നിധി ഹരിദാസ്
ഈ പേരു പറയുമ്പോൾ ഒരു കള്ളം പറയുന്നതിന്റെ വിഷമമില്ലാതില്ല…
ഇതൊരു സാങ്കൽപിക നാമമാണ്… ഇനിയുമുണ്ടൊരാൾ കൂടി… വേണു…
ഇവരുടെ കഥ പറയാൻ എനിക്ക് ഇരുവരുടേയും പേരു മാറ്റി പ്രതിഷ്ഠിക്കണമെന്നു തോന്നി… പതിവു പൊലെ രണ്ടു പേരുടെ ജീവിതത്തിലെ ഒരു നുറുങ്ങു സംഭവം ഞാനിവിടെ പുനരാവിഷ്കരിക്കുകയാണ്.
ഇവർ പരിചയപ്പെടുന്നത് മംഗലാപുരത്തെ ഒരു ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചാണ്. നേത്രാവതിയുടെ തീരത്തെ തൊട്ടു നിൽക്കുന്ന ഭൗമശാസ്ര്തസൗന്ദര്യമുള്ള ഒരു ഇൻസ്റ്റിറ്റ്യൂട്ട്. ഇവിടെ വിദ്യാർത്ഥികളെല്ലാവരും തിരക്കിലാണ്. പഠനം തീരും മുൻപേ ക്യാമ്പസ് ഇന്റർവ്യൂവിൽ ഒരു ജോലി തരപ്പെടുത്തണ്ടേ…?
അങ്ങിനെ ഈ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു പ്രൊഫഷണൽ കോഴ്സിന് ചേർന്നു പഠിക്കുന്നതിനിടയിലാണ് നിധിയും വേണുവും കണ്ടുമുട്ടുന്നത്. അവരുടെ കണ്ടുമുട്ടൽ ഒരു പ്രണയ ചലച്ചിത്രത്തിലെ നായകനും നായികയും കണ്ടുമുട്ടുന്ന തരത്തിൽ ആക്സ്മികമോ, മറക്കാനാവത്തതോ ആയ ഒരു സംഭവത്തിലൂടെ ഒന്നുമായിരുന്നില്ല.
അവർ എപ്പോഴോ ഒരിക്കൽ പരിചയപ്പെട്ടു. അത്ര തന്നെ. പിന്നെ പരിചയം പുതുക്കലുകൾ… മറ്റൊരു സംസ്ഥാനത്തു പഠിക്കുന്ന ഒരേ നാട്ടുകാർ തമ്മിലുള്ള ഒരു പതിവു സൗഹൃദം.
അങ്ങിനെ സെമസ്റ്ററുകൾ കഴിഞ്ഞപ്പോൾ വേണുവിനൊരു ഇൻഫാച്ചുവേഷൻ… നിധിയോട്. അതിൽ വലിയ കാര്യമൊന്നുമില്ല… പലപ്പോഴും സൗഹൃദങ്ങളെ പ്രണയത്തിലവസാനിപ്പിക്കുന്ന ഇന്ത്യൻ വിദ്ദ്യാർത്ഥികളെക്കുറിച്ച് രാഷ്ട്ര പിതാവു പോലും ഒരു പരാമർശം നടത്തിയിട്ടുണ്ട്.
എന്തായാലും രാജ്യത്തെ പ്രണയിച്ച മഹാനുഭാവന്റെ പ്രയത്നത്താൽ നമുക്കു കിട്ടിയ സ്വാതന്ത്ര്യം വേണ്ടുവോളം ആസ്വദിക്കുന്ന നമുക്കെവിടെ ചരിത്രം തിരയാൻ നേരം. സാങ്കേതികതയുടെ ചിറകിലേറി നാം ഭാരതത്തിന്റെ ഭാവി ഭാസുരമാക്കുവാനുള്ള ലക്ഷ്യത്തോടെയല്ലേ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിക്കുന്നത്.
പഠിക്കുന്നത് സാങ്കേതികമാണെങ്കിലും ഉള്ളിലെ മാനുഷിക വികാരങ്ങൾ പുറത്തു വരാതിരിക്കില്ലല്ലോ…
കഥ വഴി മാറിപ്പോയിട്ടില്ല…
വേണുവിന്റെ മനോഗതം, അതാരും അറിഞ്ഞില്ല.
പക്ഷേ അവർക്കിടയിലെ സൗഹൃദത്തിന് ഏതെങ്കിലും അളവിലുള്ള ഒരകലം ഉണ്ടായിരുന്നെങ്കിൽ അതു കുറയുന്നില്ലേയെന്ന് അവനു തോന്നിയിരുന്നു.
അതിനർത്ഥം അവർ നേത്രാവതി നദിക്കരയിലൂടെ കൈ കോർത്തു നടന്നെന്നോ, മുഖാമുഖം നോക്കിയിരുന്ന് പ്രണയം പങ്കു വച്ചെന്നോ ഒന്നുമല്ല…. വെറുതെ ചില നേരത്തെ തോന്നലുകൾ….
അറിയാതെ സൗഹൃദത്തിനപ്പുറം പ്രണയത്തിൽ(?) പൊതിഞ്ഞ ചില വർത്തമാനങ്ങൾ… അതിനാരാണ് തുടക്കമിട്ടതെന്ന് അവൻ ചിന്തിച്ചിരുന്നില്ല…
അങ്ങിനെ പഠനവും, വീണു കിട്ടുന്ന അവസരങ്ങളിലെ സൗഹൃദ സല്ലാപങ്ങളുമായി അവർ മുന്നോട്ടു പോയി. കാലം ഒന്നിനും കാത്തു നിൽക്കാറില്ലല്ലോ… കാലത്തിനൊപ്പം അവരും നീങ്ങി… അത്ര മാത്രം.
അങ്ങിനൊരിക്കൽ അവൻ അവളോട് പനിനീർപൂക്കളെക്കുറിച്ച് പറഞ്ഞു…
ഒരാൾ ഒരു പെൺകുട്ടിക്ക്, അല്ലെങ്കിൽ ഒരു പെൺകുട്ടി ആൺകുട്ടിക്ക് പനിനീർ പുഷ്പം നൽകിയാൻ അതിന്റെ പിന്നിലെ അർത്ഥം അറിയാൻ പനിനീർ പൂവിന്റെ നിറം നോക്കിയാൽ മതി…!!
” അതെങ്ങിനെ…? എന്ന ഉദ്വേഗം നിറഞ്ഞ ചൊദ്യം അവളിൽ നിന്നുണ്ടായി…
വേണു അതു പ്രതീക്ഷിച്ചിട്ടാണല്ലോ അത്തരമൊരു കാര്യം പറയാൻ തുടങ്ങിയത് തന്നെ…
അവൻ വിവരിച്ചു…
ചുവന്ന പനിനീർപൂവിന്റെ അർത്ഥം നിന്നെ ഞാൻ അഗാധമായി പ്രണയിക്കുന്നു എന്നാണ്…
മഞ്ഞ ഒരു മനസു ചോദ്യമാണ്, നിന്നെ ഞാൻ പ്രണയിക്കുന്നു… നിനക്കെന്നെ ഇഷ്ടമാണോ എന്ന്…
” ഉം… അപ്പോൾ വെള്ള… ? നിധി ആകാംക്ഷയോടെ ചോദിച്ചു…
“ വെള്ള നിറം പ്രണയിക്കുന്നവർക്കുള്ളതല്ല, ഞാൻ വിശുദ്ധമായി നിന്നെ സ്നേഹിക്കുന്നു എന്നാണ് വെള്ള പനിനീർ പൂവ് പറയുന്നത്…
എന്നിട്ട് വേണു ആർക്കാണ് ഇപ്പോൾ പനിനീർപൂവ് കൊടുക്കാൻ പോകുന്നത്…?
പെട്ടെന്നുള്ള ചോദ്യത്തിനു മുന്നിൽ വേണു പതറി… മനസിലുണ്ടായിരുന്നത് എല്ലാം മാഞ്ഞു പോയതു പോലെ തോന്നി അവന്…
അവൻ ഒന്നു മൂളി… പിന്നെ പറഞ്ഞു, അങ്ങിനെ ഉറപ്പിച്ചിട്ടൊന്നുമില്ല… ഒന്നു കൂടെ ആലോചിച്ചിട്ട് വേണം…
അവൾ ഏതോ അർത്ഥത്തിൽ തല കുലുക്കി…
ഇങ്ങിനെയൊരു സംഭാഷണമുണ്ടായത് മറക്കാൻ ഇടയില്ലാത്ത ഒരു കാലയളവിൽ, പഠനം പൂർത്തിയാക്കി അവർ കോളേജിൽ നിന്ന് പിരിയാനൊരുങ്ങി.
ലേഡീസ് ഫസ്റ്റ് എന്നണല്ലോ… അവളാണ് ആദ്യം നാട്ടിലേക്ക് തിരിച്ചത്.
പിരിയാൻ നേരത്തെ ഒരു ഫോർമാലിറ്റി എന്ന തരത്തിലാവണം, അവൾ അവന് ഒരു ഗിഫ്റ്റ് നൽകി… ഭംഗിയായി പാക്ക് ചെയ്ത ഒരു ഗിഫ്റ്റ്… അവൾക്കു വേണ്ടി അവനും കരുതിയിരുന്നു ഒരു സമ്മാനം.
അവൾ ഒരു കമന്റ് പറഞ്ഞു, ”സമ്മാനത്തിന്റെ വലിപ്പവ്യത്യസത്തെ ഓർത്തുള്ള ഒരു ചമ്മൽ ഒഴിവാക്കാനാ ഞനിത് അവസാനത്തേക്ക് മാറ്റി വച്ചത്… നീയും അങ്ങിനെ തന്നെ… അല്ലേ… ? “
വേണു വെറുതേ ചിരിച്ചു…
റയിൽവേ സ്റ്റേഷനിലേക്ക് അവൾക്കൊപ്പം പോകുമ്പോൾ പ്രത്യേകിച്ചൊന്നും സംസാരിച്ചില്ല… പക്ഷേ അവൾ മുഖവുരയോടെ ചോദിച്ചു…
“ വേണുവിനോട് ഞാൻ ചോദിക്കണമെന്നു വിചാരിച്ചതാ… അന്നൊരു കഥ പറഞ്ഞില്ലേ… ഒരു പനിനീർ പൂവിന്റെ… എന്നിട്ടതു കൊടുത്തോ… ?
ഉത്തരം പറയാൻ വേണു ഒന്നു വൈകി… കൊടുത്തെന്നു പറയാം…
“ എന്നിട്ടെന്തു മറുപടി പറഞ്ഞു…? നിധി വല്ലാത്തൊരുദ്വേഗത്തോടെയാണതു ചോദിച്ചത്…
“ ഇല്ല… മറുപടി തരും…
അവൾ എന്തോ അസ്വസ്ത്ഥയായതു പോലെ… പിന്നെ ഒരു നെടുവീർപ്പോടെ പറഞ്ഞു, ഒരു നല്ല മറുപടി കിട്ടാൻ ഞാൻ പ്രാർത്ഥിക്കാം…
വേണു തലയാട്ടി.
അവളെ ട്രയിനിന്റെ കമ്പാർട്ട്മെന്റിലാക്കി പുറത്തിറങ്ങിയപ്പോൾ അവൾ പറഞ്ഞു, ഓർമിക്കാൻ നമുക്കിടയിൽ നല്ലൊരു സൗഹൃദം ബാക്കിയുണ്ട് അല്ലേ…?
“ ഏതെങ്കിലുമൊരു തരത്തിൽ പിണങ്ങാൻ നേരം കിട്ടാത്തതിൽ ഇപ്പോഴാണ് ആശ്വാസം തോന്നുന്നത്… അങ്ങിനെ ഒന്നുണ്ടാകുമോ എന്ന് ഞാനിടക്ക് ഭയപ്പെട്ടിരുന്നു…
അതു പറയുമ്പോൽ അവളുടെ സ്വരം തീരെ പതിഞ്ഞിരുന്നു.
അവൾ ഉദ്ദേശിച്ചത് എന്താണെന്ന് എനിക്ക് പെട്ടെന്ന് മനസിലായതു പോലെ തോന്നി…
ട്രയിൻ പുറപ്പെടാനുള്ള ലാസ്റ്റ് സിഗ്നൽ മുഴങ്ങി.
തിടുക്കത്തിൽ പറഞ്ഞു തീർക്കാനെന്ന പോലെ അവൾ പറഞ്ഞു, “എവിടെ വച്ചു കണ്ടാലും സൗഹൃദത്തോടെ നമുക്കു മിണ്ടാൻ കഴിയുമല്ലോ… കാണാം… ”
അവൻ തല കുലുക്കി… ട്രെയിൻ നീങ്ങിത്തുടങ്ങി …
തിരികെ പൊരുമ്പോൾ അവൾ പറഞ്ഞ അവ്യക്തമായ വാക്കുകൾ ഓർത്തു.
നിധി കൊടുത്ത ബോക്സ് അവൻ തുറന്നു നോക്കി. ഒരു വെള്ള ടീ ഷർട്ട്… അതിനൊരു വശത്ത് ഇളം നീല നിറത്തിലുള്ള ബോർഡറിൽ ഒരു വെളുത്ത പനിനീർ പൂവ്…
വേണു ഈ സംഭവം എന്നോടു പറഞ്ഞു നിർത്തുമ്പോൾ എന്റെ സംശയം അവൻ കൊടുത്ത ഗിഫ്റ്റിനെക്കുറിച്ചായിരുന്നു…
അവൻ പറഞ്ഞു… ഒരു മറുപടി പ്രതീക്ഷിച്ച് ഞാനവൾക്ക് കൊടുത്തത് ഒരു കുഞ്ഞു കൂട നിറയെ ആർട്ടിഫിഷ്യൽ ഫ്ലവേഴ്സായിരുന്നു… അതിൽ ചുവപ്പും മഞ്ഞയും വെള്ളയും നിറത്തിലുള്ള പനിനീർ പൂക്കളുണ്ടായിരുന്നു… ഏതെങ്കിലും ഒന്ന് അവൾ തിരഞ്ഞെടുക്കട്ടെ എന്നു കരുതി… പക്ഷേ മറുപടി അവൾ നേരത്തേ തന്നിരുന്നല്ലോ…
“ നീ പിന്നെ അവളെ കണ്ടോ…? എനിക്കെന്റെ ആകാംക്ഷ പിടിച്ചു നിർത്താനായില്ല…
“ പലവട്ടം…!! അപ്പോഴൊക്കെ എനിക്കവളോട് ഒരു മടിയുമില്ലാതെ സംസാരിക്കാൻ കഴിഞ്ഞു… അവൻ പറഞ്ഞു.
ഒരു നിമിഷത്തെ മൗനത്തിനു ശേഷം ഞാനവനോട് ചോദിച്ചു, “ നീ കഥ പറയാം എന്നു പറഞ്ഞിട്ട് ഇതിലെവിടെ കഥ…?”
അവൻ വെറുതെ ചിരിച്ചു… “ നീ ആ റോസാപ്പൂക്കളുടെ നിറത്തിന്റെ പ്രത്യേകതയെക്കുറിച്ച് ഇതിനു മുൻപ് കേട്ടിട്ടുണ്ടോ…?”
“ ഇല്ല… പക്ഷേ, അതു പറയാൻ വേണ്ടി ഒരു വൺ വേ ലവ് സ്റ്റോറി ഇത്രയും വലിച്ചു നീട്ടണമായിരുന്നോ…?”
“ പലപ്പോഴും നമ്മൾ കഥയില്ലായ്മയ്ക്കു പിന്നാലെയല്ലേ പോകുന്നത്…? എന്റെ ജീവിതത്തിലെ ഒരു കഥയില്ലായ്മയുടെ കഥയാണിത്…” അതു പറഞ്ഞിട്ട് വേണു അവന്റെ സ്വതസിദ്ധമായ ചിരിയോടെ എന്നെ നോക്കി…
എനിക്കു പിന്നെ കൂടുതലായൊന്നും അവനോട് ചോദിക്കാനില്ലായിരുന്നു.
–
അനൂപ് ശാന്തകുമാർ
-2010 ആഗസ്ത് 30-