പരാജയമാണ്.
03. പിന്നെ ആളൂരിനെപ്പോലെ ഒരു വക്കീൽ വക്കാലത്ത് ഏറ്റെടുത്ത് ഇറങ്ങിയാൽ ഈ പ്രതിയെ നിസാരമായി രക്ഷിക്കാം. നിർണായകമായ തെളിവുകൾ ഒന്നും തന്നെ പോലീസിന്റെ പക്കലില്ല. ‘യഥാർത്ഥ പ്രതിയെ കണ്ടെത്താനാകാതെ വന്നപ്പോൾ ഒരു മൊബൈൽ ഫോൺ മോഷ്ടാവിന്റെ തലയിൽ കെട്ടി വച്ച രണ്ട് കൊലപാതകങ്ങൾ മാത്രമാണിതെന്ന്‘ കോടതിയിൽ വാദിക്കാം. ’എതോ അക്രമി വലിച്ചെറിഞ്ഞു കളഞ്ഞ കത്തി എന്റെ കക്ഷിയുടേതാണെന്ന് പോലീസ് ആരോപിക്കുന്നു‘ എന്നു പറഞ്ഞ് കോടതി മുറിയിൽ പ്രതിയുടെ അഭിഭാഷകന് ഉയർത്തിക്കാണിക്കാം. തെളിവുകളുടെ അഭാവത്തിലും, സംശയത്തിന്റെ ആനുകൂല്യത്തിലും പ്രതിയെ കോടതി വെറുതെ വിട്ടേക്കാം.
അതിനു മാത്രം എനിക്ക് മറുപടി ഉണ്ടായിരുന്നു. താൻ പിടിക്കപ്പെട്ട നിമിഷം അയാളുടെ കരച്ചിൽ നീയും കണ്ടതല്ലേ. താങ്ങാനാവാത്ത ഒരു പ്രയാസം അയാൾ അന്നു വരെ ഉള്ളിൽ കൊണ്ടു നടക്കുന്നുണ്ടായിരുന്നു. അതൊരു യഥാർത്ഥ മന:ശാസ്ത്രമാണ്. ചെയ്തതെല്ലാം ഏറ്റു പറഞ്ഞതോടെ അയാൾ അതിൽ നിന്ന് മുൿതനായി. അതൊന്നും ഇനി അയാൾ തിരുത്തിപ്പറയില്ല. ചെയ്ത തെറ്റ് മനസിലാക്കിയ ഒരു മനുഷ്യനാണ് അയാൾ ഇപ്പോൾ. നിയമം നൽകുന്ന ഏതു ശിക്ഷയും അയാൾ ഏറ്റു വാങ്ങും.
കഥയും ജീവിതവും ഒരിക്കലും കുറവുകളില്ലാത്തതായിരിക്കില്ലാത്തത് കൊണ്ട് തന്നെ, കഥയിലേയും ജീവിതത്തിലേയും കുറവുകൾ കണ്ടെത്താം. അതു നികത്തി മുന്നോട്ട് പോകാം.
—
അനൂപ് ശാന്തകുമാർ
– 2021 സെപ്തംബർ 29-