കൊക്കര മ്യാവൂ – ഇരുട്ടിന്റെ മൂർത്തി
ആനമയിൽ ഒട്ടകം എന്ന് പലരും കേട്ടിരിയ്ക്കും. എന്നാൽ കൊക്കര മ്യാവൂ (Kokkora Meow) അഥവാ കോഴിപ്പൂച്ചയെക്കുറിച്ച് അധികമാരും കേട്ടിരിക്കാനിടയില്ല. കോഴിയുടെ ഉടലും പൂച്ചയുടെ തലയുമായി, ഉഗ്ര മന്ത്രവാദിനികളായ യജമാനത്തിമാരുടെ അരുമയായി ജീവിച്ചിരുന്ന വിചിത്ര ജീവിയാണ് കൊക്കര മ്യാവൂ.
മന്ത്രവാദികളും അവരുടെ മായാജാലങ്ങളും എല്ലാം നാടോടിക്കഥകളിൽ നിറഞ്ഞപ്പോഴും, അതിലൊന്നും തന്നെ സ്ഥാനം ലഭിക്കാതെ വിസ്മൃതിയിൽ മറഞ്ഞവരാണ് കോഴിപ്പൂച്ചകൾ. അതുകൊണ്ട് തന്നെ രേഖപ്പെടുത്തിയ നാടോടികഥകളിലോ കെട്ടുകഥകളിലോ ഒന്നിൽപ്പോലും കോഴിപ്പൂച്ചകളെക്കുറിച്ച് ഒരു വരി പോലും കാണ്ടെത്താനാകില്ല. ഗൂഗിളിൽ തിരഞ്ഞാൽ സാങ്കൽപ്പിക ചിത്രങ്ങളും അപൂർണ്ണമായ ചില കഥകളും വിവരങ്ങളും ലഭിക്കുമെങ്കിലും ആധികാരികമായ രേഖകൾ ഒന്നും തന്നെ കാണാനാകില്ല.
എന്താണ് കൊക്കര മ്യാവൂ?
കഥകൾ പ്രകാരം മനുഷ്യൻ ആദ്യമായി സൃഷ്ടിച്ചെടുത്ത വിചിത്ര സങ്കരജീവിയാണ് കൊക്കര മ്യാവൂ അഥവാ കോഴിപ്പൂച്ച. കാനനവാസികളായി കഴിഞ്ഞിരുന്ന കരിമാൻ ഗോത്രത്തിലെ മന്ത്രവാദിനികളാണത്രേ കോഴിപ്പൂച്ചകളെ സൃഷ്ടിച്ചത്. അതു കൊണ്ട് തന്നെ കോഴിപ്പൂച്ചകളെക്കുറിച്ചറിയും മുൻപ് കരിമാൻ ഗോത്രത്തെക്കുറിച്ച് മനസിലാക്കണം.
കരിമാൻ ഗോത്രം
പകൽ പോലും വെളിച്ചം കടന്നെത്താത്ത ഉൾക്കാടുകളിലും ഗുഹകളിലും ആണ് 12,000 വർഷങ്ങൾക്ക് മുൻപ് ആദിമമനുഷ്യ വിഭാഗത്തിലുള്ള കരിമാൻ ഗോത്ര വിഭാഗം കഴിഞ്ഞിരുന്നത്. ഇരുട്ടിന്റെ ദേവനായ ടെനബ്രിസ് (Tenebris) നെയാണ് അവർ അരാധിച്ചിരുന്നത്. ഇരുട്ടിൽ സ്വസ്ഥമായി ജീവിച്ചിരുന്ന ആത്മാക്കൾ, വെളിച്ചം ഉദിച്ചപ്പോൾ വെളിച്ചത്തിന്റെ കേന്ദ്രവും, അതിന്റെ ഉത്പത്തിയും അന്വേഷിച്ചിറങ്ങിയെന്നും, അത് പുതിയ ലോകത്തിന്റെ പിറവിയ്ക്കും, ലോകത്തിലെ അശാന്തിയ്ക്കും കാരണമായെന്നുമാണ് കരിമാൻ ഗോത്രം വിശ്വസിക്കുന്നത്.
സ്വന്തം പൂർവികർ മറ്റൊരു ഗ്രഹത്തിൽ നിന്ന് ഭൂമിയിൽ വന്നെത്തിയവരാണെന്ന് കരിമാൻ ഗോത്രം വിശ്വസിച്ചിരുന്നു. സൂര്യനെ അവർ ആരാധിക്കുന്നില്ല. എണ്ണമില്ലാത്ത നക്ഷത്രങ്ങളിലാണ് അവർ വിശ്വാസമർപ്പിച്ചത്.
ഇരുട്ടിലേക്ക് അതിക്രമിച്ചു കടക്കുന്നതായിരിക്കരുത് വെളിച്ചത്തിന്റെ ദൗത്യമെന്നും, മറിച്ച് നുറുങ്ങു വെട്ടം നൽകുന്ന നക്ഷത്രങ്ങളെപ്പോലെ അകന്നു നിന്ന് പ്രകാശവും പ്രതീക്ഷയും നൽകുന്നതാണ് ന്യായമെന്നുമായിരുന്നു കരിമാൻ ഗോത്രത്തിന്റെ വാദം.
പകലുകളിൽ ലോകത്തിന്റെ ഒരു വിധ വ്യവഹാരങ്ങളിലേയ്ക്കും കടന്നു ചെല്ലാൻ കരിമൻ ഗോത്രാംഗങ്ങൾ ആഗ്രഹിച്ചില്ല. പകൽ ഉറങ്ങിയും രാത്രി ഉണർന്നും അവർ അവരുടെ ലോകത്ത് ജീവിച്ചു. എന്നാൽ ഒരിക്കലും അവർ വെളിച്ചത്തെയോ, വെളിച്ചത്തിൽ ജീവിയ്ക്കുന്നവരെയോ ശത്രുക്കളായി കണ്ടിരുന്നില്ല. ഇരുട്ടിൽ മരിച്ചാലും വെളിച്ചത്തിൽ മരിച്ചാലും മരണാനന്തരം എല്ലാ ആത്മാക്കളും ഇരുട്ടിൽ ചെന്നെത്തുമെന്ന് അവർ വിശ്വസിച്ചു.
കരിമാൻ ഗോത്രത്തിൽ സ്ത്രീകൾക്കാണ് കുടുംബത്തേയും ഗോത്രത്തേയും നയിക്കാനുള്ള അധികാരമുണ്ടായിരുന്നത്. സമൂഹമായി ജീവിച്ചിരുന്ന കരിമൻ ഗോത്രത്തിന്റെ സർവാധികാരം റാണിയ്ക്കായിരുന്നു. വേട്ടയാടിയാണ് കരിമൻ വിഭാഗം ഭക്ഷിച്ചിരുന്നത്. കൂട്ടം ചേർന്ന് വേട്ടയാടി ഗോത്രാംഗങ്ങൾക്കു മുഴുവനുള്ള ഭക്ഷണം ശേഖരിച്ചിരുന്നു.
കാലാകാലങ്ങളിൽ ടെനബ്രിസ് ദേവൻ കരിമൻ ഗോത്രത്തിന് വേണ്ടതായ ഉപദേശങ്ങൾ നലികിയിരുന്നത്രേ. വെളിച്ചത്തിന്റെ അധിനിവേശം പരിധി വിട്ടു തുടങ്ങിയെന്ന് കണ്ട ടെനബ്രിസ് ദേവൻ പാതാളത്തിലേക്ക് അന്തർധാനം ചെയ്തു. ടെനബ്രിസ് ദേവന്റെ തീരുമാനങ്ങൾ അറിയുന്നതിന് ദേവന്റെ പ്രത്യക്ഷരൂപമെന്ന നിലയിൽ ഒരു സൃഷിടിയെ തങ്ങൾക്ക് വേണമെന്ന് ഗോത്രവിഭാഗം അദ്ദേഹത്തിനോട് അപേക്ഷിച്ചു.
കൊക്കര മ്യാവൂവിന്റെ ജനനം
തന്റെ ജനത്തിന്റെ ആവശ്യപ്രകാരം ടെനബ്രിസ് ദേവൻ അങ്ങനൊരു സൃഷിടി നടത്തുന്നതിന് ഗോത്രത്തിലെ മന്ത്രവാദിനിയെ ഏൽപ്പിച്ചു. ദേവന്റെ നിർദ്ദേശപ്രകാരം ജനിച്ച് മൂന്നു ദിവസമായ കറുത്ത പൂച്ചക്കുഞ്ഞിനെ മൂന്നുമാസം പ്രായമുള്ള കരിങ്കോഴിയുടെ ഉദരത്തിൽ മാന്ത്രികവിധിപ്രകാരം നിക്ഷേപിച്ചു. നാൽപ്പതാം നാൾ കോഴിത്തല തകർത്ത് പൂച്ചത്തല പുറത്തു വന്നു.
അങ്ങനെ കൊഴിയുടെ ശരീരവും പൂച്ചയുടെ തലയുമുള്ള കൊക്കര മ്യാവൂ അഥവാ കോഴിപ്പൂച്ച അവതരിച്ചു. കോഴിയുടെ നാലു ഗുണങ്ങളായ കുക്കുടഗുണചതുഷ്ടയം (നേരത്തേ ഉണരുക, ഒന്നിച്ചു ഭക്ഷിക്കുക, വാശിയോടെ പൊരുതുക, കൂട്ടുകാരെ രക്ഷിക്കുക) കോഴിപ്പൂച്ചയിൽ ഉണ്ടായിരുന്നു.
അതോടൊപ്പം പൂച്ചയുടെ ഗുണങ്ങളായ അന്ധകാരത്തിൽ കാഴ്ചയുണ്ടായിരിക്കുക, ഇരയെ മണത്തറിയുക, നാൽപ്പതിരട്ടി വലിപ്പമുള്ള പുലിയുടെ അടവറിയുക, കൂടെ നിർത്തുന്നവരുടെ ഒപ്പം നടക്കുക തുടങ്ങിയ 4 മാർജ്ജാര ഗുണങ്ങളും ചേർന്ന് അഷ്ടഗുണ മൂർത്തിയായി കൊക്കര മ്യാവൂ ഗോത്രത്തിന്റെ ഉപാസന മൂർത്തിയായി.
ആടയാഭരണങ്ങളൊന്നും ധരിക്കാതെ, കേശവും കൈകാൽ നഖങ്ങളുമെല്ലാം നീക്കം ചെയ്ത് പൂർണ്ണ നഗ്നയായ പ്രധാന മന്ത്രവാദിനിയ്ക്കൊപ്പമായിരുന്നു കോഴിപ്പൂച്ചയുടെ വാസം. ആയുസിന്റെ അവസാനത്തോടടുക്കുമ്പോഴും, റാണിയ്ക്ക് സന്തതികൾ ജനിയ്ക്കുമ്പോഴും, പുതിയ മന്ത്രവാദിനികളെ തിരഞ്ഞെടുക്കുമ്പോഴും മാത്രം കോഴിപ്പൂച്ചകൾ മുട്ടയിടുകയും, അവ വിരിഞ്ഞ് കോഴിപ്പൂച്ച പുറത്തുവരികയും ചെയ്യും. റാണിയ്ക്കുണ്ടാകുന്ന പെൺകുട്ടികൾക്ക് സമ്മാനിയ്ക്കാൻ നേരം മുട്ട വിരിഞ്ഞു പുറത്തു വരിക തവിട്ടു നിറത്തിലോ മഞ്ഞ നിറത്തിലോ ഉള്ള കോഴിപ്പൂച്ചകളായിരിയ്ക്കും.
കോഴിപ്പൂച്ചയുടെ ജീവിതോദ്ദേശ്യം
ഭാവിയിലേക്കുള്ള വാതിലായിരിക്കുക, കരിമാൻ ഗോത്രത്തിനു നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാൻ വേണ്ടതായ മാർഗങ്ങൾ ഉപദേശിക്കുക ഇതെല്ലാമായിരുന്നു കോഴിപ്പൂച്ചയുടെ ജന്മോദ്ദേശ്യങ്ങൾ. കോഴിപ്പൂച്ചയുടെ ഉടമയായ മന്ത്രവാദിനിയോടു മാത്രമായിരുന്നു കൊക്കര മ്യാവൂ ആശയവിനിമയം നടത്തിയിരുന്നത്. കറുത്ത പൂവൻകോഴിയുടെ ചോരയാണ് കൊക്കരമ്യാവൂവിന്റെ ഇഷ്ട ഭക്ഷണം.
അരുമയാക്കുക, അടിമയാക്കാതിരിയ്ക്കുക എന്നത് കൊക്കര മ്യാവൂവിനെ പരിപാലിയ്ക്കുന്നയാൾ മനസിലാക്കേണ്ടിയിരിക്കേണ്ട തത്വമായിരുന്നു. അതിമാനുഷ ശക്തികളുള്ള കൊക്കര മ്യാവൂവിനെ ദുഷ്ടപ്രവർത്തികൾക്ക് ഉപയോഗിക്കാതിരിക്കുന്നതിന് ടെനബ്രിസ് ദേവൻ ഏർപ്പെടുത്തിയ ഉടമ്പടിയായിരുന്നു അത്. കൊക്കര മ്യാവൂവിന്റെ ശക്തികളെ ദുരുപയോഗം ചെയ്യാൻ പ്രേരിപ്പിക്കുകയോ സ്വാർത്ഥ താത്പര്യങ്ങൾക്ക് പ്രയോചനപ്പെടുത്തുകയോ ചെയ്താൽ, അതിനു മുതിരുന്നവരുമായി കൊക്കര മ്യാവൂ പാതാളത്തിലേയ്ക്ക് അന്തർധാനം ചെയ്യും.
കൊക്കര മ്യാവൂ മൂർത്തി
കോഴിപ്പൂച്ചകളുടെ ആയുസ് പന്ത്രണ്ട് വർഷമായിരുന്നു. പതിനൊന്നര വർഷം ഉടമയോടൊപ്പം കഴിയുന്ന കൊഴിപ്പൂച്ച ശിഷ്ടകാലം ചിറകുകൾ നെഞ്ചോട് ചേർത്ത് ഇരുകാലുകളും പൃഷ്ടവും ഭൂമിയിൽ ഉറപ്പിച്ച് ധ്യാനത്തിൽ മുഴുകും. ജീവൻ വെടിയുമ്പോഴേയ്ക്കും കൊക്കര മ്യാവൂവിനെ ചിതൽപ്പുറ്റ് മൂടിയിരിയ്ക്കും. ചിതൽപ്പുറ്റിനകത്ത് മമ്മിഫൈഡ് അവസ്ഥയിൽ നിദ്രകൊള്ളുന്ന കോഴിപ്പൂച്ചയുടെ ശേഷിപ്പ്, ദിവ്യശക്തികൾ ഉള്ളതായി തുടരുകയും ലോകാവസാനത്തോളം നശിക്കാതെയിരിക്കുകയും ചെയ്യും.
ആത്മാവ് വെടിഞ്ഞ് മൂർത്തീ ഭാവം കൈക്കൊള്ളുന്ന കൊക്കര മ്യാവൂ, തന്നെ ആരാധിയ്ക്കുന്നവർക്കൊപ്പമായിരിയ്ക്കും. അവരുടെ അപേക്ഷകളെല്ലം സ്വീകരിക്കുമെങ്കിലും യജമാനസ്വഭാവമോ അധികാര സ്വരമോ പുറത്തെടുത്താൽ അവരെയും കൊണ്ട് പാതാളത്തിലേയ്ക്ക് അന്തർധാനം ചെയ്യും.
കൊക്കര മ്യാവൂ – ചരിത്രത്തിലൂടെ ഒരു പ്രയാണം
ഘോരവനാന്തരങ്ങളിൽ അന്ത്യനിദ്ര കൊള്ളുന്ന കരിമൻ ഗോത്രത്തിന്റെ ഉപാസന മൂർത്തിയെ തേടി പല കാലങ്ങളിലും ലോകത്തിന്റെ പലയിടങ്ങളിലും പര്യവേഷണങ്ങൾ നടന്നിട്ടുണ്ട്. ക്രിസ്തുവിന് മുൻപ് ഈജിപ്തിലെ ഫറവോ കൊക്കര മ്യാവൂ മൂർത്തി സ്വന്തമാക്കിയിരുന്നു. യുദ്ധങ്ങൾ ജയിക്കാനും അധികാരം നില നിർത്താനും കോഴിപ്പൂച്ച മൂർത്തി ഫറവോയെ സഹായിച്ചിരുന്നത്രേ. പിരമിഡുകളിലെ ശിലാലിഖിതങ്ങളിൽ കൊക്കര മ്യാവൂവിന്റെ രൂപങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
പുരാതന റോമിലെയും പേർഷ്യയിലെയും ഭാരതത്തിലെയും കരുത്തരായ രാജാക്കന്മാർ കൊക്കര മ്യാവൂവിനെ ആരാധിച്ചിരുന്നു എന്നാണ് വിശ്വാസം. റോമിലും ഭാരതത്തിലും കോഴിയെ ബലികഴിയ്ക്കുന്ന ആചാരം കൊക്കര മ്യാവൂവിനെ ആരാധിച്ചിരുന്നവർ തുടങ്ങിവച്ചതാണെന്ന് കരുതപ്പെടുന്നു.
കാലം മാറി അധികാരം മാറി, ലോകം നിയന്ത്രിയ്ക്കുന്ന ശക്തികൾ പലരും കൊക്കര മ്യാവൂ മൂർത്തി സ്വന്തമാക്കി. ചിലർ തേടി കണ്ടെത്തിയപ്പോൾ ചിലർക്ക് പൂർവികരിൽ നിന്ന് കൈമാറിക്കിട്ടി. മറ്റു ചിലർ അത് ബലപ്രയോഗത്തിലൂടെ സ്വന്തമാക്കി. ഇരുട്ടിന്റെ ആരാധനമൂർത്തിയായതു കൊണ്ട് അതൊന്നും അവർ വെളിച്ചത്തിൽ ലോകത്തെ അറിയിച്ചില്ല, ലോകം അറിഞ്ഞതുമില്ല.
കൊക്കര മ്യാവൂ ( Kokkora Meow ) അഥവാ കോഴിപ്പൂച്ചയുടെ കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മഹാനായ അലക്‌സാണ്ടറും, പേർഷ്യൻ ചക്രവർത്തി ഹെർഷെസും (Xerxes) കൊക്കരമ്യാവൂ മൂർത്തി കൈവശം വച്ചിരുന്നുവത്രേ. ലോകത്തെ മുഴുവൻ സ്വന്തം വരുതിയിലാക്കിയപ്പോഴും അല്ക്സാണ്ടറിനു സംഭവിച്ച മരണത്തിനു പിന്നിൽ കോഴിപ്പൂച്ചയുടെ അപ്രീതിയാണെന്ന് കരുതപ്പെടുന്നു.
കോഴിപ്പൂച്ചയുടെ സാന്നിധ്യം വ്യക്തമായി കാണാനാകുക മായൻ സംസ്കാരത്തിലാണ്. 600 വർഷത്തിലധികം ഭൂമിയിൽ നില നിന്നിരുന്ന സംസ്കാരമായിരുന്നു മായൻ സംസ്കാരം. എ. ഡി 900നു ശേഷം മായൻ സംസ്കാരം ഭൂമിയിൽ നിന്ന് ഇതു വരെ കണ്ടെത്താനാകാത്ത ഏതോ കാരണത്താൽ പെട്ടെന്നൊരിയ്ക്കൽ അപ്രത്യക്ഷമായി എന്നാണ് ചരിത്രം പറയുന്നത്. കൊക്കര മ്യാവൂ മൂർത്തി തന്റെ ഉപാസകരായ മായൻ പ്രജകളുമായി പാതാളത്തിലേയ്ക്ക് അന്തർധാനം ചെയ്തു എന്നാണ് ഇതേക്കുറിച്ചുള്ള ഒരു വിശ്വാസം. മായൻ സംസ്കാരത്തിന്റെ നാശത്തിനു കാരണമായതെന്ത് എന്ന വിഷയത്തിൽ ഗവേഷകർ ഇന്നും പഠനം തുടരുകയാണ്.
ഗാമയുടെ കൊക്കര മ്യാവൂ
ഏഷ്യയിലേയ്ക്കുള്ള യൂറോപ്യൻ അധിനിവേശത്തിന് തുടക്കം കുറിച്ച വാസ്കോ ഡ ഗാമ യുടെ കൈവശം പൂച്ചയുടെ തല ആലേഖനം ചെയ്ത ഒരു ലോഹപ്പെട്ടി ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ആഫ്രിക്കയിലെ ഒരു ഗോത്രത്തലവൻ ഗാമയ്ക്ക് സമ്മാനിച്ചതായിരുന്നത്രേ ഈ പെട്ടി.
ഗാമ അമൂല്യമായി കരുതിയിരുന്ന ആ പെട്ടി തന്റെ കപ്പൽ യാത്രകളിലെല്ലാം തന്നെ അദ്ദേഹം ഒപ്പം കൂട്ടിയിരുന്നു. എന്നാൽ ഈ പെട്ടി 1524 ൽ കോഴിക്കോടെത്തിയ ഗാമയുടെ പക്കൽ നിന്ന് മോഷണം പോയെന്നും അതിനു ശേഷമാണ് രോഗഗ്രസ്ഥനായി ഗാമ മരിച്ചതെന്നുമാണ് പറയപ്പെടുന്നത്. കൊക്കര മ്യാവൂ മൂർത്തിയായിരുന്നു ഗാമ സൂക്ഷിച്ചിരുന്ന ലോഹപ്പെട്ടിയിലെന്ന് ഊഹിയ്ക്കാവുന്നതാണ്. കേരളത്തിലെവിടെയോ ആരോ ഇന്നും ആ പെട്ടിയ്ക്കുള്ളിലെ കൊക്കര മ്യാവൂ മൂർത്തിയെ ആരാധിക്കുന്നുണ്ടാകണം.
ഇരുപതാം നൂറ്റാണ്ടിലെ കൊക്കര മ്യാവൂ
കൊക്കര മ്യാവൂവിനെക്കുറിച്ച് വിശ്വസനീയമായ ഒരു കഥ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സംഭവിച്ച ഒന്നാണെന്ന് പറയപ്പെടുന്നു. 1903 ൽ സെൻട്രൽ ആഫ്രിക്കയിലെ കോംഗോ വനമേഖലയിൽ ഒരു കനേഡിയൻ പുരാവസ്തു ഗവേഷണ സംഘം പരിവേഷണം നടത്തുകയായിരുന്നു. എമ്മാ ഷാർലെറ്റ് വില്യം (Emma Charlotte William) എന്ന 32 വയസുള്ള യുവഗവേഷകയായിരുന്നു സംഘത്തെ നയിച്ചിരുന്നത്.
പര്യവേഷണത്തിനിടയിൽ പുരാതനകാലത്തെ പല വസ്തുക്കളും അന്വേഷണ സംഘത്തിന് ലഭിച്ചു. പുരാതനകാലത്തെ അമൂല്യ രത്നങ്ങൾ പതിച്ച ആഭരണങ്ങളും ആയുധങ്ങളും അവർ കണ്ടെത്തി. പര്യവേഷണത്തിന്റെ ഏട്ടാം ദിനം പൂച്ചയുടെ തല ആലേഖനം ചെയ്ത ഒരു ലോഹപ്പെട്ടി അവർക്ക് ലഭിച്ചു. അത് തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. അതു കൊണ്ട് തന്നെ പെട്ടി തകർക്കാൻ സംഘാംഗങ്ങൾ ശ്രമിച്ചു.
എന്നാൽ ഭാരം തീരെക്കുറഞ്ഞ ആ പെട്ടിയിൽ അമൂല്യമായ യാതൊന്നും കാണാനിടയില്ലെന്നും, അതു കൊണ്ട് തന്നെ തിരക്കിട്ട് അത് പൊട്ടിച്ച് ഭംഗിയുള്ള ചിത്രപ്പണികളുള്ള ആ പെട്ടി നശിപ്പിയ്ക്കേണ്ടതില്ലെന്നും എമ്മ തീരുമാനിച്ചു. അങ്ങനെ പെട്ടി എമ്മ താമസിച്ചിരുന്നു താത്കാലിക കുടിലിലേയ്ക്ക് മാറ്റി. അന്നു രാത്രി ഉറക്കത്തിനിടയിൽ എന്തോ വിചിത്രമായ ഒരു ശബ്ദം സംഘാംഗങ്ങളെ ഉണർത്തി.
എമ്മ ഉറങ്ങിയിരുന്ന കുടിലിൽ നിന്ന് ശക്തമായ ഒരു പ്രകാശം മിന്നിമറഞ്ഞത് ശ്രദ്ധിച്ച എല്ലാവരും അവിടേയ്ക്ക് കുതിച്ചു. എന്നാൽ എമ്മ കുടിലിൽ ഉണ്ടായിരുന്നില്ല. പൂച്ചയുടെ തല ആലേഖനം ചെയ്ത പെട്ടി തുറന്ന നിലയിൽ എമ്മയുടെ കട്ടിലിനു താഴെ കിടന്നിരുന്നു. അതിനുള്ളിൽ പരുത്തിയിൽ നെയ്ത ചുവപ്പ് നിറത്തിലുള്ള തുണി മാത്രം അവശേഷിച്ചിരുന്നു. എമ്മ ഉറങ്ങാൻ പോകുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ കിടക്കയിൽ വിരിച്ചിട്ടതു പോലെ കിടന്നിരുന്നു.
പെട്ടിയ്ക്കുള്ളിൽ കൊക്കര മ്യാവൂ ആയിരുന്നിരിയ്ക്കാമെന്നും, പെട്ടി തുറന്ന എമ്മയുമായി മൂർത്തി പാതാളത്തിലേയ്ക്ക് അന്തർധാനം ചെയ്തു എന്നുമാണ് നിഗമനം.
എമ്മയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷണം നടത്തിയ ബ്രിട്ടീഷ് ഏജൻസി അന്നേ ദിവസം തന്നെ സംഭവിച്ച മറ്റൊരു കാര്യം കൂടി കണ്ടെത്തി. എമ്മ അമേരിയ്ക്കയിലെ സ്വന്തം ഭവനത്തിൽ സൂക്ഷിച്ചിരുന്ന പുരാതന ഗ്രന്ഥങ്ങൾ അടക്കം എമ്മയുടെ സർവ്വ സ്വകാര്യ വസ്തുക്കളും അന്നേ ദിവസം, എമ്മ അപ്രത്യക്ഷമായ അതേ സമയത്ത് തന്നെ കാണാതായി. എമ്മയുടെ തിരോധാനത്തിനു പിന്നിലെ കാരണം ഇപ്പോഴും അജ്ഞാതമായി തുടരുന്നു.
ടൈറ്റാനിക്ക് കപ്പലപകടവുമായി ബന്ധപ്പെട്ടാണ് മറ്റൊരു കഥയുള്ളത്. കപ്പൽ യാത്രക്കാരിയായിരുന്ന ഷെമെറിയ എമിലി ഗ്രേസ് (Shemeria Emily Grace) എന്ന യുവതിയെ കപ്പൽ പുറപ്പെട്ടതിനു ശേഷം ആരും കപ്പലിൽ കണ്ടിട്ടില്ല. ഡക്കിലെ അവരുടെ ബർത്ത് ഒഴിഞ്ഞു കിടന്നിരുന്നെങ്കിലും അവരുടെ ഭാരമില്ലാത്ത ഒരു തുകൽബാഗ് ഭദ്രമായി ബർത്തിൽ സൂക്ഷിച്ചിരുന്നു. കപ്പൽ അപകടത്തിൽ പെടുന്നതിനു മുൻപ് നാവികർ ഒരു പെൺകുട്ടി കപ്പലിന്റെ ഡെക്കിലൂടെ ഒറ്റയ്ക്ക് നടന്നു പോകുന്നത് കണ്ടു. അവരുടെ തോളിൽ ആ തുകൽപ്പെട്ടി ഉണ്ടായിരുന്നു.
ടൈറ്റാനിക് അപകടത്തിൽ ഷെമിറയയും അപ്രത്യക്ഷമായെങ്കിലും, അവരുടെ തിരോധാനത്തിലും കപ്പലപകടത്തിലും എന്തോ ദുരൂഹതയുള്ളതായി കൊക്കര മ്യാവൂവിനെക്കുറിച്ച് ഗവേഷണം നടത്തുന്നവർ പറയുന്നു.
കൊല്ലപ്പെട്ട ഒരു അമേരിക്കൻ പ്രസിഡന്റ് പൂച്ചയുടെ മുദ്രണമുള്ള ഒരു ലോഹപ്പെട്ടി സ്വകാര്യമായി സൂക്ഷിച്ചിരുന്നുവത്രേ. അദ്ദേഹത്തിന്റെ മരണശേഷം എല്ലാ വസ്തുക്കളും കുടുംബാംഗങ്ങൾക്ക് കൈമാറിയെങ്കിലും ആ ലോഹപ്പെട്ടി മാത്രം ഗവണ്മെന്റിന്റെ പ്രധാന്യമുള്ള ക്ളാസിഫൈഡ് വിഭാഗത്തിലുള്ള ഫയലുകളും വസ്തുക്കളും സൂക്ഷിക്കുന്ന ഒരു നിഗൂഡ കേന്ദ്രത്തിലേയ്ക്ക് മാറ്റിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
മലേഷ്യൻ വിമാനം ദുരൂഹമായ സാഹചര്യത്തിൽ കാണാതായ സംഭവത്തിലും കോഴിപ്പൂച്ചയുമായി ബന്ധപ്പെടുത്തി ഒരു കഥയുണ്ട്. ചില പാപ്പരാസി മാധ്യങ്ങളിലും ഓൺലൈൻ മാധ്യങ്ങളിലും വന്ന കഥകൾക്ക് വായനക്കാർ ഒട്ടു തന്നെ പ്രാധാന്യം നൽകിയില്ല. അത്തരത്തിലൊരു കഥ ഈ ലിങ്ക് പിന്തുടർന്ന് വായിക്കാവുന്നതാണ്.
എല്ലാത്തരത്തിലും ആധുനിക കാലത്തും കൊക്കര മ്യാവൂ മൂർത്തികൾ ലോകത്ത് പലയിടത്തും സൂക്ഷിച്ചിരിക്കുന്നു എന്ന് വിശ്വസിക്കത്തക്കതായ കഥകൾ നിലവിലുണ്ട്. അത് കൈവശം വച്ചിരിയ്ക്കുന്നവർ ലോകത്തിലെ ഭരണാധികാരികളോ, കച്ചവടക്കാരോ, ആത്മീയചാര്യന്മാരോ ഒക്കെയാകാം. കൊക്കര മ്യാവൂവിന്റെ നിഗൂഡ ശക്തികളെ അവർ എപ്രകാരം പ്രയോചനപ്പെടുത്തുന്നുണ്ടാവും എന്നത് ഈ ലോകത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കാവുന്ന ഘടകമാണ്.
കൊക്കര മ്യാവൂ വെറും സങ്കൽപ്പമോ?
ഒറ്റ വാക്കിൽ പറഞ്ഞാൽ, “കോഴിപ്പൂച്ചയിൽ നിങ്ങൾക്ക് വിശ്വസിക്കുകയോ, വിശ്വസിക്കാതിരിക്കുകയോ ചെയ്യാം. അതിനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്…“ ഇതെല്ലാം വെറുമൊരു കഥയായി കരുതി മറന്നുകളയാം.
എന്നാൽ ഒരു ചോദ്യം ബാക്കിയാകും… ഉണ്ടെന്ന് വിശ്വസിക്കുന്നത് കൊണ്ട് മാത്രം എന്തൊക്കെ കാര്യങ്ങളിൽ നിങ്ങൾ വിശ്വസിക്കുന്നുണ്ട്. ബർമുഡ ട്രയാംഗിളിന്റെ നിഗൂഡതയിലും, പിരമിഡുകൾക്കുള്ളിൽ പരിവേക്ഷകരെ ആവിയാക്കി ഇല്ലാതാക്കുന്ന മമ്മിയുടെ ശക്തിയിലും നിങ്ങൾ വിശ്വസിക്കുന്നു. എന്തിന്, ഡിങ്കവിശ്വാസികൾ ഇല്ലാത്ത പങ്കിലക്കാട്ടിൽ ഉണ്ടെന്ന് പറയുന്ന ഡിങ്കന്റെ ശക്തിയിൽ വിശ്വസിക്കുകയും, ആ വിശ്വാസം ആഘോഷിക്കുകയും ചെയ്യുന്നു.
ഇല്ലെന്ന് അറിഞ്ഞിരുന്നു കൊണ്ട് സ്പൈഡർമാന്റെയും സൂപ്പർമാന്റെയും വീരേതിഹാസ കഥകൾ നിങ്ങൾ ആസ്വദിക്കുന്നില്ലേ. അപ്പോൾ പിന്നെന്തിനാണ് കൊക്കര മ്യാവൂവിന് നിങ്ങൾ തെളിവ് ആവശ്യപ്പെടുകയും അതിൽ അവിശ്വാസം രേഖപ്പെടുത്തുകയും ചെയ്യുന്നത്…?
–
മലേഷ്യൻ വിമാനത്തിന്റെ തിരോധാനത്തിനു പിന്നിൽ കൊക്കര മ്യാവൂ…? ആ വിചിത്ര കഥ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക