എല്ലാ രാജ്യത്തിനും ഒരു രാജാവുണ്ടായിരിക്കും.
എന്നാൽ ഒരു രാജാവിന് മാത്രമായി ഒരു രാജ്യമുണ്ടായിരിക്കുക അത്ഭുതമല്ലേ…? അതായിരുന്നു ഏകാധിപതിയുടെ രാജ്യം. അവിടുത്തെ മനുഷ്യരും പശുക്കളും വളർത്തു പക്ഷികളും വയലേലകളും എല്ലാം അയാൾക്ക് സ്വന്തമായിരുന്നു.
അവകാശി എന്നാൽ രാജാവു മാത്രം…!!
രാജാവ് ഒരു ചെറിയ മനുഷ്യനായിരുന്നു. പ്രജകളായുണ്ടായിരുന്ന മനുഷ്യരെ അപേക്ഷിച്ച് ശക്തിയും വലിപ്പവും കുറഞ്ഞവൻ. അയാൾക്കു പ്രായവും ഏറെ ഉണ്ടായിരുന്നു. എങ്കിലും അയാൾക്ക് ഒരു രാജാവിന്റെ സൗന്ദര്യം ഉണ്ടായിരുന്നു. കിരീടവും ചെങ്കോലും പരിവാരങ്ങളും പട്ടാളക്കാരും ഉണ്ടായിരുന്നു. അയാൾ രാജാവായിരുന്നു.
ഒരിക്കൽ പ്രജകളിലാർക്കോ ഒരു സംശയം, ഇയാൾ എങ്ങിനെ രാജാവായി…?
അയാൾ പലരുടേയും ചെവിയിൽ അതു ചോദിച്ചു. ആർക്കും ഉത്തരമറിയില്ലായിരുന്നു. അയാളുടെ ചോദ്യം കേട്ടപ്പോൾ ചിലർ ചരിത്ര താളുകൾ ഒന്നു തിരഞ്ഞു നോക്കി. അവരുടെ കൂട്ടത്തിൽ ഒരാളായിരുന്നു അയാളും. എന്നിട്ടും എങ്ങിനെ അയാൾ രാജാവായി…?
ചോദ്യം മാത്രം അവശേഷിച്ചതുകൊണ്ട് എല്ലാവരും അതു ആവർത്തിച്ചു കൊണ്ടിരുന്നു. ഉറക്കെ ചോദിക്കാൻ എന്തുകൊണ്ടോ ആരും ധൈര്യപ്പെട്ടില്ല. പക്ഷേ ഒരിക്കൽ അതു സംഭവിച്ചു. എല്ലാവരും ഒരുമിച്ച് സംശയം ചോദിക്കാൻ തുടങ്ങിയപ്പോൾ അത് ഉച്ചത്തിലായി.
വീടുകളിലും തെരുവുകളിലും ചന്തകളിലും ഒക്കെ അവരുടെ ശബ്ദം മാറ്റൊലിക്കൊണ്ടു. രാജാവ് അവരുടെ ശബ്ദം കേട്ടു.
ഞാൻ രാജാവാണ് എന്നു മാത്രം അയാൾ മറുപടി പറഞ്ഞു കൊണ്ടിരുന്നു. അയാൾക്കും പ്രത്യേകിച്ച് കൂടുതലൊന്നും പറയാനില്ലായിരുന്നു. മറുപടിയിൽ തൃപ്തി വരാതെ ജനം ആർത്തു വിളിച്ചു കൊണ്ടിരുന്നു.
രാജാവിനു കോപം വന്നു. ജനക്കൂട്ടത്തെ തുരത്താൻ പട്ടാളത്തെ അയച്ചു. പട്ടാളം ലാത്തിയും തോക്കും ഉപയോഗിച്ചു. അടി കൊണ്ടവർ വീടുകളിലേക്ക് ഓടി. വെടി കൊണ്ടവർ മരിച്ചു വീണു.
രാജാവും പ്രജകളും ശത്രുക്കളായി മാറി. ശത്രുക്കൾക്കിടയിൽ യുദ്ധം ആരംഭിച്ചു.
പ്രജകൾ കൊട്ടാരം കീഴടക്കി. ഒരു ചെറുപ്പക്കാരൻ രാജാവിനെ കൊട്ടാരത്തിൽ നിന്ന് പിടിച്ചിറക്കി കൊട്ടാരമുറ്റത്തെ മുക്കാലിയിൽ കെട്ടിയിട്ട് തലവെട്ടി.
വിചാരമോ വിചാരണയോ കൂടാതെ രാജാവിന്റെ നിഗ്രഹിച്ചതിനു ശേഷം ആർപ്പു വിളികൾ മാത്രം. എകാധിപതിയുടെ പതനം അവർ ആഘോഷിച്ചു.
എല്ലാവരും രാജാവിന്റെ ക്രൂരതകൾ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. വിധവകൾ അവരുടെ മരിച്ചു പോയ ഭർത്താക്കന്മാരെ ഓർത്തു വിലപിച്ചു കൊണ്ട് രാജാവിനെ പഴിച്ചു.
എല്ലാവരേയും അയാൾ കൊന്നതാണ്. വിഭാര്യൻ തന്റെ ഭാര്യയെ രാജാവ് ബലാത്കാരം ചെയ്തു കൊന്നെന്നു വിളിച്ചു പറഞ്ഞു. കുഴിമാടങ്ങളിലെ അസ്ഥിപഞ്ജരങ്ങൾ അവരുടെ വിലാപങ്ങൾക്ക് തെളിവായി മാറി.
രാജാവിന്റെ ആത്മാവ് നരകത്തിൽ പോയി തുലയാൻ അവർ ശപിച്ചു കൊണ്ടിരുന്നു.
ഇന്ന് അവർക്ക് രാജാവില്ല. എല്ലാവർക്കും രാജ്യഭരണത്തിൽ അവകാശമുണ്ട്. എന്നിട്ടും അവർക്കെന്തൊ തൃപ്തിക്കുറവുണ്ട്. എന്താണെന്ന് അവർക്കു തന്നെയറിയില്ല.
രാജാവിന്റെ പ്രേതം കൊട്ടാരത്തിൽ വസിക്കുന്നെണ്ടെന്ന് അവർ ഭയന്നു. അധികാരക്കസേരകളിലിരിക്കുന്നവരെ രാജാവിന്റെ പ്രേതം വശത്താക്കിയതാണെന്ന് അവർ വിശ്വസിച്ചു.
പ്രേതത്തെ ഭയക്കുന്ന ജനങ്ങൾ രാത്രികാലങ്ങളിൽ ഉറക്കത്തിൽ രാജാവിനെ സ്വപ്നം കണാറുണ്ട്… രാജാവ് സ്വർഗത്തിൽ കനകസിംഹാസനത്തിലിരുന്ന് പ്രജകൾ തെരെഞ്ഞെടുത്ത ജനപ്രതിനിധികളെ ഭരിക്കുന്നതായി.
–
അനൂപ് ശാന്തകുമാർ
-2010 ഫെബ്രുവരി 28-