അരുൺ ദാസ് എന്തിനാവും കാണണമെന്നു പറഞ്ഞത്…?
ഇനി പെട്ടെന്ന് അരുതാത്തതെന്തെങ്കിലും…? ഇല്ല അങ്ങിനെ വരാൻ വഴിയില്ല.
മരണം പ്രതീക്ഷിക്കുന്ന അവസ്ഥയിൽ പോലും ഒരു നിമിഷം ദുർബലമായി പോകുന്ന മനസിന്റെ ആവശ്യമായിരിക്കുമോ അത്…?
അറിയില്ല…
അത്തരം ചിന്തകളുമായി തനിയെ ഡ്രൈവ് ചെയ്യാൻ വയ്യെന്നു തോന്നിയതിനാലാണ് അയാൾ യാത്ര ബസിലാക്കിയത്. മനസും ലക്ഷ്യവും രണ്ടിടത്താണെന്നു തോന്നിയാൽ രഘുവിനു ഡ്രൈവ് ചെയ്യാൻ ധൈര്യം വരില്ല. ബസിലാകുമ്പോൾ കീറിതരുന്ന ഒരു കടലാസു കഷണത്തിൽ ഉത്തരവാദിത്വമുണ്ട്. യാത്രികനെ ലക്ഷ്യത്തിലെത്തിക്കും എന്ന ഉറപ്പ്. ഇനി അങ്ങിനെ വന്നില്ലെങ്കിൽ കൂടി അതിന്റെ ബാധ്യതയും അവർക്ക് മേൽ ചുമത്താം.
സ്ഥിരമായി പോകുന്ന സ്ഥലമായിട്ട് കൂടി ഇറങ്ങേണ്ട സ്ഥലമാകുമ്പോൾ പറയണമെന്ന് കണ്ടക്ടറെ ഓർമിപ്പിച്ചു. അല്ലെങ്കിൽ ആ ഉത്തരവാദിത്വവും അയാളെ ഏൽപ്പിച്ചു.
അത്രക്കുണ്ടായിരുന്നു രഘുവിന്റെ തലയിൽ ചിന്താഭാരം.
രണ്ടാഴ്ച മുൻപ് പതിവു സന്ദർശനത്തിനു ചെന്നപ്പോഴാണ് അരുൺ പറഞ്ഞത്, “ഇനി നീ ഇങ്ങിനെ ഇടയ്ക്കിടെ വരേണ്ട… പ്രത്യേകിച്ച് സംസാരിക്കാൻ വിഷയമില്ലാത്തതോ, എന്റെ കൂടിവരുന്ന ശാരീരികാസ്വാസ്ഥ്യമോ എന്തോ ഒന്ന് നമുക്കിടയിലേക്ക് മൗനം കൊണ്ടു വരുന്നുണ്ട്… അപ്പോൾ നിന്റെ മുഖത്തും ഞാൻ വെറുക്കുന്ന ആ വികാരം, സഹതാപം ഞാൻ കാണുന്നു… ”
“നിന്നെ കാണണമെന്നു തോന്നുമ്പോൾ വിളിക്കാം…” അവനതു പറഞ്ഞപ്പോൾ രഘു എതിർത്തൊന്നും പറഞ്ഞില്ല.
ഒരു തരത്തിൽ അവൻ പറഞ്ഞതു ശരിയായിരുന്നു.
അങ്ങനൊരു സഹതാപം മനസിൽ അവശേഷിച്ചത് കൊണ്ടാകണം കഴിഞ്ഞ രാത്രിയിൽ കൂടി അവനെ സ്വപ്നത്തിൽ കണ്ടത്. അവനെ മത്രമല്ല… അവന്റെ ചിത്രങ്ങളെ പിന്നെ രാജുവിനെ… അവർക്കൊപ്പം താനുമുണ്ടായിരുന്നു. ആ സ്വപ്നത്തിന്റെ ആലസ്യത്തിൽ ഉണർന്നപ്പോൾ രാവിലെ തന്നെ അരുണിന്റെ സഹോദരി അനുപമയുടെ കോൾ … അവന് തന്നെ കാണണമത്രേ…
അപ്പോൾ അത് വേറുമൊരു സ്വപ്നമാണെന്നു തോന്നിയില്ല. അവന്റെ ആഗ്രഹം ഒരു ടെലിപതി സന്ദേശമായി ഉറക്കത്തിൽ കടന്നു വന്നതാകാം… എന്തുമാകട്ടേ… പക്ഷേ രാജു…?
എന്താണ് അരുണിനും തനിക്കുമൊപ്പം അവനെ കൂട്ടിയിണക്കുന്ന കണ്ണി…? പഴയ ഓർമകൾ…? അല്ലെങ്കിൽ മരിച്ചു പോയവരുടെ ആത്മാക്കൾക്ക് ആയുസ്സ് തീരാൻ പോകുന്നവരോട് തോന്നുന്ന അടുപ്പം…?
അങ്ങിനെയെങ്കിൽ എത്ര പേർ അവനോടു കൂടെയുണ്ടാകേണ്ടതാണ്. കുറഞ്ഞ പക്ഷം അവന്റെ അച്ഛനെങ്കിലും…?
അതുണ്ടായില്ലല്ലോ…?
അപ്പോൾ അതൊക്കെ കഥകളിലെ വെറും ഭാവന. അതിൽ ഒരർത്ഥവുമില്ല.
രഘു എന്തിനോ വേണ്ടി തന്റെ ചിന്തകൾക്ക് അങ്ങിനെയൊരു സംഗ്രഹം നൽകി.
പക്ഷേ ചിന്തകൾ അവസാനിച്ചില്ല. പുറം കാഴചകളിൽ പിന്നോട്ട് അകലുന്ന ദൃശ്യങ്ങൾ പോലെ ചിന്തകൾ തന്നെ വിട്ട് പോയെങ്കിലെന്ന് അയാൾ ആഗ്രഹിച്ചെങ്കിലും ഒന്നിനു പുറകേ മറ്റൊന്നായി കൂടുതൽ ചിന്തകൾ അയാളുടെ മനസിലേക്ക് കടന്നു വന്നുകൊണ്ടിരുന്നു.
രാജു എന്തിനാണ് തന്നെ അസ്വസ്ഥനാക്കുന്നത്…?
കൂലിവേലക്കാരനായി ജീവിച്ച്, പിന്നൊരിക്കൽ ഭ്രാന്തനായി മാറി എന്നോ ചത്തൊടുങ്ങിയ ഭ്രാന്തൻ പരമുവിന്റെ മകൻ… അല്ലെങ്കിൽ അരുണിന്റെ തറവാട്ടിലെ സ്ഥിരം ജോലിക്കാരിയിരുന്ന കാർത്തുവിന്റെ, അവർ പോലും ചിലനേരം പൊട്ടൻ എന്നു വിളിച്ചിരുന്ന മകൻ രാജു… അവനോട് എന്ത് മാനസിക അടുപ്പം ഉണ്ടായിട്ടാണ് അവനെ സ്വ്പനത്തിൽ കണ്ടത്…?
ഒരു തരത്തിലും ഒരിക്കലും അവനോട് ഒരടുപ്പം തോന്നിയിരുന്നില്ല…
അല്ലെങ്കിലും ഒരടുപ്പം കാണിക്കാൻ വളർന്നു വന്ന സാഹചര്യം തന്നെയും അരുണിനേയും പഠിപ്പിച്ചില്ലെന്നതാണ് നേര്. സ്വയം അങ്ങിനെ ചിന്തിക്കാതിരിക്കാൻ പ്രേരിപ്പിച്ചതും അതേ സാഹചര്യം തന്നെയാവണം.
കറുത്ത് മെലിഞ്ഞുണങ്ങിയ ഒരു ചാവാലിച്ചെറുക്കൻ… അവൻ സഹതാപമർഹിക്കുന്നു എന്നു ചിലപ്പോഴൊക്കെ ഒർമപ്പെടുത്തിയിരുന്നത് അമ്മയാണ്. പിന്നാമ്പുറത്ത് വരുന്ന അവന്റെ കുടുംബത്തിന് തലേന്നു ബാക്കി വന്ന ആഹാരം പശുവിന്റെ കാടിയിൽ ഇട്ടു വക്കാതെ വാരിക്കൊടുക്കുമ്പോൾ… എന്റെ പഴയ ഉടുപ്പുകൾ അവനെടുത്തു കൊടുക്കുമ്പോൾ ഒക്കെ…
പക്ഷേ അതിലേറെ അവരെയൊക്കെ അകറ്റി നിർത്തുന്ന സമൂഹമായിരുന്നു ചുറ്റുപാടുമുണ്ടായിരുന്നത്. ഒരു തരത്തിൽ അരുണിനായിരുന്നു തന്നേക്കാൾ അടുപ്പം അവനോട്.
അവന്റെ തറവാട്ടിലെ കളപ്പുരയിലാണ് പല രാത്രികളിലും രാജു ഉറങ്ങിയിരുന്നത്. ഒരു ക്ലാസിൽ പലവട്ടം തോറ്റ് അഞ്ചാം ക്ലാസ്സിൽ രാജു പഠനം നിർത്തിയതിനു ശേഷം ഒരു തരത്തിൽ അരുണിന്റെ വീട്ടിൽ ഒരാശ്രിതനായി കൂടുകയായിരുന്നു അവൻ.
വിയർപ്പും ചെളിയും പുരണ്ട ശരീരങ്ങളായി രാജുവും അമ്മ കാർത്തുവും അരുണിന്റെ വീടിന്റെ ഏതെങ്കിലും ഒരു കോണിൽ എപ്പോഴുമുണ്ടാകും.
ഒരേ പ്രായമായിരുന്നിട്ട് കൂടി തന്നെയും അരുണിനേയും വീട്ടിലെ ഒാമനപ്പേരിനൊപ്പം ചേട്ടൻ എന്നു കൂടി ചേർത്തേ അവൻ വിളിക്കുമായിരുന്നുള്ളൂ.
ഏതെങ്കിലും ഒരാവശ്യത്തിന് വേണ്ടി അപൂർവമായി അങ്ങിനെ വിളിച്ചിരുന്നപ്പോൾ അവൻ മുഖത്ത് ഒരു ചിരി വരുത്തിയിരുന്നു. ആ ചിരി ദൈന്യതക്കു മേൽ അവൻ ധരിച്ചിരുന്ന മുഖം മൂടിയാണെന്ന് തിരിച്ചറിയാതെ പലവട്ടം അവനോട് അവജ്ഞ കാണിച്ചിട്ടുണ്ട്.
അരുണിനും ആ പൊട്ടൻ ചെക്കനും ഒരു സാമ്യമുണ്ടായിരുന്നു. രണ്ടു പേരും നന്നായി ചിത്രം വരക്കുമായിരുന്നു. അരുൺ സ്കെച്ച് പേനയും വാട്ടർ കളറും ഉപയോഗിച്ചിരുന്നപ്പോൾ രാജു കരിയും ചെങ്കൽ കഷണങ്ങളും ചായമാക്കി. കളപ്പുരയിലെ കുമ്മായം പൂശിയ അകം ഭിത്തികളിലും വഴി വക്കിലെ പന്നൽ പിടിക്കാത്ത കലുങ്കിലും മതിലിലും അവൻ തന്റെ ഭാവനകൾ കോറിയിട്ടു.
ആ ചുമരുകളും മതിലുകളുമൊക്കെയായിരുന്നു അവന്റെ ക്യാൻ വാസ്.
രാജുവിന് വാ കീറിയ ദൈവം ഇര കൽപിച്ചതും ആ വഴിക്കു തന്നെ.
ഒരു തെരഞ്ഞെടുപ്പു കാലത്ത് രാജു ചുമരെഴുത്തുകാരനായി. പിന്നീട് വീടിന് വെള്ള പൂശുന്നവർക്കൊപ്പം കൂടി. പക്ഷേ കൂലി കണക്കു പറഞ്ഞു വാങ്ങാൻ മാത്രം ആ പൊട്ടൻ ചെക്കനറിയില്ലായിരുന്നു. കൊടുക്കുന്ന കൂലി, പിന്നെ വൈകുന്നേരം മദ്യം… അതായിരിന്നു പണിക്ക് വിളിക്കുന്നവർ അവനു കൊടുത്തിരുന്ന വാഗ്ദാനങ്ങൾ.
പലവട്ടം വീടിന്റെ പിന്നാമ്പുറത്തു നിന്ന് അവന്റെ അമ്മയുടെ പരിവേദനം കേട്ടിട്ടുണ്ട്.
“എന്റെ ചെക്കനെ എല്ലാരും പറ്റിക്ക്വാ ജാന്വേച്ചിയേ… പണിക്ക് വിളിച്ചാ എന്തേലും കൊടുത്ത് വിടും… ഇപ്പോ കള്ളും കൊടുത്തു പഠിപ്പിച്ചേക്കണ്… എല്ലാരും പൊട്ടാന്നു വിളിക്കുമ്പോ ചങ്ക് പൊട്ടുവാ…”
എന്റെ അമ്മ എന്തെങ്കിലും ആശ്വാസ വാക്കു പറഞ്ഞാൽ അവർ പിന്നെ അവരുടെ കരച്ചിൽ കൂടും…
“എന്റെ കുഞ്ഞിന് അവന്റ ച്ഛന്റെ ഗതി വരുത്തല്ലെ ഭഗോതീന്ന് ഒരു പ്രാർത്തനേ ഒള്ള്…”
ഒരു തരത്തിൽ അവന്റെ അമ്മയുടെ സങ്കടത്തിന്റെ ആഴത്തെക്കുറിച്ചൊന്നും അന്നു ചിന്തിച്ചിരുന്നില്ല. ഭ്രാന്തനായി അലഞ്ഞ് നടന്ന്, ഒരു രാത്രി ഏതോ പൊട്ടക്കിണറ്റിൽ വീണു ചത്ത ഭർത്താവിന്റെ ഗതി മകനും വരുമെന്ന ഭീതി അവരെ പലപ്പോഴും കീഴ്പ്പെടുത്തിയിരുന്നു.
രാജു പക്ഷേ സന്തോഷവാനായിരുന്നു. അവന് എന്നും പണിയുണ്ടാകും. വെള്ള പൂശൽ ഇല്ലെങ്കിൽ മറ്റെന്തെങ്കിലും പണി.
വൈകിട്ട് മൂലവെട്ടി എന്ന ഓമനപ്പേരുള്ള പാക്കറ്റ് ചാരായം കുടിക്കാനുള്ള കൂലി… അതു മതിയായിരുന്നു അവന്.
വലിയ ചിന്താ ഭാരമില്ലാത്ത, വലിയ ലോകങ്ങൾ സ്വ്പനം കാണാത്ത രാജുവിന്റെ ലോകത്ത് അവനെന്നും സന്തുഷ്ടനായിരുന്നു…
ഒരു രാത്രി റോഡരുകിൽ വെറും ശവമായി മാറുന്നതു വരെ ആ സന്തുഷ്ടി മുഖത്തു കൊണ്ടു നടക്കാൻ അവനു കഴിഞ്ഞിരുന്നു.
രാത്രി മദ്യപിച്ചു സൈക്കിളിൽ വന്ന അവനെ ഏതോ വണ്ടി ഇടിച്ചിട്ടിട്ട് പോവുകയായിരുന്നു.
“എവിടുന്നോ ആ പൊട്ടന് ഇന്നലെ ഒരു കോള് കിട്ടി… അതും മോന്തി വന്ന വഴിയാ… കൈയിലൊരു ഫുൾ കുപ്പി നല്ല സാധനമൊണ്ടായിര്ന്ന്…”
“ആഹ്… അവന്റെ കഥ അത്രക്കേ ഒണ്ടായിർന്നൊള്ളെന്ന് കൂട്ടിയാ മതി…”
അങ്ങിനെയുള്ള നാട്ടുകാരുടെ വർത്തമാനങ്ങളിൽ രാജുവിന്റെ കഥ തീർന്നു.
ഒരു തരത്തിൽ അവന്റെ അമ്മ കാർത്തു പേടിച്ചതു പോലെ തന്നെ…
അവർ മുറ്റത്തു വന്നു നിന്ന് കരഞ്ഞത് ഇന്നലത്തേതു പോലെ മനസിലുണ്ട്.
“എന്റെ രാജു പോയല്ലോ ജന്വേച്ചിയേ… എനിക്കിനിയാരാ ഒള്ളേ ഒരു തുണക്ക്…“
അലറിക്കരയാനുള്ള ദുഖമുണ്ടായിരുന്നിട്ടും അകലത്തു നിർത്തിയിരുന്ന വീട്ടു മുറ്റത്ത് ദുസ്വാതന്ത്ര്യം കാണിക്കതെ വാ പൊത്തിപ്പിടിച്ച് നിന്ന് വിങ്ങിപ്പൊട്ടി കരഞ്ഞ അവരും ഇന്ന് മൺ മറഞ്ഞിരിക്കുന്നു.
രാജുവിന്റെ ഒരോർമയും ആരുടേയും മനസിൽ ശേഷിക്കുന്നില്ല.
അല്ലെങ്കിലും അവനെ ഓർക്കാൻ എന്തുണ്ട്…?
ഒന്നുമില്ല… കലുങ്കിലും കളപ്പുരയിലും അവൻ വരച്ചിട്ട ചിത്രങ്ങൾ മായും മുൻപേ അവനെ എല്ലാവരും മറന്നിരുന്നു.
അരുൺ അങ്ങിനെയാണോ…?
ഒരിക്കലുമല്ല. അവനെ അറിയുന്നവർക്കൊക്കെ ഇന്ന് അവൻ ഒരു നൊമ്പരമാണ്.
അറിയപ്പെടുന്ന ഒരു കൊമേർഷ്യൽ ആർട്ടിസ്റ്റിന് നല്ല പ്രായത്തിൽ ക്യാൻസർ ബാധിക്കുക. മരണം പ്രതീക്ഷിച്ച് ഒരു കട്ടിലിൽ ദിവസങ്ങൾ തള്ളി നീക്കുക…
ഡിസൈനർ… ഫിലിം ഇൻഡസ്ട്രിയിൽ ആർട്ട് ഡയറക്ടർ അങ്ങിനെ കൈ വച്ച മേഖലകളിലൊക്കെ തിളങ്ങി നിൽക്കുമ്പോൾ അപ്രതീക്ഷിതമായി രോഗം ഒരു വില്ലനായി കടന്ന് വന്ന് ഒരു ദിവസം കൊണ്ട് ആ പ്രതിഭയെ പരാജയപ്പെടുത്തുക.
പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയാത്ത കാര്യം.
ആ വാർത്ത അറിഞ്ഞ ദിവസത്തെക്കുറിച്ച് രഘു ഓർത്തു.
അരുൺ പ്രൊഫഷണൽ രംഗത്തേക്ക് വന്ന് അധികം വൈകാതെ അവർ തറവാട്ടിൽ നിന്ന് നഗരത്തിലേക്ക് പോയിരുന്നു. എത്ര ജോലിത്തിരക്കിനിടയിലും അവൻ വിളിക്കാൻ മടിച്ചിരുന്നില്ല. എല്ലാ വിശേഷവും പറയും.
“സൗഹൃദം മരിക്കാതിരിക്കാൻ ഇങ്ങിനെ ഇടക്കിടെ വിളിക്കണം…” അവൻ പറയുമായിരുന്നു.
അങ്ങിനെ ആറു മാസം മുൻപ് ഒരിക്കൽ വിളിച്ചപ്പോൾ അവൻ കാണണമെന്നു പറഞ്ഞു.
ബീർ പാറലറിൽ ഒരു ബീയർ പൊട്ടിച്ച് ഇരുന്നിട്ടാണ് അവൻ പറഞ്ഞത്… “ആൻ അൺ എക്സ്പെക്റ്റഡ് ന്യൂസ് ഡ്യൂഡ്… മൈ ഡേയ്സ് ആർ കൗണ്ടഡ്്…”
ഒന്നും മനസിലാവാതെ താനിരുന്നപ്പോൾ അവൻ അതു വിവരിച്ചു… രോഗത്തെക്കുറിച്ച്, ഏറിയാൽ ഒരു വർഷം നീട്ടിക്കിട്ടിയേക്കാവുന്ന ആയുസിനെക്കുറിച്ച് ഡോക്ടർ പറഞ്ഞത് എല്ലാം…
അന്നവൻ പറഞ്ഞു നിർത്തിയത് ഓർക്കുന്നു “ഓടിതീർക്കേണ്ട ദൂരം മുന്നിലുള്ളപ്പോൾ കൂടുതലൊന്നും മോഹിക്കേണ്ടല്ലോ… വലിയ മോഹങ്ങളില്ലെങ്കിൽ കിട്ടുന്ന ആശ്വാസമാണ് ഏറ്റവും വലുതെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇനി ആ സുഖം കൂടി അറിയാം…”
തനിക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല. എങ്ങിനെ അവനെ ആശ്വസിപ്പിക്കും എന്നു തോന്നേണ്ടുന്ന വിധത്തിലുള്ള ഒരു ഭാവവ്യത്യാസവും ആ മുഖത്തു കണാനില്ലായിരുന്നു.
അരുൺ എന്തു കൊണ്ട് വിഷമിക്കുന്നില്ല എന്ന് അത്ഭുതപ്പെട്ടു. പിന്നെ ഒരുപാട് വട്ടം താനതു സ്വയം ചോദിച്ചു.
ഇത്ര ബോൾഡ് ആകാൻ അവനെങ്ങി നെ കഴിയുന്നു…?
അത്തരത്തിലൊരു വൃത്തികെട്ട വിധിയെ നേരിടാൻ അവൻ സ്വയം കരുത്താർജ്ജിച്ചതാകാം എന്നു കരുതി. എന്നാൽ പലപ്പോഴും തന്റെ ആ തോന്നൽ തെറ്റാണെന്ന് തോന്നി.
പ്രത്യേകിച്ച് അരുണിനെ സന്ദർശിച്ച ചില ദിവസങ്ങളിൽ അടച്ചിട്ട മുറിയിൽ തന്റെ മുന്നിലിരുന്ന് അവൻ മദ്യപിച്ചപോൾ… മുഖത്തും വാക്കുകളിലും അവൻ വരുത്തിയിരുന്ന ഗൗരവം വെറും ഒരാവരണമാണെന്ന് തോന്നി.
തന്റെ മുഖത്ത് സഹതാപം നിഴലിക്കുന്നുവെന്ന് അവനു തോന്നിയത് അങ്ങിനെ ഏതെങ്കിലും നിമിഷത്തിലായിരിക്കണം.
കണ്ടക്ടർ തോളിൽ തട്ടിയപ്പോൾ രഘു ഓർമകളിൽ നിന്നുണർന്നു. ഇറങ്ങേണ്ട സ്ഥലം എത്തിയിരിക്കുന്നു. നഗരത്തിന്റെ തിരക്കിൽ നിന്നൊഴിഞ്ഞുള്ള റസിഡൻഷ്യൽ ഏരിയയിലെ വില്ല.
സിറ്റൗട്ടിൽ ആരൊക്കെയോ ഇരിക്കുന്നുണ്ട്.
അകത്തേക്കു കയറുമ്പോൾ അനുപമയുടെ ഭർത്താവ് പറഞ്ഞു “കഴിഞ്ഞ ദിവസം ബി. പി വല്ലാതെ കുറഞ്ഞു. ആശുപത്രിയിലാക്കിയതാണ്. അപകടനിലയിലല്ലെന്ന് പറഞ്ഞത് കൊണ്ടു രാവിലെ തിരികെ കൊണ്ടു പോന്നു. അപ്പോഴാണ് നിന്നെ കാണണമെന്നു പറഞ്ഞത്…”
മുകൾ നിലയിലെ ബഡ് റൂമിൽ അവൻ മയക്കത്തിലായിരുന്നു. കരയുന്ന മുഖവുമായി അനുപമ അടുത്തുണ്ടായിരുന്നു. മുറിയിലെ ആൾ പെരുമാറ്റം കേട്ട് അവൻ കണ്ണു തുറന്നു.
“രാവിലെ തന്നെ പോന്നു അല്ലേ…?” സംസാരിക്കാൻ അവൻ വല്ലാതെ ബുദ്ധിമുട്ടുന്നു.
ഞാൻ ‘ഉവ്വ്’ എന്ന അർത്ഥത്തിൽ മൂളി.
അവൻ എഴുന്നേറ്റ് കട്ടിലിന്റെ പടിയിൽ പില്ലോ ചാരി വച്ച് അതിലേക്ക് ചരിഞ്ഞിരുന്നു.
അനുപമ പുറത്തിറങ്ങിയ ഉടനെ അവൻ വാതിലടക്കാൻ പറഞ്ഞു.
ഒന്നു സംശയിച്ച ശേഷം രഘു വാതിൽ അടച്ച് ബോൾട്ടിട്ടു. കട്ടിലിനു ചേർന്നുള്ള മേശയുടെ താഴെ തട്ടിൽ നിന്ന് അരുൺ ഒരു ബോട്ടിൽ പുറത്തെടുത്തു.
അങ്ങിനെയൊന്ന് അവിടെ എത്തിക്കാൻ മാത്രം ചില സുഹൃത്തുക്കളുണ്ടെന്ന് ഒരിക്കൽ അവൻ പറഞ്ഞിരുന്നു
“ഇത് അളിയനെക്കൊണ്ട് മേടിപ്പിച്ചതാ… ” രഘുവിന്റെ മനസു വായിച്ചതു പോലെ അരുൺ പറഞ്ഞു.
“ഇനിയിപ്പോ എന്തു കഴിച്ചാലെന്താ കഴിച്ചില്ലെങ്കിലെന്താ എന്ന് അളിയനും തോന്നിക്കാണണം. അതല്ലെങ്കിൽ കഴിക്കുന്ന മരുന്നിന് ഇതിലും ഇഫക്ട് ഉണ്ടെന്ന തിരിച്ചറിവ്… എന്തായാലും പറഞ്ഞ വഴി സാധനം കിട്ടി…”
ഗ്ലാസിൽ അതു പകർത്തി മിനറൽ വാട്ടർ മിക്സ് ചെയ്ത് ഒരു ഗ്ലാസ് രഘുവിനും നീട്ടി. അതു പതിവില്ലാത്തതാണ്
“ജസ്റ്റ് വൺ പെഗ്ഗ്… ഇന്ന് നിനക്കും ഇതു വേണം… കാരണം എനിക്ക് ഒരു കാര്യം നിന്നോട് പറയണം. മേ ബി മൈ ഫസ്റ്റ് ആൻഡ് ലാസ്റ്റ് കൺഫഷൻ… ഒരു കുമ്പസാരം…”
ഒരെതിർപ്പും പ്രകടിപ്പിക്കാതെ യാന്ത്രികമായി രഘു ആ ഗ്ലാസ് കൈയിൽ വാങ്ങി.
അരുൺ ഒറ്റ വലിക്ക് അവന്റെ ഗ്ലാസ് കാലിയാക്കി. വീണ്ടും അതു നിറക്കുമ്പോൾ അവൻ ചോദിച്ചു “താൻ ഓർക്കുന്നോ രാജുവിനെ …?”
രഘു ശരിക്കും ഞെട്ടി. കഴിഞ്ഞ രാത്രി മുതൽ വെറുമൊരു സ്വപ്നത്തിന്റെ പേരിൽ അയാളെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്ന രാജുവിനെക്കുറിച്ചാണ് അവൻ ചോദിച്ചിരിക്കുന്നത്.
“ഞാൻ ഇന്നലെ അവനെ സ്വപ്നം കണ്ടിരിക്കുന്നു…”
രഘു അതു പറഞ്ഞപ്പോൾ അരുൺ ചിരിച്ചു.
“നീ ഇന്നലെ ഒരു രാത്രി അല്ലേ അവനെ കണ്ടുള്ളൂ…” ഒരു സിപ് എടുത്ത് അവൻ തുടർന്നു, “കഴിഞ്ഞ അഞ്ചെട്ട് വർഷത്തിനുള്ളിൽ ഞാൻ അവനെ സ്വപ്നം കാണാത്ത രാത്രികൾ വളരെ കുറവാണ്…”
രഘു അതിശയത്തോടെ അവനെ നോക്കി.
“നിന്നോട് അതേക്കുറിച്ച് പറയാത്തതിന് കാരണമുണ്ട്… അതു പറയാനാണ് ഞാൻ ഇന്ന് നിന്നെ കാണണമെന്നു പറഞ്ഞത്.”
“എന്താ പ്രത്യേകിച്ച്…?”
“ഉം… ഉണ്ട്… പറയാം…” അരുൺ ഭിത്തിയിലെ പെയിന്റിംഗിലേക്ക് നോക്കി.
“നീ അമ്മയെ കണ്ടോ…”?
“ഇല്ല…”
തന്നെ അവൻ കൂടുതൽ അസ്വസ്തനാക്കുകയാണോ എന്ന് രഘുവിന് തോന്നാതിരുന്നില്ല. കാലപാശം ഏതു നിമിഷവും മകന്റെ മേൽ പതിക്കാമെന്ന തിരിച്ചറിവ ിൽ തളർന്നിരിക്കുന്ന അവന്റെ അമ്മയുടെ രൂപം ഒരു നിമിഷം രഘുവിന്റെ മനസിലൂടെ കടന്നു പോയി.
“കാണണം… ഓർക്കുന്നില്ലേ രാജുവിന്റെ അമ്മ കാർത്തുവിനെ…? അവരുടെ അതേ അവസ്ഥ…” അരുൺ നെടുവീർപ്പിട്ടു.
പിന്നെയും ഏറെ നേരത്തെ ശ്വാസം മുട്ടിക്കുന്ന മൗനത്തിന് ശേഷമാണ് അവൻ തുടർന്നത്.
“ആ ചിത്രം അറിയില്ലേ നിനക്ക് …? ” അവൻ ചുമരിലെ ചിത്രത്തിലേക്ക് വിരൽ ചൂണ്ടി.
“ എ സ്ലേവ്സ് ക്രോണിക്കിൾ… ഒരു അടിമയുടെ ഇതിഹാസം … ”
രഘു ചിത്രത്തിലേക്ക് നോക്കി. ഒരു കാളവണ്ടി ചക്രത്തിൽ തന്റെ ശരീരം കൊണ്ട് വക്രാകാരത്തിൽ കെട്ടിപ്പിടിച്ചിരിക്കുന്ന വലിയ കണ്ണുകളുള്ള ഒരു കറുത്ത മനുഷ്യൻ.
“ നിനക്ക് അക്കാദമിയിൽ ഗോൾഡ് മെഡൽ കിട്ടിയ ചിത്രമല്ലേ…? ” രഘുവിന് അതിൽ സംശയിക്കേണ്ട കാര്യമില്ലായിരുന്നു.
“ ഉം… എന്റെ വളർച്ചയുടെ ആദ്യ പടി… എനിക്ക് ഉയരങ്ങളിലേക്ക് പറക്കാൻ ചിറകുകൾ തന്ന സൃഷ്ടി… എനിക്കും പേരും പ്രശസ്തിയും തന്ന പെയിന്റിംഗ്… ”
“ അത് അവൻ വരച്ചതാണ്… ആ പൊട്ടൻ ചെക്കൻ… രാജു… ”
രഘു ഒന്നും മനസിലാകാതെ ഇരിക്കുമ്പോൾ അരുൺ അവന്റെ ഗ്ളാസിലേക്ക് കുപ്പി കമഴ്ത്തി…
“ ഞാൻ പറഞ്ഞില്ലേ… നീ പ്രതീക്ഷിക്കാത്ത ചിലതാണ് ഞാൻ പറയാൻ പോകുന്നതെന്ന്… ഇന്നെങ്കിലും ഞാനതു പറയണം…. ഇല്ലെങ്കിൽ ചിലപ്പോൾ ഇനി അതിനു കഴിഞ്ഞെന്നു വരില്ല… ”
“ ആർക്കും ഉപകരിക്കാത്ത വെറുമൊരു കുമ്പസാരം… നിന്നോടല്ലാതെ ആരോടും പറയാൻ തോന്നിയില്ല… ”
അവൻ തുടർന്നു…“ കരിയും കല്ലും കൊണ്ട് പൊട്ടൻ വരക്കുന്നതു കണ്ട് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്… ഒന്നുമറിയാതെ അവൻ വരക്കുന്നതിൽ ഒരുപാട് അർത്ഥങ്ങളൂണ്ടെന്ന് ഞാൻ കണ്ടെത്തിയിരുന്നു. എനിക്ക് ഒരു തരത്തിൽ അവനോട് അസൂയയായിരുന്നു. ഫൈൻ ആർട്സിൽ പഠിക്കുമ്പോൾ പോലും ഒരു നല്ല ആശയം നൽകി ഒന്നും എനിക്ക് വരക്കാൻ കഴിഞ്ഞിരുന്നില്ല… അപ്പോഴാണ് നാട്ടിലെ ചുമരെഴുത്തുകാരന്റെ സൃഷ്ടിയിലേക്ക് അസൂയയോടെ എന്റെ കണ്ണ് പതിഞ്ഞത്… ”
രഘുവിന്റെ മുഖത്തു നൊക്കാതെ അവൻ തുടർന്നു
“ ഫൈൻ ആർട്സ് അക്കാഡമിയിലെ ഫൈനൽ ഇയർ കോമ്പറ്റീഷൻ… അതൊരു തരത്തിൽ ഒരു ക്യാമ്പസ് ഇന്റർവ്യൂ എന്നു വേണമെങ്കിൽ പറയാം. കൊമേഴ്സ്യൽ ഇൻഡസ്ട്രിയിൽ ഉള്ള ഒരു പാട് പേർ പങ്കെടുക്കും. അവരുടെ മുന്നിൽ നല്ലൊരു ക്രീയേഷൻ പ്രസന്റ് ചെയ്യാൻ കഴിഞ്ഞാൽ അതു മതി മികച്ചൊരു കരിയറിലേക്ക് വാതിൽ തുറന്നു കിട്ടാൻ… ”
“ പലതും ഞാൻ ചെയ്തു നോക്കി… എനിക്കു കോൺഫിഡൻസ് നൽകുന്ന ഒന്നും ചെയ്യാൻ കഴിഞ്ഞില്ല… അങ്ങിനെയാണ് ഞാൻ ആ തീരുമാനമെടുത്തത്… ”
“ എന്റെ കളപ്പുരയിൽ ഉറങ്ങുന്ന ഡർട്ടി ജീനിയസിനെ കൊണ്ട് ഒരു പെയിന്റിംഗ്… ”
“ ഞാൻ കൊടുത്ത മദ്യം വിഴുങ്ങി അവൻ വരക്കാൻ തുടങ്ങി… പച്ച… മഞ്ഞ… നീല… ഒരു തരം ആർത്തിയോടെ അവൻ നിറങ്ങളുടെ പേരു പറഞ്ഞപ്പോൾ ഞാൻ അത് മിക്സ് ചെയ്തു കൊടുത്തു… ഒരിക്കലും നല്ലൊരു ക്യാൻ വാസ് കണ്ടിട്ടു പോലുമില്ലാത്ത അവൻ ഞാൻ കൊടുത്ത ക്യാൻ വാസിൽ ബ്രഷ് ചലിപ്പിക്കുന്നത് കണ്ട് ശരിക്കും ഞാൻ അത്ഭുതപ്പെട്ടു. വരച്ചു തീർന്നപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്രീയേഷൻ … ”
“ താൻ വരച്ചത് എന്താണെന്നോ എന്തിനാണേന്നോ ആ പൊട്ടൻ ഒരിക്കലും ചിന്തിക്കില്ലെന്ന് അറിയാമായിരുന്നിട്ടും ആരും അറിയരുതെന്ന് പറഞ്ഞു കൊണ്ടാണ് അവന് നൂറിന്റെ രണ്ട് നോട്ടുകൾ നീട്ടിയത്… ലഹരി പിടിച്ച അവന്റെ കണ്ണിൽ പിന്നേയും സന്തോഷം… ”
ശ്വാസം വലിക്കുന്ന അതേ ആർത്തിയോടെ ഗ്ലാസ്സിലെ മദ്യം വലിച്ച് കുടിച്ച് കൊണ്ട് അരുൺ പറഞ്ഞുകൊണ്ടിരുന്നു.
“ എനിക്ക് വല്ലാത്ത ഒരു ഇൻഫീരിയോരിറ്റി കൊമ്പ്ലക്സ് തോന്നി… ഒരു ചാവലിച്ചെറു ക്കനെക്കൊണ്ട് എന്റേതെന്നു പറയാൻ ഒരു സൃഷ്ടി ചെയ്യിച്ചിരിക്കുന്നു. അങ്ങിനെയൊരു ചിന്ത മനസിൽ തിളക്കാൻ തുടങ്ങിയപ്പോൾ എനിക്കു ലഹരി പോരെന്ന് തോന്നി. അതു കൊണ്ടാണ് കച്ചിപ്പുരയിൽ ചുരുണ്ടു കൂടാൻ തുടങ്ങിയ പൊട്ടനെ ടൗണിൽ നിന്ന് കുപ്പി വാങ്ങാൻ വിട്ടത്… ”
“ പോകാൻ പറ്റില്ലെന്ന് പറഞ്ഞ അവനെ അറിയാവുന്ന സകല തെറിയും വിളിച്ച് കുഞ്ചിക്ക് പിടിച്ച് തള്ളിയാണ് കളപ്പുരയിൽ നിന്ന് പുറത്തിറക്കിയത്… ”
“ സൈക്കിൾ സ്റ്റാൻഡിൽ നിന്നിറക്കി എന്നെ ഒന്നു ദയനീയമായി നോക്കി ഉറയ്ക്കാത്ത കാൽ കൊണ്ട് പെടൽ തിരിച്ച് അവൻ ഇരുളിൽ മറഞ്ഞപ്പോൾ ഉള്ളിൽ കിടന്ന മദ്യം എന്നെ ചിരിപ്പിച്ചു… ”
“ നിനക്കൂഹിക്കാൻ കഴുയുന്നില്ലേ ആ രാത്രി…?”
രഘു പ്രജ്ഞയറ്റവനേപ്പൊലെ ഇരുന്നപ്പോൾ അരുൺ പറഞ്ഞു… “അവൻ പോയ രാത്രി…
ഒരിക്കലും തിരിച്ചു വരാത്ത പോക്കായിരുന്നു അത്…”
“രാവിലെ അവന്റെ ശവം കിട്ടിയപ്പോൾ… അതറിഞ്ഞ് അവന്റെ അമ്മ അലമുറയിട്ട് കരഞ്ഞപ്പോൾ ഒന്നും എനിക്കൊന്നും തോന്നിയില്ല…” എന്റെ അമ്മ ഒറ്റക്കായില്ലേ അപ്പുവേട്ടാ… “എന്നു വിളിച്ച് ഒരു രാത്രി എന്റെ സ്വപ്നത്തിൽ അവൻ വരും വരെ…”
അരുൺ കണ്ണടച്ചു… അവൻ കരയുകയായിരുന്നു.
രഘു മരവിപ്പിൽ നിന്ന് മുക്തനാകാൻ സമയമെടുത്തു. നീണ്ട മൗനത്തിനൊടുവിൽ അവൻ അരുണിനെ ആശ്വസിപ്പിക്കാനെന്ന പോലെ അവന്റെ തോളിൽ തട്ടി…
“അവന് അത്രേ ആയുസുണ്ടായിരുന്നുള്ളൂ… അതായിരുന്നു അവന്റെ വിധി… അങ്ങിനെ കരുതാം…”
മുഖം തുടച്ച് ഇടറുന്ന ശബ്ദത്തിൽ അരുൺ പറഞ്ഞു, “എപ്പോഴോ എന്റെ മനസിൽ കടന്നു കൂടിയ കുറ്റബോധം ഞാൻ ശമിപ്പിച്ചിരുന്നത് ഇങ്ങിനെയൊക്കെ സ്വയം പറഞ്ഞു കൊണ്ടായിരുന്നു… പക്ഷേ. ഇപ്പോൾ നീ കണ്ടില്ലേ. അവന്റെ അമ്മയുടേ അതേ അവസ്ഥയിൽ എന്റെ അമ്മയും…”
“ഇതും ഒരു വിധി അതോ …? ”
അവന്റെ സംശയത്തിന് രഘുവിന് മറുപടി ഇല്ലായിരുന്നു.
മരണ ദൂതൻ പതിയിരിക്കുന്ന ആ മുറിയിലെ ചുമരിൽ തൂങ്ങുന്ന ചിത്രത്തിലേക്ക് രഘു നോക്കി.
ചിത്രത്തിൽ കാലചക്രത്തെ കെട്ടിപ്പിടിച്ചിരുന്ന് ആർത്തിയോടെ ലോകത്തെ നോക്കുന്ന അടിമയുടെ കണ്ണിൽ നിന്ന് നിറങ്ങൾ ഒലിച്ചിറങ്ങുന്നതായി അയാൾക്ക് തോന്നി.
അനൂപ് ശാന്തകുമാർ
-2010 നവംബർ 08-