ഞൊട്ടാഞൊടിയൻ ഒരു നാണ്യവിള
ഞൊട്ടാഞൊടിയൻ ആണ് കേരളത്തിലെ കർഷകർക്ക് വിദേശ നാണ്യം നേടിക്കൊടുക്കാൻ പോകുന്ന അടുത്ത ഐറ്റം എന്നും, ഇപ്പോൾ തന്നെ വിദേശ കമ്പോളത്തിൽ പൊന്നും വിലയുള്ള കനിയാണ് ഞൊട്ടാഞൊടിയൻ എന്നും പല വ്‌ളോഗ് വർത്തമാനങ്ങളും കേട്ടത് കൊണ്ട് വിശദമായി തന്നെ ഗൂഗിളിൽ തിരഞ്ഞു നോക്കി.
ഞൊട്ടാ ഞൊടിയൻ ഞെട്ടിച്ചു
സത്യം പറയാമല്ലോ, പറമ്പിൽ അവിടെയും ഇവിടെയും ഒക്കെ മുളച്ചു നിൽക്കുന്ന ഞൊട്ടാഞൊടിയന്റെ വിശേഷങ്ങൾ അറിഞ്ഞ് ഞെട്ടി. ഇനി അതു കേട്ടു ഞെട്ടും മുൻപ് ആദ്യം ഞൊട്ടാഞൊടിയനെ ഒന്നു പരിചയപ്പെടാം.
ഞൊട്ടാഞൊടിയൻ മറ്റു പേരുകൾ
മലയാളത്തിൽ പ്രാദേശികമായി ഞൊട്ടയ്ക്ക, ഞൊട്ടങ്ങ, ഞൊടിഞ്ചൊട്ട, പൊട്ടിങ്ങ, പൊട്ടിയ്ക്ക, മുട്ടാമ്പുളി, മുട്ടാം പുളിങ്ങ, എന്നിങ്ങനെ കാക്കത്തൊള്ളായിരം പേരുകളിൽ അറിയപ്പെടുന്നുവത്രേ.
ഇത്രേം പേരുകളിൽ അറിയപ്പെടുന്ന ഞൊട്ടാഞൊടിയനോട് “താനാരുവാ…?” എന്ന് മണകുണാഞ്ചന്മാരായ മലയാളികൾ ഇന്നു വരെ ചോദിച്ചില്ല എന്നാണ് പല വ്‌ളോഗിലും എടുത്തു പറഞ്ഞിരിക്കുന്ന കാര്യം…!!
ഞൊട്ടാഞൊടിയൻ ഇംഗ്ലീഷ് പേര്
ഗോൾഡൻ ബെറി / ഗോൾഡൻബെറീസ് (Golden Berry / Golden Berrie), കേപ്പ് ഗൂസ്ബെറി (Cape Gooseberry), നേറ്റീവ് ഗൂസ്ബെറി (Native Gooseberry), ബലൂൺ ചെറി (Balloon Cherry) എന്നിങ്ങനെ ഇംഗ്ലീഷ് പേരുകൾ ഉണ്ടെങ്കിലും, ഗോൾഡൻ ബെറി എന്നാണ് പരക്കെ അറിയപ്പെടുന്നത്.
ഫൈസലിസ് മിനിമ (Physalis Minima) എന്നാണ് ശാസ്ത്രീയ നാമം. കാണുമ്പോൾ ഒരുപോലെ ഇരിയ്ക്കുമെങ്കിലും, വർഗവ്യത്യാസം നിമിത്തം ഫൈസലിസ് അങ്കുലാറ്റ (Physalis Angulata), ഫൈസലിസ് പെരുവിയാന (Physalis Peruviana) എന്നീ പേരുകളിലും ഈ ചെടി ശാസ്ത്രീയമായി വർഗീകരിച്ചിരിക്കുന്നു എന്നാണ് അറിയാൻ കഴിയുന്നത്.
ഞൊട്ടാഞൊടിയന്റെ ഞെട്ടിക്കുന്ന ഔഷധ ഗുണഗണങ്ങൾ
ഒന്നോ രണ്ടോ, ഞൊട്ടാഞൊടിയൻ പഴങ്ങൾ കഴിച്ചാൽ അത് ശരീരത്തിന് നൽകുന്ന ഗുണങ്ങൾ അക്കമിട്ട് നിരത്തിയിരിക്കുന്നത് വായിച്ചാൽ ഞെട്ടും…!!
- രക്തം ശുദ്ധീകരിക്കാൻ സഹായിക്കുന്നു
- വൃക്ക സംബന്ധമായ രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്നു
- സന്ധി വേദനകൾക്ക് പരിഹാരം നൽകുന്നു
- ഞരമ്പ് സംബന്ധമായ രോഗങ്ങൾക്കുള്ള പ്രതിവിധി
- ക്യാൻസർ രോഗത്തെ ചെറുക്കുന്നു (ക്യാൻസറിനെ ചെറുക്കാത്ത ഒരൈറ്റത്തിനേയും നമ്മൾ അംഗീകരിക്കില്ല എന്ന ലൈനിലാണല്ലോ കാര്യങ്ങൾ)
സത്യത്തിൽ ഒരൊറ്റ ഞൊട്ടാഞൊടിയൻ വിഴുങ്ങിയാൽ ഇക്കാണായ അസുഖങ്ങൾ ഒക്കെ പമ്പകടക്കുമെന്നിരിക്കെയാണ്, ടിയാനെ തീരെ മൈൻഡ് ചെയ്യാതെ തൊടിയിൽ പശുവിന് നക്കാനും, പുൽച്ചാടിയ്ക്ക് ചാടിക്കളിക്കാനുമായി വിട്ടു കൊടുത്തിരിക്കുന്നത്. കഷ്ടം തന്നെ…!
ഞൊട്ടാ ഞൊടിയന് ഔഷധഗുണം ഉണ്ടോ…?
പ്രകൃതിദത്തമായ ഏതൊന്നിന്റെയും ഔഷധഗുണം പറയുമ്പോൾ അവയെ എല്ലാത്തിനെയും ആയുർവേദവുമായി ടാഗ് ചെയ്യുന്ന ഒരു കലാപരിപാടി ഉണ്ട്.
എന്നാൽ ഞൊട്ടാഞൊടിയന്റെ കാര്യത്തിൽ ആ ടാഗ് ചെയ്യൽ നടക്കില്ലെന്ന് ആയുർവേദ വിദഗ്ധർ പറഞ്ഞിട്ടുണ്ടത്രേ. കാരണം ആയുർവേദത്തിൽ ഞൊട്ടാഞൊടിയന്റെ ഔഷധഗുണത്തെപ്പറ്റി പറഞ്ഞിട്ടില്ല എന്നതു തന്നെ കാര്യം.
വിഷമടിച്ച കായ്-കനികളും, ക്രിത്രിമ ഫ്ളേവറുകൾ അടങ്ങിയ ആഹാരപാനീയങ്ങളും കഴിക്കുന്നവരുടെ മുന്നിൽ, തനി നാടൻ ഐറ്റം വിൽപനയ്ക്കു വയ്ക്കുന്നവരുടെ വാചകക്കസർത്ത് മാത്രമാണ് ഈ എമണ്ടൻ ഔഷധഗുണങ്ങൾ എന്നാണ് പറഞ്ഞു കേൾക്കുന്ന വർത്തമാനം.
എന്തുമാകട്ടെ, ഇനി ഔഷധമായി സേവിക്കാം എന്നു വച്ചാൽ തന്നെ ഒന്നു പൂത്ത് കായ്ച്ചാൽ കരിഞ്ഞു പോകുന്ന, മഴക്കാലത്ത് മാത്രം നാട്ടിൽ കണ്ടു വരുന്ന ഈ ചെടിയുടെ ഔഷധമൂല്യം ലൈവായി നിർത്താൻ നിലവിൽ കൃഷിത്തോട്ടങ്ങളോ, കൃഷിരീതികളോ ഇല്ല.
ആണ്ടിലൊരിക്കൽ കായ്ച്ചു കിട്ടുന്ന ഈ കുഞ്ഞൻ പഴം കഴിച്ച് വർഷം മുഴുവൻ ആരോഗ്യവും പ്രതിരോധശേഷിയും – അതും ക്യാൻസർ രോഗത്തിനു വരെ – നിലനിർത്താം എന്നു കരുതുന്നതിൽ യുക്തിയുണ്ടോ…?
ഞൊട്ടാ ഞൊടിയൻ പഴത്തിന്റെ രുചി എന്താണ്…?
പഴുത്ത തക്കാളിയുടെ രുചി എന്ന് ഒറ്റവാക്കിൽ പറയാം. പഴുത്ത കായ്കൾക്ക് നല്ല മഞ്ഞ നിറം വരും. പുറം തോടുകൾ അപ്പോഴേക്കും വെളുത്ത അല്ലെങ്കിൽ മങ്ങിയ മഞ്ഞ നിറത്തിൽ ആകുകയും, ചെടി കരിഞ്ഞു തുടങ്ങുകയും ചെയ്തിട്ടുണ്ടാകും.
പഴത്തിനുള്ളിൽ നിറയെ അരികൾ കാണാം. പച്ച കായ്കൾക്ക് ചവർപ്പാണ് അനുഭവപ്പെടുക.
©ചിത്രങ്ങൾ
ഗൂഗിളിലെ തിരച്ചിൽ അവസാനിപ്പിച്ച്, പറമ്പിലും ചുറ്റുവട്ടത്തും ഒക്കെ ഞൊട്ടാഞൊടിയൻ തിരഞ്ഞു നോക്കി. കണ്ടെത്തിയില്ല. അങ്ങനെ ഔദ്യോഗീകമായി കൃഷിയിറക്കാതെ കിടക്കുന്ന അടുത്തുള്ള പാടത്ത് ചെന്നു പറ്റി.
അപ്പോൾ, ‘തന്നെ തേടി ആരെങ്കിലും വരും, ഇനി വന്നില്ലെങ്കിൽ ഒരു പുല്ലും ഇല്ലെന്ന മട്ടിൽ’ ദാ മുന്നിൽ നിറയെ പൂത്തു കായ്ച്ച് നിൽക്കുന്നു കക്ഷി. അതിന്റെ പൂവും കായും പറിച്ചെടുത്ത് പടമാക്കിയതാണ് ഇക്കാണുന്നതൊക്കെ.
ഇനി ഒരു മുന്നറിയിപ്പ്
ഞൊട്ടാഞൊടിയന്റെ ഗുണഗണങ്ങൾ കേട്ടതും അറിഞ്ഞതും വച്ച് ആക്രാന്തപ്പെട്ട് ഓടിച്ചെന്ന് പറമ്പിലും, വഴിവക്കിലും ഒക്കെ നിൽക്കുന്ന കായ്കൾ പറിച്ച് അകത്താക്കും മുൻപ് ഒന്നു ശ്രദ്ധിച്ചേക്കുക.
നല്ല കൊഞ്ചിന്റെ വലുപ്പത്തിലുള്ള പുഴുക്കൾ പുറം തോടിനകത്ത് കാണാൻ സാധ്യത ഉണ്ട്. അനുഭവമാണ്. പടമെടുക്കാൻ പറിച്ചെടുത്ത കായകൾക്കുള്ളിൽ പലതിന്റെ ഉള്ളിലും ഘടാഘടിയന്മാരായ പച്ചപ്പുഴുക്കൾ ഉണ്ടായിരുന്നു.
ആ പടം കാണിച്ച് ഞൊട്ടാ ഞൊടിയനോടുള്ള ആദരവ്, കളയേണ്ട എന്നു കരുതി പോസ്റ്റ് ചെയ്യാത്തതാണ്.